ആൽമരത്തിന് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ ?

Share the Knowledge

ചോദ്യം: “ആലിന് ചില പ്രത്യേകതകൾ ഉണ്ടെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ചില ശുദ്ധാത്മാക്കൾ ആൽ ശുദ്ധമായ ഓക്സിജൻ ആയ ഓസോൺ ആണ് പുറന്തള്ളുന്നത് എന്നൊക്കെ അടിച്ച് വിടാറുണ്ട്. ഇതിനെപ്പറ്റി?”

ഉത്തരം:
ചെടികളെ / വൃക്ഷങ്ങളെ തീറ്റഫാക്ടറികളായോ കസേരക്കുഞ്ഞുങ്ങളായോ കാണുന്നവർക്കു് ആൽമരം പോലുള്ള സ്ഥലം‌മുടക്കികളെക്കൊണ്ടു് യാതൊരു പ്രയോജനവുമില്ല. അത്രയും ഇടത്തു് ഒരു പുതിയ ഉപപ്രതിഷ്ഠയും ഭണ്ഡാരവും വെച്ചാൽ എത്രയോ ഇരട്ടി വരുമാനം ലഭിക്കും.

ഒറ്റനോട്ടത്തിൽ പരുക്കനെന്നുതോന്നിക്കുന്ന ഒരു ഊർജ്ജതന്ത്രജ്ഞന്റെ മുന്നിൽ മാജിൿ മരങ്ങൾ എന്നൊന്നില്ല. എന്നാൽ, ഒരു ഓർഗാനിൿ രസതന്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും ഓരോ ഇനം സസ്യവും വെവ്വേറെ ഉല്പന്നങ്ങളുടേയും പ്രക്രിയകളുടേയും ഓരോ വ്യൂഹങ്ങളാണു്.

ആൽമരത്തിനെ സംബന്ധിച്ച് എനിക്കറിയാവുന്ന ഒരേ ഒരു പ്രത്യേകത, അതു് മറ്റനേകം ചെടികൾക്കും ജന്തുക്കൾക്കും അതിഥിസാഹചര്യം ഒരുക്കുന്ന ഒരു സൂപ്പർ ജൈവവ്യൂഹമാണു് എന്നുള്ളതാണു്.

എന്നാൽ ഓസോണിന്റെ ഗുണഗണങ്ങളെപ്പറ്റി പറയാം:

ധാരാളമായി ഓസോൺ പുറത്തേക്കു വമിക്കുന്നതു് ആൽമരങ്ങളല്ല. ഫോസിൽ ഫ്യൂവൽ എഞ്ചിനുകളും ലേസർ പ്രിന്ററുകളും ഹൈ വോൾട്ടേജ് ഇലക്ട്രിക്കൽ ലൈനുകളും ഒക്കെയാണു്.
സമ്പുഷ്ട ഓക്സിജനല്ല ഓസോൺ. മറിച്ചു് ഓക്സിജന്റെ ഒരു ദരിദ്രവാസി രൂപമാണു്. ദ്വയാറ്റമികരൂപമായ ഓക്സിജന്റെ (O₂) രണ്ടു തന്മാത്രകൾക്കു് പ്രത്യേക ഊർജ്ജാവസ്ഥയിൽ, വേണമെങ്കിൽ പരസ്പരം ചേർന്നു് O₄ ആകാമായിരുന്നു. പക്ഷേ അങ്ങനെ ആവാൻ രസതന്ത്രതത്വങ്ങൾ സമ്മതിക്കില്ല. അതുകൊണ്ടു്, രണ്ടാമത്തെ തന്മാത്രയിലെ ആദ്യത്തെ ആറ്റം, ആദ്യത്തെ തന്മാത്രയിലെ രണ്ട് ആറ്റങ്ങളോട് ഒട്ടിനിൽക്കുന്നു. അങ്ങനെ O₃ എന്ന, ഓക്സിജന്റെ അലോട്രോപ്പ് രൂപം (trioxygen) ഉണ്ടാവുന്നു. ബാക്കിവന്ന ഒരു ആറ്റം വേറെ ഒരു O₂വിന്റെ പിറകേ പോയി അതുമായി ഒരുമിച്ചുകൂടുന്നു.

2O₂ + O₂ -> 2O₃.

ഒരു തരത്തിൽ പറഞ്ഞാൽ ഓക്സിജൻ വീണ്ടും കത്തിയതാണു് ഓസോൺ. അതായതു് ഓക്സിജന്റെ ഓക്സൈഡ്. എന്നാൽ, ഇനിയും ഓക്സീകരണത്തിനു തയ്യാറുള്ള, ഓക്സിജന്റെതന്നെ കൂടുതൽ ശക്തമായ, മറ്റൊരു രൂപമാണെന്നും വ്യാഖ്യാനിക്കാം.

ഇത്തരം ഒരു ജ്വലനദാഹി നമ്മുടെ ശരീരത്തിനു കൊള്ളില്ല. വായിലും മൂക്കിലും ശ്വാസനാളത്തിലും കണ്ണിലും മറ്റുമുള്ള ആർദ്രകോശങ്ങൾ ഓസോൺ ആക്രമണത്തിൽ തളർന്നുപോവും. അതിനാൽ, ഓസോൺ സമ്പർക്കത്തിൽ കണ്ണെരിച്ചിലും തൊണ്ടവരളലും ഒക്കെ ഫലം.

ഇതുകൂടാതെ, താഴ്‌ത്തലങ്ങളിലെ (Troposphere / Biosphere) ഓസോൺ വമനം കൃഷിയേയും ഭക്ഷ്യോല്പാദനത്തേയും അടക്കം ധാരാളം ഗുരുതരമായ പ്രശ്നങ്ങൾക്കു് കാരണമാവുന്നുണ്ടു്. അതായിരിക്കും അടുത്ത ‘അന്തരീക്ഷപ്രതിസന്ധി’. സമീപഭാവിയിൽ തന്നെ ആ വകുപ്പിൽ പുതിയൊരു പാരിസ്ഥിതികപരിഭ്രാന്തിക്കു കൂടി നമുക്കു തയ്യാറെടുക്കാം.

അതിനാൽ, ഓസോൺ ഒരു ദുഷ്ടവാതകമാണു്.
എന്നാൽ, അതേ ഓസോൺ ഉയർന്ന തലങ്ങളിൽ (Stratosphere) ഒരു സുഹൃദ്‌വാതകം കൂടിയാണു്.

ഹരിതവാതകങ്ങളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ ഉത്കണ്ഠ ഈയിടെമാത്രമാണു് വൈറൽ ആയിക്കൊണ്ടിരിക്കുന്നതു്. രണ്ടു ദശാബ്ദം മുമ്പ് ഓസോൺ ആയിരുന്നു താരം. ‘പാവം ഓസോൺ പാളി ഇല്ലാതാവുന്നേ’ എന്നായിരുന്നു മുറവിളി. ഇപ്പോഴും കുറേയൊക്കെ ബാക്കിയുണ്ടെങ്കിലും ഓസോൺ പാളികളുടെ പ്രശ്നം തൽക്കാലം പരിഹരിച്ചു എന്നു പറയാം.

16 മുതൽ 48 വരെ കിലോമീറ്റർ ഉയരത്തിൽ, ഉയർന്ന അന്തരീക്ഷത്തിൽ ഓസോൺ കുറേക്കൂടി ഉയർന്ന ഗാഢതയിൽ കാണാം. (ഉയർന്ന ഗാഢത എന്നാൽ വളരെ അധികമൊന്നുമില്ല. 2,10,000 ppm ഓക്സിജനൊപ്പം 10ppm ഓസോൺ. അത്രയേയുള്ളൂ. എന്നാൽ താഴ്‌ത്തലത്തിലെ 1 ppm ഗാഢതയുടെ പത്തിരട്ടിയാണതു്).

സൂര്യനിൽനിന്നു വരുന്ന അൾട്രാ-വയലറ്റു് തരംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഓക്സിജനു് ഭാഗികവിഘടനവും ഭാഗികസംയോജനവും സംഭവിച്ചാണു് ഇങ്ങനെ ഓസോൺ ഉല്പാദിപ്പിക്കപ്പെടുന്നതു്. ആ ഓസോൺ കൂടുതൽ അൾട്രാ-വയലറ്റ് തരംഗങ്ങളുമായി സമ്പർക്കത്തിൽപെട്ട് വീണ്ടും ഓക്സിജനായി മാറുന്നുമുണ്ടു്. ഈ പ്രക്രിയയിൽ അൾട്രാ-വയലറ്റ് കിരണങ്ങളുടെ ശക്തി നശിക്കുകയും അവ ഭൂതലത്തിലേക്കു് എത്തിപ്പെടാതിരിക്കുകയും ചെയ്യുന്നു. ജീവികൾക്കു് അത്യന്തം അപകടകരമായ ഈ വികിരണങ്ങൾ തടഞ്ഞുനിർത്തുന്നതിനാൽ ഈ ഓസോൺ മണ്ഡലത്തെ ഓസോൺ കവചം എന്നും വിളിക്കാറുണ്ടു്.

വ്യവസായയുഗത്തിലെ മനുഷ്യർ ധാരാളമായി ഫ്രിഡ്ജുകൾ, എയർ കണ്ടീഷണറുകൾ, എയറോസോൾ സ്പ്രേ തുടങ്ങിയവ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അവയിലെ ക്ലോറോ-ഫ്ലൂറോ-കാർബൺ കണികകൾ മേൽപ്പറഞ്ഞ ഓസോൺ പാളികളിൽ എത്തിപ്പെടാൻ തുടങ്ങി. ഓസോൺ തന്മാത്രകളുമായി പ്രതിപ്രവർത്തിച്ച് അവയുടെ എണ്ണം കുറഞ്ഞുപോവുന്നു എന്നതായിരുന്നു ഇതിന്റെ ഫലം. അങ്ങനെ ഓസോൺ കണികകളുടെ ഗാഢത തീരെക്കുറഞ്ഞുപോയ മേഖലകളാണു് ‘ഓസോൺ പാളിയിലെ വിള്ളൽ’.

എന്നാൽ നാം കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളിൽ, രസതന്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ രാജ്യാന്തരസഹകരണത്തിന്റെ ഉദാഹരണം എന്നപോലെ, CFC വമനമുണ്ടാക്കുന്ന പദാർത്ഥങ്ങൾ ഒഴിവാക്കുകയും ഓസോൺ പാളികൾ മിക്കവാറുമൊക്കെ പുനഃസ്ഥാപിക്കുകയും ചെയ്തു.

അതായതു്,

1. ആൽമരങ്ങൾ ഓസോൺ ഉല്പാദിപ്പിക്കുന്നില്ല.

2. ഉയർന്ന അന്തരീക്ഷത്തിലെ (Statosphere) ഓസോൺ, ബാഹ്യാകാശത്തുനിന്നുവരുന്ന അൾട്രാ-വയലറ്റ് തരംഗങ്ങളെ നിർവീര്യമാക്കുന്നുണ്ടു്. അതിനാൽ, ആ നിലയിൽ, ‘അവിടെയുള്ള’ ഓസോൺ ഭൂമിയിലെ ജീവനത്തിനെ സഹായിക്കുന്നുണ്ടു്. അതു് നല്ല ഓസോൺ ആണു്.

3. ഈയിടെ, മനുഷ്യന്റെ യന്ത്രസാങ്കേതികവിദ്യകൾ മൂലം താഴ്‌ത്തലത്തിൽ ധാരാളം ഓസോൺ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടു്. ഇടിമിന്നൽ ഒഴിച്ചുനിർത്തിയാൽ, താഴ്‌ത്തലത്തിലെ ഓസോണിന്റെ സ്രോതസ്സ് മനുഷ്യന്റെ കൈക്കുറ്റപ്പാടുകൾ മാത്രമാണു്. താഴ്‌ത്തലത്തിലെ ഓസോൺ നമ്മുടെ ആരോഗ്യം, കൃഷി, കാലാവസ്ഥ തുടങ്ങിയവയെ ബാധിക്കുന്നുണ്ടു്. നഗരങ്ങളിലെ പുകമഞ്ഞിന്റെ (smog) മുഖ്യകാരണങ്ങളിലൊന്നു് ഈ ഓസോണാണു്.

4. ഓസോണും ഒരു ഹരിതഗൃഹവാതകമാണു്. CO2വിന്റെ നാനൂറിലൊരു അംശം മാത്രമാണുള്ളതെങ്കിൽപ്പോലും ഓസോണിന്റെ താപനപ്രഭാവം ഒട്ടും നിസ്സാരവൽക്കരിക്കേണ്ടതല്ല.ആലിന്റേയും അത്തിയുടേയും മേലുള്ള മനുഷ്യന്റെ ആശ്രിതത്വം തുടങ്ങുന്നതു് അവൻ ഉണ്ടായിത്തീരുന്നതിനും അനേകദശലക്ഷം വർഷങ്ങൾക്കു മുമ്പുതന്നെ ആണു്.

ദിനോസാറുകൾക്കുശേഷം ജീവലോകത്തിന്റെ സ്ഥൂലമായ ആധിപത്യം ഏറ്റെടുത്തുവെന്നു പറയാവുന്നതു് സസ്തനികളായിരുന്നു. എന്നാൽ അവയിൽ തന്നെ മാംസഭുക്കുകളായ വലിയ ഹിംസ്രമൃഗങ്ങൾ ഭൂനിരപ്പിലെ ഭക്ഷ്യശൃംഖലയുടെ അനിഷേദ്ധ്യനേതാക്കളായി. അവയുടെ മുന്നിൽ പെടാതെ ജീവിക്കാൻ യാതൊരു വഴിയുമില്ലാതായ ലെമൂറുകൾ പോലുള്ള കൊച്ചുകുരങ്ങുകൾ അങ്ങനെ കൊടുംകാടുകളിലെ നാല്പാമരങ്ങളിൽ അവയുടെ ആവാസസ്ഥാനം സ്ഥിരമാക്കി.
ഭക്ഷണമടക്കമുള്ള എല്ലാ ജീവിതപ്രശ്നങ്ങൾക്കും ഈയിനത്തിൽ പെട്ട മരങ്ങളുടെ ഉയർന്ന പച്ചിലമേൽക്കൂരകൾ അവരുടെ പരിഹാരമായി.

അത്തി, ഇത്തി, അരയാൽ, പേരാൽ ഇവയാണു് നമ്മുടെ നാട്ടിൽ നാല്പാമരങ്ങൾ എന്നറിയപ്പെടുന്നതു്. നാലു പഴയ മരങ്ങൾ എന്നോ നാലു പാഴ്മരങ്ങൾ എന്നോ ആവാം ഈ പേരിന്റെ നിരുക്തം എന്നു് അമ്മ ഒരിക്കൽ സൂചിപ്പിച്ചിട്ടുണ്ടു്.

എന്തായാലും, അത്തിയിത്തിയാൽ വൃക്ഷങ്ങളിലെ ജീവിതം അവരെ ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമം മാത്രമല്ല പഠിപ്പിച്ചതു്. ഇന്നു് നമുക്കിടയിൽ കാണുന്ന പരസ്പരസഹായസംസ്കാരം തുടങ്ങിവെച്ചതു് അക്കാലത്തായിരുന്നു.

മൂന്നോ നാലോ കോടിവർഷങ്ങളെങ്കിലും ആ കൊച്ചുകുരങ്ങന്മാർ ഇപ്രകാരം ജീവിച്ചിട്ടുണ്ടാവാമെന്നാണു് ഇന്നു ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നതു്.

പിൽക്കാലത്തു് തുടർച്ചയായ വരൾച്ച ആഫ്രിക്കൻകാടുകളെ കുറെശ്ശെക്കുറെശ്ശെയായി ഇല്ലാതാക്കി. അതിനുപകരം ആളുയരമുള്ള പുൽക്കാടുകളായ സാവന്നകൾ എമ്പാടും പരന്നു. മരഞ്ചാടികൾക്കു് ആ പുൽക്കൂട്ടങ്ങളിലേക്കു് ഇറങ്ങിവരേണ്ടിവന്നു. പെട്ടെന്നു് ഭക്ഷണം വീണ്ടും ഒരു പ്രശ്നമായി. കൂടാതെ, വേട്ടക്കാരായ മൃഗങ്ങളുടെ നിരന്തരമായ ഭീഷണിയും. കുറഞ്ഞ ഊർജ്ജത്തിൽ കൂടുതൽ ജോലി ചെയ്യേണ്ട പുതിയ സാഹചര്യം അവർ അഭിമുഖീകരിച്ചതു് രണ്ടുകാലുകളിൽ എണീറ്റു നിൽക്കാൻ പഠിച്ചിട്ടായിരുന്നു.

അവിടെ നിന്നാണു നമ്മുടെ നീണ്ട യാത്രയുടെ തുടക്കം.
അത്തിപ്പഴത്തിന്റെയും ആലിൻ‌കായ്കളുടേയും ആ ക്ഷാമകാലത്തുനിന്നും.

പഴയ ആ കാലത്തിന്റെ സ്മരണികപോലെ ഇന്നും ജീവിതകാലത്തു് ഒരിക്കലും നിലത്തിറങ്ങാത്ത കുരങ്ങുവംശങ്ങൾ ജീവിച്ചിരിപ്പുണ്ടു്. ആറ്റൻബറോയുടെ പ്ലാനറ്റ് എർത്ത് – രണ്ടാം നിരയിൽ അത്തരം കുരങ്ങുകുടുംബങ്ങളുടെ ഹൃദയസ്പർശിയായ ജീവിതസമരരംഗങ്ങൾ കാണാം.

 

Image

ഒരു അഭിപ്രായം പറയൂ