“കേരളത്തിലും (ഇന്ത്യയിലും) ഓരോ വർഷം കഴിയുംതോറും മഴ കുറഞ്ഞുവരികയാണു്”. ശരിയോ തെറ്റോ?

Share the Knowledge

ഒരു ലിറ്റർ പെട്രോൾ കത്തിക്കുമ്പോൾ ഒന്നര കിലോ നീരാവിയും 2.3 കിലോ കാർബൺ ഡയോക്സൈഡും ഉണ്ടാവും. വലിയൊരു കൂറ്റൻമരം ഒരു ദിവസം ആവിയാക്കിക്കളയുന്ന വെള്ളം ഏകദേശം 150 ലിറ്റർ വരും. അതായതു് 100 ലിറ്റർ പെട്രോൾ ചെലവാക്കുമ്പോൾ ഒരു മരത്തിന്റെ സ്വേദനത്തിനു സമമായ വെള്ളം അന്തരീക്ഷത്തിലെത്തും. (ഇതു് ഭൗതികമാറ്റത്തിലൂടെയല്ല, ലക്ഷക്കണക്കിനു വർഷം ഫോസ്സിൽ അവശിഷ്ടമായി ഉറങ്ങിക്കിടന്നിരുന്ന ഹൈഡ്രജനും അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുത്ത ഓക്സിജനും ചേർന്നു് രാസമാറ്റത്തിലൂടെ പുതുതായി ഉണ്ടായതാണെന്നു് ഓർക്കണം).
ഇതുപോലെത്തന്നെ വിറകായാലും ഗ്യാസായാലും നമ്മുടെ സ്വന്തം ശരീരമായാലും എല്ലാം ധാരാളം ജലം ബാഷ്പമായി പുറത്തുവിട്ടുകൊണ്ടിരിക്കുന്നുണ്ടു്. ഇതെല്ലാം മനുഷ്യന്റെ പ്രവൃത്തികൾ മൂലം കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്നതാണു്. ഓരോ വർഷവും ഇതിന്റെ അളവു് പ്രാകൃതികവും സ്വാഭാവികവുമായ ബാഷ്പീകരണത്തിന്റെ കൂടെ അധികമായി കൂടിക്കൊണ്ടിരിക്കും. ഇന്നല്ലെങ്കിൽ നാളെ ഇതൊക്കെ മഴയായി താഴെ വീഴുകതന്നെ വേണം.
അതിനാൽ, മൊത്തം വാർഷികമായ കണക്കെടുത്താൽ മഴയുടെ അളവു് ഓരോ വർഷവും വളരെ വളരെ നേരിയ നിരക്കിൽ കൂടുകതന്നെയാണു്.
കാലാവസ്ഥാമാറ്റം, അണക്കെട്ടുകൾ, വനനശീകരണം തുടങ്ങിയവ മൂലം മൊത്തം വാർഷികവർഷപാതം (മഴ) കുറയുന്നു എന്നു പരാതി പറയുന്നവർ വലിയ യുക്തിയുടെ അടിസ്ഥാനത്തിലൊന്നുമല്ല അതു് ഉന്നയിക്കുന്നതു്.
(എന്നാൽ, കേരളം പോലുള്ള സ്ഥലങ്ങളിൽ മഴ പെയ്യുന്ന മാസങ്ങൾ, നിശ്ചിതസമയം പെയ്യുന്നതിന്റെ നിരക്കു് എന്നിവ വ്യത്യാസപ്പെടുന്നുണ്ടു്. അതിനു കാരണം ഇടനാടുകളോ തീരപ്രദേശങ്ങളോ അല്ല, മൂന്നാർ, പറമ്പിക്കുളം പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ നടക്കുന്ന വ്യാപകമായ വനനശീകരണവും മനുഷ്യാധിനിവേശനവുമാണു്).നമ്മൾ ഉഴപ്പിവിട്ടുകളഞ്ഞ ഒരു അടിസ്ഥാനപാഠം“സൂര്യന്റെ ചൂടുകൊണ്ടു് കടലിലെ വെള്ളം നീരാവിയായി മേൽപ്പോട്ടുപൊങ്ങി മേഘമാവുന്നു. കാറ്റ് മേഘത്തിനെ മലയിലേക്കു കൊണ്ടുപോവുന്നു. മല അതിനെ തണുപ്പിക്കുന്നു. അപ്പോൾ ആ നീരാവി വെള്ളമായി താഴോട്ടു പതിക്കുന്നു. ഇതിനെ നമ്മൾ മഴ എന്നു പറയുന്നു.” – രണ്ടിൽ പഠിക്കുമ്പോൾ തങ്കം ടീച്ചർ ക്ലാസ്സിലെ 32 കുട്ടികളേയും സ്കൂൾ മൈതാനത്തെ പ്ലാവിന്റെ ചുവട്ടിൽ വട്ടത്തിലിരുത്തി എല്ലാ ആഴ്ചയും കൃത്യമായി ചൊല്ലിച്ച് കാണാപ്പാഠം പഠിപ്പിച്ച ‘പ്രതിജ്ഞ’യാണിതു്. “ഇന്ത്യ എന്റെ രാജ്യമാണു്” പഠിക്കുന്നതിനും മുമ്പ് ഹൃദിസ്ഥമാക്കിയതു്. മുഴുവൻ അർത്ഥമറിയാതെ കാണാപ്പാഠം പഠിച്ച ‘സഹോദ്രീസഹോദ്ര’ന്മാരുടെ പ്രതിജ്ഞ പൂർണ്ണമായും ഇപ്പോൾ ഓർമ്മയില്ല. പക്ഷേ ഈ മഴപ്രതിജ്ഞ ഏതുറക്കത്തിലും ഇപ്പോഴും പറയാം.
പക്ഷേ, വിശദമായി ഒന്നു പിന്തിരിഞ്ഞാലോചിക്കുമ്പോൾ, എഞ്ചിനീയറിങ്ങ് ബിരുദം വരെയുള്ള മൊത്തം വിദ്യാഭ്യാസകാലത്തു് മഴയുടെ ഫിസിക്സിനെക്കുറിച്ച് സ്കൂളിലും കോളേജിലും ആകെ പഠിച്ച പാഠം ഇതു മാത്രമാണു് എന്നു് ഇപ്പോൾ തിരിച്ചറിയുന്നു.
മഴ പെയ്യുന്നതു് അത്ര ലളിതമായ ഒരു സംഭവമാണോ? ഒന്നാലോചിച്ചാൽ വളരെ ലളിതമാണു്. എന്നാലോ അത്ര ലളിതമല്ല താനും. വളരെ സങ്കീർണ്ണമായ ഒരു പ്രതിഭാസമാണു് മഴ.
മഴയെക്കുറിച്ചു പഠിക്കുന്നതിനുമുമ്പ് ചില അടിസ്ഥാനപാഠങ്ങൾ കൂടി പഠിക്കേണ്ടി വരും. അവയൊന്നും അത്ര വിഷമമുള്ളതല്ല. മാത്രമല്ല, അറിഞ്ഞിരുന്നാൽ നിത്യജീവിതത്തിലെ ഒരു പാടു് കാര്യങ്ങളിൽ ഉപകാരവും വരും.
ആ പാഠങ്ങളിൽ ചിലതൊക്കെ നമ്മെ പഠിപ്പിച്ചതുപോലും തെറ്റായിട്ടാണു്. അതിനാൽ, ഒരിക്കൽ കൂടി നമുക്കു് സ്കൂൾപ്രായത്തിലേക്കു തിരിച്ചുപോവാം.
ഖരവും ദ്രാവകവും വാതകവും ഖരവും ദ്രാവകവും വാതകവും തമ്മിൽ ശരിക്കും എന്താണു വ്യത്യാസം?
അതു മനസ്സിലാക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു ഉദാഹരണം പറയാൻ ശ്രമിക്കാം. ഈ ഉദാഹരണം ഓർത്തുവെച്ചാൽ, MTech വരെയുള്ള എല്ലാത്തരം എഞ്ചിനീയറിങ്ങിനും സയൻസിനും, (എന്തിനു്, എക്കണോമിക്സും കൊമേഴ്സും അടക്കം ഒരു വിധം എല്ലാ വിഷയങ്ങൾക്കും) ഉപയോഗം വരും.
ഒരു പദാർത്ഥത്തിന്റെ തന്മാത്രകൾ ഒരു ക്ലാസ്സ് മുറിയിലെ കുട്ടികളാണു് എന്നു സങ്കൽപ്പിക്കാം. ഒന്നാം മണിയടിക്കുമ്പോൾ കുട്ടികളെല്ലാം ക്ലാസിൽ എത്തിയിരിക്കണം എന്നാണു നിയമം. ക്ലാസ്സിൽ എത്തിയാൽ മതി. വേണമെങ്കിൽ അതിനുള്ളിൽ അത്യാവശ്യം ഓടിക്കളിക്കുകയോ വർത്തമാനം പറയുകയോ ഒക്കെ ആവാം. പക്ഷേ, രണ്ടാം മണിയടിക്കുമ്പോൾ ടീച്ചർ ക്ലാസ്സിൽ വരും. അപ്പോൾ എല്ലാവരും നിശ്ശബ്ദത പാലിച്ചു് അവനവന്റെ ബെഞ്ചുകളിൽ ഇരുന്നോളണം. ഇത്രയുമാണു് സ്കൂളിലെ പ്രധാന നിയമങ്ങൾ.
ഈ സ്കൂൾനിയമത്തെ നമുക്കു് ബാഹ്യമർദ്ദം എന്നു സങ്കൽപ്പിക്കാം.
പക്ഷേ, കുട്ടികളും ജീവനുള്ള വസ്തുക്കൾ തന്നെയാണു്. സ്വാതന്ത്ര്യത്തിനു പറയുന്ന മറ്റൊരു വാക്കാണു് ജീവൻ. സ്വാതന്ത്ര്യമുണ്ടെെങ്കിലേ ജീവനുള്ളൂ. ജീവനുണ്ടെങ്കിലേ സ്വാതന്ത്ര്യവുമുള്ളൂ. അതിനാൽ, എന്തെങ്കിലും ചാൻസുണ്ടെെങ്കിൽ, പുറത്തിറങ്ങി ഓടിക്കളിക്കണം എന്നാണു കുട്ടികളുടെ വിചാരം. അതിനു പറ്റിയില്ലെങ്കിൽ, ചുരുങ്ങിയ പക്ഷം ബെഞ്ചിൽ നിന്നുമെണീറ്റ് ക്ലാസ്സിനുള്ളിൽ തന്നെ മറ്റു കൂട്ടുകാരുമായി ഇടികൂടിക്കളിക്കാൻ പറ്റിയാലും മതി.
ഈ സ്വാതന്ത്ര്യദാഹത്തെ നമുക്കു് ചൂട് അല്ലെങ്കിൽ താപനില എന്നു പറയാം.
ഓരോ തന്മാത്രകളും പ്രത്യേകമായി ഒരു പാറ്റേണിൽ അടങ്ങിയൊതുങ്ങി ബെഞ്ചിലിരിക്കുന്നതു് ഖരാവസ്ഥക്കു തുല്യമാണു്. അങ്ങോട്ടുമിങ്ങോട്ടും ഒന്നനങ്ങാൻ പോലുമാവാത്ത സാഹചര്യമാണതു്. (അഥവാ ഒരുത്തനൊന്നങ്ങിയാൽ , മറ്റു കൂട്ടുകാരൊക്കെക്കൂടി അവനെ ബലമായി വീണ്ടും സീറ്റിൽ പിടിച്ചിരുത്തും. കാരണം, ഐകമത്യമാണു് മഹാബലം എന്നവർക്കറിയാം. പ്രത്യേകിച്ച്, സാഹചര്യം അനുകൂലമല്ലാത്തപ്പോൾ).
ക്ലാസ്സിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നതു് ദ്രാവകാവസ്ഥയ്ക്കു തുല്യമാണു്. ക്ലാസ്സ് എന്ന പാത്രത്തിൽനിന്നു പുറത്തുപോവാതെ, അതിനുള്ളിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കാനും അഥവാ അങ്ങനെ താല്പര്യമില്ലെങ്കിൽ, ഒരിടത്തുതന്നെ ചടഞ്ഞുകൂടിയിരിക്കാനും കുട്ടികൾക്കു സ്വാതന്ത്ര്യമുണ്ടു്.
ക്ലാസ്സിൽ നിന്നുതന്നെ പുറത്തിറങ്ങി വരാന്തയിലോ കളിപ്പറമ്പിലോ ഓടിക്കളിക്കാൻ അവസരം ലഭിക്കുന്നതു് വാതകാവസ്ഥയ്ക്കു തുല്യമാണു്. കുട്ടികൾക്കു് ഇപ്പോൾ നല്ല ‘സ്പീഡു’ണ്ടാവും. അങ്ങോട്ടുമിങ്ങോട്ടും കൈയ്യിലടിച്ചും ഓടിയും തിരിച്ചുതൊട്ടും അവർക്കു് ‘ഓട്ടപ്രാന്തി’ കളിക്കാം.
ഇനി ഈ ഫിസിക്സ് പഠിക്കാൻ എളുപ്പമാണു്. ഒരു പദാർത്ഥത്തിന്റെ ഖര-ദ്രാവക-വാതക അവസ്ഥകൾ ഉണ്ടാവുന്നതു് ഇതേ വിധത്തിലാണു്.
ഒന്നുകിൽ സ്കൂൾ നിയമങ്ങൾ വഴിയുള്ള മർദ്ദത്തിൽ മാറ്റം വരുത്താം. അല്ലെങ്കിൽ പിള്ളേരുടെ സ്വാതന്ത്ര്യത്താപനില ക്രമീകരിക്കാം. ഇതു രണ്ടുമനുസരിച്ച് കുട്ടികൾ അടങ്ങിയൊതുങ്ങിയിരിക്കുകയോ ഓടിക്കളിക്കുകയോ ചെയ്തുകൊള്ളും.

ചൂടും താപനിലയും

ചൂടും താപനിലയും ഒന്നല്ല.
ഒരു കൂട്ടം തന്മാത്രകുഞ്ഞുങ്ങളുടെ പക്കലുള്ള, വേണമെങ്കിൽ അവർക്കു ചെലവാക്കാൻ സ്വാതന്ത്ര്യമുള്ള ഊർജ്ജത്തിന്റെ അളവാണു് ചൂടു്. തന്മാത്രക്കുട്ടികളുടെ കാര്യത്തിൽ അവരുടെ ‘മനോധൈര്യം’ അല്ലെങ്കിൽ ‘ശക്തി’ എന്നു വിചാരിക്കാം. തന്മാത്രകളുടെ ഊർജ്ജത്തിന്റെ ‘ലെവൽ’ ആണു് താപനില. എത്ര ഊർജ്ജമുണ്ടോ അതിനനുസരിച്ച് അവയുടെ താപനിലയും കൂടും. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ‘വിശപ്പില്ലായ്മ’ ഉണ്ടാവുന്നതുപോലെ. ഭക്ഷണം ചൂട് എന്ന ഊർജ്ജത്തിനു സമാനമാണെങ്കിൽ, ‘വിശപ്പില്ലായ്മ’ താപനില പോലെ, ഒരു അവസ്ഥയാണു്. തന്മാത്രക്കുഞ്ഞുങ്ങൾക്കു് ധൈര്യം കൂടുന്നതിനനുസരിച്ച്, എന്തെങ്കിലും വഴി ഉണ്ടെെങ്കിൽ, ഒരിടത്തു് കൂനിക്കൂടിയിരിക്കുന്നതിനുപകരം എണീറ്റു കറങ്ങാനും, കഴിയുമെങ്കിൽ ക്ലാസ്സിനു പുറത്തുപോയി ചുറ്റിനടക്കാനും ആഗ്രഹവും കൂടും. അവർക്കു് ആകെയുള്ള പ്രതിബന്ധം സ്കൂളിലെ നിയമങ്ങളാണു്. ചുരുക്കത്തിൽ, അവരുടെ ധൈര്യവും സ്കൂളിലെ നിയമങ്ങളും തമ്മിൽ നിരന്തരം ഒരു മത്സരത്തിലാണു്. ആരു് എത്രകണ്ടു വിജയിക്കുന്നോ എന്നതിനനുസരിച്ചാവും കുട്ടികൾ ക്ലാസ്സിലിരിക്കുകയോ പുറത്തു കറങ്ങി നടക്കുകയോ ചെയ്യുക. അതായതു്, ഒരു പദാർത്ഥം ഖരമായിരിക്കണോ ദ്രാവകമായിരിക്കണോ അതോ വാതകമായിരിക്കണോ എന്നു് തീരുമാനിക്കുന്നതു് രണ്ടു സാഹചര്യനിലകളാണു്. താപനിലയും മർദ്ദവും. വെള്ളം തിളയ്ക്കുന്നതു് 100 ഡിഗ്രി സെന്റിഗ്രേഡിലാണെന്നു നമ്മെ പഠിപ്പിച്ചതു് അമ്പേ തെറ്റു്. സാധാരണ അന്തരീക്ഷമർദ്ദത്തിലേ അതു ശരിയാവൂ. മർദ്ദം വ്യത്യാസപ്പെടുന്നതിനനുസരിച്ച് വെള്ളത്തിനു് മൈനസ് 50 ഡിഗ്രി മുതൽ പ്ലസ് 350 ഡിഗ്രി വരെയെങ്കിലും വെള്ളമായോ ഐസായോ നീരാവിയായോ സ്ഥിതിചെയ്യാം! തൽക്കാലം ഇത്രയും അടിസ്ഥാനസങ്കൽപ്പങ്ങൾ മനസ്സിലാകട്ടെ.

Image

ഒരു അഭിപ്രായം പറയൂ