ആൽമരം

Share the Knowledge


എഴുതിയത്  : Vinaya Raj V Rഭൂമിയിലെ ജീവന്റെ ചരിത്രമെടുത്താല്‍ അതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വൃക്ഷങ്ങള്‍ ആല്‍മരങ്ങളാണെന്നു കാണാം. ഏതാണ്ട്‌ 750-800 തരം ആലുകളാണ്‌ ഭൂമിയിലാകെ ഉള്ളത്‌. മിക്ക മരങ്ങളും അവരുടെ പൂക്കളെ ശ്രദ്ധേയമായ രീതിയില്‍ പുറത്തുകാണിക്കുകയും വേരുകളെ ആരും കാണാതെ മണ്ണിനടിയില്‍ ഒളിപ്പിക്കുകയും ചെയ്യുമ്പോള്‍ ആലുകള്‍ തങ്ങളുടെ പൂക്കളെ ആരും കാണാതെ സൂക്ഷിക്കുകയും വേരുകള്‍ ഏവര്‍ക്കും കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇരുട്ടുപിടിച്ച കാടിന്റെ നിലത്ത്‌ നിന്നും വളര്‍ന്നുതുടങ്ങിയാല്‍ എങ്ങും എത്താനാവില്ലെന്നു മനസ്സിലാക്കിയ ആലുകള്‍ തങ്ങളുടെ വിത്തുകള്‍ പക്ഷികള്‍ കാഷ്ടിക്കുന്നതുവഴി വലിയ മരങ്ങളുടെ ഉയരമുള്ള ഇടങ്ങളിലെ പോടുകളില്‍ വളര്‍ന്നു തുടങ്ങുകയും ഒരു സാധുവിനെപ്പോലെ തന്റെ കൊച്ചുവേരുകള്‍ പതിയെ താഴോട്ടു വളര്‍ത്തി മണ്ണിലെത്തിക്കുകയും ഒരിക്കല്‍ എത്തിപ്പെട്ടാല്‍പ്പിന്നെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തന്നെ വളരാന്‍ അനുവദിച്ച മരത്തിനെ ചുറ്റിക്കെട്ടി വരിഞ്ഞുമുറുക്കി നശിപ്പിക്കുകയും ചെയ്യുന്നു.

ഓരോതരം ആല്‍മരത്തിനും പരാഗണം നടത്താന്‍ ഓരോ ഇനം കടന്നല്‍ വേണമെന്ന കാര്യം ഇന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്‌. എട്ടുകോടി വര്‍ഷങ്ങള്‍ക്കുമുന്‍പു ആലുകളും ഈ കടന്നലുകളും ഒരുമിച്ചു പരിണമിച്ചു തുടങ്ങിയവരാണ്‌. അന്യോന്യം ഊന്നുവടികളായി നിന്നുകൊണ്ട്‌ അവ ഭൂമിയിലെ ജീവന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു. ഈ കടന്നലുകള്‍ ഉണ്ടായാല്‍ മാത്രമേ പരാഗണം നടക്കൂ എന്നത്‌ ആലിന്റെ മുകളില്‍ വലിയ ബാധ്യതയായി. ഈ പ്രാണികളെ എങ്ങനെയെങ്കിലും പിടിച്ചുനിര്‍ത്തിയേ പറ്റൂ അല്ലെങ്കില്‍ തങ്ങളുടെ വംശം തന്നെ ഒടുങ്ങും. അതിനായി വര്‍ഷം മുഴുവന്‍ പുഷ്പിക്കുകയാണ്‌ അവ കണ്ട ഒരു മാര്‍ഗ്ഗം. ഏതുകാലത്തും പൂക്കളും ഫലങ്ങളും ഉള്ളതിനാല്‍ അവതിന്നാന്‍ നിറയെ പക്ഷികളും മറ്റു ജീവികളും ആലിനെ ആശ്രയിക്കുന്നതു പതിവായി. അങ്ങനെ കാട്ടിലെ വറുതിയുടെ കാലത്തും എല്ലാത്തരം ജീവികള്‍ക്കും വേണ്ട ഭക്ഷണമൊരുക്കുന്ന കല്‍പ്പവൃക്ഷങ്ങളയി ആലുകള്‍ മാറി. ആലുകളെ ആഹരിക്കുന്ന 1200 ഓളം ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഇങ്ങനെ ഫലം തിന്നുന്ന ജീവികള്‍ ആലിന്റെ വിത്തുകള്‍ വളരെ ദൂരങ്ങളിലേക്കു വ്യാപിക്കാന്‍ സഹായിച്ചു. പഴം തിന്നാന്‍ വരുന്ന ജീവികള്‍ മറ്റു ചെടികളുടെ വിത്തുകള്‍ ഇങ്ങോട്ടും കൊണ്ടുവന്നു തുടങ്ങി അങ്ങനെ ആലിനുചുറ്റും ഒരു വലിയ ജൈവവൈവിധ്യമേഖല തന്നെ ഉടലെടുത്തു. മറ്റേതൊരു വൃക്ഷത്തേക്കാളും ജീവികള്‍ ആശ്രയിക്കുന്ന മരമായി ആലുകള്‍ മാറി. ആല്‍മരങ്ങള്‍ ഇല്ലാതായാല്‍ ജീവജാലങ്ങള്‍ എല്ലാംതന്നെ ഓരോന്നോരാന്നായി ഇല്ലാതാവാം. ഏറ്റവും ആദ്യം മനുഷ്യന്‍ വളര്‍ത്താന്‍ തുടങ്ങിയ സസ്യങ്ങളില്‍ ഒന്നാണ്‌ ആലുകള്‍. മനുഷ്യന്‌ വലിയ തലച്ചോര്‍ ഉണ്ടാവാന്‍ ആലിന്റെ ഫലങ്ങള്‍ സഹായിച്ചിട്ടുണ്ടാവാം എന്നു കരുതുന്നു. സിക്കമോര്‍ ഫിഗ്‌ എന്നതരം ആല്‍മരം 5000 വര്‍ഷങ്ങള്‍ക്കുമുന്‍പേ ഭക്ഷ്യാവശ്യത്തിന്‌ ഈജിപ്തില്‍ ഉപയോഗിച്ചുവരുന്നു. ഈ മരം ജീവന്റെ വൃക്ഷം എന്നാണ്‌ അവിടെ അറിയപ്പെടുന്നത്‌. ഈജിപ്തിലെ കൃഷിയുടെ മുഖ്യധാരയില്‍ ആലുകള്‍ക്കു സ്ഥാനം ഉണ്ടായിരുന്നു. പുരാതന റോമക്കാരും ഗ്രീക്കുകാരും ആല്‍വര്‍ഗ്ഗത്തിലെ ഒരംഗമായ അത്തിപ്പഴം സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിച്ചതാണെന്നു കരുതുന്നു. പല സംസ്കാരങ്ങളിലും ആലുകള്‍ ധാരാളം രോഗങ്ങള്‍ക്കുള്ള ഔഷധമായും ഉപയോഗിച്ചുവന്നിരുന്നു. ആല്‍മരങ്ങള്‍ മുറിക്കുന്നതിനെതിരെ പലനാടുകളിലെയും ഐതിഹ്യങ്ങളില്‍ ധാരാളം കഥകള്‍ ഉണ്ട്‌. ഏതു കഠിനപരിതസ്ഥിതികളിലും പിടിച്ചുനില്‍ക്കാനും വളര്‍ന്നുവരാനും തന്റെയൊപ്പം ജൈവലോകത്തിന്റെ വൈവിധ്യങ്ങളെ മുഴുവന്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ആലിന്റെ കഴിവ്‌ മനസ്സിലാക്കിയവര്‍ ഇന്ന് നഷ്ടമായ കാടുകളെ തിരികെ കൊണ്ടുവരാനായി ആലുകളെ നട്ടുവളര്‍ത്താനാണ്‌ ശുപാര്‍ശ ചെയ്യുന്നത്‌.

ഇങ്ങനെ ജീവന്‍ ഉണ്ടാവാനും പരിപോഷിക്കാനും കാരണമായ ആല്‍മരങ്ങള്‍ തന്നെയാണ്‌ നഷ്ടമായ സംസ്കാരങ്ങളെ മണ്‍മറയാനും കുഴിച്ചുമൂടാനും സഹായിക്കുന്നത്‌. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളുടെയും മതിലുകളുടെയും വിടവുകളില്‍ രൂപമെടുക്കുന്ന പാവംപിടിച്ച ആലിന്റെ തൈകള്‍ വേരുനിലത്തുതൊടുന്ന നിമിഷം തൊട്ട്‌ മുഴുവന്‍ നിയന്ത്രണങ്ങളും ഏറ്റെടുത്ത്‌ മതിലിനെയും ചുമരുകളെയും പിളര്‍ത്തി നിലംപരിശാക്കുന്നു. മുകളില്‍ പറഞ്ഞതുപോലെ മറ്റുജീവികളെല്ലാം ആലിനു ചുറ്റും എത്തുകയും അവര്‍ കൊണ്ടുവരുന്ന വിത്തുകള്‍ അവിടം ക്രമേണ ഒരു വനമാക്കിമാറ്റുകയും പഴയ സംസ്കൃതികളെ മണ്ണിനടിയിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ ജീവന്റെയും സംസ്കാരത്തിന്റെയും ജനനം മുതല്‍ അവസാനം വരെ അതീവപ്രാധാന്യമുള്ള മാഹവൃക്ഷമാണ്‌ ആല്‍ എന്നു മനസ്സിലാക്കിയതുകൊണ്ടാവാം പേരാലിനെ ഇന്ത്യയുടെ ദേശീയവൃക്ഷമായി കരുതിപ്പോരുന്നത്‌.എഴുതിയത്  : Vinaya Raj V R 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ