ആണവ റിയാക്ടറുകളുടെ ചരിത്രം

Share the Knowledge


Written BY  Rishi Das



അണുശക്തിയും ആണവ റിയാക്ടറുകളിലും പലരിലും ഭയവും ,അസ്വസ്ഥതയുമാണ് സൃഷ്ടിക്കുന്നത് . ആണവ അപകടങ്ങളുടെയും ആണവ ആയുധങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു പരിധി വരെ ഭയവും അസ്വസ്ഥതെയും ന്യായീകരിക്കത്തക്കതുമാണ് .ഇതിനോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ട ഒരു വസ്തുത ഈ പ്രപഞ്ചം തന്നെ വിവിധ തരത്തിലുള്ള ആണവ പ്രതിപ്രവർത്തനത്തിലൂടെ നിലനിന്നു പോരുന്ന അതിബ്രിഹത്തായ ഒരു വ്യവസ്ഥ ആണെന്നുള്ളതാണ് .ആണവ പ്രതിപ്രവർത്തനങ്ങളിലൂടെയല്ലാതെ പ്രപഞ്ചത്തിൽ ബ്രിഹത് സൃഷ്ഠികൾ ഒന്നും നടക്കുന്നില്ല.നമ്മുടെ സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെല്ലാം തന്നെ വളരെ വലിയ ആണവ ഫ്യൂഷൻ റിയാക്ടറുകളാണ് .

ഫ്യൂഷൻ ചെറിയ ന്യൂക്ളിയസ്സുകൾ അതി ബ്രിഹത്തായ താപനിലയിലും മർദത്തിലും കൂടിച്ചേർന്നു വലിയ ന്യൂക്ളിയസ്സുകൾ ആയി മാറുന്ന പ്രക്രിയയാണ് .ഈ പ്രക്രിയയുടെ ഭാഗമായി വൻതോതിൽ ഊർജവും സൃഷ്ടിക്കപ്പെടുന്നു . ഫിഷൻ വലിയ ന്യൂക്ളിയസ്സുകൾ വിഘടിച്ചു ചെറിയ ന്യൂക്ളിയസ്സുകൾ ആകുന്ന പ്രക്രിയയാണ് .ഈ പ്രക്രിയയുടെ ഭാഗമായും വൻതോതിൽ ഊർജം സൃഷ്ടിക്കപ്പെടുന്നു .ഫിഷൻ നടക്കാൻ സാധ്യതയുള്ള വലിപ്പമുള്ള ന്യൂക്ളിയസ്സുകൾ സൃഷ്ടിക്കപെടുന്നതാകട്ടെ സൂപ്പർനോവ വിസ്ഫോടനങ്ങൾ പോലുള്ള മഹാ ആണവ വിസ്ഫോടനങ്ങളിലൂടെയും .
—–
ഭൗമ പ്രകൃതിദത്ത ആണവ റിയാക്ടറുകൾ
—–

ഭൂമി രൂപപ്പെട്ട മഹാ പ്രതിഭാസങ്ങളിലൂടെ തന്നെ ആണവ വിഘടനം നടക്കാൻ സാധ്യതയുള്ള വളരെയധികം മൂലകങ്ങളും ഭൂമിയുടെ ഭാഗമായി .തോറിയം ,യുറേനിയം എന്നിവയാണ് അവയിൽ മുഖ്യം . പ്ലൂട്ടോണിയം പോലെയുള്ളവ പെട്ടന് വിഘടിച്ചു രൂപാന്തരം പ്രാപിക്കുന്നതുകൊണ്ടു അവ അധികകാലം അവയുടെ സ്വത്വം നിലനിർത്തുന്നില്ല . വളരെയധികം വിഘടന സാധ്യതയുള്ള യുറേനിയം പ്രാകൃതിക പ്രതിഭാസങ്ങളിലൂടെ ഒരളവിൽ കൂടുതൽ ഒരു പ്രദേശത്തു എത്തപ്പെട്ടാൽ അവിടെ ഒരു ഭൗമ പ്രകൃതിദത്ത ആണവ റിയാക്ടർ രൂപപ്പെടാനുള്ള സാധ്യതയായി. പിന്നീട് വേണ്ടത് ജലത്തിന്റെ സാന്നിധ്യമാണ് .ജലം ഒരു നല്ല ന്യൂട്രോൺ മോഡറേറ്റർ ( വേഗത കുറക്കുന്ന) ആണ്. ആകസ്മികമായുണ്ടാകുന്ന (Spontaneous Fission)) ആണവ ഫിഷനിലൂടെ പുറത്തുവരുന്ന ന്യൂട്രോണുകൾ ജലത്തിലൂടെ കടന്നു പോയി വേഗത കുറക്കപെടുന്നതിലൂടെ അവക്ക് ശ്രിംഖലാ പ്രതിപ്രവർത്തനം തുടങ്ങിവെക്കാനും അത് നിലനിർത്താനുമുള്ള കഴിവ് കൈവരുന്നു .ഇങ്ങിനെയാണ് കോടിക്കണക്കിനു വർഷ അനുസ്യൂതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭൗമ പ്രകൃതിദത്ത ആണവ റിയാക്ടറുകൾ ജന്മം കൊള്ളുന്നത് ..ആദ്യ കാല ഭൂമിയിൽ ഇത്തരം അനേകം പ്രകൃതിദത്ത ആണവ റിയാക്ടറുകൾ ഉണ്ടായിരുന്നിരിക്കാം . ഇത്തരം പ്രകൃതിദത്ത ആണവ റിയാക്ടറുകളുടെ സാധ്യത 1954 ഇൽ ജാപ്പനീസ് ഭൗതിക ശാസ്ത്രജ്ഞനായ പോൾ കുറോഡാ പ്രവചിച്ചിരുന്നു .

ഇത്തരം ഒരു പ്രകൃതിദത്ത ആണവ റിയാക്ടറിനെപ്പറ്റിയുള്ള സുവ്യക്തമായ തെളിവ് ആദ്യമായി ലഭിക്കുന്നത് . ആഫ്രിക്കൻ രാജ്യമായ ഗാബോണിലെ ഒക്കോ യുറേനിയം ഖനികളിലാണ് ..ഇവിടെ നടത്തിയ ഖനനത്തിൽ യുറേനിയം ഐസോടോപ്പുകളുടെ വിതരണത്തിൽ അസ്വാഭാവികത കണ്ടെത്തപ്പെട്ടു . പിന്നീടുള്ള പരീക്ഷണങ്ങളുമാണ് ഇവിടെ അനേക വര്ഷങ്ങള്ക്കു മുൻപ് അനേകം പ്രകൃതിദത്ത ആണവ റിയാക്ടറുകൾ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തപ്പെട്ടത് (2) യുറേനിയം -235 ഐസോടോപിന്റെ ലഭ്യത തുടർച്ചയായ ആണവ പ്രവർത്തനത്തിലൂടെ കുറഞ്ഞു കുറഞ് അവസാന ആണവ പ്രതിപ്രവർത്തനം നടക്കാൻ വേണ്ടതിലും താഴെയായി ഇവ സ്വയം പ്രവർത്തനം നിർത്തുകയായിരുന്നു .
യുറേനിയം ഭൂമിയിൽ തീരെ കുറഞ്ഞ അളവിലല്ലാതെ കാണപ്പെടുന്ന ഒരു മൂലകമാണ് . യൂറേനിയത്തിന്റെ വളരെ വലിയ ആപേക്ഷിക സാന്ദ്രത കാരണം ഭൂമിയുടെ മാന്റിലിന്റെയും പുറം പാളികളുടെയും ചലനം നിമിത്തം പ്രകൃതിദത്ത ആണവ റിയാക്ടറുകൾ രൂപപ്പെടാനുള്ള സാധ്യത വളരെ വലുതാണ് .ഇവയിൽ പലതും ഇപ്പോഴും ഭൂമിയുടെ അന്തർ ഭാഗത്തു പ്രവർത്തന നിരതമായി ഇരിക്കുകയുമാവാം.

ആദ്യകാല ആണവ റിയാക്ടറുകൾ (1940-1960).
—–
ആണവ ശ്രിൻഖലാ പ്രതി പ്രവർത്തനമാണ് ( Nuclear Chain Reaction) ആണവ റിയാക്ടറുകളുടെ പ്രവർത്തനത്തിന്റെ താത്വികമായ ആധാരം . ന്യൂട്രോണുകൾ വഴി ഭാരമേറിയ ന്യൂക്ളിയസുകളെ പിളർത്താമെന്നും .അതിനെ ഒരു ശ്രിൻഖലാ പ്രതിപ്രവർത്തനമായി നിലനിർത്താൻ പറ്റുമെന്നും ആദ്യം സൈദ്ധാന്തിച്ചത് ഹങ്കേറിയൻ ഭൗതിക ശാസ്ത്രജ്ഞനായ ലിയോ സീലാഡ് (Leo Szilard) ആണ് .1933 ഇൽ ആയിരുന്നു അത് .അദ്ദേഹം പിന്നീട് ആണവ ആയുധങ്ങളുടെയും ,ഹൈഡ്രജൻ ബോംബുകളുടെയും നിർമാണത്തിലും സുപ്രധാന പങ്കു വഹിച്ചു .
ആദ്യ റിയാക്ടറുകൾ രൂപകൽപന ചെയ്യപ്പെട്ടത് ഊർജ ഉത്പാദനത്തിന് വേണ്ടിയല്ല .ആണവ ആയുധ നിർമാണത്തിനാവശ്യമായ ഗവേഷണങ്ങൾക്കും , പ്ലൂട്ടോണിയും-239(Pu 239) നിര്മിക്കാനായാണ് പ്രായോഗികമായ ആദ്യ ആണവ റീയാക്റ്ററുകൾ രൂപകൽപന ചെയ്യപ്പെട്ടത് .1939 ഇൽ ആൽബർട്ട് എയ്ൻസ്റ്റീൻ (Albert Einstein) ആണവ റിയാക്ടറുകളുടെ സാധ്യതകളെയും ,ആണവ ബോംബുകളെയും പറ്റി അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റിനു(Franklin D Roosevelt) ഒരു കത്തെഴുതി . ആ കത്താണ് ആണവ ആയുധങ്ങളുടെയും റിയാക്ടറുകളുടെയും സാധ്യതകൾ ആരായാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. ചരിത്രത്തിലെ ആദ്യ ആണവ റീയാക്റ്ററായ ചിക്കാഗോ പയിൽ (Chicago Pile) 1942 ഇൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചത് ആണവ ശൃഖലാ പ്രതിപ്രവർത്തനം പ്രായോഗികമായി സാക്ഷാത്കരിക്കുക എന്ന ഒരേ ഒരു ലക്ഷ്യത്തോടെയായിരുന്നു .ആദ്യ പ്രവർത്തനത്തിൽ 0.5 വാട്ട് ഊർജം നാലു മിനിറ്റു നേരത്തേക്ക് ചിക്കാഗോ പായിൽ ഉത്പാദിപ്പിച്ചു .ആയിരത്തി അഞ്ഞൂറു വരെ മെഗാ വാട്ട് വൈദ്യുതോർജം ഉത്പാദിപ്പിക്കുന്ന ആധുനിക ആണവ റിയാക്ടറുകളുടെ തുടക്കം ഇങ്ങനെ വളരെ എളിയ നിലയിൽ നിന്നായിരുന്നു .
ചിക്കാഗോ പൈലിന്റെ നിർമാണത്തിന് നേതിര്ത്വം നൽകിയത് വിഖ്യാത ആണവ ശാസ്ത്രജ്ഞനായ എൻറികോ ഫെർമി (Enrico Fermi)ആയിരുന്നു .പിനീട് ഈ സംവിധാനം ഫെർമി പൈലെന്ന(Fermi Pile) പേരിൽ അറിയപ്പെട്ടു . ഫെർമി പൈലിന്റെ ചുവടു പിടിച്ചു യൂ എസ് ഇൽ അണുബോംബിനാവശ്യമായ പ്ലൂട്ടോണിയം -239 നിർമിക്കാനായി ധാരാളം ആണവ റിയാക്ടറുകൾ നിർമ്മിക്കപ്പെട്ടു. അവയെല്ലാം അതീവ രഹസ്യമായിട്ടാണ് പ്രവർത്തിപ്പിക്കപ്പെട്ടിരുന്നത്.

അമേരിക്കയുടെ അണുബോംബ് നിർമാണ പ്രൊജക്റ്റായ ”മൻഹാട്ടൻ പ്രോജക്ടിന്റെ ”( Manhattan Project) ഭാഗമായ ബി -റിയാക്ടറാണ്(B – Reactor) ആദ്യ പ്രായോഗിക റീയാക്റ്റർ . ഫെർമി പൈലിനെ ആധാരമാക്കിയാണ് ബി – റിയാക്ടർ നിർമിച്ചത്( Fermi pIle was designated as the A- Reactor) . ഫെർമി പൈലിനേക്കാൾ ആയിരക്കണക്കിന് മടങ്ങു പ്രവർത്തന മൂല്യമുള്ളതായിരുന്നു ബി റിയാക്ടർ . അണുബോംബ് നിർമാണത്തിനാവശ്യമായ പ്ലൂട്ടോണിയം -239 നിർമിക്കുക മാത്രമായിരുന്നു ഈ റിയാക്ടറിന്റെ ഉദ്ദേശ ലക്ഷ്യം .അമേരിക്കയിലെ വാഷിങ്ടൺ സ്റ്റേറ്റിലെ ഹാൻഫോർഡ് പ്രദേശത്തായിരുന്നു ഈ റിയാക്ടർ നിർമ്മിക്കപ്പെട്ടത് ഒരു ഗ്രാഫൈറ് മോഡറേറ്റഡ് വാട്ടർ കൂൾഡ് റിയാക്ടർ(Graphite Moderated Water Cooled Reactor) ആയിരുന്നു ബി -റിയാക്ടർ. സമാനമായ ഒന്നിലധികം റിയാക്ടറുകൾ ഇവിടെ നിർമ്മിക്കപ്പെട്ടു .ആദ്യ ആണവ സ്ഫോടനമായ ”ട്രിനിറ്റി’’ (Trinity)ക് ‘ ആവശ്യമായ പ്ലൂട്ടോണിയം -239 ബി റിയാക്ടറിൽ നിന്നാണ് ഉത്പാദിപ്പിച്ചത് .

വൈദ്യതി ഉത്പാദിപ്പിച്ച ആദ്യ ആണവ റിയാക്ടർ സോവിയറ്റു യൂണിയനിലെ എ എം -1(AM-1) ആണ് . മോസ്കോകടുത്തുള്ള ഒബിനിഷ്ക് ആണവ പവർ പ്ലാന്റിലാണ് ഈ റിയാക്ടർ സ്ഥാപിച്ചത് . അഞ്ചു മെഗാ വാട്ട് വൈദുതിയാണ് ഇവിടെനിന്നും ഉത്പാദിപ്പിച്ചത് .വൈദ്യുതോത്പാദനം നടത്തിയെങ്കിലും ഈ വൈദുതി വ്യാവസായിക അടിസ്ഥാനത്തിൽ വില്കപ്പെട്ടില്ല . പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനമായിരുന്നു ഈ ആണവ റിയാക്ടർ നടത്തിയിരുന്നത് .1954 മുതൽ 2002 വരെ ആണവ പരീക്ഷണങ്ങൾക്കായി ഈ റിയാക്ടർ പ്രവർത്തനം നടത്തി. .ഒരു ഗ്രാഫൈറ്റ് മോഡറേറ്റഡ് വാട്ടർ കൂൾഡ് റിയാക്ടർ (GRAPHITE MOBERATED WATER COOLED REACTOR)ആയിരുന്നു ഇത് .ഈ റിയാക്ടറിൽ നിന്നാണ്. ചെർണോബിൽ അപകടത്തിൽ പെട്ടതുപോലുള്ള ആർ ബി എം കെ (RBMK) റിയാക്ടറുകൾ ഉരുത്തിരിഞ്ഞത് .ചെറിയ തോതിൽ സമ്പുഷ്ടീകരിക്കപ്പെട്ട യുറേനിയം (LIGHTLY ENRICHED URANIUM) ആയിരുന്നു ഈ റിയാക്ടറിലെ ആണവ ഇന്ധനം .

വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിച്ച ആദ്യ ആണവ റിയാക്ടർ ബ്രിട്ടനിലെ കാഡർ ഹാൾ ആണവ നിലയം ആയിരുന്നു .1956 ഇൽ ആണ് ഈ ആണവ നിലയം പ്രവർത്തനം തുടങ്ങിയത് .50 മെഗാ വാട്ട് വൈദുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിച്ചു വ്യാവസായിക അടിസ്ഥാനത്തിൽ വിതരണം നടത്തിയത് .സത്യത്തിൽ ഈ പവർ പ്ലാന്റ് ഒരു ഇരട്ട മുഖമുള്ള റിയാക്ടർ ആയിരുന്നു .ഇവിടെനിന്നും ആയുധ നിർമാണത്തിനാവശ്യമായ പ്ലൂട്ടോണിയവും ഉത്പാദിപ്പിച്ചിരുന്നു .ഇത് ഒരു ഗ്രാഫൈറ്റ് മോഡറേറ്റഡ് ഗ്യാസ് കൂൾഡ് റിയാക്ടർ(Graphite Moderated Gas Cooled Reactor) ആയിരുന്നു . കാർബൺ ഡൈ ഓക്സൈഡ് ആയിരുന്നു കൂൾആൻറ് (Coolant) വാതകം .ഏതാണ്ട് അമ്പതു കൊല്ലാതെ പ്രവർത്തനത്തിന് ശേഷം 2003 ഇൽ ഈ ആണവ നിലയം ഡി കമ്മീഷൻ ചെയ്തത് .

വലിയ തോതിൽ വൈദുതി ഉത്പാദിപ്പിച്ച ആദ്യ അമേരിക്കൻ റിയാക്ടർ സ്പെരിമെന്റൽ ബ്രീഡർ റിയാക്ടർ I (EBR-I) ആണ്.1951, യിലാണ് ഇത് പ്രവർത്തനം തുടങ്ങിയത് . വ്യാവസായിക അടിസ്ഥാനത്തിൽ ഇത് ഒരിക്കലും പ്രവർത്തിച്ചില്ല .പരീക്ഷണ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനം .ഈ പരീക്ഷണങ്ങളുടെ ഫലമായി അവര്ക് ലോകത്തിലെ ആദ്യ പ്രെഷർഐസെഡ് വാട്ടർ റിയാക്ടര് (PWR) നിർമിക്കാനായി ലോകത്തെ ആദ്യ ആണവ മുങ്ങിക്കപ്പലായ നാട്ടിലെസിന് വേണ്ടിയാണ് അത് നിർമിച്ചത് .പത്തു മെഗാ വാട്ട് ശേഷിയുണ്ടായിരുന്ന ആ റിയാക്ടർ അന്നത്തെ ഏറ്റവും ആധുനികമായ റിയാക്ടർ ആയിരുന്നു . ഷിപ്പിംഗ്പോർട് അറ്റോമിക് പവർ സ്റ്റേഷൻ ആയിരുന്നു യൂ എസ് ഇലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ആണവനിലയം .1958 ലാണ് ഇത് കമ്മീഷൻ ചെയ്തത് .സാങ്കേതികമായി ഒരു ബ്രീഡർ റീയാക്റ്ററായിരുന്നു അത് .

കാനഡയിലും ആണവ റിയാക്ടറുകളെപ്പറ്റി വിപുലമായ ഗവേഷണം നടന്നു റേഡിയോ ഐസോടോപ്പ് നിർമാണത്തിനുള്ള സീറോ എനർജി എക്സ്പെരിമെന്റൽ പയിൽ റിയാക്ടർ 1945 ലാണ് കാനഡയിൽ പ്രവർത്തനം തുടങ്ങിയത് .യൂ എസ് ഇന് പുറത്തുള്ള ആദ്യ റിയാക്ടർ ആയിരുന്നു അത് .കാനഡയുടെ ആദ്യ വാണിജ്യ പവർ റിയാക്ടർ അറുപതുകളുടെ അവസാനമാണ് നിർമ്മിക്കപ്പെട്ടത്.

ഇന്ത്യയിലെ ആദ്യ ഗവേഷണ റീയാക്റ്ററായ ”അപ്സര ” 1956 ലാണ് കമ്മീഷൻ ചെയ്തത് .റേഡിയോ ഐസോടോപ്പുകളുടെ നിർമാണം ,ആണവ ഗവേഷണം എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. ഒരു പൂൾ ടൈപ്പ് റിയാക്ടർ(POOL TYPE REACTOR) ആയിരുന്നു അപ്സര കനേഡിയൻ സഹായത്തോടെ കൂടുതൽ വലിയ ഒരു ഗവേഷണ റിയാക്ടറും ഇന്ത്യ നിർമിച്ചു സൈറസ് -CIRUS (Canadian-Indian Reactor Uranium System) എന്നായിരുന്നു അതിന്റെ പേര്. ഒരു ഘന ജല റിയാക്ടറിയിരുന്നു സൈറസ് .2010 ലാണ് ഈ റിയാക്ടർ ഡീക്കമ്മീഷൻ ചെയ്തത് .അമേരിക്കൻ സഹായത്തോടെ നിർമിച്ച താരാപുർ നുകളെയർ പവർ പ്ലാന്റ് ആണ് ഇന്ത്യയിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ആണവ നിലയം .1969 ഇൽ ഇത് പ്രവർത്തനം തുടങ്ങി .തിള ജല റിയാക്ടറുകളായിരുന്നു ( BOILING WATER REACTOR)) ഇവ .ഈ റിയാക്ടറുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് . നൂറ്റി അറുപത് മെഗാ വാട്ട് വൈദ്യുതിയാണ് ആദ്യ റിയാക്ടറിൽ നിന്നും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത് .

വളരെ വൈവിധ്യമേറിയവയായിരുന്നു ആദ്യകാല ആണവ റിയാക്ടറുകൾ .ഇവയിൽ പലവയും അത്ര സുരക്ഷിതമല്ലെന്ന് പിന്നീട് കണ്ടെത്തപ്പെട്ടു .

ആണവ റിയാക്ടറുകൾ ,വളർച്ചയുടെ കാലം (1960-1980)
—–
അറുപതുകളുടെ ആദ്യ വർഷങ്ങളിൽ തന്നെ ആണവ റിയാക്ടറുകളുടെ സാങ്കേതിക വിദ്യ US ലും U S S R ലും കാര്യമായി പുരോഗമിച്ചിരുന്നു .സബ്മറൈനുകൾക്കു വേണ്ടി നടത്തിയ റിയാക്ടർ നിർമാണമാണ് വളരെ പെട്ടന്ന് നടന്ന ഈ കുതിച്ചു ചാട്ടത്തിനു കാരണം .ആദ്യം U S ഉം U S S R ഉമായിരുന്നു മുന്നിരയിലെങ്കിലും പെട്ടന്ന് തന്നെ ഫ്രാൻസും ബ്രിട്ടനും അവർക്കൊപ്പം ഓടിയെത്തി. .അമേരിക്കൻ റിയാക്ടറുകളെ മാതൃകയാക്കി ജപ്പാനും വൻതോതിലുള്ള ആണവ റിയാക്ടർ നിർമാണത്തിലേക്കു കടന്നു ..ഇക്കാലത്താണ് നമ്മുടെ രാജ്യവും ആണവ ശക്തിയെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നതും റിയാക്ടറുകളുടെ നിർമ്മാണത്തിലേക്കു കടക്കുന്നതും .ആദ്യ കാലങ്ങളിൽ പല തരം ആണവ റിയാക്ടറുകൾ നിർമ്മിക്കപ്പെട്ടു .ഇക്കാലത്തുരുത്തിരിഞ്ഞ പ്രമുഖ റിയാക്ടർ വകഭേദങ്ങളെപ്പറ്റി വളരെ ചുരുക്കത്തിൽ താഴെ പറയുന്നു .
—-
റിയാക്ടർ വകഭേദങ്ങൾ

ആണവ റിയാക്ടറിന്റെ പ്രവർത്തനത്തിനാവശ്യമായ ഭൗതിക വസ്തുക്കൾ ഇന്ധനമായ പ്ലിളരുന്ന മൂലകവും(fissile material ) . ,ന്യൂട്രോണുകളുടെ വേഗത കുറക്കുന്ന മോഡറേറ്ററുകളും(Moderator) .ആണവ പ്രതിപ്രവർത്തന ഫലമായുണ്ടാകുന്ന താപം നീക്കം ചെയുന്ന കൂളന്റുമാണ്(Coolant) . ഇന്ധനം വിവിധ തലങ്ങളിൽ സമ്പുഷ്ടീകരിച്ച യൂറേനിയമാണ് .സമ്പുഷ്ടീകരിക്കപ്പെടാത്ത യുറേനിയം ഉപയോഗിച്ചും റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. .ജലം ഖന ജലം ,ഗ്രാഫൈറ്റ് തുടങ്ങിയവയാണ് പ്രധാന മന്ദീകാരികൾ (Moderators). ജലം ,ഖന ജലം(Heavy Water),കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾ ,ദ്രവരൂപത്തിലുള്ള ലോഹങ്ങൾ(Liquid Metal) തുടങ്ങിയവയാണ് പ്രധാന കൂളന്റുകൾ

മോഡറേറ്ററിനെ (മന്ദീകാരി )-Moderator. ആധാരമാക്കി

1.ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടറുകൾ
2.ഖന ജല മോഡറേറ്റഡ് റിയാക്ടറുകൾ- Heavy Water(D2O) Moderated
3.ജല(Water) മോഡറേറ്റഡ് റിയാക്ടറുകൾ
4.ദ്രവ സാൾട് (Moltan Salt) മോഡറേറ്റഡ് റിയാക്ടറുകൾ

കൂൾആൻറ്(ശീതീകാരി)-Coolant- ഇന്റെ സ്വഭാവം ആധാരമാക്കി

1.മർദ ജല ശീതീകൃത റിയാക്ടറുകൾ
2.മർദ ഖന ജല ശീതീകൃത റിയാക്ടറുകൾ
3 .ദ്രവ ലോഹ (Molten Metal) ശീതീകൃത റിയാക്ടറുകൾ
4.വാതക(Gas) ശീതീകൃത റിയാക്ടറുകൾ
ഇത് കൂടാതെ ,ഉപയോഗം ,ഇന്ധനത്തിന്റെ സ്വഭാവം ,ഇന്ധന വിനിയോഗത്തിന്റെ സ്വഭാവം എന്നിവയെ ആധാരമാക്കിയും ആണവ റിയാക്ടറുകളെ തരം തിരിക്കാറുണ്ട് .
——
1960 മുതൽ 1980വരെയുള്ള U S റിയാക്ടറുകൾ
——-
ഇന്ന് ലോകത്തുകപാദിപ്പിക്കുന്ന ആണവ വൈദ്യുതിയുടെ ഇരുപതു ശതമാനവും U S ഇൽ നിന്നാണ് ഉത്പാദിപ്പിക്കുന്നഇതിനുപയോഗിക്കുന്ന റിയാക്ടറുകളെല്ലാം തന്നെ 1960 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ നിർമിച്ചതാണ്ത് . 1960 ഇൽ
വെസ്റ്റിംഗ്ഹാന്സ് കമ്പനി ലോകത്തെ ആദ്യ വലിയ മർദ ജല റിയാക്ടർ നിർമിച്ചു(PWR) .മുന്നൂറു മെഗാ വാട്ട് ആയിരുന്നു വൈദുതി ഉല്പാദന തോത് .ഇവയുടെ വിപുലീകരിച്ചു പതിപ്പുകൾ U S ഇന്റെ ആണവ വൈദുത ഉത്പാദനത്തിന്റെ നട്ടെല്ലായി തീർന്നു . ഒരു ലക്ഷം മെഗാ വാട്ട് ഇൽ അധികം സ്ഥാപിത ശേഷിയുള്ള ആണവ നിലയങ്ങളാണ് ഇക്കാലയളവിൽ U S ഇൽ നിർമിച്ചത് . അറുപതിലധികം പ്രെഷർഇസഡ് വാട്ടർ റിയാക്ടറുകളും മുപ്പതിലധികം ബോയിലിംഗ് വാട്ടർ റിയാക്ടറുകളുമാണ് ഇക്കാലയളവിൽ നിർമിച്ചത് (1).അക്കാലത്തു നിർമിച്ച റിയാക്ടറുകളുടെ ആയുസ്സ് മുപ്പതു കൊല്ലമായാണ് നിശ്ചയിച്ചിരുന്നത് .എന്നാൽ അറ്റകുറ്റ പണികൾ ചെയ്ത് ഭൂരിഭാഗം റിയാക്ടറുകളുടെയും ആയുസ്സ് മറ്റൊരു മുപ്പത് കൊല്ലം കൂടി ദീർഖിപ്പിച്ചിരിക്കുകയാണ് .1979 ഇലെ ത്രീ മൈൽ ഐലൻഡ് ആണവ അപകടം U S ഇലെ ആണവ വൈദ്യുത നിലയങ്ങളുടെയും റിയാക്ടറുകളുടെയും നിർമാണത്തെ പാടെ ഉലച്ചു കളഞ്ഞു . സുരക്ഷാ കാരണങ്ങളാൽ പല റിയാക്ടർ ഡിസൈനുകളും തള്ളിക്കളയപെട്ടു. .പഴയ റിയാക്ടറുകളെ വിപുലീകരിച്ചും ,ശക്തി കൂട്ടിയും അവർ ആണവ വൈദുതി ഉത്പാദനത്തിൽ ഇപ്പോഴും മേൽകൈ നിലനിർത്തുന്നു .

1960 മുതൽ 1980വരെയുള്ള സോവിയറ്റ് റിയാക്ടറുകൾ

വളരെയധികം എണ്ണ ,പ്രകൃതി വാതക നിക്ഷേപമുള്ള USSR ഇന് ആണവ വൈദ്യതിയുടെ ആവശ്യം അത്ര രൂക്ഷമായിരുന്നില്ല .വൻതോതിലുള്ള ആണവ വൈദുത നിലയങ്ങളുടെ നിർമാണം സോവിയറ്റു യൂണിയൻ ആവശ്യമില്ല എന്ന് വാദിച്ച നേതാക്കളും ശാസ്ത്ര കാരന്മാരും ഉണ്ടായിരുന്നു .എന്നാലും എതിർപ്പുകളെ മറികടന്നു സോവിയറ്റു യൂണിയനിൽ അറുപതുകളിൽ റിയാക്ടർ നിർമാണം ചൂടുപിടിച്ചു. 1964 ഇൽ ആദ്യത്തെ വലിയ വ്യാവസായിക നുകളെയർ റിയാക്ടർ സോവിയറ്റു യൂണിയനിൽ കമ്മീഷൻ ചെയ്തു (1).ഗ്രാഫൈറ്റ് മോഡറേറ്റഡ് വാട്ടർ കൂൾഡ് റിയാക്ടറുകളോടായിരുന്നു സോവിയറ്റു ഭരണകൂടത്തിന് താല്പര്യം .മർദ ജല റിയാക്ടറുകളെക്കാൾ സുരഷാ പ്രശ്നങ്ങൾ കൂടുതൽ ആയിരുന്നിട്ടും അവർ ഇത്തരം റിയാക്ടറുകളെ ആശ്രയിക്കാൻ തീരുമാനിച്ചത് താര തമ്യേന കുറഞ്ഞ ചെലവും നിർമാണ കാലവുമായിരുന്നു ..ചെർണോബിൽ അപകടത്തിൽപെട്ടത് ഒരു ഗ്രാഫൈറ്റ് മോഡറേറ്റഡ് വാട്ടർ കൂൾഡ് റെയവിറ്ററായിരുന്നു . അവരുടെ ആദ്യ മർദ ജല റിയാക്ടർ 1964 ഇൽ നോവോ വോറൊണിഷിൽ ആണ് സ്ഥാപിക്കപ്പെട്ടത് ..ഇക്കാലത്തു ലെനിൻഗ്രാഡിൽ അവർ സ്ഥാപിച്ച നാലായിരം മെഗാ വാട്ട് ശേഷിയുള്ള ഗ്രാഫൈറ്റ് മോഡറേറ്റഡ് വാട്ടർ കൂൾഡ് റിയാക്ടർ പവർ പ്ലാന്റ് ഇന്നും പ്രവർത്തന ക്ഷമമാണ്.കുർസ്ക് നഗരത്തിലും സമാനമായ ഒരു ആണവ പ്ലാന്റ് അവർ സ്ഥാപിച്ചു . എണ്പതോടുകൂടി സോവിയറ്റു യൂണിയന്റെ വൈദുതി ഉത്പാദനത്തിന്റെ പതിനഞ്ചു ശതമാനം ആണവ വൈദ്യതിയിൽ നിന്നായിരുന്നു . ഈ കാലഘട്ടത്തിലെ സോവിയറ്റു യൂണിയന്റെ ഏറ്റവും വലിയ നേട്ടം അവർ നിർമിച്ച ബി എൻ -350 ഫാസ്റ്റ് ബ്രീഡർ റീയാക്റ്ററായിരുന്നു. ലോകത്തെ ആദ്യ തികച്ചും വിജയിച്ച ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഇതായിരുന്നു ..ഇതിന്റെ പിന്മുറയായ ബി എൻ -600 1980 ഇൽ കമ്മീഷൻ ചെയ്തു .ദ്രവ ലോഹം കുലന്റ് ആയി ഉപയോഗിക്കുന്ന ഈ റിയാക്ടർ ഇന് സമാനമായ മറ്റൊരു റിയാക്ടർ ഇപ്പോൾ ലോകത്തു പ്രവർത്തിക്കുന്നില്ല..സോവിയറ്റു ആണവ സാങ്കേതിക വിദ്യയുടെ ഏറ്റവും ഉന്നതമായ തലമായിരുന്നു ബി എൻ -600 റിയാക്ടർ.
—-
മറ്റു രാജ്യങ്ങളുടെ ആണവ റിയാക്ടറുകൾ (1960-1980)

ഫ്രാൻസും ,ജപ്പാനുമാണ് ആണവ വൈദ്യതിയിലേക്കു തിരിഞ്ഞ പ്രമുഖ വികസിത രാജ്യങ്ങൾ .ഈ രണ്ടു രാജ്യങ്ങൾക്കും കാര്യമായ കൽക്കരി,എണ്ണ ,വാതക നിക്ഷേപം ഒന്നുമില്ല .എഴുപതുകളിലെ എണ്ണയുടെ വിലക്കയറ്റം കൂടി ആയപ്പോൾ ഇവർ ആണവ വൈദുതിയെ വൻതോതിൽ ആശ്രയിക്കാൻ തുടങ്ങി .ഇപ്പോൾ ഫ്രാൻസിന്റെ വൈദുതി ഉത്പാദനത്തിന്റെ എഴുപതു ശതമാനവും ആണവ വൈദുതിയാണ് .ഫുകുഷിമ ആണവ അപകടത്തിന് മുൻപ് ജപ്പാന്റെ വൈദുതിയുടെ സിംഹഭാഗവും അണുശക്തിയിൽ നിന്നായിരുന്നു ..ഫ്രാൻസിന്റെ ആണവനിലയങ്ങൾ തദ്ദേശീയമായി നിർമിച്ചവയും ,ജപ്പാന്റേത് അമേരിക്കൻ സഹായത്തോടെ നിർമിച്ചവയും ആയിരുന്നു .ഫ്രാൻസിലെ എല്ലാ ആണവ നിലങ്ങളും മർദ ജല റിയാക്ടറുകളാണ് ഉപയോഗിക്കുന്നത് .അവർ ആദ്യമേ തന്നെ മർദ ജല റിയാക്ടറുകളുടെ മേന്മകൾ തിരിച്ചറിഞ്ഞിരുന്നു. .ബ്രിട്ടനും ,കാനഡയും ജർമനിയുമാണ് ഇക്കാലയളവിൽ ആണവ റിയാക്ടറുകൾ നിർമിച്ചു പ്രവര്തിപിച്ചിരുന്ന മറ്റു രാജ്യങ്ങൾ .

നമ്മുടെ ആണവ റിയാക്ടറുകൾ (1960-1980)

നമ്മുടെ ആദ്യ ആണവ പവർ പ്ലാന്റ് ആയ താരാപുർ ആണവ നിലയം 1969ലാണ് കമ്മീഷൻ ചെയ്തത്. തിള ജല റിയാക്ടറായിരുന്നു താരാപൂരിലെ ആദ്യ രണ്ടു റിയാക്ടറുകൾ .അമേരിക്കൻ സഹായത്തോടെയാണ് ഇവ നിർമിച്ചത്. ഈ രണ്ടു റിയാക്ടറുകളും ഇപ്പോൾ അവയുടെ അൻപതാം വാര്ഷികത്തിനടുത്തെത്തി നിൽക്കുകയാണ്. 1973 ഇൽ രാജസ്ഥാൻ ആണവ നിലയത്തിലെ ആദ്യ റിയാക്ടർ പ്രവർത്തനക്ഷമമായി . കാനേഡിയൻ സഹായത്തോടെ നിർമിച്ച ഒരു മർദ ഖന ജല റിയാക്ടർ ആണിത്(Pressurised Heavy Water Reactor) .തൊണ്ണൂറു മെഗാ വാട്ട് ആണ് വൈദ്യതി ഉത്പാദന ശേഷി. എഴുപതുകളിൽ നാറോറ,,കൈഗ , കക്രപാർ ,കാൽപാക്കം എന്നിവിടങ്ങളിൽ ആണവറിയാക്ടറുകളുടെ നിർമാണം തുടങ്ങി വക്കാനും നമുക്ക് കഴിഞ്ഞു .

സംശയത്തിന്റെയും, അപകടത്തിന്റെയും, മാന്ദ്യത്തിന്റെയും കാലം (1980-2000)
———-
ത്രീ മൈൽ ഐലൻഡ് ഇലെ അപകടം 1979 ലാണ് നടക്കുന്നത് ..ഈ അപകടത്തിൽ മനുഷ്യ ജീവനോ വസ്തുവകകൾക്കോ കാര്യമായ ഭൗതിക നാശം നേരിട്ടില്ല .ഇവിടെ ഉപയോഗിച്ചിരുന്നത് മർദ ജല റിയാക്ടറുകളായിരുന്നു . .ഇവിടുത്തെ രണ്ടാം നമ്പർ റിയാക്ടറിനെ കുലന്റ് പൈപ്പുകളിലെ ഒരു വാൽവിനുണ്ടായ തകരാർ മൂലം റിയാക്ടറിൽ ഉത്പാദിപ്പിച്ച താപോർജം നീക്കം ചെയ്യാനാകാതെ വന്നു. .താപനില ഉയർന്ന് റിയാക്ടറിന്റെ കോർ ഭാഗീകമായി ഉരുകി ( Partial Reactor Core Meltdown)) .റിയാക്ടർപ്രവർത്തന രഹിതമായി .റേഡിയോ ആക്റ്റീവ് വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളപ്പെട്ടു .ഒരു ആണവ റിയാക്ടറിൽ ഉണ്ടാവുന്ന ആദ്യത്തെ വലിയ അപകടമായിരുന്നു ത്രീ മൈൽ ഐലൻഡിലെ അപകടം .ഈ അപകടം ആണവ വിരുദ്ധ സംഘടനകൾക്ക് കരുത്തേകി അവർ ലോകവ്യാപകമായി അണുശക്തിക്കെതിരെ പ്രചാരണം നടത്തി ..സുരക്ഷാഭീതിയും സംശയങ്ങളും കാരണം യൂ എസ ഇൽ മാത്രം അൻപതിലേറെ റിയാക്ടറുകളുടെ നിർമാണം നിർത്തിവെക്കപെട്ടു . ഫ്രാൻസിൽ ഒഴികെ യൂറോപ്പിലും റിയാക്ടറുകളുടെ നിർമാണം നിർത്തിവെക്കപെട്ടു . ഫ്രാൻസിലും സോവിയറ്റു യൂണിയനിലുമാണ് ഈ കാലയളവിൽ റിയാക്ടറുകളുടെ നിർമ്മാണം കാര്യ മായി നടന്നത് . 1986 ലെ ചെർണോബിൽ അപകടത്തോടെ ആണവ റിയാക്ടറുകളുടെ സുരക്ഷയെപ്പറ്റി വീണ്ടും ചോദ്യങ്ങൾ ഉയർന്നു .

ചെർണോബിൽ അപകടം

.ഏതാനും വര്ഷം മുൻപ് ജപ്പാനിലെ ഫുകുഷിമയിലെ ആണവ റിയാക്ടറിൽ അപകടം നടക്കുന്നത് വരെ ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടമാണ് ചെർണോബിൽ ദുരന്തത്തെയാണ്.
.ചെർണോബിലിലെ റിയാക്ടര് ഒരു ഗ്രാഫൈറ്റ് മോഡറേറ്റഡ് ബോയിലിംഗ് വാട്ടർ റിയാക്ടര് ( Graphite Moderated Boiling Water Reactor) ആയിരുന്നു ..ഇത്തരം റിയാക്ടറുകൾക് ഒരു പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥിരത പ്രശ്നം ഉണ്ടയിരുന്നു .താപനില ഉയരുമ്പോൾ റിയാക്ടറിലെ നുക്ലിയർ പ്രതിപ്രവർത്തനത്തിന്റെ( nuclear chain reaction) തോതും ഉയരും . ശക്തമായ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ട് പ്രതിപ്രവർത്തനത്തെ വരുതിയിലാക്കാമെങ്കിലും ഇത്തരം റിയാക്ടറുകളുടെ കുറ്റമറ്റ നിയന്ത്രണം പ്രയാസകരമാണ് . പ്രെഷറൈസ്ഡ് വാട്ടർ റിയാക്ടറിന്റെ കാര്യത്തിൽ നേരെ മറിച്ചാണ് സംഭവിക്കുക.താപനില അനുവദനീയമായതിലും കൂടിയാൽ നുക്ലീർ പ്രതിപ്രവർത്തനം മന്ദഗതിയിലാവും . താപനില താനെ കുറഞ്ഞു റിയാക്ടര് സ്ഥിരത കൈവരിക്കും ..ചുരുക്കത്തിൽ നിർമാണപരമായ സ്ഥിരതയുള്ളതാണ് പ്രെഷറൈസ്ഡ് വാട്ടർ റിയാക്ടര് ..ചെർണോബിലിലെ തരം റിയാക്ടറുകൾ നിർമ്മാണപരമായി തന്നെ അസ്ഥിരമാണ് (1) .ഇത്തരം റിയാക്ടറുകളിൽ നിയന്ത്രണ സംവിധാനങ്ങളുടെ കുറ്റമറ്റ പ്രവർത്തനം കൊണ്ട് മാത്രമേ സ്ഥിരത കൈവരിക്കാൻ കഴിയൂ .
ചെലവ് കുറവായതുകൊണ്ടും ,കുറഞ്ഞ കാലയളവിൽ നിര്മിച്ചെടുക്കാവുന്നതുകൊണ്ടുമാണ് സോവിയറ്റ് യൂണിയൻ ചെർണോബിലിൽ ഉപയോഗിച്ചതരം ഗ്രാഫിറ്റ് മോഡറേറ്റഡ് ( Graphite Moderated Boiling Water Reactor) നുക്ളെയർ പവർ റിയാക്ടറുകൾ വൻതോതിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിച്ചത് . അപകടം നടക്കുന്ന സമയത് ചെർണോബിലിൽ നാലു ഗ്രാഫിറ്റ് മോഡറേറ്റഡ് നുക്ളെയർ പവർ റിയാക്ടറുകൾ ഉണ്ടായിരുന്നു .ഓരോന്നും ആയിരം മെഗാവാട്ട് (1000 MW) വൈദ്യുതി ഉത്പാദന ശേഷിയുള്ള റിയാക്ടറുകളായിരുന്നു . ചെർണോബിൽ വൈദ്യത നിലയത്തിന്റെ മൊത്തം ഉത്പാദന ശേഷി നാലായിരം മെഗാവാട്ട് ആയിരുന്നു ..കേരളത്തിന്റെ ഇപ്പോഴത്തെ മൊത്തത്തിലുള്ള ഏറ്റവും കൂടിയ വൈദുതി അആവശ്യം 3700 മെഗാവാട്ടാണ് ..ഇതിൽനിന്നു തന്നെ ചെർണോബിലിലെ ആണവനിലയത്തിൽ ഭീമമായ വൈദുതി ഉത്പാദന സാധ്യതയെപ്പറ്റി ഒരു രൂപം കിട്ടും .
ഏറ്റവും പുതിയതായി നിർമിച്ച നാലാം നമ്പർ റിയാക്ടറിലാണ് അപകടം നടന്നതു 1986ഏപ്രിൽ 26 രാവിലെ ഒരു മണിയോടടുത്താണ് അപകടത്തിന്റെ തുടക്കം .പുതിയ റിയാക്ടറിന്റെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടന്നു വരികയായിരുന്നു .പകൽ ജോലിചെയ്തിരുന്ന പരിചയ സമ്പന്നരായ എൻജിനീയർമാരോളം പരിചയ സാമ്പത്തില്ലാത്ത ഒരു സംഘം എൻജിനീയര്മാരാണ് രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്നത് ..റിയാക്ടറിന്റെ തപോൽപാദന നില കൂട്ടിയും കുറച്ചുമുള്ള പരീക്ഷണങ്ങളാണ് നടത്തേണ്ടിയിരുന്നത് ..ഇത്തരം പരീക്ഷണങ്ങൾ വൈദ്യതി ഡിമാൻഡ് ഏറ്റവും കുറഞ്ഞ അർദ്ധ രാത്രി സമയത്തു മാത്രമേ സാധ്യമായകുമായിരുന്നുള്ളൂ .ശരിയായ മുൻകരുതലുകൾ എടുക്കാതെ നടത്തിയ പരീക്ഷണങ്ങൾ റിയാക്ടറിനെ അസ്ഥിരമാക്കി .നിയന്ത്രണ സംവിധാനങ്ങൾക് നുക്ലിയർ പ്രതിപ്രവർത്തനത്തിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു.കാര്യങ്ങൾ കൈവിട്ടു പോകുന്നത് മനസ്സിലാക്കിയ എൻജിനീയർമാർ . അടിയതിര സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു റിയാക്ടറിനെ പ്രവർത്തന രഹിതമാക്കാൻ നോക്കി .പക്ഷെ അപ്പോഴേക്കും ഒരു നിയന്ത്രണ സംവിധാനത്തിനും നിയന്ത്രിക്കാൻ പറ്റാത്തരീതിയിൽ റിയാക്ടര് അസ്ഥിരമായിരുന്നു ..നക്ലയർ പ്രതിപ്രവർത്തനം നിയന്ത്രണാതീതമായി .രാത്രി ഒന്ന് മുപ്പതിന് നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചു .
——
ചെർണോബിൽ അപകടം -പ്രത്യാഘാതങ്ങൾ
——
ചെർണോബിൽ അപകടവും അന്തരഫലങ്ങളും ആണവ റിയാക്ടർ വ്യവസായത്തെ അടി മുടി ഉലച്ചു, കീഴ്മേൽ മരിച്ചു .ലോകത്തെ ഏല്ലാ റിയാക്ടറുകളുടെയും സുരക്ഷാപ്രശ്നങ്ങൾ പുനർ വിചിന്തനം ചൈയ്യപെട്ടു. .സുരക്ഷിതം എന്ന് കരുതിയിരുന്ന റിയാക്ടർ ഡിസൈനുകൾ പോലും സംശയത്തിന്റെ നിഴലിലായി. പിന്നീടുള്ള ഏതാനും വർഷങ്ങളിൽ എല്ലാത്തരം റിയാക്ടറുകളുടെയും നിയന്ത്രണ സംവിധാനങ്ങളിൽ കാര്യമായ പൊളിച്ചെഴുതു നടന്നു .തിള ജല റിയാക്ടറുകൾ എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടു . ഉള്ളവയുടെ നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി. ചെർണോബിൽ അപകടത്തിന്റെ കാര്യകാരണങ്ങളെയും , അനന്തര ഫലങ്ങളെയും പറ്റിയുള്ള പൂർണമായ ഒരു അവലോകനമാണ് ഒന്നാം റഫറൻസ് (1)
—-
ഇന്ത്യൻ ആണവ റിയാക്ടർ പദ്ധതികൾ (1980-2000)
—-
ലോകമാകമാനം പ്രസ്തുത കാലയളവിൽ ആണവ മാന്ദ്യത്തിലേക്ക് പോയെങ്കിലും ഇക്കാലയളവിൽ ഇന്ത്യൻ ആണവ പദ്ധതികൾ കൂടുതൽ പൂർണതയിലേക്ക് നീങ്ങി പൂർണമായും തദ്ദേശീയമായി ആണവ റിയാക്ടറുകൾ നിർമിക്കാൻ നാം കഴിവ് നേടുന്നത് ഈ കാലത്താണ് .ഇക്കാലത്തു നാം മർദ ഖന ജല റിയാക്ടറുകളുടെ (PHWR)നിർമാണം സ്വതന്ത്രമായി നടത്തി .നമുക്ക് യുറേനിയം നിക്ഷേപം കുറവാണ് .മറ്റു രാജ്യങ്ങളിൽ നിന്നും യുറേനിയം ഇറക്കുമതി ചെയ്യാനും എളുപ്പമല്ല . മർദ ഖ ന ജല റിയാക്ടറുകളുടെ പ്രവർത്തനത്തിന് വളരെ കുറഞ്ഞ തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം മതിയാകും .അതിനാലാണ് നാം ഈ റിയാക്ടറിന്റെ നിർമാണം തദ്ദേശ്ശീയമായി നടത്താൻ തീരുമാനം എടുത്തത് .(2).രാജസ്ഥാൻ ആണവ നിലയത്തിലെ രണ്ടാം റിയാക്ടർ 1981 ലാണ് കമ്മീഷൻ ചെയ്തത് . മർദ ഖന ജല റിയാക്ടറാണ് ഇത്. .ഗുജറാത്തിലെ കക്രപാറിൽ രണ്ടു മർദ ഖന ജല റിയാക്ടറുകൾ ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടു. ഉത്തർ പ്രദേശിലെ നരോരയിൽ സമാനമായ രണ്ടു റിയാക്ടറുകൾ തൊണ്ണൂറുകളുടെ ആദ്യം സ്ഥാപിതമായി . തദ്ദേശീയമായി നാം നിർമിക്കുന്ന ആദ്യ അഞ്ഞൂറ് മെഗാവാട് ആണവ റിയാക്ടറിന്റെ രൂപരേഖകൾ തയ്യാറാക്കിയതും ഇക്കാലത്താണ് .എൺപതുകളുടെ ആദ്യം ഇരുനൂറു മെഗാവാട്ടായ ഇന്ത്യൻ ആണവ പ്ലാന്റുകളുടെ സ്ഥാപിത ശേഷി രണ്ടായിരത്തോടുകൂടി 2000 മെഗാവാട്ടിലധികമായി .ലോകം ആണവ മാന്ദ്യത്തിലായ കാലത് നാം ആണവ റിയാക്ടറുകളുടെ നിർമാണത്തിലും പ്രവർത്തനത്തിലും വന്പിച്ച പുരോഗതിയാണ് നേടിയത് .

ആണവ റിയാക്ടറുകൾ വർത്തമാനം ,ഭാവി
—–

അറുപതുകളിലും ,എഴുപതുകളിലും കരുതിയിരുന്നത് രണ്ടായിരത്തി ഇരുപത്തോടുകൂടി അണുശക്തി മനുഷ്യ കുലത്തിന്റെ പ്രധാന ഊർജ സ്രോതസ്സ് ആയ മാറും എന്നായിരുന്നു . എൺപതുകൾ വരെയുള്ള വളർച്ച ആ നിഗമനങ്ങളെ ശരി വക്കുന്നതും ആയിരുന്നു .ത്രീ മൈൽ ഐലൻഡിലെ അപകടം ആണവ സാങ്കേതിക വിദ്യയെ കുറിച്ച സംശയങ്ങൾ ജനിപ്പിച്ചു ,ചെർണോബിൽ അപകടം സംശയങ്ങളെ ദൃഡപ്പെടുത്തുകയും ഭീതി വിതക്കുകയും ചെയ്തു . .പ്രധാനമായും രണ്ടു കാര്യങ്ങളാണ് ആണവ റിയാക്ടറുകളുടെ സ്വീകാര്യതക്കു മങ്ങലേല്പിച്ചത്
——-
അപകട ഭീതി .
——-
ആണവറിയാക്ടർ മനുഷ്യ നിർമിതമായ ഒരു യന്ത്രമാണ് .വര്ഷങ്ങളോളം ഇടതടവില്ലാതെ പ്രവർത്തിക്കാനായി രൂപകല്പനചെയ്തിരിക്കുന്ന ആയിരക്കണക്കിന് ഭാഗങ്ങൾ ഉള്ള ഒരു യന്ത്രം ..എന്തൊക്കെ മുൻകരുതലുകൾ എടുത്താലും മറ്റെല്ലാ യന്ത്രങ്ങളെപ്പോലെ ആണവ റിയാക്ടറിലും അപകടം സംഭവിക്കാം .ചില അപകടങ്ങൾ വളരെയെളുപ്പം നിയന്ത്രിക്കാനും പരിഹരിക്കാനും സാധിക്കും ..എന്നാൽ ചെർണോബിലിലെയും ഫുകുഷിമയിലെയും പോലുള്ള അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത വിരളമാണെങ്കിലും തീർത്തും ശൂന്യമല്ല.ആണവ റിയാക്ടർ അപകടത്തിൽ പെട്ടാൽ റേഡിയോ ആക്റ്റീവ് വാതകങ്ങൾ റിയാക്ടറിൽ നിന്ന് രക്ഷപെട്ടു വലിയ ഒരു പ്രദേശത്തെ മലിനമാക്കും .ഈ സംഭാവ്യതയാണ് ആണവ റിയാക്ടറുകളുടെ ഏറ്റവും വലിയ ന്യൂനത.
——
പ്രവർത്തനത്തിൽ നിന്നുണ്ടാവുന്ന റേഡിയോ ആക്റ്റീവ്
മാലിന്യത്തിന്റെ നിർമാർജനം .
—–
ആണവ പ്രതിപ്രവർത്തനത്തിന്റെ ഭാഗമായി താപോർജം സൃഷ്ടിക്കപെടുന്നതോടൊപ്പം റേഡിയോ ആക്റ്റീവ് മാലിന്യങ്ങളും സൃഷ്ഠിക്കപ്പെടും ഓരോ തവണ റിയാക്ടർ ഇന്ധന ദണ്ഡുകൾ മാറ്റുമ്പോഴും പഴയ ഇന്ധന ദണ്ഡുകൾ ശരിയായി സംസ്കരിക്കേണ്ടി വരും .ആണവ വിഘടനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഉപ ഉത്പന്നങ്ങൾ അതീവ റേഡിയോ ആക്റ്റീവ് ആയവയാണ് .അവ നിർവീര്യമാക്കാൻ നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവരും .അത്രയും കാലം അവയെ സുരക്ഷിതമായി ശേഖരിച്ചുവക്കുക വളരെ പണച്ചെലവുള്ള ദുഷ്കരമായ ഒരു കാര്യമാണ് .ഈ ചെലവും റിയാക്ടറിന്റെ പ്രവർത്തന ചെലവിൽ ഉൾപ്പെടുത്തുമ്പോൾ ആണവ റിയാക്ടർ സാമ്പത്തികമായി മറ്റു ഊർജോത്പാദന സംവിധാനങ്ങളെക്കാൾ പണ ചെലവേറിയതാകുന്നു.

വർത്തമാന കാല ആണവ റിയാക്ടറുകൾ
—-
ആണവ റിയാക്ടറുകളുടെ സുരക്ഷയെപ്പറ്റിയുള്ള ഗവേഷണങ്ങളും ചർച്ചകളും പതിറ്റാണ്ടുകൾ തന്നെ നീണ്ടുനിന്നു .എല്ലാ ഗവേഷണങ്ങളും എത്തിച്ചേർന്നത് മർദ ജല റിയാക്ടറുകളാണ് ഏറ്റവും സുരക്ഷിതം എന്ന അനുമാനത്തിലായിരുന്നു. അതിനാൽ തന്നെ തിള ജല റിയാക്ടർ ,ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടർ തുടങ്ങിയ രൂപകല്പനകൾ ഇപ്പോൾ നിര്മിക്കപെടുന്നില്ല .പ്രവർത്തനത്തിനുള്ള ഇത്തരം റിയാക്ടറുകൾ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവർത്തിപ്പിച്ചു വരുന്നു .അവരുടെ കാലഘട്ടം കഴിയുമ്പോൾ അവയെല്ലാം ഡീക്കമ്മീഷൻ ചെയ്തു പരിഷ്കരിച്ച മർദ ജല റിയാക്ടർകൾ കൊണ്ട് പകരം വെക്കാനാണ് ഇപ്പോഴത്തെ സാധ്യത . മർദ ജല റിയാക്ടറുകളില തന്നെ അടുത്ത തലമുറ റിയാക്ടറുകൾ രംഗ പ്രവേശം ചെയ്തിട്ടുണ്ട് . റഷ്യയുടെ വി വി ഇ ആർ -1200(VVER-1200) ,ഫ്രാൻസിന്റെ അവെര ഇ പി ആർ (AVERA-EPR).യൂ എസ് ഇന്റെ വെസ്റ്റിംഗ് ഹസ്സ് അഡ്വാൻസ്ഡ് പാസ്സീവ് 1000 (AP-1000) റിയാക്ടർ എന്നിവയാണ് പ്രധാന പുതുതലമുറ മർദ ജലറിയാക്ടറുകൾ .ഇതിൽ റഷ്യയുടെ വി വി ഇ ആർ -1200 മാത്രമാണ് ഇതുവരെ പ്രായോഗികമായി നിർമിച്ചു പ്രവർത്തന സജ്ജമായിട്ടുളളത് .ഇത്തരം ഒരു .വി വി ഇ ആർ -1200 റിയാക്ടർ ഏതാനും ആഴ്ചകൾക്കു മുൻപ് റഷ്യിലെ നോവോ വോറൊണിഷ് ഇത് കമ്മീഷൻ ചെയ്തിരുന്നു ..ഫ്രാൻസിന്റെ അവെര ഇ പി ആർ റിയാക്ടർ ഇപ്പോൾ ചൈനയിൽ നിര്മാണത്തിലിരിക്കുകയാണ് . ഈ റിയാക്ടറിന്റെ സാങ്കേതിക വിദ്യ ഫ്രാൻസ് ചൈനക്ക് വിറ്റതായി റിപോർട്ടുകൾ ഉണ്ടായിരുന്നു . യൂ എസ് അഡ്വാൻസെഡ് P W R നിർമാതാക്കളായ വെസ്റ്റിംഗ് ഹൗസ് കമ്പനി ഇപ്പോൾ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് ,അവരും അവരുടെ നൂതന റിയാക്ടർ സാങ്കേതിക വിദ്യ ചൈനക്ക് കൈമാറിയതാണ് റിപ്പോർട്ട്.. വെസ്റ്റിംഗ് ഹൗസ് അഡ്വാൻസ്ഡ് റിയാക്ടർ എ പി -1000 നെ ചൈന പേരുമാറ്റി എച് പി ആർ -1000 (H PR -1000)എന്നപേരിൽ നിർമാണം തുടങ്ങിക്കഴിഞ്ഞു .

നാം കൂടം കുളത്തു നിർമിക്കുന്നത് റഷ്യയുടെ വി വി ഇ ആർ -1000 മർദ ജല റിയാക്ടറുകളെ അടിസ്ഥാനമാക്കിയ ആണവ വൈദുത നിലയമാണ് .ഈ വൈദ്യുത നിലയത്തിലെ ആദ്യ രണ്ടു റിയാക്ടറുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു ..റഷ്യൻ സഹായത്തോടെ ഇവയെയും .ഇനി നിർമിക്കാനിരിക്കുന്ന റിയാക്ടറുകളെയും വി വി ഇ ആർ -1200 ഇന്റെ സുരക്ഷാ നിലവാരത്തിലേക്കുയർത്താൻ നടപടികൾ തുടങ്ങിക്കഴിഞ്ഞതായയാണ് റിപോർട്ടുകൾ .
—-
ആണവ റിയാക്ടറുകളുടെ ഭാവി
—–
നൂതനമായ മർദ ജല റിയാക്ടറുകൾ ആണവ റിയാക്ടറുകൾക്കും ആണവ പവർ പ്ലാന്റുകൾക്കും ഇപ്പോൾ ഒരു പുതുജീവൻ നൽകിയിരിക്കുകയാണ് എന്നുതന്നെ പറയാം അമേരിക്ക നാല്പതുകൊല്ലമായി നിറുത്തിവച്ചിരുന്ന ആണവ റിയാക്ടർ പവർ പ്ലാന്റ് നിർമാണം രണ്ടായിരത്തി ഇരുപതോടെ വൻതോതിൽ പുനരാരംഭിക്കാൻ തീരുമാനിച്ചു കഴിഞ്ഞു .ചൈനയിൽ ഇപ്പോൾത്തന്നെ അൻപതിലധികം അഡ്വാൻസ് PWR അടിസ്ഥാനമാക്കിയുള്ള ആണവ നിലയങ്ങൾ നിര്മാണത്തിലാണ് ,ഇന്ത്യയും റഷ്യൻ സഹായത്തോടെ ആധുനികമായ റിയാക്ടറുകളുടെ നിർമാണത്തിൽ കാൽവയ്പ്പുകൾ നടത്തിക്കഴിഞ്ഞു . ആണവ റിയാക്ടറുകൾ ഇപ്പോൾ ഒരു തിരിച്ചു വരവിന്റെ പാതയിലാണെന്ന് നിസംശയം പറയാൻ കഴിയുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്


Written BY  Rishi Das



 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ