ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ

Share the Knowledge


Written By : Rishi Dasആദ്യകാല റോക്കറ്റുകൾ — ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൾ

——
മനുഷ്യനിർമിത ഉപഗ്രഹങ്ങൾ ഇന്ന് നാമറിയാതെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് .ഈപോസ്റ്റുപോലും ഫേസ്ബുക്കിലൂടെ പ്രകാശിതമാകുന്നത് . വാർത്താ വിനിമയ ഉപഗ്രഹങ്ങളുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ് .വിദൂര സംവേദനത്തിലും ,പ്രതിരോധത്തിലും ,ഗതിനിര്ണയത്തിലും , വാർത്താവിനിമയത്തിലും ഉപഗ്രഹങ്ങൾ ഇന്ന് വഹിക്കുന്ന സ്ഥാനം പരമ പ്രധാനമാണ് .ഈ ഉപഗ്രഹങ്ങളെയൊക്കെ അവയുടെ നിർദിഷ്ട ഭ്രമണ പഥങ്ങളിൽ എത്തിക്കുന്ന വാഹനങ്ങളാണ് ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ..സ്വന്തമായി എല്ലാത്തരം ഉപഗ്രഹങ്ങളും വിക്ഷേപിക്കാനുള്ള കഴിവ് ഒരു രാജ്യത്തെ മഹാശക്തിയായി ഗണിക്കപ്പെടാനുള്ള ഒരു അളവുകോലാണ് .നമ്മുടെ രാജ്യത്തിന് ആ കഴിവുണ്ടെന്നുള്ളത് നമുക്കെല്ലാം അഭിമാനത്തിന് വക നൽകുന്നു .

ചൈനക്കാരാണ് വെടിമരുന്നുപയോഗിച്ചുള്ള റോക്കറ്റുകൾ കണ്ടുപിടിച്ചത് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു . എന്തായാലും അവർ ആദ്യകാല റോക്കറ്റുകളുടെ കൗശലക്കാരായ .നിർമാതാക്കൾ ആയിരുന്നു എന്നതിന് സംശയം ഇല്ല .വർണാഭമായ വെടികെട്ടുകൾക്കാണ് ആദ്യത്തെ വെടിമരുന്നു റോക്കറ്റുകൾ ഉപയോഗിച്ചിരുന്നത് . എന്നാൽ കടന്നു ചിന്തിച്ച ചൈനക്കാരും ഉണ്ടായിരുന്നു .അത്തരം ഒരാളായിരുന്നു വാൻ ഹു .അദ്ദേഹം ഒരു പുരാണ പുരുഷനാണോ അതോ യാതാര്ത്യമാണോ എന്നതിനെ കുറിച്ച തർക്കമുണ്ട് ..മിങ് ഭരണകാലത്തെ സമ്പന്നനായ ഒരു ചൈനീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം എന്ന വാദത്തിനു മുൻഗണന യുണ്ട്. .ആകാശയാത്രയിൽ അതീവ തല്പരനായിരുന്നു വാൻ ഹു .തന്റെ ആഗ്രഹം സാധിക്കുന്നതിനു അദ്ദേഹം വലിയ ഒരു കസേര നിർമിച്ചു .അതിൽ അന്ന് കിട്ടാവുന്ന ഏറ്റവും നാല്പത്തേഴു വലിയ റോക്കറ്റുകൾ( ഏലി വാണങ്ങൾ ) ഘടിപ്പിച്ചു. കൈയ്യിൽ രണ്ടു വലിയ പട്ടങ്ങളും പിടിച് വാൻ ഹു ഗംഭീരമായി കസേരയിൽ ഞെളിഞ്ഞിരുന്നു .അദ്ദേഹത്തിന്റെ ജോലിക്കാർ ഒരേസമയം നാല്പത്തേഴു വാണങ്ങൾക്കും തീകൊടുത്തു . .പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച ഏകാഭിപ്രായം ഇല്ല .ഒരു വിവരണം പ്രകാരം റോക്കറ്റുകൾ വാൻ ഹു വിനേയും കൊണ്ട് കുതിച്ചുയർന്നു .പിന്നീട അദ്ദേഹത്തെ ആരും കണ്ടില്ല .രണ്ടാമത്തെ വിവരണം പ്രകാരം ചില റോക്കറ്റുകൾ കത്തിയില്ല കത്തിയ റോക്കറ്റുകൾ വാൻഹു വിന്റെ കസേര മറിച്ചിട്ടു .മറിഞ്ഞുവീണ വൻഹുവിനു പൊള്ളലും ഏറ്റു.ഇതുകണ്ട് നിന്ന ചക്രവത്തി കോപിഷ്ഠനായി വാൻ ഹു വിനു നല്ല അടി കൊടുക്കാനും കല്പിച്ചു ..എന്തായാലും വാൻ ഹു വിനെ മനുഷ്യ കുലം മറന്നില്ല . ചന്ദ്രനിലെ ഒരു ഗർത്തതിന് വാൻ ഹു എന്ന പേര് നൽകി നാം അദ്ദേഹത്തെ ആദരിച്ചു.

റഷ്യക്കാരനായ കോൺസ്റ്റന്റൈൻ എഡ്വാടോവിച്ച് സിയോൾക്കോവിസ്കി (Konstantin Eduardovich Tsiolkovsky ) യെ ആണ് ആധുനിക റോക്കറ്റുകളുടെയും ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെയും ഉപജ്ഞാതാവായ കരുതുന്നത്. റോക്കറ്റുകളുടെയും വിക്ഷേപണ വാഹനങ്ങളുടെയും സമ്പൂർണമായ തത്വയ്ക അടിത്തറ അദ്ദേഹമാണ് വികസിപ്പിച്ചത് .ഈവിഷയത്തിൽ നൂറുകണക്കിന് ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം രചിച്ചു .ലോകത്തെ ആദ്യ ദ്രവ ഇന്ധന റോക്കറ്റ് നിർമിച്ചത് അമേരിക്കക്കാരനായ റോബർട്ട് ഗൊദാർഢ്(Robert Goddard) ആണ്. 1924 ഇൽ ആണ് അദ്ദേഹം തന്റെ ദ്രവ ഇന്ധന റോക്കറ്റ് പരീക്ഷിച്ചത് ..സിയോൾക്കോവിസ്കി യെപോലെ ഗൊദാർദും റോക്കറ്റുകളുടെ സാധ്യതകളെപ്പറ്റി തികഞ്ഞ ബോധവാനായിരുന്നു. ഗൊദാർഢ് തന്റെ ആദ്യ ദ്രവ ഇന്ധന റോക്കറ്റിൽ ഉപയോഗിച്ച മണ്ണെണ്ണയും ദ്രവ ഓക്സിജനും ഇന്നും ഭീമാകാതാരമായ വിക്ഷേപണ വാഹനങ്ങളിൽ ഉപയോഗിക്കുന്നു .

ജര്മനിക്കാരനായ ഹെർമൻ ഒബെർത്തും ഈ മേഖലയിലെ വഴികാട്ടികളിൽ ഒരാളാണ് .രണ്ടാം ലോക മഹായുദ്ധ കാലത്തെ ജർമൻ റോക്കറ്റുകളുടെ പിന്നിലെ ബുദ്ധി കേന്ദ്രം ഹെർമൻ ഒബെർത്തായിരുന്നു .അദ്ദേഹമാണ് പ്രായോഗികമായ വലിയ ദ്രവ ഇന്ധന റോക്കറ്റുകളെ വരകളിൽ നിന്ന് പ്രവത്തന ക്ഷമമായ വൻ യന്ത്രങ്ങളാണ് പരിണമിപ്പിച്ചത്.

നാല്പതുകളുടെ ആദ്യം ജര്മനിയായിരുന്നു റോക്കറ്റുകളുടെ കാര്യത്തിൽ ലോകത്തെ ഒന്നാം കിട രാജ്യം. യുദ്ധത്തിന്റെ അവസാന നാളികളിൽ അവർ ലോകത്തെ ആദ്യ ക്രൂയിസ് മിസൈലായV-1 ഉം ,ആദ്യ ബാലിസ്റ്റിക് മിസൈൽ ആയ V-2 ഉം രംഗത്തിറക്കി. .ഈ രണ്ടു മിസൈലുകളും ബ്രിട്ടനിൽ വൻ നാശമാണ് വിതച്ചത് .പക്ഷെ ഇവ രംഗത്തിറക്കിയപ്പോഴേക്ക് ജർമനി യുദ്ധത്തിൽ പരാജയ പെട്ട് തുടങ്ങിയിരുന്നു. .അതിനാൽത്തന്നെ ഈ മിസൈലുകൾക്ക് യുദ്ധത്തിന്റെ ഗതിയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. .യുദ്ധത്തിൽ ജർമ്മനി പരാജയ പെട്ട ശേഷം ജർമൻ മിസൈൽ നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞൻ മാരെയും എൻജിനീയർ മാരെയും വിജയികൾ തടവുകാരായി പിടിച്ചു തങ്ങളുടെ റോക്കറ്റു നിർമാണ പ്രവർത്തനങ്ങളുടെ അമരക്കാരാക്കി. വിജയികളായ യൂ എസ് അവരിൽ ഏറ്റവും പ്രമുഖനായ വേർനെർ വോൻ ബ്രൗണിനെ(Werner Von Brown) തങ്ങളുടെ പൗരനാക്കി .

യുദ്ധത്തിന് ശേഷം ദീർഘ ദൂര റേഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈൽ നിര്മാണത്തിലായിരുന്നു U S ഉം U S S R ഉം ശ്രദ്ധ കേന്ദ്രീകരിച്ചത് .ദീർഘദൂര മിസൈലുകൾ .ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളായി എളുപ്പത്തിൽ രൂപാന്തരം വരുത്താൻ സാധിക്കുമെന്നും അവർക്കറിയാമായിരുന്നു .U S S R പ്രതിരോധ മന്ത്രിയായിരുന്ന ദിമിത്രി ഉട്സിനോവിന്(Dimitri Utsinov) ഇക്കാര്യങ്ങളെയെല്ലാം പറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്നു .ഉട്സിനോവ് റഷ്യൻ ശാസ്ത്രജ്ഞൻ സെർജി കോറിലെവിന്റെ(Sergi Korolev) നേതിര്ത്വത്തിൽ തടവുകാരനായി പിടിച്ച ജർമൻ ശാസ്ത്രജൻ ഹെൽമുട് ഗോട്രുപ്പ്(Helmut Grotrupp) ഇന്റെ സഹായത്തോടെ V-1 റോക്കറ്റ് പുനര്നിര്മിച്ചു ,അതിനു R-1 എന്നപേരും നൽകി ..ഇതിനെ വികസിപ്പിച്ചു ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ R-7 നിർമിക്കാനും അവർക്കു കഴിഞ്ഞു .ഈ മിസൈലിനെ ചെറിയ പരിഷ്കരണങ്ങൾ വരുത്തി അവർ ലോകത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ സ്പുട്നിക് ( Sputnik 8K71PS) (ഉപഗ്രഹ വിക്ഷേപണ വാഹനം നിർമിച്ചു
1957 ഇൽ ഈ വിക്ഷേപണ വാഹനമുപയോഗിച് ആദ്യ മനുഷ്യ നിർമിത ഉപഗ്രഹം വിക്ഷേപിച് ലോകത്തെ അവർ ഞെട്ടിച്ചു .അങ്ങനെ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ഭാവനയിൽ നിന്നും വരകളിൽ നിന്നും ചെറു റോക്കറ്റുകളിൽ നിന്ന് വേർപെട്ടു മൂർത്ത രൂപം കൈവരിച്ചു.

ചന്ദ്രനിലേക്കുള്ള മത്സരം – ഭീമാകാരമായ വിക്ഷേപണ വാഹനങ്ങളുടെ കാലം
—–
സോവിയറ്റു യൂണിയൻ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് അമേരിക്കയെ നന്നേ ഉലച്ചിരുന്നു .സാങ്കേതിക വിദ്യയിൽ സോവിയറ്റു യൂണിയൻ തങ്ങളേക്കാൾ വളരെ പിറകിലാണ് എന്നവർ കരുതി ഇരുന്നു .പക്ഷെ സ്പുട്നിക് ആ ധാരണകളെ കീഴ്മേൽ മറിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിലും സാങ്കേതിക വിദ്യയിലും U S S R നേക്കാൾ തങ്ങൾ പിന്നിലാണെന്ന് അവർക്കു സമ്മതിക്കേണ്ടി വന്നു . .ആദ്യമായി മനുഷ്യനെ ബഹിരാകാശത്തയച് U S S R വീണ്ടും അവരുടെ കഴിവ് തെളിയിച്ചു .ഇതിനിടയിൽ ചില വിക്ഷേപണ വാഹനങ്ങൾ തട്ടി കൂട്ടാൻ U S ശ്രമിക്കുകയും ചെയ്തു .മിക്കവയും വിക്ഷേപണ സ്ഥലത്തു വച്ചുതന്നെ തകർന്നു ..വിജയിച്ചവക്ക് ഏതാനും കിലോഗ്രാം മാത്രമേ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞുളൂ.ഈ സാഹചര്യത്തിലാണ് ചന്ദ്രനിലേക്ക് മനുഷ്യനെ ആദ്യം അയച്ച നഷ്ടപ്രതാപം വീണ്ടെടുക്കാൻ U S തീരുമാനിക്കുന്നത് .അവരുടെ പ്രസിഡന്റ് കെന്നഡി ആ ലക്ഷ്യം 1970 നു മുൻപ് തന്നെ പൂർത്തീകരിക്കുമെന്നു പ്രഖ്യാപിച്ചു . മുൻ ജർമൻ റോക്കറ്റ് വിദഗ്ധനായ വേർനെർ വോൻ ബ്രൗണിനെ അവർ ആ ചുമതല ഏല്പിച്ചു .
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിന്റെ സാങ്കേതികമായ ബുദ്ധിമുട്ടുകൾ വോൻ ബ്രൗൺ മുൻപേ മനസ്സിലാക്കിയിരുന്നു ..ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കും തിരിച്ചും മനുഷ്യനെ കൊണ്ടുവരുന്ന ഒരു പദ്ധതിക്ക് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിനു 100 ടൺ ഭാരമെങ്കിലും ഭൂമിയുടെ ആകർഷണ വലയത്തിനു പുറത്തെത്തിക്കണ്ടി വരുമെന്ന് ബ്രൗണും കൂട്ടരും തിരിച്ചറിഞ്ഞു. .അതിനായി ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരതിഭീമൻ വിക്ഷേപണ വാഹനം നിർമിക്കാൻ അവർ തീരുമാനിച്ചു .അതിനവർ സാറ്റ്എൺ–5 (SATURN-V)എന്ന പേരും നൽകി .അറുപത്തിന്റെ ആദ്യം മുതൽ ചാന്ദ്ര ദൗത്യം സാക്ഷാത്കരിക്കാനായി U S അശ്രാന്ത പരിശ്രമം തുടങ്ങി. അവർ ആ പദ്ധതിക്കായി വളരെയധികം പണവും വകയിരുത്തി.

ഇതേ സമയം U S S R ഇൽ സ്പുട്നിക് വിക്ഷേപണ വാഹനത്തെ പരിഷ്കരിച്ചു അവർ അതിലും ശക്തമായ വിക്ഷേപണവാഹനങ്ങൾ രംഗത്തിറക്കി. 1960 ഇൽ രംഗത്തിറക്കിയ വോസ്റ്റോക് വിക്ഷേപണ വാഹനത്തിന് അഞ്ചു ടൺ ഭാരം താഴ്ന്ന ഭ്രമണ പഥത്തിൽ(Low Earth Orbit) എത്തിക്കാൻ കഴിയുമായിരുന്നു .ഈ വാഹനമാണ് മനുഷ്യനെ ആദ്യം സ്പേസിൽ എത്തിക്കാൻ ഉപയോഗിച്ചത്. വോസ്റ്റോക്കിനെ പരിഷ്കരിച്ച അവർ സോയുസ് (3) വിക്ഷേപണ വാഹനവും നിർമിച്ചു 1964 ഇൽ ആദ്യം ഉപയോഗിച്ച ഈ വിക്ഷേപണ വാഹനത്തിന്റെ നൂതനമായ പതിപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്നു .ഈ വാഹനത്തിന് ഏഴു ടൺ ഭാരം താഴ്ന്ന ഭ്രമണ പഥത്തിൽ എത്തിക്കാൻ കഴിയുമായിരുന്നു . 1965 ഇൽ U S S R രംഗത്തിറക്കിയ പ്രോട്ടോൺ വിക്ഷേപണ വാഹനത്തിന് ഇരുപതു ടൺ ഭാരം താഴ്ന്ന ഭ്രമണ പഥത്തിൽ എത്തിക്കാൻ കഴിയുമായിരുന്നു.പക്ഷെ ഇവയൊന്നും സാറ്റ്എൺ–5 നു കിടനിൽകുന്നതായിരുന്നില്ല . 1963 ലാണ് U S S R രഹസ്യമായി ചാന്ദ്ര ദൗത്യത്തിന് തീരുമാനിക്കുന്നത് .പക്ഷെ അതിനകം U S ആ ഉദ്യമത്തിൽ വളരെയേറെ മുന്നേറിയിരുന്നു.

രണ്ടായിരത്തി തൊള്ളായിരത്തിലേറെ ടൺ ഭാരമുള്ള പടുകൂറ്റൻ . വിക്ഷേപണ വാഹനം ആയിരുന്നു സാറ്റ്എൺ–5. അതിനു നൂറ്റി ഇരുപതു ടൺ താഴ്ന്ന ഭ്രമണ പഥത്തിൽ എത്തിക്കാൻ കഴിയുമായിരുന്നു .അത് ഒരു മൂന്ന് ഘട്ട വിക്ഷേപണ വാഹനം ആയിരുന്നു ആദ്യ രണ്ടു ഘട്ടങ്ങളും മണ്ണെണ്ണ ഇന്ധനമായും ,ദ്രവീകൃത ഓക്സിജെൻ ഓക്സിഡയ്സർ ആയും ഉപയോഗിക്കുന്നവയായിരുന്നു .മൂന്നാം ഘട്ടം ദ്രവീകൃത ഹൈഡ്രജൻ ഇന്ധനമായും ദ്രവീകൃത ഓക്സിജെൻ ഓക്സിഡയ്സർ ആയും ഉപയോഗിക്കുന്ന നൂതന മായ ഒരു റോക്കറ്റ് എൻജിനുമായിരുന്നു. റോക്കറ്റ് ഡിൻ J-2 എന്ന ആ എൻജിനാണ് ആദ്യത്തെ ക്രയോജനിക് റോക്കറ്റ് എഞ്ചിൻ . ആദ്യ ഘട്ടത്തിൽ അഞ്ചു F-1 എഞ്ചിനുകളാണുണ്ടായിരുന്നത് .അഞ്ചും കൂടി മൂന്നര കോടി ന്യൂട്ടൻ ത്രസ്റ് ആണ് പ്രദാനം ചെയ്തത് ..രണ്ടാം ഘട്ടത്തിൽ താരതമ്യേന ചെറിയ അഞ്ചു റോക്കറ്റ് എഞ്ചിനുകളാണുപയോഗിച്ചത് .അഞ്ചും കൂടി അര കോടി ന്യൂട്ടൻ ത്രസ്റ് ആണ് പ്രദാനം ചെയ്തത് . ഇപ്പോഴും മനുഷ്യൻ ഉണ്ടാക്കിയിട്ടുള്ള ഏറ്റവും വലിയ വിക്ഷേപണ വാഹനം സാറ്റ്എൺ–5 തന്നെ ഇതിന്റെ ആദ്യ വിക്ഷേപണം (4). 1967 ഇൽ അപ്പോളോ -4നെ വഹിച്ചു കൊണ്ടായിരുന്നു .അവസാന വിക്ഷേപണം 1973 ഇൽ സ്കൈ ലാബിനെ വഹിച്ചു കൊണ്ടും.

സെർജി കൊറോലെവ് ആയിരുന്നു സോവിയറ്റു ചാന്ദ്ര ദൗത്യത്തിന്റെ അമരക്കാരൻ . സാറ്റ്എൺ–5 നു സമാനമായ N-1 എന്ന വലിയ വിക്ഷേപണ വാഹനം നിർമിക്കാൻ കൊറോലീവും കൂട്ടരും തീരുമാനിച്ചു .പക്ഷെ U S സംഘത്തിനുണ്ടായിരുന്ന സാമ്പത്തിക പിൻബലം സോവിയറ്റു സംഘത്തിനില്ലായിരുന്നു .അതിനാൽ തന്നെ സാറ്റ്എൺ–5 ലേതുപോലെ വലിയ എഞ്ചിനുകൾ നിർമിക്കാൻ അവർക്കു കഴിഞ്ഞില്ല . കോറിലെവ് ഇന്റെ സമശീർഷനും മറ്റൊരു ഡിസൈൻ ബ്യൂറോ യുടെ തലവനുമായ വാലെന്റിൻ ഗ്ലുഷ്കോ (1) കൊറോലവുമായി സഹകരിച്ചില്ല .എഞ്ചിനുകൾ നിർമിക്കാൻ വിമാന യന്ത്ര നിർമാതാവായ നിക്കോളായ് കുസ്നെറ്റോവിനെ ആശ്രയിക്കാൻ കോറിലെവ് നിർബന്ധിതനായി .കുസ്നെറ്റോവിന്റെ N K -15 എഞ്ചിൻ സാങ്കേതിക തികവാർണതാണെങ്കിലും സാറ്റ്എൺ–5 ഇന്റെ ആദ്യ ഘട്ട F-1 എഞ്ചിന്റെ അഞ്ചിലൊന്ന് മാത്രം ത്രസ്റ് ഉള്ളതായിരുന്നു .അതിനാൽത്തന്നെ N-1 ഇന്റെ ആദ്യ ഘട്ടത്തിൽ 30 , N K-15 എഞ്ചിനുകൾ ഉപയോഗിക്കേണ്ടി വന്നു(2) .1966 ഇത് കോറിലെവ് ദിവന്ഗതനായി അദ്ദേഹത്തിന്റെ പിൻഗാമിയായ വസിലി മിഷിനു കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ല .നടത്തിയ നാല് വിക്ഷേപണങ്ങളിലും N-1 പരാജയപെട്ടു. .സമ്പൂർണമായും മണ്ണെണ്ണ ഇന്ധനമായും ദ്രവ ഓക്സിജൻ ഓക്സിഡിസർ ആയും ഉപയോഗിക്കുന്ന ഒരു വിക്ഷേപണ വാഹനം ആയിരുന്നു N-1 ..N-1 വിസ്മൃതിയിലേക്കു മറഞ്ഞെങ്കിലും അക്കാലത്തു USSR വികസിപ്പിച്ച സോയുസ് ,പ്രോട്ടോൺ വിക്ഷേപണ വാഹനങ്ങൾ ഇന്നും ഉപഗ്രഹങ്ങളെയും വഹിച്ചു കൊണ്ട് അവയുടെ കുതിപ്പ് തുടരുന്നു.

അറുപതുകളുടെ അവസാനം വരെ വിക്ഷേപണ വാഹനങ്ങളുടെ രംഗത് U S ഉം U S S R ഉം മാത്രമായിരുന്നു ശക്തമായ കാൽവയ്പ്പുകൾ നടത്തിയത് .എഴുപതുകളുടെ ആദ്യത്തോടെ യൂറോപ്യൻ യൂണിയൻ ,ചൈന ,ജപ്പാൻ ,ഇന്ത്യ എന്നെ രാജ്യങ്ങളും വിക്ഷേപണ വാഹനങ്ങളുടെ നിർമാണ രംഗത്ത് ചെറിയ തോതിലെങ്കിലും നിലയുറപ്പിക്കാൻ തുടങ്ങി.

ഉപഗ്രഹ വിക്ഷേപണം വ്യവസായമായ കാലം .
———
അറുപതുകളുടെ അവസാനം വരെ ബഹിരാകാശ ഗവേഷണവും ഉപഗ്രഹ വിക്ഷേപണവും ,ദേശീയ മായ അന്തസ്സിനും ,പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഒതുങ്ങി നിന്നു. ശീതയുധ കാലത്തെ വൻശക്തി കിടമത്സരത്തിന്റെ മറ്റൊരു മേഖലയായി ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ മാറി .

എന്നാൽ മാറ്റത്തിന്റെ കാറ്റ് അറുപതുകളിൽ തന്നെ വീശാൻ തുടങ്ങിയിരുന്നു. 1963 ഇൽ ലോകത്തെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ സിൻകോം-2 വിക്ഷേപിക്കപെട്ടു .അമേരിക്കൻ കമ്പനിയായ ഹ്യുസ് എയർ ക്രാഫ്റ്റ് കമ്പനിയാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത് . ആദ്യം വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹമായ സിൻകോം -1 (SYNCOM-1) നെ ഭ്രമണ പഥത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. .സാങ്കേതിക തകരാർ മൂലം സിൻകോം -1 നഷ്ടപെടുകയാണുണ്ടായത്. നാസയുടെ ഡെൽറ്റ – ബി വിക്ഷേപണ വാഹനമാണ് സിൻകോം -2 നെ ഭ്രമണ പഥത്തിൽ എത്തിച്ചത്. സിൻകോം -2 ഒരു പരീക്ഷണ ഉപഗ്രഹമായിരുന്നു. ഉപഗ്രഹം വഴി ടെലിഫോൺ ,ഫാക്സ് ,ടെലിവിഷൻ സിഗ്നലുകൾ സംപ്രേക്ഷണം ചെയ്യുന്നതിലെ പ്രായോഗികത സിൻകോം -2 തെളിയിച്ചു. .1964 ഇൽ വിക്ഷേപിച്ച സിൻകോം -3 ആണ് ആദ്യ ഭൂ സ്ഥിര വാർത്താവിനിമയ ഉപഗ്രഹം .നാസയുടെ ഡെൽറ്റ – ഡി (DELTA-D) വിക്ഷേപണ വാഹനമാണ് സിൻകോം -3 നെ ഭ്രമണ പഥത്തിൽ എത്തിച്ചത്..മനുഷ്യചരിത്രത്തിലെ ഒരു നാഴികക്കല്ലായി സിൻകോം -3 നെ കാണാം .1964 ലെ ടോക്കിയോ ഒളിമ്പിക്സ് തത്സമയം യൂ എസ് ലെ വീടുകളിലെത്തിച് ഈ ഉപഗ്രഹം ടെലിവിഷൻ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ നിർമാണവും ,അവയെ ഭൂസ്ഥിര ഭ്രമണ പദ്ധതിലെതിന്നാനുള്ള വിക്ഷേപണ വാഹനങ്ങളുടെയും നിർമാണം പതിയെ ഒരു ലാഭ കരമായ വ്യവസായമായി തീർന്നു .

ഏതാനും ആയിരം കിലോഗ്രാം ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണ പഥത്തിൽ എത്തിക്കാൻ സാറ്റ്ഏണ്- 5 നെ പോലെയോ N-1 നെപോലെയോ ഉള്ള വന് വിക്ഷേപണ വാഹനങ്ങളുടെ ആവശ്യമില്ല അവയേക്കാൾ വളരെ ചെറിയ വിക്ഷേപണ വാഹനങ്ങൾക് ഈ കാര്യം ഭംഗിയായി ചെയ്യാൻ കഴിയും ..അതിനാൽ തന്നെ യൂ എസ് ഉം USSR ഉം വന് വിക്ഷേപണ വാഹനങ്ങളുടെ നിർമാണം താല്കാകാലികമായി നിർത്തി .കഴിയുന്നത്ര കുറഞ്ഞ ചെലവിൽ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള വിക്ഷേപണ വാഹനങ്ങൾ നിർമിക്കാനായി അവർ ഉദ്യമം തുടങ്ങി. .അപ്പോഴേക്കും യൂറോപ്യൻ യൂണിയൻ ,ചൈന ,ജപ്പാൻ എന്നെ രാജ്യങ്ങളും ആ ഉദ്യമത്തിലേക്കു തിരിഞ്ഞു . കുറച്ചു വൈകിയാണെങ്കിലും ഇന്ത്യയും ഈ രംഗത്തേക്ക് പ്രവേശിച്ചു.

യൂ എസ് ഡെൽറ്റ എന്ന തരം വിക്ഷേപണ വാഹനങ്ങളെയാണ് വികസിപ്പിച്ചത് .അറുപതുകൾ മുതൽ ഈ വിക്ഷേപണവാഹനം പ്രവർത്തനം തുടങ്ങി .ഇന്നും ഇവയുടെ പരിഷ്കരിച്ച പതിപ്പുകൾ ഭംഗിയായി പ്രവർത്തിക്കുന്നുണ്ട് .ഇപ്പോൾ ഉപയോഗിക്കുന്നത് ഡെൽറ്റ -2 ,ഡെൽറ്റ -4 വിഭാഗത്തിൽ പെട്ട വിക്ഷേപണ വാഹനങ്ങളാണ് .ഇവയിൽ വലിയ വാഹനമായ ഡെൽറ്റ -4 ഇന് പന്ത്രണ്ട് ടൺ വരെ ഭൂസ്ഥിര ഭ്രമണ പഥത്തിൽ എത്തിക്കാം .അറ്റ്ലസ് എന്ന മറ്റൊരു വിക്ഷേപണ വാഹനവും ഇപ്പോൾ US ഉപയോഗിക്കുന്നുണ്ട് ..വിചിത്രമായി തോന്നുമെങ്കിലും റഷ്യയിൽ നിന്നും വാങ്ങിയ RD-180 എഞ്ചിനുകളാണ് ഈ വിക്ഷേപണ വാഹനത്തിൽ ഉപയോഗിച്ചിരുന്നത് .മറ്റൊരു US വിക്ഷേപണ വാഹനമായ ടൈറ്റൻ -4 ഭാരിച്ച ചെലവ് കാരണം പത്തു വർഷങ്ങൾക്കുമുൻപ് വിരമിക്കപ്പെട്ടിരുന്നു .

സോവിയറ്റു യൂണിയൻ വോസ്റ്റോക് ,സോയുസ് ,പ്രോട്ടോൺ തുടങ്ങിയ വിക്ഷേപണ വാഹനങ്ങളാണ് ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിച്ചിരുന്നത്.. വിവിധ ഘട്ടങ്ങൾ ക്രമീകരിച്ച ഇവയെ,ഏതു ഭ്രമണ പഥത്തിലും ഉപഗ്രഹ വിക്ഷേപണം നടത്താൻ കഴിവുള്ള വാഹനങ്ങളാക്കി മാറ്റാൻ കഴിയുമായൊരുന്നു .ഇവയെ കൂടാതെ ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും ഉരുത്തിരിഞ്ഞ അനേകം ചെറു വിക്ഷേപണ വാഹനങ്ങളും അവർ ഉപയോഗിച്ചിരുന്നു. .സോവിയറ്റു യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യൻ ബഹിരാകാശ പദ്ധതിയെ താങ്ങി നിർത്തിയിരുന്നത് സോയുസ് പ്രോട്ടോൺ എന്നീ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളായിരുന്നു .മറ്റുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഇവ ആയിരക്കണക്കിന് കോടി ഡോളർ റഷ്യൻ സമ്പദ് വ്യവസ്ഥയിൽ എത്തിച്ചു ..ഇവ രണ്ടും ഇപ്പോഴും ലോകത്തെ മുൻനിര ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളായി തുടരുന്നു.

ഉപഗ്രഹ വിക്ഷേപണ രംഗത്തെ വാണിജ്യ സാധ്യതകൾ മുതലാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് 1973 ലാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ആരംഭിക്കുന്നത് .ഫ്രാൻസ് ആയിരുന്നു ആ ഉദ്യമത്തെ ഏകോപിപ്പിച്ചിരുന്നത് . അവർ നിർമിച്ച ഏരിയൻ-1 എന്ന വിക്ഷേപണ വാഹനം 1978 ലാണ് ആദ്യ പരീക്ഷണ പറക്ക്അൽ നടത്തിയത് .താരതമ്യേന ചെറിയ ഒരു ഉപഗ്രഹ വിക്ഷേപണ വാഹന മായിരുന്നു ഏരിയൻ-1..ഏരിയൻ-2,ഏരിയൻ-3 എന്നീ വിക്ഷേപണവാഹനങ്ങളും വലിയ ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണ പഥത്തിലെത്തിക്കാൻ പര്യാപ്തമായിരുന്നില്ല എന്നാൽ അവർ 1988 ഇത് രംഗത്തിറക്കിയ ഏരിയൻ-4 വളരെ വിജയിച്ച ഒരു വിക്ഷേപണ വാഹനമായിരുന്നു . 2003 വരെ നൂറിലധികം ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണങ്ങൾ ഏരിയൻ-4 നടത്തി. 1995 ഇൽ ഇ സ് എ രംഗത്തിറക്കിയ ഏരിയൻ-5 ഉം വളരെ വിജയിച്ച ഒരു വാണിജ്യ വിക്ഷേപണ വാഹനമാണ് .ഇപ്പോഴും ഈ വിക്ഷേപണ വാഹനം E S A യുടെ മുൻനിര വിക്ഷേപണ വാഹനമാണ്.

ജപ്പാൻ അവരുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം നടത്തിയത് 1970 ഇൽ ആയിരുന്നു .പിന്നീട അവർ എച് -1 എച്-2 എന്നീ തരം വലിയ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചു .എച് -2 അമേരിക്കയുടെ അറ്റ്ലസ് വിക്ഷേപണ വാഹനത്തിനു സമാനമാണ് .അവർ അവരുടെ ഉപഗ്രഹങ്ങൾ ഈ വാഹനം വഴി വിക്ഷേപിക്കാറുണ്ട് .ജാപ്പനീസ് വിക്ഷേപണ വാഹനങ്ങളാണ് ലോകത് ഏറ്റവും ചെലവേറിയ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ അതിനാൽ തന്നെ .വാണിജ്യ വിക്ഷേപണ വാവഹണങ്ങൾ എന്നനിലയിൽ അവ തികഞ്ഞ പരാജയമാണ് .

ചൈനയും ആദ്യ ഉപഗ്രഹ വിക്ഷേപണം നടത്തിയത് 1970 ഇൽ തന്നെയാണ് .ആദ്യം മുതലേ അവരുടെ ബഹിരാകാശ പദ്ദതികൾ സൈനിക ആവശ്യങ്ങൾ മുന്നിര്ത്തിയുള്ളതായിരുന്നു .എൺപതുകളിൽ അവർ ലോങ്ങ് മാർച്ച് എന്ന പേരിലുള്ള ഇടത്തരം വലിയ വിക്ഷേപണ വാഹനങ്ങൾ രംഗത്തിറക്കി .ചില വാണിജ്യ ഉപഗ്രഹ വിക്ഷേപങ്ങൾക്കും അവ ഉപയോഗിച്ചു.പക്ഷെ അവയുടെ കുറഞ്ഞ വിശ്വാസ്യത നിമിത്തം ഇപ്പോൾ അപൂർവമായേ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ചൈനീസ് വിക്ഷേപണ വാഹനങ്ങൾ വഴി വിക്ഷേപിക്കരുളൂ.

ഇന്ത്യ SLV-3 എന്ന വിക്ഷേപണ വാഹനത്തിലൂടെയാണ് ബഹിരാകാശത്തേക്ക് കാല് കുത്തിയത്. 1979 ലാണ് നാം നമ്മുടെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്..ചെറിയ വിക്ഷേപണ വാഹനമായിരുന്നു SLV-3..പിന്നീട് വികസിപ്പിച്ച ASLV മൂന്ന് ഉപഗ്രഹ വിക്ഷേപങ്ങൾക്ക് ഉപയോഗിച്ചുളൂ. അതും താരതമ്യേന ചെറിയ ഒരു വിക്ഷേപണ വാഹനം ആയിരുന്നു .നമ്മുടെ ആദ്യ വിവിധ ഉദ്ദേശ്യ വിക്ഷേപണ വാഹനം PSLV ആണ് .PSLV യുടെ ആദ്യ വിക്ഷേപണം 1993 ഇൽ ആയിരുന്നു ആദ്യ വിക്ഷേപണം പാളിയെങ്കിലും പിന്നീട് PSLV വളരെ വിശ്വാസ്യതയുള്ള ഒരു വിക്ഷേപണ വാവഹണമായി പരിണമിച്ചു . എല്ലാത്തരം ഭ്രമണ പഥങ്ങളിലേയ്ക്കും PSLV ഉപയോഗിച്ച ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട് . വളരെയധികം വാണിജ്യ വിക്ഷേപങ്ങളും PSLV നടത്തിയിട്ടുണ്ട് .നമ്മുടെ വലിയ വിക്ഷേപണ വാഹനങ്ങളായ GSLV, GSLV മാർക്ക് 2 എന്നിവ വാണിജ്യ അടിസ്ഥാനത്തിലുള്ള വിക്ഷേപങ്ങൾക്കു വൻതോതിൽ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

ഇതുകൂടാതെ ഇസ്രയേലും സ്വന്തമായി വിദൂരസംവേദന ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. ഇറാനും ഉത്തര കൊറിയയും സ്വന്തമായ വിക്ഷേപണ വാഹനങ്ങൾ ഉണ്ടെന്നവകാശപെടുന്നുണ്ടെങ്കിലും ഈ രാജ്യങ്ങൾ ഇതുവരെ പ്രായോഗിക ഉപയോഗമുള്ള ഒരു ഉപഗ്രഹം ഭ്രമണ പഥത്തിൽ എത്തിച്ചിട്ടില്ല..

സ്പേസ് ഷട്ടിലുകൾ — അസ്ഥാനത്തായ പ്രതീക്ഷകൾ
———-

സാധാരണ ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്
എക്സ് പെൻഡ്എബിൻ ലോഞ്ച് വെഹിക്കിൾ (Expendable Launch Vehicles) ഉകളാണ്. ഇവ ഒരു തവണ മാത്രമേ വിക്ഷേപണത്തിന് ഉപഗോഗിക്കാൻ കഴിയൂ. വിക്ഷേപണത്തോടെ തന്നെ വിക്ഷേപണ വാഹനവും തകർന്നു പോകുന്നു ..പ്രത്യക്ഷത്തിൽ നോക്കിയാൽ ഇത് വലിയൊരു പാഴ്ചെലവാണ് .വിക്ഷേപണ വാഹനങ്ങളുടെ പൂർണമായോ ഭാഗീകമായോ ഉള്ള പുനരുപയോഗമാണ് ഈ പാഴ്ച്ചെലവ് കുറക്കാനുള്ള പ്രത്യക്ഷ മാർഗം .എഴുപതുകളുടെ ആദ്യം മുതൽ ഇത്തരം പദ്ധതികൾ യൂ എസ്, സോവിയറ്റു വിദഗ്ധരുടെ മനസ്സിലുണ്ടായിരുന്നു .പുനരുപയോഗ സാധ്യതയുള്ള വിക്ഷേപണ വാഹനങ്ങൾ (Reusable Launch Vehicles ) സ്പേസ് ഷട്ടിലുകളിലൂടെയാണ് എൺപതുകളിൽ സാക്ഷാത് കരിക്കപ്പെട്ടത് .

യൂ എസ് ഉം സോവിയറ്റു യൂണിയനും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളെ വ്യത്യസ്തമായാണ് കണ്ടത്. ..യൂ എസ് പൂർണമായ പുനരുപയോഗം ലക്ഷ്യമിട്ടപ്പോൾ സോവിയറ്റു യൂണിയൻ ഭാഗീക പുനരുപയോഗമാണ് ലക്ഷ്യമിട്ടത് .

എഴുപതുകളിൽ തുടങ്ങിയ യൂ എസ് സ്പേസ് ഷട്ടിൽ പ്രോഗ്രാം 1980ഇൽ ആണ് യാഥാർഥ്യമായത് .ആദ്യ സ്പേസ് ഷട്ടിൽ ആയ കൊളംബിയ ആവർഷമാണ് വിക്ഷേപിച്ചത്.. ഒന്നേകാൽ കോടി ന്യൂട്ടൻ ശക്തിയുള്ള(Thrust) രണ്ടു ഖര ഇന്ധന (solid fuel rocket)റോക്കറ്റുകളായിരുന്നു ആദ്യ ഘട്ടം കത്തി തീര്ന്ന ശേഷം ഇവ പാരചൂട്ടു വഴി കടലിലിറക്കി വീണ്ടെടുത്തു വീണ്ടും ഉപയോഗിക്കാമായിരുന്നു . രണ്ടാം ഘട്ട എൻജിനുകൾ സ്പേസ് ഷട്ടിലിൽ തന്നെയാണ് ഘടിപ്പിച്ചിരുന്നത് .ദ്രവീകൃത ഓക്സിജൻ ഓക്സിഡിസറും ദ്രവീകൃത ഹൈഡ്രജൻ ഇന്ധനവുമായിരുന്നു. .ഇന്ധന ,ഓക്സിഡിസർ ടാങ്കായിരുന്നു വിക്ഷേപണ വാഹനത്തിന്റെ കാഴ്ചയിലെ വലിയ ഭാഗം ഷട്ടിലിലെ എഞ്ചിനുകൾ ഇരുപത്തഞ്ചു തവണയെങ്കിലും പുനരുപയോഗം നടത്താം എന്നായിരുന്നു കണക്കു കൂട്ടൽ(1) .വിക്ഷേപണ ചെലവ്
എക്സ്പെൻഡ്അബിൽ ” വിക്ഷേപണ വാഹനങ്ങളെക്കാൾ കുറവായിരിക്കുമെന്നും കണക്കു കൂട്ടപ്പെട്ടിരുന്നു ..എന്നാൽ പെട്ടന്നുതന്നെ സ്പേസ് ഷട്ടിൽ ഏറ്റവും ചെലവ് കൂടിയ വിക്ഷേപണ വാഹനമാണെന്ന തിരിച്ചറിവിലാണ് എത്തപ്പെട്ടത് .1986 ഇൽ ചലൻചർ അപകടം കൂടി നടന്നതിന് ശേഷം വാണിജ്യാവശ്യത്തിനുള്ള വിക്ഷേപങ്ങൾക്കു സ്പേസ് ഷട്ടിൽ ഉപയോഗിക്കപ്പെട്ടില്ല . സ്പേസ് ഷട്ടിൽ ഇന്റെ ഉപയോഗം ഭൂരിഭാഗവും യൂ എസ് പ്രതിരോധ വകുപ്പിനുവേണ്ടിയുള്ള വിക്ഷേപങ്ങൾക്കും വളരെ രഹസ്യമായ സൈനിക ദൗത്യങ്ങൾക്കുമായിരുന്നു .2003 ലെ കൊളംബിയ അപകടം കൂടിയായപ്പോൾ ഷ ട്ടിലുകളുടെ വിശ്വാസ്യത പാടെ തകർന്നു .രണ്ടപകടങ്ങളിലൂടെയായി പതിനാലു ആസ്ട്ര നാട്ടുകൾക് ആണ് ജീവൻ നഷ്ടപെട്ടത് . ഈ അപകടങ്ങളെ പറ്റി നടത്തിയ അന്വേഷണങ്ങൾ കണ്ടെത്തിയ പ്രധാന വസ്തുത വളരെ രസമുള്ളതായിരുന്നു .ഷ ട്ടിലിൽ ഒരപകടം സംഭവിച്ചാൽ അസ്ത്രനാട്ടുകൾക്ക് ഒരുതരത്തിലും രക്ഷ പെടാൻ കഴിയില്ല . മനുഷ്യനെ ഒരപകടത്തിൽ സഹായിക്കാൻ ഒരു സംവിധാനവും അവയിൽ നിര്മിച്ചിരുന്നില്ല. ഇതൊക്കെയാണെങ്കിലും യൂ എസ് സ്പേസ് ഷട്ടിലുകൾ 2011 വരെ വിക്ഷേപണ വാഹനമായി ഉപയോഗിക്കപ്പെട്ടു .ഇരുനൂറു ബില്യൺ ഡോളറായിരുന്നു യൂ എസ് ഷട്ടിൽ പദ്ധതിയുടെ മൊത്തം ചിലവ് .

യൂ എസ് ഷട്ടിൽ പ്രധാനമായും ഒരു സൈനിക ആയുധം ആണെന്ന് USSR ആദ്യമേ മനസ്സിലാക്കിയിരുന്നു .ഭ്രമണ പഥം പെട്ടന്ന് മാറ്റി സോവിയറ്റു നഗരങ്ങളിൽ ഒരു മുന്നറിയിപ്പുമില്ലാതെ തെർമോ നുക്ളെയർ ബോംബുകൾ വാർഷിക്കുകയാണ് അമേരിക്കൻ സ്പേസ് ഷ ട്ടിലുകളുടെ പ്രധാന ദൗത്യം എന്നവർ കണക്കു കൂട്ടി. സ്വന്തം നിലക്ക് സ്പേസ് ഷ ട്ടിലുകൾ നിർമിക്കാൻ എഴുപതുകളിൽ അവർ തീരുമാനമെടുത്തു .സ്വന്തം ഷട്ടിലിനുവേണ്ടി ”എനെർജിയ (Energia)” എന്ന അതിശക്തമായ ഒരു വിക്ഷേപണ വാഹനം അവർ നിർമിച്ചു …ഇതിലെ ഒന്നാം ഘട്ടം ഒരു കോടി ന്യൂട്ടനടുത്തു ത്രസ്റ് (Thrust) ഉള്ള നാല് റോക്കറ്റുകളായിരുന്നു .രണ്ടാം ഘട്ടം ദ്രവീകൃത ഓക്സിജൻ ഓക്സിഡിസറും ദ്രവീകൃത ഹൈഡ്രജൻ ഇന്ധനവുമായുള്ള ഒരു വമ്പൻ റോക്കറ്റായിരുന്നു .ഈ രണ്ടു ഘട്ടങ്ങളും ചേർന്നതായിരുന്നു ”എനെർജിയ” വിക്ഷേപണ വാഹനം .”ബുരാൻ”(Buran) എന്ന സ്പേസ് ഷട്ടിൽ പുനരുപയോഗിക്കാവുന്ന മൂന്നാം ഘട്ടമായിരുന്നു(2) ..ബുർആൻ മനുഷ്യ നിയന്ത്രിതമല്ലാതെ ഭൂമിയിൽനിന്നു നിയന്ത്രിക്കാവുന്ന തരത്തിലാണ് നിർമിച്ചിരുന്നത്. .ബുറാന്റെ ആദ്യത്തെയും അവസാനത്തെയും പറക്കൽ 1988 ഇൽ നടന്നു ..അപ്പോഴേക്കും സോവിയറ്റു യൂണിയൻ അകമെനിന്നു തകർന്നു തുടങ്ങിയിരുന്നുന്നു .പിന്നീട പദ്ധതിയിയിട്ടിരുന്ന വിക്ഷേപങ്ങൾ ഒന്നും പ്രവർത്തികമായില്ല. 1993 ഇൽ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിൻ ബുരാൻ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു . എനർജിയ റോക്കറ്റിനു വേണ്ടി നിർമിച്ച RD-170 എഞ്ചിനുകൾ പിന്നീട് സെനിത്(Zenit) എന്ന വിക്ഷേപണ വാഹനത്തിന്റെ എഞ്ചിനുകളായി ഉപയോഗിച്ചു.

യൂറോപ്യൻ സ്പേസ് ഏജൻസി തൊണ്ണൂറുകളിൽ ”ഹെർമിസ് ” (Hermis)എന്ന പേരിൽ ഒരു ചെറു സ്പേസ് ഷട്ടിലിനു രൂപം നൽകിയിരുന്നു .എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തു ആ പദ്ധതി രൂപകല്പനയുടെ കാലത്തുതന്നെ ഉപേക്ഷിക്കപ്പെട്ടു.
—–
1.http://www.space.com/16726-space-shuttle.html
2. http://www.russianspaceweb.com/buran.html.Written By : Rishi Das 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ