Share the Knowledge

ചില ചിത്രങ്ങൾ ഒറ്റയടിക്ക് നമ്മെ അനേകവർഷങ്ങൾ പിന്നിലേയ്ക്ക്  കൊണ്ടുപോകും .  ചില സംഭവങ്ങൾ  ഓർമ്മിപ്പിക്കും . ഈ ചിത്രം നോക്കൂ . 1929 നവംബറിൽ അപകടത്തിൽപെട്ട  ഒരു കപ്പലിന്റെ  ഇന്നത്തെ സ്ഥിതിയാണിത്  . പസഫിക്കിലെ ഒറ്റപ്പെട്ട , ഇപ്പോൾ  വിജനമായ ഒരു ദ്വീപാണ് Nikumaroro. നീളത്തിൽ ഏകദേശം ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ്  ഒരു കോറൽ അറ്റോൾ ആണ് . അതായത് ദ്വീപിനുള്ളിൽ  ഒരു വലിയ ലഗൂൺ  ഉണ്ട് എന്നർത്ഥം . എന്നാൽ  ഒരു കപ്പലിന്  ഇതിനുള്ളിൽ പ്രവേശിക്കുക ദുഷ്‌കരമാണ് . 1929 നവംബർ  ഇരുപത്തിഒൻപതിനാണ്   ഒരു ബ്രിട്ടീഷ് ഫ്രയ്റ്റർ ആയ SS Norwich City ഒരു കൊടുങ്കാറ്റിൽ പെട്ട്  ഈ ദ്വീപിനടുത്തുള്ള  ഒരു പവിഴപ്പുറ്റിലേയ്ക്ക്  ഇടിച്ചു കയറിയത് . കപ്പലിനുള്ളിൽ  തീ പിടിച്ചതോടു  കൂടി , നാവികർ കടലിലേയ്ക്ക്  ചാടി ദ്വീപിലേക്ക്  നീന്തി രക്ഷപെട്ടു . അപകടത്തിൽ പതിനൊന്നോളം  ജീവൻ നഷ്ട്ടപെട്ടു  എങ്കിലും നീന്തി കരയിൽ ചെന്നവരെ ദിവസങ്ങൾക്കുള്ളിൽ  മറ്റൊരു കപ്പൽ വന്ന് രക്ഷപെടുത്തി .  മുങ്ങിപ്പോകാതെ പവിഴപ്പുറ്റിൽ ഇടിച്ചു നിന്നിരുന്ന കപ്പൽ   പിന്നീട് നൂറ്റാണ്ടുകളോളം ഒരു സൈൻ ബോർഡ്  പോലെ കടലിലെ  വഴികാട്ടിയായി  നിലകൊണ്ടു . എങ്കിലും കടൽത്തിരകളുമായി  മല്ലിട്ട്  ഇപ്പോൾ കപ്പലിന്റെ  ഭൂരിഭാഗവും  ദ്രവിച്ചു  പോയിക്കഴിഞ്ഞു .  ഗൂഗിൾ മാപ്പിലെ സാറ്റലൈറ്റ് വ്യൂവിൽ -4.660833, -174.544444 എന്ന  കോർഡിനേറ്റുകൾ  പരതിയാൽ  കപ്പൽ  കിടക്കുന്നത്  നമ്മുക്കും  കാണാവുന്നതാണ് (https://goo.gl/maps/gwRfBx2dpix) .

ഈ കപ്പലപകടം  നടന്നതിന്  പത്തു  വർഷങ്ങൾക്ക്  ശേഷം  മറ്റൊരു  പ്രധാന ദുരന്തത്തിന്  കൂടി ഈ ചെറുദ്വീപ്  സാക്ഷിയായി . ലോകം ചുറ്റാനിറങ്ങിയ Amelia Mary Earhart ,  സഞ്ചരിച്ചിരുന്ന ഇലക്ട്രാ  വിമാനം ഈ ദ്വീപിനടുത്തു  എവിടെയോ  വെച്ച് അപ്രത്യക്ഷമായി ! ലോകത്താദ്യമായി ഒറ്റയ്ക്ക്  അറ്റ്ലാൻറ്റിക്കിന്  മീതെ പറന്ന വനിതയായിരുന്നു അമീലിയ . അവസാന പറക്കലിൽ Howland Island ആയിരുന്നു  അവരുടെ ലക്‌ഷ്യം  എങ്കിലും  അവിടെ എത്തിച്ചേരുന്നതിന്  മുൻപേ വിമാനം  അപകടത്തിൽ പെടുകയാണ്  ഉണ്ടായത്  എന്ന് കരുതപ്പെടുന്നു .  വിമാനത്തിൽ അവരുടെ കൂടെ  Fred Noonan എന്നൊരു വൈമാനികനും ഉണ്ടായിരുന്നു . ഹൊവ്‌ലാൻഡ്  ദ്വീപിലും പസഫിക്കിലെ മറ്റനേകം ദ്വീപുകളുടെ പരിസരങ്ങളിലും മാസങ്ങളോളം  തിരഞ്ഞെങ്കിലും ഇവരെ  കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല .

എന്നാൽ The International Group for Historic Aircraft Recovery (TIGHAR) ഈ അടുത്തകാലം വരെയും നടത്തിയ അനേകം പര്യവേഷങ്ങളിൽ  നിന്നും  അവർ മുന്നോട്ടു വെക്കുന്ന തിയറി അനുസരിച്ച് , ഇരുവരും Nikumaroro ദ്വീപിലോ  അതിനടുത്തുവെച്ചോ  ക്രാഷ്  ലാൻഡ്  ചെയ്യുകയും ആഴ്ചകളോളം  ഈ ദ്വീപിൽ  താമസിക്കുകയും  ചെയ്തിരുന്നു എന്ന് തെളിയുന്നു .  കടുത്ത ശുദ്ധജലക്ഷാമം  ഉള്ള  ദ്വീപിൽ രോഗമോ പട്ടിണിയോ മൂലം അവർ കൊല്ലപ്പെട്ടിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത് . ദ്വീപിൽ നിന്നും കിട്ടിയ ചില പുരാവസ്തുക്കളിൽ തൊള്ളായിരത്തി  മുപ്പതുകളിലെ ഒരു സ്ത്രീയുടെ എന്ന് തോന്നിക്കുന്ന  ചില വസ്ത്രങ്ങളും മറ്റു ചില സാധനങ്ങളും ഇവർക്ക്  ലഭിച്ചിരുന്നു . എന്നാൽ  ഈ തിയറി തെറ്റാണ് എന്ന് കരുതുന്നവരും  ഉണ്ട് . എന്തായാലും  ഈ ദ്വീപിന്റെയും കപ്പലപകടത്തിന്റെതുമായി ഇന്റർനെറ്റിൽ  കാണുന്ന സകല ഫോട്ടോകളും TIGHAR  ടീമിന്റെ  സംഭാവനയാണ് .

ഗൂഗിൾ എർത്തിൽ ഇപ്പോൾ കാണുന്ന ഇമേജ് 2015 ൽ അപ്ഡേറ്റ് ചെയ്തതാണ്

 

Image

ഒരു അഭിപ്രായം പറയൂ