വണിക്കോരോ വിശേഷങ്ങൾ !

സകലതും അന്യംനിന്നു  പോകാറായ സ്ഥലമാണ് സോളമൻ ദ്വീപുരാഷ്ട്രത്തിൽ ഉൾപ്പെടുന്ന Vanikoro ദ്വീപുകൾ  .  ഓഷ്യാനയിൽ സ്ഥിതി ചെയ്യുന്ന ഈ ചെറു ദ്വീപ് സമൂഹം  ചരിത്രാതീതകാലത്തെ ഒരു അഗ്നിപർവ്വതവിസ്ഫോടനത്തിൽ  നിന്നും ഉടലെടുത്തതാണ് .  അകെ  രണ്ടു ദ്വീപിലാണ് ജനവാസം ഉള്ളത് . ആകെ മൊത്തം ആയിരത്തിൽ  കൂടുതൽ  ആളുകൾ  ഉണ്ടാവും . ഈ ആയിരം പേർക്കും കൂടെ സംസാരിക്കാൻ  നാല്  ഭാഷകൾ  ഉണ്ട് . എല്ലാവർക്കും അറിയാവുന്ന  ഭാഷ Teanu ആണ് . Tikopia ഭാഷ കുറെപ്പേർക്ക്  വശമുണ്ട് . ഇനി മിച്ചമുള്ള  രണ്ടു  ഭാഷകൾ  അറിയാവുന്നവർ  ആകെ അഞ്ച് .  അതിൽ  നാല് പേർ Lovono ഭാഷ  പറയും അഞ്ചാമൻ Lainol Nalo ക്ക്  വശമുള്ള  ഭാഷയുടെ പേരാണ് Tanema . ഭൂമിയിൽ ഇതറിയാവുന്ന ഒരേയൊരാൾ “നാലോ” ആണ് . അതായത്  ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ  രണ്ടു ഭാഷകളുടെ കാര്യത്തിൽ  ഏകദേശം  തീരുമാനം  ആകും . പക്ഷെ വീണ്ടും കുറച്ചു നാളുകൾ  കൂടി  കഴിഞ്ഞാൽ  ദ്വീപിന്റെ  കാര്യം തന്നെ ഒരു തീരുമാനത്തിൽ ആകും എന്നാണു ചില ഗവേഷകർ  പറയുന്നത് . കാരണം സമുദ്രജലനിരപ്പ്‌  ഉയരുന്നു  എന്നത് തന്നെ ! അതല്ല  ദ്വീപിന്റെ  അടിയിലെ “പ്ലേറ്റ് ” താഴുന്നതാണ് എന്ന്  വേറെ ചിലരും  പറയുന്നു.  ഇവരെ ഇപ്പോഴേ മാറ്റിപ്പാർപ്പിക്കുന്ന കാര്യം  സോളമൻ ദ്വീപ് അധികൃതർ ആലോചിക്കുന്നുണ്ട് .  പക്ഷെ  ഈ ദ്വീപിന്  മോശമല്ലാത്ത  ഒരു ചരിത്രം  ഉണ്ട് എന്നുള്ളതും ഓർക്കേണ്ടതാണ് .

ഫ്രഞ്ച്  പര്യവേഷകനായിരുന്ന ജീൻ ഫ്രാൻകോയിസ് പെരസ് (Jean-François de La Pérouse) 1788 ൽ അദ്ദേഹത്തിന്റെ  രണ്ടു കപ്പലുകളോട്  കൂടി ഇവിടെ വെച്ച്  അപ്രത്യക്ഷമായതാണ് .  പിന്നീട് നടന്ന ചരിത്ര ഗവേഷണങ്ങളിൽ  നിന്നും കപ്പലുകൾ ദ്വീപിനടുത്തുള്ള കൂറ്റൻ പവിഴപ്പുറ്റുകളിൽ  തട്ടി തകർന്നതാണ്  എന്ന്  തെളിഞ്ഞു .  രക്ഷപെട്ട  ചിലരെ മേൽപ്പറഞ്ഞ  നാല്  ഭാഷകൾ സംസാരിക്കുന്നവരുടെ മുതുമുത്തച്ഛൻമ്മാർ  കൊന്നുകളഞ്ഞു .  വേറെ കുറേപ്പേർ  മിച്ചമുള്ള  തടികൾ കൊണ്ട് ചെറു തോണികൾ  ഉണ്ടാക്കി രക്ഷപെട്ടു  എങ്കിലും  അവരെ കുറിച്ച് പിന്നീട് യാതൊരു വിവരങ്ങളും ലഭിച്ചില്ല .  മൂന്നോ  നാലോ പേർ ദ്വീപുകാരോട്  സൗഹൃദം  കൂടി ആയിരത്തി എണ്ണൂറുകൾ  വരെ ദ്വീപിൽ താമസം  ഉണ്ടായിരുന്നു  എന്ന് അനുമാനിക്കപ്പെടുന്നു . എന്നാൽ ദ്വീപ്  നമ്മൾ വായനക്കാരുടെ  ശ്രദ്ധപിടിച്ചു പറ്റിയത് മറ്റൊരു  രീതിയിലാണ് . സാക്ഷാൽ  ജൂൾ വേണിന്റെ  Twenty Thousand Leagues Under the Sea എന്ന നോവലിലെ ഒരു ചാപ്റ്ററിലെ  കഥ മുഴുവനും  നടക്കുന്നത്  ഈ ദ്വീപിൽ വെച്ചാണ് .  ഫ്രാൻകോയിസ് പെരസിന്റെ  കഥ തന്നെയാണ്  വേൺ  പുനരാവിഷ്‌ക്കരിച്ചത് .

Image

ഒരു അഭിപ്രായം പറയൂ