തക്‍ലാമാകന്‍ മരുഭൂമി അഥവാ മരണക്കടല്‍

Share the Knowledge

“അറുപത് ചൈനീസ് കുതിരക്കാര്‍ അടങ്ങിയ കച്ചവടസംഘമായിരുന്നു അവരുടേത്. വെള്ളിക്കട്ടികളുമായി സില്‍ക്ക്റൂട്ടിലൂടെയുള്ള യാത്ര അപ്പോള്‍ ദിവസങ്ങള്‍ പിന്നിട്ടിരുന്നു. കഠിനമായ കാലാവസ്ഥ; പകല്‍ ചുട്ടുപൊള്ളുന്ന ചൂടും, ഇരുട്ടിയാല്‍ എല്ലു തുളയ്ക്കുന്ന തണുപ്പും. എല്ലാവരും തളര്‍ന്നിരുന്നതുകൊണ്ട് യാത്ര വളരെ പതുക്കെയായിരുന്നു. അടുത്ത മരുപ്പച്ചയെത്താന്‍ ഇനിയും മൈലുകള്‍ താണ്ടണം. യാത്ര വേഗത്തിലാക്കാന്‍ വഴികാട്ടികള്‍ തിടുക്കം കൂട്ടിക്കൊണ്ടിരുന്നു. കയ്യിലുള്ള കുറച്ചു വെള്ളം കൊണ്ടുവേണം മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന്‍ പിടിച്ചുനിര്‍ത്താന്‍.

കാരണം, അത് തക്‍ലാമാകന്‍ മരുഭൂമിയാണ്. ലോകത്തെ ഏറ്റവും അപകടകരവും ദുരിതപൂര്‍ണ്ണവുമായ മരുഭൂമി എന്ന് കുപ്രസിദ്ധി ആര്‍ജിച്ചയിടം; ദുര്‍ലഭമായ മരുപ്പച്ചകള്‍ ഒഴിച്ചാല്‍ അല്പം വെള്ളം കിട്ടാന്‍ ഒരു മാര്‍ഗവുമില്ലാത്ത പ്രദേശവും. പഴമക്കാര്‍ പറഞ്ഞിരുന്നത് ഒരിക്കല്‍ ഇവിടെ പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും പുറത്തുകടക്കാന്‍ കഴിയില്ല എന്നാണ്. സില്‍ക്ക്റൂട്ട് പാതകള്‍ മരുഭൂമിയുടെ അതിരുകള്‍ക്കടുത്തുകൂടിയാണ് എന്നതാണ് ആകെയുള്ള ആശ്വാസം; കൂടാതെ വല്ലപ്പോഴുമെങ്കിലും ഉള്ള മരുപ്പച്ചകളും. എങ്കിലും മരുപ്പച്ചകള്‍ക്കിടയിലുള്ള മരുഭൂമിയില്‍ വഴിതെറ്റിയലയാനിടയായ സാര്‍ത്ഥവാഹകസംഘങ്ങളിലെ നിരവധി കച്ചവടക്കാര്‍, പടയാളികള്‍, തീര്‍ഥാടകര്‍ മുതലായവര്‍ക്ക് പിന്നീടൊരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള അറിവ് ഒരു വാള്‍പോലെ അവര്‍ക്കുമേല്‍ തൂങ്ങിനിന്നു.

കത്തുന്ന വെയിലില്‍ മണല്‍ക്കുന്നുകള്‍ കയറിയിറങ്ങി സംഘം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. സൂര്യന്‍ താഴ്ന്നു തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ്‌ വെളിച്ചം മങ്ങിയത്. വളരെ പെട്ടെന്ന് ആകാശം ഇരുണ്ടുകറുത്തു; ശക്തമായ കാറ്റ് ആഞ്ഞടിച്ചുതുടങ്ങി. പൊടിപറത്തി വീശിത്തുടങ്ങിയ കാറ്റ് പൊടുന്നനെ ഉഗ്രരൂപം പൂണ്ട് മണ്ണും ചെറുകല്ലുകളും ചിതറിത്തെറിപ്പിച്ചു. വിനാശകാരിയായ കൊടുങ്കാറ്റ് മരുഭൂമിയില്‍ വീശിയടിച്ചു. സമുദ്രത്തിലെ തിരമാലകള്‍ പോലെ മണല്‍പ്പരപ്പുകള്‍ ഉയര്‍ന്നുതാണു.

മനുഷ്യനും മൃഗങ്ങള്‍ക്കും മേല്‍ മരുഭൂമിയും കാറ്റും അതിന്‍റെ ഏറ്റവും ഭീകരമായ മുഖംതന്നെ പുറത്തെടുത്തു. പട്ടാപ്പകലായിരുന്നിട്ടും അന്തരീക്ഷം ഇരുള്‍കൊണ്ട് മൂടി. നരകം ഭൂമിയിലേയ്ക്ക് ഇറങ്ങിവരുന്നതുപോലെ ചണ്ഡമാരുതന്‍ അലറിവിളിച്ചു. തുണികളും ചാക്കുകളും കൊണ്ട് സ്വയം മൂടി നിലത്തുകുനിഞ്ഞിരുന്നിട്ടും കാറ്റവരെ നിലത്തേയ്ക്ക് മറിച്ചിട്ടു. കാറ്റിന്‍റെ ക്രോധം താങ്ങാനാവാതെ ഭാരം വഹിച്ചിരുന്ന കുതിരകള്‍ താഴെവീണു. ഭ്രാന്തമായ കരുത്തോടെ കല്‍ക്കഷണങ്ങളും മണലും അവര്‍ക്കുമേല്‍ വര്‍ഷിച്ചു. മണിക്കൂറുകള്‍ നീണ്ട താണ്ഡവത്തിനൊടുവില്‍ അവരെല്ലാം മണ്ണിലാണ്ടുപോയി.”
‘കാരാബുറാന്‍’ എന്നറിയപ്പെട്ട തക്‍ലാമാകന്‍ മരുഭൂമിയിലെ കരിംകൊടുങ്കാറ്റ് 1905ല്‍ ഒരു കച്ചവടസംഘത്തെ മരുഭൂമിയില്‍ കുഴിച്ചുമൂടിയ സംഭവം വിവരിക്കുന്നത് പ്രശസ്ത ജര്‍മന്‍ പര്യവേക്ഷകനായിരുന്ന ആല്‍ബര്‍ട്ട് വോണ്‍ ലീ കോക്ക് ആണ്.

മുറിച്ചുകടക്കാന്‍ ലോകത്ത് ഏറ്റവും പ്രയാസമേറിയത് എന്ന് കരുതപ്പെടുന്ന മരുഭൂമിയാണ് ചൈനയിലെ തക്‍ലാമാകന്‍ (Taklamakan). ചൈനയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള, മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ‘തരിം തട’ത്തിന്‍റെ(Tarim Basin) ഭാഗമാണിത്. ഉഗര്‍ ഭാഷയില്‍ ‘തക്‍ലാമാകന്‍’ എന്ന വാക്കിന്‍റെ അര്‍ഥം ‘നിങ്ങള്‍ക്ക് കടന്നുവരാം, പക്ഷെ ഒരിക്കലും പുറത്തുകടക്കാനാവില്ല’ എന്നാണ്. ബൃഹത്തും അത്യന്തം അപകടകരവുമായ, ഉണങ്ങിവരണ്ട് തുള്ളിവെള്ളം പോലും കിട്ടാനില്ലാത്ത, മരണക്കെണിയായ ഈ സ്ഥലത്തിന് വേറെ ഏതുപേരാണ് ഇത്രയും അനുയോജ്യമാവുക? മരുഭൂമിയിലൂടെ യാത്ര ചെയ്ത ഒട്ടനവധി പേര്‍ പ്രകൃതിയോട് മല്ലടിച്ച് ജീവന്‍ വെടിഞ്ഞപ്പോള്‍, വിവരങ്ങളൊന്നും അവശേഷിപ്പിക്കാതെ മടങ്ങിവരാതിരുന്ന നിരവധി ആളുകളും ഉണ്ടായിരുന്നു. കാലാകാലങ്ങളായി അനേകം പേരുടെ ജീവന്‍ കവര്‍ന്നെടുത്ത മരുഭൂമിയ്ക്ക് അങ്ങനെ ലഭിച്ച മറ്റൊരു പേരാണ് ‘മരണക്കടല്‍’.

ചൈനയിലെ ‘സിന്‍ജിയാങ്ങ് ഉഗര്‍’ സ്വയംഭരണാധികാരപ്രവിശ്യയില്‍ 3,37,000 ച. കിമീ. വിസ്തൃതിയില്‍ കിടക്കുന്ന മരുഭൂമിയ്ക്ക് ഉദ്ദേശം 1,000 കിമീ നീളവും 400 കിമീ വീതിയുമുണ്ട്. കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ ആകെ വിസ്തൃതിയേക്കാള്‍ അല്പം കുറയും എന്നുമാത്രം. അത്രയ്ക്കാണ് ഇതിന്‍റെ വ്യാപ്തി. വലിപ്പത്തില്‍ ലോകത്തെ മരുഭൂമികളില്‍ പതിനാറാം സ്ഥാനമാണുള്ളതെങ്കിലും, ലോകത്തെ രണ്ടാമത്തെ ചലിക്കുന്ന മണല്‍ മരുഭൂമിയും, ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയുമാണ് തക്‍ലാമാകന്‍. ഇവിടത്തെ 85% മണല്‍ക്കുന്നുകളും സ്ഥിരമായി സ്ഥാനം മാറിക്കൊണ്ടിരിക്കുന്നവയാണ്. ചലിക്കുന്ന മണല്‍പ്പരപ്പുകള്‍ എന്നര്‍ത്ഥം വരുന്ന ‘ലിയു ഷാ’ എന്നാ പേരിലാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത്. സമുദ്രങ്ങളില്‍ നിന്ന് ഏറ്റവുമകലെ സ്ഥിതിചെയ്യുന്ന മരുഭൂമി കൂടിയാണ് ഇത്.

മലനിരകളാല്‍ ചുറ്റപ്പെട്ട ഈ മരുഭൂമിയുടെ അതിരുകള്‍ ഇവയാണ്: കിഴക്ക് ഗോബി മരുഭൂമി, തെക്ക് ടിബറ്റന്‍ പീഠഭൂമിയിലെ കുന്‍ലുന്‍ മലനിരകള്‍, പടിഞ്ഞാറ് പാമീര്‍ മലകള്‍, വടക്ക് ടിയാന്‍ഷാന്‍ പര്‍വതനിരകള്‍. ഈ മലനിരകളാണ്‌ തക്‍ലാമാകനെ മഴനിഴല്‍പ്രദേശവും തത്ഫലമായി മരുഭൂമിയും ആക്കി മാറ്റിയത്. ഗ്രീഷ്മകാലത്ത് ഈ മലകളിലെ മഞ്ഞുരുകി ലഭിക്കുന്ന ജലം ഹോട്ടാന്‍, തരിം മുതലായ നദികള്‍ മുഖേന മരുഭൂമിയുടെ ചുരുക്കം പ്രദേശങ്ങളില്‍ എത്താറുണ്ട്. വളരെ അപൂര്‍വമായ മരുപ്പച്ചകളുടെയും അപൂര്‍വ്വം ജീവജാലങ്ങളുടെയും നിലനില്പിനാധാരം ഈ ജലമാണ്. ചുരുക്കമെങ്കിലും മനുഷ്യവാസമുള്ളതും ഈ പ്രദേശങ്ങളില്‍ മാത്രമാണ്.

സമുദ്രനിരപ്പില്‍ നിന്നും 1200 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തിലാണ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. താരതമ്യേന തണുത്ത കാലാവസ്ഥയുള്ള ഇവിടെ -20 മുതല്‍ 40 °C വരെയാണ് താപനില. വര്‍ഷത്തില്‍ ആകെ ലഭിക്കുന്ന മഴ 40 mmല്‍ താഴെയും. മലനിരകളോട് ചേര്‍ന്ന പ്രദേശത്ത് 100 mm വരെ ലഭിക്കുമ്പോള്‍ മധ്യഭാഗത്തെ ലഭ്യത ഏകദേശം 10 mm മാത്രമാണ്. മരുഭൂമിയുടെ ഭൂരിഭാഗവും ജീവജാലങ്ങളുടെ നിലനില്‍പ്പിന് യോഗ്യമല്ല. കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ടിബറ്റ് എന്നിവയാണ് അതിര്‍ത്തിരാജ്യങ്ങള്‍.

തക്‍ലാമാകന്‍ മരുഭൂമിയുടെ ഉത്ഭവം സംബന്ധിച്ച്, വടക്കുപടിഞ്ഞാറന്‍ ചൈനയിലെ താമസക്കാരായ ‘ഉഗറു’കള്‍(Uigur)ക്കിടയില്‍ ഒരു പുരാണകഥയുണ്ട്. അവിടെ വസിക്കുന്ന ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ ഒരു ദേവത അവരെ സഹായിക്കാന്‍ തീരുമാനിച്ചു. അതിനായി കസാക്കുകള്‍ക്ക് ഒരു സ്വര്‍ണ്ണക്കോടാലിയും, ഉഗറുകള്‍ക്ക് ഒരു സ്വര്‍ണ്ണത്താക്കോലും കൊടുക്കാനായിരുന്നു പദ്ധതി. സ്വര്‍ണ്ണക്കോടാലി കിട്ടിയ കസാക്കുകള്‍ അല്‍തായ് മലകള്‍ പിളര്‍ന്ന് മലമുകളിലെ വെള്ളം വയലുകളിലെത്തിയ്ക്കുകയും അങ്ങനെ ആ പ്രദേശങ്ങള്‍ ഫലഭൂയിഷ്ടമാവുകയും ചെയ്തു. തരിം താഴ്വരയിലെ നിധിശേഖരങ്ങള്‍ തുറക്കുവാനുള്ള താക്കോലായിരുന്നു ഉഗറുകള്‍ക്ക് കരുതിവച്ചിരുന്നത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ താക്കോല്‍ ദേവതയുടെ ഇളയമകളുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ടുപോയി. കോപിഷ്ഠയായ ദേവത അവളെ ശപിച്ച് തരിം തടത്തിലേയ്ക്ക് പറഞ്ഞയച്ചു. അങ്ങനെയാണ് തക്‍ലാമാകന്‍ മരുഭൂമി രൂപം കൊണ്ടത് എന്നാണ് അവരുടെ വിശ്വാസം.

1895ല്‍ തക്‍ലാമാകന്‍ മരുഭൂമി മുറിച്ചുകടന്ന പ്രശസ്ത സ്വിഡീഷ് ഭൂമിശാസ്ത്രകാരനും പര്യവേക്ഷകനുമായ സ്വെന്‍ ഹെഡിനും സംഘവും മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ചായിരുന്നു. ആ യാത്രയില്‍ അദ്ദേഹത്തിന്‍റെ സംഘത്തിലുണ്ടായിരുന്ന രണ്ട് ഉഗര്‍ വഴികാട്ടികള്‍ക്കും എട്ട് ഒട്ടകങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാതെ ദാഹിച്ചു മരിക്കാനായിരുന്നു അവരുടെ വിധി. ഈ സംഭവം തക്‍ലാമാകന്‍റെ കുപ്രസിദ്ധി കൂടുതല്‍ പ്രചരിക്കാന്‍ ഇടയാക്കി.

ചൈനയുടെ ചരിത്രത്തില്‍ ഈ മരുഭൂമിയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ചൈന, മറ്റു മധ്യേഷ്യന്‍രാജ്യങ്ങള്‍ ഇവയെ യൂറോപ്പുമായും അറബ് രാഷ്ട്രങ്ങളുമായും ബന്ധിപ്പിച്ചിരുന്ന പുരാതന കച്ചവടപ്പാതകളായ സില്‍ക്ക്റൂട്ട് കടന്നുപോയിരുന്നത് തക്‍ലാമാകന്‍റെ വടക്കും തെക്കും അതിരുകളോട് ചേര്‍ന്നായിരുന്നു. യഥാക്രമം ടിയാന്‍ഷാന്‍, കുന്‍ലുന്‍ മലനിരകളോടു ചേര്‍ന്നായിരുന്നു ഈ പാതകള്‍. ചൈനയുടെ തെക്കേ അറ്റത്തുള്ള പട്ടണമായ കാഷ്ഗാറിലാണ് വടക്കന്‍പാതയും തെക്കന്‍പാതയും യോജിച്ചിരുന്നത്.

മരുഭൂമി മറികടക്കുവാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെട്ടതും, തിരിച്ചുവരാതിരുന്നതുമായ നിരവധിപേരുടെ കഥകള്‍ തക്‍ലാമാകനെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിച്ചു. ഇതുമൂലം, മരുഭൂമി മുറിച്ചുകടക്കുവാന്‍ ആരുമൊന്ന് അറച്ചിരുന്നു. എങ്കിലും വളരെ ചുരുക്കം പേര്‍ പഠന-ഗവേഷണ ആവശ്യങ്ങള്‍ക്കായും, മറഞ്ഞിരിക്കുന്ന സമ്പത്ത് തേടിയും ഇവിടെ പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടുമുണ്ട്. മാര്‍ക്കോ പോളോ, ഏഴാം നൂറ്റാണ്ടില്‍ മരുഭൂമി വഴി യാത്രചെയ്ത ബുദ്ധസന്യാസിയായ ഷുവാന്‍ സാങ്ങ്, ഇരുപതാം നൂറ്റാണ്ടില്‍ പര്യവേക്ഷണം നടത്തിയ സര്‍ ഓറല്‍ സ്റ്റെയ്ന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. 1993ല്‍ ബ്രിട്ടീഷ് പര്യവേക്ഷകനായ ചാള്‍സ് ബ്ലാക്ക് മോര്‍, ചൈനീസ് പര്യവേക്ഷകനായ ഗുവോ ജിന്‍ വെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പടിഞ്ഞാറുനിന്നും കിഴക്കോട്ടേയ്ക്കുള്ള ഏറ്റവും നീളമേറിയ ഭാഗം വിജയകരമായി മറികടന്നു. ആധുനികസങ്കേതങ്ങളുടെ സഹായത്തോടെ നിരവധി സാഹസികര്‍ ഇപ്പോള്‍ മരുഭൂമി മുറിച്ചുകടക്കാറുണ്ട്.

എന്നാല്‍ മരുഭൂമിയെ സംബന്ധിച്ചുള്ള ഏറ്റവും അവിശ്വസനീയമായ വസ്തുത, രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ മരുഭൂമിയുടെ പല ഭാഗത്തുമായി നിരവധി ജനങ്ങള്‍ പാര്‍ത്തിരുന്നു എന്നതാണ്. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ഈ മരുഭൂമി വിഭിന്നവും സമ്പന്നവുമായിരുന്ന ഒരു ജനതയുടെ വാസസ്ഥാനമായിരുന്നു എന്നത് വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ 4000 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഈ പ്രദേശങ്ങളില്‍ ജനതതികള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ യൂറോപ്യന്‍ പുരാവസ്തുഗവേഷകരായ സ്വെന്‍ ഹെഡിന്‍, ആല്‍ബര്‍ട്ട് വോണ്‍ ലീ കോക്ക്, സര്‍ മാര്‍ക് ഓറല്‍ സ്റ്റെയ്ന്‍ എന്നിവരാണ് തക്‍ലാമാകന്‍ മരുഭൂമിയിലെ പര്യവേക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സില്‍ക്ക് റൂട്ടിനെ സംബന്ധിച്ച തന്‍റെ സിദ്ധാന്തങ്ങള്‍ തെളിയിക്കുവാനായി മദ്ധ്യേഷ്യയിലും പശ്ചിമ ചൈനയിലുമായി 25,000 മൈലുകളോളം സര്‍ സ്റ്റെയ്ന്‍ യാത്ര ചെയ്യുകയുണ്ടായി. ആധുനികയുഗത്തിലെ ഏറ്റവും സുധീരവും സാഹസികവുമായ സഞ്ചാരങ്ങളായാണ് ഈ യാത്രകളെ ചരിത്രം വാഴ്ത്തുന്നത്. ഷുവാന്‍ സാങ്ങിന്‍റെ പാത പിന്തുടര്‍ന്നു 1900ല്‍ തുടങ്ങിയ യാത്ര രണ്ടു വര്‍ഷത്തോളം നീണ്ടുനിന്നു.

തുടര്‍ന്നു നടന്ന പര്യവേക്ഷണങ്ങളില്‍ BCE 1800 മുതല്‍ BCE ഒന്നാം നൂറ്റാണ്ട് വരെയുള്ള മമ്മികള്‍ ആണ് ഇവിടെ നിന്നും കണ്ടെടുത്തത്. അതില്‍ പല ശരീരങ്ങളും സാമാന്യം ഭേദപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോഴും; കൂടാതെ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പോലും. മരുഭൂമിയിലെ വരണ്ട കാലാവസ്ഥയും, മറ്റ് ഇടപെടലുകള്‍ ഒന്നും ഇല്ലാതിരുന്നതും ആയിരിക്കാം ഇതിനു കാരണങ്ങള്‍.

ഇപ്പോള്‍ ഉണങ്ങിവരണ്ടുകിടക്കുന്ന നിയാ നദീതടങ്ങളില്‍ നിന്നും പുരാവസ്തുഗവേഷകര്‍ നിരവധി ശവകുടീരങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. വര്‍ണ്ണവസ്ത്രങ്ങള്‍ ധരിപ്പിച്ച് തടിപ്പെട്ടിയില്‍ അടക്കം ചെയ്തിരുന്ന അവര്‍ പ്രധാനമായും ഇന്‍ഡോ-യൂറോപ്യന്‍ ടോക്കേരിയന്‍ വംശജരായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ലഭിച്ച തെളിവുകള്‍ പ്രകാരം മരുപ്പച്ചകളില്‍ അവര്‍ കൃഷിയും കന്നുകാലിവളര്‍ത്തലും നടത്തിയിരുന്നു എന്നു മനസ്സിലാക്കാം. ഏകദേശം മൂവായിരത്തിലധികം ജനങ്ങള്‍ അക്കാലത്ത് നിയയില്‍ വസിച്ചിരുന്നു. BCE രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ വംശജരും ഇവിടെ താമസക്കാരായിരുന്നു എന്നാണ് സൂചനകള്‍ പറയുന്നത്.

നിയ പോലെയുള്ള നിരവധി ചെറുപട്ടണങ്ങള്‍ പിന്നീട് കണ്ടെത്തുകയുണ്ടായി.
സില്‍ക്ക്റൂട്ടിനോടനുബന്ധിച്ച് വളര്‍ന്നുവന്ന തെക്കന്‍ ചൈനയിലെ പട്ടണങ്ങളായിരുന്നു അവയില്‍ പലതും. കാഷ്ഗാര്‍, നിയാ, മരിന്‍, യാര്‍കണ്ട്, ഖോട്ടാന്‍, ലൌലന്‍, ഡുന്‍ഹുയാങ്, കുക്വാ, ടര്‍പന്‍ മുതലായ പട്ടണങ്ങളില്‍ ഭൂരിഭാഗവും ഇന്നുള്ളത് അവശിഷ്ടങ്ങള്‍ മാത്രമാണ്.

മരുഭൂമിയ്ക്കു ചുറ്റുമുള്ള മലനിരകളിലെ മഞ്ഞുരുകി ജലം നിറയുന്ന തരിം, നിയ, ഹോട്ടാന്‍, കേരിയ, യാര്‍കണ്ട്, കുക്വാ മുതലായ നദികളായിരുന്നു മരുപ്പച്ചകളുടെയും അവിടങ്ങളിലെ ജനതതിയുടെയും നിലനില്പിനാധാരം; ഈ നദികള്‍ ജലസമൃദ്ധമാക്കിയിരുന്ന ലോപ് നോര്‍, കാരാ കൊഷുന്‍ എന്നീ തടാകങ്ങളും സഹായിച്ചിരുന്നിരിക്കാം. എന്നാല്‍ നദികള്‍ വഴിമാറി ഒഴുകിയതും വറ്റിവരണ്ടതും, മരുപ്പച്ചകളുടെ നാശത്തിനും തുടര്‍ന്ന് പട്ടണങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമായി എന്നാണ് കരുതപ്പെടുന്നത്. വറ്റിവരണ്ടുപോയ ലോപ് നോര്‍, കാരാ കൊഷുന്‍ തടാകങ്ങള്‍ മരുഭൂമിയുടെ വ്യാപ്തി വീണ്ടും വര്‍ധിപ്പിക്കുകയും ചെയ്തു.

പെട്രോളിയവും പ്രകൃതിവാതകങ്ങളും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ കൊണ്ടനുഗൃഹീതമാണ് ഈ മരുപ്രദേശം. എണ്ണപ്പാടങ്ങള്‍ തുറന്നെങ്കിലും ഗതാഗതസൌകര്യങ്ങളുടെ അഭാവമായിരുന്നു ചൈന നേരിട്ട പ്രധാന പ്രശ്നം. എന്നാല്‍ അടുത്തകാലത്ത് മരുഭൂമിയ്ക്ക് നടുവിലൂടെ രണ്ടു ഹൈവേകള്‍ ചൈനീസ് ഗവണ്‍മെന്‍റ് നിര്‍മ്മിച്ചിട്ടുണ്ട്. ഗതാഗതസൌകര്യങ്ങള്‍ വന്നതോടെ പര്യവേക്ഷണങ്ങളും കരുത്താര്‍ജിച്ചിട്ടുണ്ട്. മണൽപരപ്പിനടിയില്‍ മറഞ്ഞിരിക്കുന്ന കൂടുതല്‍ രഹസ്യങ്ങള്‍ വരുംനാളുകളില്‍ അനാവൃതമാകും എന്ന് പ്രതീക്ഷിക്കാം.

Written By Sajeesh Joy

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ