ഫിഡ്ജെറ്റ് സ്പിന്നർ (Fidget spinner)

Share the Knowledge

അസുഖം  കാരണം പണിക്കൊന്നും പോകാതെ നടുവിനൊരു  ബെൽറ്റും കെട്ടി വീടിന്റെ മുൻപിലൊരു  കസേരയും ഇട്ട്  കാലുംകയറ്റിവെച്ച്  കുറേനേരം ഇരുന്നപ്പോഴാണ്  ഒരു കാര്യം ശ്രദ്ധിച്ചത് . പണ്ട്  “പോക്കിരിമോൻ ” ഗെയിം കളിച്ചോണ്ടു വഴിയിൽക്കൂടെ  അങ്ങോട്ടും ഇങ്ങോട്ടും  ഉച്ചത്തിൽ ബഹളം വെച്ച് നടന്ന അയൽപക്കത്തെ  പീക്കിരി പിള്ളേരുകടെ കയ്യിൽ  ദാണ്ട്  പുതിയൊരു സാധനം ! അത് വിരലിനിടയിൽ വെച്ച് കറക്കികൊണ്ടാണ്  പിള്ളേർ നടക്കുന്നത് . മെയിൽ ബോക്സിന്റെ  മുകളിലും വണ്ടിയുടെ  മുകളിലും സൈക്കിളിന്റെ സീറ്റിന്റെ മുകളിലും ഒക്കെ  വെച്ച് ഇത് കറക്കി നോക്കുന്നുണ്ട് . കൂട്ടത്തിൽ  ഒരു മഹാനെ അടുത്തേക്ക്  വിളിച്ചു .  കക്ഷി ഈ  പ്രദേശത്തെ ഏറ്റവും മികച്ച ഫിഡ്ജറ്റർ ( ഈ സാധനം  കറക്കുന്നവരെ അങ്ങിനെയാണത്രെ വിളിക്കുന്നത് ) താനാണെന്ന്  സ്വയം പരിചയപ്പെടുത്തി . എന്നിട്ട്  മൂക്കിന് തുമ്പത്ത്‌ വെച്ച് ഈ സാധനം കറക്കി കാണിച്ചു .( അവന്റെയല്ല , കസേരയിൽ ചാരിക്കിടന്ന എന്റെ !).  നല്ല രസം . മൂന്നു പങ്കകൾ ഉണ്ട്  ഇതിന് . നടുവിലെ വൃത്താകൃതിയിൽ ഉള്ള ഭാഗത്ത് മുകളിലും താഴെയുമായി രണ്ടു വിരലുകൾ വെച്ച് അമർത്തിപ്പിടിച്ച്  ഇത് കറക്കാം . അപ്പോൾ വിരലിൽ  എന്തോ ഒരു സുഖം തോന്നുണ്ട് . അങ്ങിനെ  കറക്കി ഇടതു കയ്യിൽ നിന്നും വലത്തു കയ്യിലേക്ക് ഇത് എറിഞ്ഞു കളിക്കാം . സംഭവം  കൊള്ളാം . കൂട്ടുകാരോട്  ഫോണിൽ  ചോദിച്ചപ്പോൾ എല്ലാവർക്കും ഇതെന്താണ് എന്നറിയാം ! എനിക്ക് മാത്രം അറിയില്ല . കഷ്ടം !  അപ്പോൾ തന്നെ ഫോട്ടം പിടിച്ച്  ഗൂഗിൾ സാറിനോട് കാര്യം ചോദിച്ചു . വിക്കിപീടികയിൽ  സാധനം  ഉണ്ട് (https://goo.gl/OC8QXM) .  പേജ് ലോഡ് ചെയ്തപ്പോൾ  ഇപ്പോൾ അപ്ഡേറ്റ് ചെയ്തതെ ഉള്ളൂ അതുകൊണ്ടു ഒന്നുകൂടി റിഫ്രഷ് ചെയ്തു നോക്കാൻ പറഞ്ഞു .

ലൈവ് സയൻസ് സൈറ്റിൽ (https://goo.gl/RgDUf5)  കുറച്ചു കൂടി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് .  രത്നച്ചുരുക്കം ഇതാണ് .  തൊണ്ണൂറുകളിലെപ്പോഴോ  ആണ് ഈ കളിപ്പാട്ടത്തിന്റെ പ്രാകൃത രൂപം ഉടലെടുത്തത് . Catherine Hettinger എന്ന ഫ്ലോറിഡാക്കാരിയാണ്  ഇത് കണ്ടുപിടിച്ചതായി അവകാശം ഉന്നയിക്കുന്നത് എങ്കിലും  ആർക്കും അക്കാര്യത്തിൽ  ഉറപ്പില്ല . ഏത്‌നിക്  ഹെൽത്ത്  കോർട്ടിന്റെ  അമേരിക്കൻ വിങ് പറയുന്നത് പിരുപിരിപ്പ്  കൂടുതലുള്ള പിള്ളേരുടെ ശ്രദ്ധ മറ്റു വേണ്ടാത്ത കാര്യങ്ങളിൽ പതിപ്പിക്കാതെ  ഒരേ സ്ഥലത്തേക്ക് കേന്ദ്രീകരിക്കുവാൻ ഈ കറങ്ങും കളിപ്പാട്ടം സഹായിക്കും എന്നാണ് . അതുകൊണ്ടാണത്രെ ഇതിന് Fidget spinner എന്ന പേര് വീണത്  ! ഈ വർഷം  ആണ് ഈ കളിപ്പാട്ടത്തിന് ഇത്രയും ഡിമാന്റ് വന്നത് . ഓട്ടിസം ബാധിച്ച കുട്ടികൾക്കും ഈ കളിപ്പാട്ടം ഗുണകരമാണ് എന്നാണു  ചിലർ പറയുന്നത് . പക്ഷെ സകല പിള്ളേരും ഇതും കറക്കിക്കൊണ്ടു നടക്കുന്നതിനാൽ  ചില സ്‌കൂളുകൾ  ഇത് നിരോധിച്ചു എന്നും സൈറ്റ് പറയുന്നു . പിള്ളേരുടെ ശ്രദ്ധ മാറ്റാൻ ഇത് ഏറെ സാഹായകരമാണ് എന്ന് നിരീക്ഷണത്തിലൂടെ  പിടികിട്ടി .  “ദി  ന്യൂയോർക്കർ” പറയുന്നത് ട്രംപിന്റെ ഭരണമായതുകൊണ്ടാണ്  ഇതിനു ഇത്ര ഡിമാന്റ് എന്നാണ് ! (https://goo.gl/mHY5eA)  എന്തായാലും  ഈ വർഷത്തെ കളിപ്പാട്ടം ഫിഡ്ജെറ്റ്  സ്പിന്നർ തന്നെ !

താഴത്തെ ഫോട്ടോയിലെ കയ്യ് എന്റേതല്ല . ചിത്രം ഗൂഗിൾ തന്നതാണ് .  എന്റെ  വിരലുകളിലെ നഖമൊക്കെ വെട്ടി നല്ല ക്ളീൻ ആണ് .  യൂടൂബിൽ  ഇത് കറക്കുന്നതിന്റെ വിവിധപോസുകൾ  കാണാം . ഫ്ലിപ്പ് കാർട്ടിൽ  മുന്നൂറ്  രൂപമുതൽ  വില കാണിക്കുന്നുണ്ട് . നാട്ടിലെ കടകളിൽ എത്രയാണ്  വില എന്നറിയില്ല .

Image

ഒരു അഭിപ്രായം പറയൂ