Operation Breakthrough !

Share the Knowledge

ശീതയുദ്ധകാലത്ത്  അപൂർവ്വമായെങ്കിലും അമേരിക്കയും സോവിയറ്റ് യൂണിയനും പലകാര്യങ്ങളിലും ഒന്നിച്ചു നിന്നിട്ടുണ്ട് .  അത്തരമൊരു സംഭവമാണ്  1988 ൽ നടന്ന Operation Breakthrough . ഒരു മില്യൺ അമേരിക്കൻ ഡോളർ മുതൽ മുടക്കുണ്ടായിരുന്ന ഈ സംഭവം ഒരു മിലിട്ടറി ഓപ്പറേഷൻ ആയിരുന്നില്ല , പകരം രസകരവും അത്ഭുതം ജനിപ്പിക്കുന്നതുമായ മറ്റൊരു റെസ്ക്യൂ മിഷൻ ആയിരുന്നു !

മഞ്ഞുപുതഞ്ഞ അലാസ്‌കൻ ഭൂമിയിലെ  ജനതയാണ് Iñupiat. വടക്കേഅമേരിക്കയിൽ ഏകദേശം മുപ്പത്തിനാല് ഗ്രാമങ്ങളിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത് . ഇതിൽ പലഗ്രാമങ്ങളിലും കഴിഞ്ഞ രണ്ടായിരത്തില്പരം വർഷങ്ങളായി ഇവർ സ്ഥിരമായി താമസിക്കുന്നവയും ആണ് .  പൊതുവെ വേട്ടയാടി ജീവിക്കുന്ന ഇവർ പ്രധാനമായും Bowhead തിമിംഗലങ്ങളെയും സീലുകളെയും , കടല്‍പ്പശുക്കളെയും (walrus) ആണ് ലക്‌ഷ്യം വെച്ചിരുന്നത് . ഈ സമൂഹത്തിൽപെട്ട ഒരു വേട്ടക്കാരനായിരുന്നു Roy Ahmaogak. തന്റെ യാത്രക്കിടയിൽ 1988 ഒക്ടോബർ ഏഴിന് റോയിയുടെ ശ്രദ്ധയിൽപെട്ട  ഒരു സംഭവമാണ് പിന്നീട് ആഴ്ച്ചകളോളം ലോകശ്രദ്ധപിടിച്ചുപറ്റിയ ഒരു മഹാസംഭവമായി മാറിയത് .  മൂന്ന് ഗ്രേ വെയ്‌ലുകൾ (gray whale –Eschrichtius robustus) ചുറ്റിലും മുകളിലും  വേലിപോലെ കനത്ത മതിൽ സൃഷ്ട്ടിച്ച ഐസ് പാക്കിൽ ( Arctic ice pack ) കുടുങ്ങിക്കിടക്കുന്ന കാഴ്ച്ചയാണ് അദ്ദേഹം കണ്ടത് . എന്നാൽ തങ്ങളുടെ ഇരകളല്ലാത്ത മൃഗങ്ങളെ (ഇവർ ഗ്രേ തിമിംഗിലങ്ങളെ വേട്ടയാടാറില്ല ) കൂട്ടുകാരായി കാണുന്ന Iñupiat വർഗ്ഗസ്വഭാവം കാരണം റോയിക്ക് അവറ്റകളെ അവിടെ ഇട്ടിട്ടുപോകുവാൻ മനസ് വന്നില്ല . അലാസ്‌ക്കയിലെ Point Barrow ക്കു അടുത്തുള്ള ( അമേരിക്കൻ ഐക്യനാടിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പോയിന്റ് ആണ്  ഇത് ) Beaufort കടലിലായിരുന്നു ഈ ജീവികൾ കുടുങ്ങിക്കിടന്നിരുന്നത് . ഗ്രേ വെയ്ലുകൾ ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശാന്തരഗമനം നടത്തുന്ന സസ്തനികളാണ് . ആർട്ടിക് സമുദ്രത്തിൽ ഇരതേടി നീന്തിക്കളിച്ച് നടക്കുന്ന ഇവർ പ്രജനനത്തിനായി ഏകദേശം 11,000 കിലോമീറ്ററുകൾ സമുദ്രത്തിലൂടെ താണ്ടി മെക്സിക്കോയിലെ Ojo de Liebre ഉൾക്കടലിൽ ( ശരിക്കും ഒരു ലഗൂൺ ആണ് ) എത്തിയാണ് തങ്ങളുടെ യാത്ര പൂർത്തിയാക്കുന്നത് . സാധാരണയായി ഇത്തരം ഐസ് ട്രാപ്പുകൾ ഉണ്ടാവുന്നതിനെ മുന്നേ ഗ്രേ വെയ്ലുകൾ തങ്ങളുടെ യാത്ര ആരംഭിച്ചിരിക്കും . എന്നാൽ ഏതോ കാരണങ്ങളാൽ ഈ മൂന്നു ജീവികൾ ആവശ്യത്തിൽ കൂടുതസൽ സമയം ആർട്ടിക്കിൽ ചിലവഴിച്ചതിനാലാണ്  ഇങ്ങനെ കുടുങ്ങിപ്പോയത് . റോയ് ഉടൻ തന്നെ  തന്റെ കയ്യിലുള്ള ആയുധങ്ങൾ വെച്ച് കുറച്ചുഭാഗത്തെ ഐസ് പാളികൾ വെട്ടി മാറ്റി ജീവികൾക്ക് ഉയർന്നു വന്നു ശ്വസിക്കാനുള്ള സൗകര്യം ഉണ്ടാക്കി  കൊടുത്തു . എന്നാൽ ഇത് പോരെന്നും  തുറന്ന സമുദ്രത്തിലേക്ക് ഇവറ്റകൾക്ക്  പോകുവാനുള്ള സൗകര്യം  ഉണ്ടാക്കിക്കൊടുക്കുവാൻ തന്റെ കയ്യിലുള്ള ഉപകരണങ്ങൾ മതിയാവില്ലെന്നും അദ്ദേഹത്തിന് പെട്ടന്ന്  തന്നെ പിടികിട്ടി .

 

റോയ് സമയം കളയാതെ തന്നെ തന്റെ ഗ്രാമവാസികളെ വിവരം അറിയിച്ചു .  അവർ ഉടൻതന്നെ കയ്യിലുള്ള  ആയുധങ്ങളും ഉപകരണങ്ങളും  വാട്ടർ പമ്പുകളുമായി  സ്ഥലത്ത്  എത്തിച്ചേർന്നു . കാരണം  വെട്ടിമാറ്റിയ ഐസ് വീണ്ടും മുറികൂടാൻ ഒരു രാത്രി തികച്ചും  വേണ്ട . തുടർച്ചയായി രാത്രിമുഴുവനും ജലം പമ്പ് ചെയ്ത്  ഐസ് വീണ്ടും ഉണ്ടാകുന്നത് അവർ തടഞ്ഞു നിർത്തി .  വിവരം മറ്റുള്ള ഗ്രാമങ്ങളിലേക്കും പെട്ടന്ന്  തന്നെ പടർന്നു . ഇതിനിടെ മൂന്ന് ജീവികൾക്കും  അവർ പേരിട്ടിരുന്നു . Putu, Siku, Kanik എന്നിങ്ങനെയായിരുന്നു  പേരുകൾ ! കൂടുതൽ ഉപകരണങ്ങൾക്കും ജെനറേറ്ററുകൾക്കും വേണ്ടി അവർ പട്ടണങ്ങളിൽ എത്തിയതോടെ പരിസരങ്ങളിൽ തമ്പടിച്ചിട്ടുണ്ടായിരുന്ന ഗവേഷകരും പരിസ്ഥിതിപ്രവർത്തകരും കാര്യങ്ങൾ അറിഞ്ഞു . Marine mammal biologist ആയിരുന്ന Dave Withrow കാര്യങ്ങൾ പത്രങ്ങൾക്ക് കൈമാറിയത്തോടു  കൂടി രക്ഷാപ്രവർത്തനങ്ങൾ അന്താരാഷ്‌ട്രതലത്തിലേക്ക് എത്തി . “The whales were relatively young and confused ”  എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം .  രക്ഷാപ്രവർത്തനത്തിനുള്ള  ആഹ്വാനം അലാസ്കയിലെ  ഓയിൽ കമ്പനികളും ഏറ്റെടുത്തു .  ഐസ് വീണ്ടും മൂടിപ്പോകാതിരിക്കുവാൻ  ഉപകരണങ്ങളും ജനറേറ്ററുകളും ഇന്ധനവും  അവർ എത്തിച്ചു  കൊടുത്തു . ഇതിനോടകം അനേകം ചെറു കുഴികൾ Iñupiat വർഗ്ഗക്കാർ എടുത്തുകഴിഞ്ഞിരുന്നു .  എങ്കിലും  ജീവൻ നിലനിർത്താം എന്നല്ലാതെ പുറത്തേക്കുള്ള വഴി ഉണ്ടാക്കൽ അത്ര എളുപ്പമായിരുന്നില്ല കൊടും തണുപ്പും കനത്ത മഞ്ഞും കാര്യങ്ങൾ കൂടുതൽ വൈകിപ്പിച്ചു . Sikorsky S-64 ശ്രേണിയിൽ പെട്ട ഒരു ഇരട്ട എഞ്ചിൻ ഹെലിക്കോപ്റ്ററും രക്ഷാപ്രവർത്തനത്തിനായി സർക്കാർ എത്തിച്ചു  കൊടുത്തു .

എന്നാൽ തടിച്ചുകൂടിയ മാധ്യമപ്പടയുടെ സാന്നിധ്യം കാരണം തിമിംഗിലങ്ങൾ അവ കിടക്കുന്ന സ്ഥലത്തുനിന്നും മാറാൻ വിസമ്മതിച്ചു . അവസാനം തുടർച്ചയായുള്ള അഭ്യർത്ഥന മാനിച്ച് സോവിയറ്റ് യൂണിയന്റെ രണ്ടു കൂറ്റൻ ഐസ് ബ്രെക്കറുകൾ സ്ഥലത്ത് എത്തിച്ചേർന്നു  (Vladimir Arseniev , Admiral Makarov ) . ഒരു കപ്പൽ മഞ്ഞുപാളികൾ ഇടിച്ചു തകർത്തപ്പോൾ രണ്ടാമൻ അടർന്നുവീണ ഐസ് കഷ്ണങ്ങൾ മാറ്റി തിമിംഗിലങ്ങൾക്കു പുറത്തേക്ക് പോകുവാനുള്ള വഴിയൊരുക്കി . പക്ഷെ കൂറ്റൻ ഐസ്പാളികൾ അടർന്നു വീണ് കൂട്ടത്തിൽ കുഞ്ഞൻ ജീവി ആയിരുന്ന, ആറുമാസം പ്രായം തോന്നിപ്പിച്ചിരുന്ന  Bone എന്ന തിമിംഗിലത്തിന് സാരമായ പരിക്ക് പറ്റുകയും ജലം രക്തവർണ്ണമാകുകയും ചെയ്തു . ( ഇവക്ക് ഇതിനോടകം ഇഗ്ളീഷ് പേരുകളും ലഭിച്ചിരുന്നു . Bonnet, Crossbeak,  പിന്നെ Bone).  പരിക്കും പ്രതികൂല കാലാവസ്ഥയും കാരണം ബോൺ എന്ന  കുട്ടി തിമിംഗിലം ഒക്ടോബർ ഇരുപത്തിയൊന്നിന് മരണമടഞ്ഞു . അതോടെ രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടി . വീണ്ടും ഒരാഴ്ച്ചക്ക് ശേഷം  ബാക്കിയുള്ള  രണ്ടു ജീവികൾക്കും  പുറത്തേക്കു  പോകുവാൻ വലിപ്പത്തിൽ വഴിയൊരുക്കുവാൻ  സോവിയറ്റ് ഐസ്ബ്രെക്കറുകൾക്കു സാധിച്ചു . ഇടയ്ക്കിടെ ജലത്തിന്  മുകളിലേക്ക് തലയുയർത്തി വന്നിരുന്ന രണ്ടു തിമിംഗിലങ്ങളെയും പിന്നീട് മണിക്കൂറുകളോളം കാണാതിരുന്നതിനാൽ കപ്പലുകൾ തെളിച്ച പാതയിലൂടെ അവ പുറംകടലിൽ എത്തിച്ചേർന്നിരിക്കാം എന്ന് പ്രവർത്തകർ അനുമാനിച്ചു . തുടക്കത്തിൽ തന്നെ വിരണ്ടു പോയിരുന്ന ഇവയുടെ ദേഹത്ത് റേഡിയോ കോളർ ഘടിപ്പിക്കേണ്ട എന്ന് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതിനാൽ പിന്നീട് അവയെ ട്രാക്ക് ചെയ്യാൻ സാധിച്ചില്ല . എങ്കിലും അവ സുരക്ഷിതമായി തന്നെ പുറംകടലിൽ എത്തിച്ചേർന്നു എന്ന് തന്നെയാണ് കരുതുന്നത് .

എന്നാൽ ഇത്രയും കാശും അധ്വാനവും  ഈ മിഷന് വേണ്ടി ചിലവഴിച്ചതിന് എതിരെ പലരും ശബ്ദമുയർത്തി .  ഇതുപോലെ തിമിംഗിലങ്ങൾ ഐസ് പാളികളിക്കടിയിൽ വർഷാവർഷം കുടുങ്ങാറുണ്ട് എന്നും ഇതൊരു പ്രകൃതി നിയമം ആണെന്നും  ഇങ്ങനെയാണ് ജീവികൾ പ്രതികൂല  കാലാവസ്ഥയിൽ ജീവിച്ചും മരിച്ചും  മില്യൺ കണക്കിന് വർഷങ്ങളായി  പരിണമിച്ചു പോകുന്നത് എന്നും ആയിരുന്നു എതിർവാദങ്ങൾ . പ്രകൃതി നിയമങ്ങളിൽ മനുഷ്യൻ കൈകടത്തുന്നത് നല്ലതല്ല എന്നും വേറൊരു കൂട്ടർ അഭിപ്രായപ്പെട്ടു . എന്നാൽ ഒരു പൊതു കാര്യത്തിന് ഭൂമിയിലെ പല മനുഷ്യവർഗ്ഗങ്ങൾ  ഒരുമിച്ചു നിന്നത് മാനവരാശിയുടെ പൊതുബോധം രൂപപ്പെടുത്തുന്നതിൽ സഹായിക്കും എന്നാണ് മിക്കവരും കരുതുന്നത് .

Big Miracle ( 2012)

Operation Breakthrough നെ ബേസ് ചെയ്ത്  പുറത്തിറങ്ങിയ ഇഗ്ളീഷ് ചലച്ചിത്രമാണ് Big Miracle . കഥയിൽ സാരമായ മാറ്റങ്ങൾ  ഉണ്ടെങ്കിലും സിനിമയുടെ അവസാന രംഗങ്ങൾ കണ്ടാൽ ഈ റെസ്ക്യൂ മിഷൻ എങ്ങിനെ നടന്നു എന്ന് മനസ്സിലാക്കാൻ  സാധിക്കും . ചിത്രത്തിൽ നിന്നുള്ള രംഗമാണ് താഴെക്കാണുന്നത്‌ . മിഷന്റെ യഥാർത്ഥ ചിത്രങ്ങൾ താഴെ കമന്റുകളിൽ ചേർത്തിട്ടുണ്ട് .

ഈ മിഷനിൽ പങ്കെടുക്കുകയും Greenpeace whales campaigner എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന Campbell Plowden ന്റെ വിവരണം ഈ ലിങ്കിൽ  ഉണ്ട് >>>

http://www.greenpeace.org/international/en/news/features/The-Story-behind-Big-Miracle/

2013 ൽ ഒരു ഗ്രേ വെയ്ലിനെ നമീബിയൻ തീരത്തു കണ്ടത്  തികച്ചും കൗതുകകരമായി .  കാലാവസ്ഥാ വ്യതിയാനം കാരണം ഇവ ഉത്തരാർദ്ധഗോളത്തിൽ നിന്നും ദക്ഷിണാർദ്ധഗോളത്തിലേക്ക് പതുക്കെ മാറി വരുന്നു എന്നാണു  ഇപ്പോൾ  കരുതുന്നത് .

 

Image

ഒരു അഭിപ്രായം പറയൂ