അതിരപ്പിള്ളിയുടെ കപ്പാസിറ്റി ഫാക്ടറും സാമ്പത്തികലാഭവും

Share the Knowledge

ഏതെങ്കിലും ഉപകരണമോ യന്ത്രമോ ഒരു ദിവസത്തേക്കോ ഒരു വർഷത്തേക്കോ തുടർച്ചയായി ഉപയോഗിക്കാവുന്നതിന്റെ എത്ര ഭാഗമാണു് യഥാർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നതു് അതിനെയാണു് കപ്പാസിറ്റി ഫാക്റ്റർ അഥവാ കപ്പാസിറ്റി യൂട്ടിലൈസേഷൻ ഫാക്റ്റർ Capacity Utilization Factor (CF / CUF) (പ്രയുക്തത) എന്നു പറയുന്നതു്. ഒരു ഫാക്ടറിയേയോ പവർ പ്ലാന്റിനെയോ ഉദ്ദേശിച്ചുപറയുമ്പോൾ ഇതിനെ പ്ലാന്റ് ലോഡ് ഫാക്റ്റർ (Plant Load Factor PLF) എന്നും പറയാം.

നമുക്കു പരിചയമുള്ള മിക്ക ഉപകരണങ്ങളുടേയും കപ്പാസിറ്റി ഫാക്ടർ വളരെ വളരെ കുറവാണു്. ഉദാഹരണം, ഒരു തേപ്പുപെട്ടി ദിവസം പത്തോ ഇരുപതോ മിനിട്ടാണു് നാം ഉപയോഗിക്കുക. ഒരു ദിവസത്തിൽ ആകെ 24 മണിക്കൂർ (1440 മിനിട്ട്) സമയമുള്ളതിൽ വെറും 20 മിനിട്ട്. അതിനാൽ തേപ്പുപെട്ടിയുടെ CF = 20/1440 = 1.39 ശതമാനം എന്നു കണക്കാക്കാം. അതായതു് നൂറിൽ വെറും 1.4 ഭാഗം!

ദിവസത്തിൽ 20 മിനിട്ടു മാത്രം ഉപയോഗമുള്ള, ബാക്കി 23 മണിക്കൂറും 40 മിനിട്ടും വെറുതേ ഇരിക്കുന്ന ഒരു വസ്തു സാമ്പത്തികമായി നഷ്ടമല്ലേ?

ഇതുപോലെത്തന്നെയാണു് നാം ഉപയോഗിക്കുന്ന ബൈക്കും കാറുമെല്ലാം. വേണമെങ്കിൽ 24 മണിക്കൂറും ഓടിക്കാവുന്ന ബൈക്കു് നാം നിത്യേന ഒരു മണിക്കൂർ ഓടിച്ചാലായി. ജോലിയുടെ ഭാഗമായാണെങ്കിൽ ഒരു പക്ഷേ കൂടുതൽ സമയം ഓടിക്കുമായിരിക്കാം. എന്നാൽ പോലും ദിവസേന 6 മണിക്കൂറിൽ കൂടുതൽ (25%) സമയം ബൈക്കു് ഓടിക്കുന്നവർ ഒരു സംഭവം തന്നെയായിരിക്കും.

വൈദ്യുതിയുല്പാദനകേന്ദ്രങ്ങൾക്കും ഈ ഫാക്ടർ ബാധകമാണു്. ഒരു കിലോവാട്ട് ഉല്പാദനശേഷിയുള്ള ഒരു പുരപ്പുറം സോളാർ പാനൽ എന്നുവെച്ചാൽ 24 മണിക്കൂറും ഒരു കിലോവാട്ട് വെച്ച് വൈദ്യുതി നൽകുന്ന യന്ത്രം എന്നല്ല അർത്ഥം. മേഘങ്ങളും മഴയുമൊന്നുമില്ലാത്ത, നല്ല വെയിലുള്ള ഉച്ചസമയത്തെ ഉല്പാദനശക്തിയാണു് ഒരു കിലോവാട്ട് (Peak Maximum Power Output).

രാവിലെ പത്തുപതിനൊന്നുമണി വരെ ക്രമേണ കൂടിക്കൂടിവന്നു് ഉച്ചയാവുന്നതോടെ അതിന്റെ പരമാവധി ശക്തിയായ ഒരു കിലോവാട്ടിലെത്തി, പിന്നീട് ക്രമത്തിൽ കുറഞ്ഞുവന്നു് സൂര്യൻ അസ്തമിക്കുന്നതോടെ നിശ്ശേഷം നിർജ്ജീവമായിപ്പോകുന്ന ഉപകരണമാണു് സോളാർ പാനൽ. ഇതിൽ നിന്നും വാർഷികശരാശരിയായി കണക്കാക്കുന്ന ഒരു ഏകദേശ ഉല്പാദനനിരക്കു് ദിവസം 4 മണിക്കൂർ എന്നു വിചാരിക്കാം. അതായതു് സോളാർ പാനലിന്റെ പരമാവധി കപ്പാസിറ്റി ഫാക്ടർ = 4/24 = 16.67 % മാത്രം!

വെറും 16 ശതമാനം മാത്രം ഉപയോഗമുള്ള ഒരു ഉപകരണം, ഇത്രയധികം പണം മുടക്കി വാങ്ങിവെക്കുന്നവർ മണ്ടന്മാരല്ലേ?

ഇതുപോലൊരു കണക്കാണു് അതിരപ്പിള്ളി വൈദ്യുതപദ്ധതിയെപ്പറ്റി പാണന്മാർ പാടി നടക്കുന്നതു്.

അതിരപ്പിള്ളിയിലെ ‘എഫിഷ്യൻസി‘ വളരെ കുറവാണെന്നും അതിനാൽ സാമ്പത്തികമായി അതു നഷ്ടമാണെന്നുമാണു് പുളുവിദഗ്ദ്ധന്മാരുടെ പ്രചരണം.

ഒന്നാമതു് ഇതിനെ എഫിഷ്യൻസി എന്നല്ല പറയുക. അത്രയെങ്കിലും മനസ്സിലാവാത്തവർ എഞ്ചിനീയറിങ്ങും സയൻസുമൊന്നും വായിട്ടലയ്ക്കരുതു്.

അതിരപ്പിള്ളിയിൽ എന്തുകൊണ്ടാണു് ഇത്ര കുറഞ്ഞ പ്രയുക്തത എന്നു നോക്കാം.

അതിരപ്പിള്ളിയിൽ രണ്ടു തരം ജനറേറ്ററുകളാണു് ഉദ്ദേശിക്കുന്നതു്:

A.
80 മെഗാവാട്ട് ഉല്പാദിപ്പിക്കാവുന്ന രണ്ടു ജനറേറ്ററുകൾ. (അതായതു് ഒരു മണിക്കൂറിൽ മൊത്തം 1,60,000 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാവുന്ന രണ്ടു ജനറേറ്ററുകൾ). ഇവ എല്ലാ ദിവസവും വൈകീട്ട് 6 മണി മുതൽ 10 മണി വരെ പ്രവർത്തിക്കും. ബാക്കി സമയങ്ങളിൽ വെറുതേ ഇരിക്കും.

B.
1.5 മെഗാവാട്ട് വീതം ഉല്പാദിപ്പിക്കാവുന്ന രണ്ടു കൊച്ചു ജനറേറ്ററുകൾ (അതായതു് ഒരു മണിക്കൂറിൽ മൊത്തം 3000 യൂണിറ്റ് ഉല്പാദിപ്പിക്കാവുന്ന, 3000 റൂഫ് ടോപ് പാനലുകൾക്കു സമമായ രണ്ടു ജനറേറ്ററുകൾ). ഇവ 365×24 മണിക്കൂർ അഥവാ സദാ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കും.

ഇതിൽ ആദ്യത്തെ രണ്ടിന്റേയും (A) പ്രയുക്തത = 4/24 = 16.67% വീതം. രണ്ടാമത്തെ സെറ്റിന്റേതു് (B) = 24/24 = 100%

വലിയ ജനറേറ്ററുകൾ (2 x 80 MW)
====================
എല്ലാ ദിവസവും പെരിങ്ങൽകുത്തിലെ ഉല്പാദനം കഴിഞ്ഞു് ഒഴുകിവരുന്ന വെള്ളമാണു് അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നറിയാമല്ലോ. (അറിയില്ലെങ്കിൽ, ഇനിയെങ്കിലും അറിയണം! പെരിങ്ങൽകുത്തിൽ അണക്കെട്ടുണ്ടായിരുന്നില്ലെങ്കിൽ അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടവുമുണ്ടാവില്ല!). ഇത്ര കാലവും പതിവുള്ളതുപോലെത്തന്നെ, അതിരപ്പിള്ളിക്കുതൊട്ടുമുകളിലുള്ള പെരിങ്ങൽകുത്തിലെ ജനറേറ്റർ എന്തായാലും പ്രവർത്തിപ്പിക്കണം. അതിനു് എന്തായാലും വെള്ളം താഴോട്ടു് ഒഴുക്കുകയും വേണം. ആ വെള്ളമൊക്കെ ഇപ്പോൾ പ്രത്യേകിച്ച് ഗുണമൊന്നുമില്ലാതെ താഴോട്ടു് ഒഴുകിപ്പോയ്ക്കൊണ്ടിരിക്കയാണു്. എന്നാൽ, കുറച്ചൊരു അഡ്ജസ്റ്റ്മെന്റ് ചെയ്താൽ, പെരിങ്ങൽകുത്തിലെ അത്രത്തോളം തന്നെ കറന്റ് ഇനിയും ഉണ്ടാക്കാം. അതിനുള്ള വഴിയാണു് അതിരപ്പിള്ളിയിൽ നിർമ്മിക്കാവുന്ന കൊച്ചുവെള്ളക്കുണ്ടു്.

പെരിങ്ങൽകുത്തിൽനിന്നും ഒഴുകിവരുന്ന വെള്ളം താൽക്കാലികമായി അതിരപ്പിള്ളി എന്ന കൊച്ചുസംഭരണിയിൽ തടഞ്ഞുനിർത്തുന്നു. എന്നിട്ട് ഒരു ഭാഗം എപ്പോഴും പുഴയിലൂടെ താഴേക്കു് തുറന്നുവിടുന്നു. ബാക്കി വൈകീട്ട് 6 മണി വരെ കരുതിവെക്കുന്നു. 6 മണിയാവുമ്പോൾ അന്നന്നത്തെ മിച്ചമുള്ള വെള്ളം ഒരു ടണലിലൂടെ കടത്തിവിടുന്നു. 10 മണിക്കു് ടണൽ അടക്കുന്നു.

അണക്കെട്ടിൽനിന്നു് പുഴയിലേക്കു് സദാ ഏറ്റവും ചുരുങ്ങിയതു് സെക്കൻഡിൽ 7650 ലിറ്റർ എന്ന അളവിൽ തുറന്നുവിടുന്നുണ്ടു്. സദാ എന്നു പറഞ്ഞാൽ, വർഷത്തിലെ 365 ദിവസവും ദിവസം 24 മണിക്കൂറും. വാഴച്ചാലിലും അതിരപ്പിള്ളിയിലും ഇപ്പോൾ കാണുന്ന വെള്ളച്ചാട്ടം അതുപോലെത്തന്നെ നിലനിൽക്കാൻ ഇത്രയും ഒഴുക്കു മതി. ഈ വെള്ളം വാഴച്ചാൽ വെള്ളച്ചാട്ടവും അതിരപ്പിള്ളി വെള്ളച്ചാട്ടവും കടന്നു് ചാലക്കുടിപ്പുഴയിലൂടെ വേനൽക്കാലത്തും വർഷക്കാലത്തും ഒഴുകിക്കൊണ്ടിരിക്കും.

ഇങ്ങനെ തുറന്നുവിട്ടാലും എല്ലാ ദിവസവും അത്രത്തോളം തന്നെ വെള്ളം അതിരപ്പിള്ളി അണക്കെട്ടിൽ ബാക്കിവരും. (ഇതിന്റെ കണക്കു് താഴെ വിശദമായി കൊടുക്കുന്നു).

ആ വെള്ളമാണു് എല്ലാ ദിവസവും വൈകീട്ട് 4 മണിക്കൂർ നേരത്തേക്കു മാത്രമായി പ്രത്യേക ടണലിലൂടെ 160 മീറ്റർ താഴെയുള്ള കണ്ണങ്കുഴി 2 x 80 MW ജനറേറ്ററുകളിലേക്കു് തുറന്നുവിടുന്നതു്.

എല്ലാ ദിവസവും 4 മണിക്കൂർ നീണ്ടുനിൽക്കുന്ന വൈകീട്ടത്തെ പരിപാടി എന്താണെന്നു് അറിയാമല്ലോ. നമുക്കൊക്കെ സുഭിക്ഷമായി കറന്റ് ആവശ്യമുള്ള സമയമാണു് അതു്. കേരളത്തിലെ എല്ലാ ജനങ്ങളും ആ സമയത്തു് ശ്വസിക്കുന്നതുപോലും കറന്റാണു് എന്നു പറയാം. അരിയും തുണിയും പണിയും പണിക്കാരനു കൊടുക്കാനുള്ള പണവും കിടക്കാനുള്ള മെത്ത പോലും പുറം‌നാട്ടിൽനിന്നു വരുത്തി ശീലിച്ച നാം ആ സമയത്തുപയോഗിക്കുന്ന കറന്റിന്റെ മൂന്നിൽ രണ്ടു ഭാഗവും ആസ്സാമിൽനിന്നോ ഉത്തർപ്രദേശിൽനിന്നോ കൂടംകുളത്തുനിന്നോ ഒക്കെയാണു് നാട്ടിലേക്കു കൊണ്ടുവരുന്നതു്. അതു വരുന്ന വഴിക്കുള്ള കമ്പികളും ട്രാൻസ്ഫോർമറുകളും സർക്യൂട്ട് ഘടകങ്ങളും വരെ ചുട്ടുപഴുത്തിരിക്കുന്ന സമയമാണു് അപ്പോൾ. ആ ആക്രാന്തത്തിലാണു് സ്വല്പമെങ്കിലും ആശ്വാസം നൽകാൻ അതിരപ്പിള്ളി പദ്ധതി സഹായിക്കുക. സന്ധ്യാസമയത്തു് രണ്ടു ലക്ഷം കുടുംബങ്ങളിലേക്കുള്ള വൈദ്യുതിയെങ്കിലും നൽകാൻ അതിരപ്പിള്ളിയിലെ ഈ രണ്ടു ജനറേറ്ററുകൾ മതി!

ചെറിയ ജനറേറ്ററുകൾ (2 x 1.5 MW)
====================
വെള്ളച്ചാട്ടം എന്ന സുന്ദരദൃശ്യം ഇല്ലാതാവും എന്നതാണല്ലോ ‘പ്രകൃതിസ്നേഹികളാ’യ നമ്മുടെയൊക്കെ മുഖ്യധർമ്മസങ്കടം. അങ്ങനെ വെള്ളച്ചാട്ടം ഇല്ലാതാവുന്നൊന്നുമില്ല. ഒരു സെക്കൻഡിൽ ഒരു ടാങ്കർ വെള്ളം എന്ന നിരക്കിൽ അതിലൂടെ ഇപ്പോൾ കാണുന്നപോലെത്തന്നെ പരന്നു പൊള്ളച്ചു ചാടിക്കൊണ്ടിരിക്കും. (ഇതത്ര ചെറിയ നിരക്കൊന്നുമല്ല എന്നറിയാൻ നമ്മുടെ നാട്ടിൽ ഗ്രഹിണി പിടിച്ചുകിടക്കുന്ന ഏതെങ്കിലും ഭാരതപ്പുഴ വേനലിൽ ചെന്നുനോക്കിയാൽ മതി).

ഇങ്ങനെ 20 മീറ്ററോളം ഉയരത്തിൽനിന്നു ചാടിക്കൊണ്ടിരിക്കുന്ന വെള്ളം പോലും വൈദ്യുതി ഉല്പാദനത്തിനു് ഉപയോഗിക്കാനാവും. മുമ്പ് പറഞ്ഞ ജനറേറ്ററുകൾ 160 മീറ്റർ വ്യത്യാസത്തിൽ ആയിരുന്നെങ്കിൽ ഇതു് വെറും 20 മീറ്ററേ ഉള്ളൂ. കൂടാതെ, ടണലിനുപകരം പരന്നു ചാടുന്ന വെള്ളച്ചാട്ടത്തിലൂടെയാണു് വെള്ളം കുത്തിയൊഴുകിവരുന്നതു്. അതിനാൽ ഉല്പാദനശക്തിയും കുറവായിരിക്കും. വെറും 1.5 MWന്റെ രണു കൊച്ചു ജനറേറ്ററുകൾ മാത്രം.

എന്നാലും 1.5 MW അത്ര കൊച്ചനൊന്നുമല്ല. ഇങ്ങനത്തെ രണ്ടു ജനറേറ്ററുകൾ മൊത്തം ഓരോ മണിക്കൂറിലും 3000 യൂണിറ്റ് കറന്റ് സൃഷ്ടിക്കും. അതായതു് 24 മണിക്കൂറിൽ 72000 യൂണിറ്റ്. നമ്മുടെ ശരാശരി വീട്ടിൽ ഒരു ദിവസം 5 യൂണിറ്റ് മതി. അതായതു് 15,000 വീടുകളിലേക്കുള്ള കറന്റാണു് ഇവയുടെ മാത്രം ഉല്പാദനശേഷി. അതും വേനലും വർഷവും അടക്കം!

യൂണിറ്റിനു് 4 രൂപ വില എന്ന ഏറ്റവും ലളിതമായ കണക്കിൽ പോലും അതിരപ്പിള്ളിയിലെ ഉല്പാദനവരുമാനം (gross) ഒരു വർഷം കഷ്ടി 100 കോടി രൂപ വരും. (Rs. 4 x 233 MU). എന്നാൽ പീൿ ഹവറിൽ കൊച്ചി നഗരത്തിനു സമീപം വേറെ ഇന്ധനമൊന്നും ഇല്ലാതെ, പരിസരമലിനീകരണമോ കാർബൺ വമനമോ ഇല്ലാതെ, മില്ലീസെക്കൻഡുകൾക്കുള്ളിൽ ലോഡ് നിയന്ത്രിക്കാവുന്ന ഒരു സംവിധാനത്തിൽ ഓരോ യൂണിറ്റിന്റേയും വില ശരിക്കും എത്രയെന്നുപോലും കണക്കാക്കാൻ കഴിയാത്തത്ര അമൂല്യമാണു്.

വെള്ളത്തിന്റെ കണക്കു്
=============

A. പെരിങ്ങൽകുത്തിലെ ടർബൈൻ വഴി വരുന്ന വെള്ളം:
അതിരപ്പിള്ളിക്കുതൊട്ടുമുകളിലുള്ള പെരിങ്ങൽകുത്തിലെ ജനറേറ്റർ എന്തായാലും പ്രവർത്തിപ്പിക്കണം. അതിനു് എന്തായാലും വെള്ളം താഴോട്ടു് ഒഴുക്കുകയും വേണം. കഴിഞ്ഞ 60-ൽ‌പരം വർഷങ്ങളായി ഇങ്ങനെ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടു്. (A)

പെരിങ്ങൽകുത്തിലെ മൊത്തം വാർഷികവൈദ്യുതി ഉല്പാദനത്തിന്റെ നിരക്കനുസരിച്ച് Aയുടെ അളവു കണക്കാക്കാവുന്നതാണു്.

2015-16ൽ പെരിങ്ങൽകുത്തിൽ ഉല്പാദിപ്പിച്ച വൈദ്യുതി

= 170.77 GWh = 17,07,70,000 KWh (യൂണിറ്റ്).

പൊരിങ്ങൽകുത്ത് ടണലിൽനിന്നും ഒരു യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനു് 2700 ലിറ്റർ വെള്ളം വേണം. അപ്പോൾ ദിവസം ഒഴുകിവരുന്ന വെള്ളം = (A) =126 കോടി 32 ലക്ഷം 30140 ലിറ്റർ). (സെക്കൻഡിൽ 14.621 ഘനമീറ്റർ)

(എല്ലാ ദിവസത്തേയും ഉല്പാദനം സമമായ നിരക്കിലല്ല. കേരളത്തിലെ വിവിധ സംഭരണികളിലെ ജലം വിവിധ മാസങ്ങളിൽ വിവിധ നിരക്കിലാണു് ഉപയോഗിക്കപ്പെടുന്നതു്. സംഭരണശേഷി, വർഷപാതമേഖല, ഉല്പാദനശേഷി, ബാഷ്പീകരണത്തോതു്, ജലസേചനാവശ്യങ്ങൾ ഇവയെല്ലാം കണക്കിലെടുത്താണു് ഈ നിരക്കുകൾ നിശ്ചയിക്കപ്പെടുന്നതു്. ഉദാഹരണം, ഇടുക്കിയിലെ വെള്ളം വർഷക്കാലത്തു് ഉപയോഗിക്കുന്നേ ഇല്ല എന്നു പറയാം. വേനൽക്കാലത്തേക്കു വേണ്ടിയുള്ള നമ്മുടെ ഏറ്റവും വലിയ കരുതൽശേഖരമാണു് അതു്. നേരേ മറിച്ച് പെരിങ്ങൽക്കുത്തും ഷോളയാറും മറ്റും വർഷക്കാലത്തുതന്നെ പരമാവധി ശേഷിയിൽ പ്രവർത്തിക്കാറുണ്ടു്).

ഇവിടെ ഒരു കാര്യം പ്രത്യേകം പരാമർശിക്കാനുണ്ടു്. വേനൽക്കാലത്തു് പെരിങ്ങൽകുത്തിലൂടെ ഇത്രയും വെള്ളം ഒഴുകില്ലെന്നു് ഊഹക്കണക്കു കാണിച്ചാണു് അതിരപ്പിള്ളിയുടെ NOCയ്ക്കെതിരേ പുഴസംരക്ഷണസമിതി എന്ന പേരിൽ ഒരു കൂട്ടം ആക്ടിവിസ്റ്റുകൾ കോടതിയിൽ പോയതു്. KSEB കാണിച്ച കണക്കുകൾ തെറ്റാണു് എന്നായിരുന്നു അവരുടെ വാദം. അതിനുവേണ്ടി അവർ അവലംബിച്ചതു് KSEBയുടെ തന്നെ മുൻ ആണ്ടുകളിലെ വേനൽ-വർഷമാസങ്ങളിലെ ജലോപഭോഗമായിരുന്നു. (ഇവ തമ്മിൽ 12 മടങ്ങിന്റെ വ്യത്യാസമുണ്ടു്). ഇടുക്കി ഡാം വന്നതിനുശേഷം ഷോളയാർ-പെരിങ്ങൽകുത്ത് ജലമാനേജ്‌മെന്റിൽ യുക്തിപൂർവ്വം ആസൂത്രണം ചെയ്തു് ഓരോ ദിവസവും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ജനറേഷൻ/ലോഡ് ഷെഡ്യൂളാണു് നിലവിലുള്ളതു്. ഇതനുസരിച്ച് പരമാവധി ജലം വർഷക്കാലത്തുതന്നെ ഉപയോഗിക്കുക എന്നതാണു് ഷോളയാർ-പെരിങ്ങൽകുത്ത് വ്യൂഹത്തിലെ KSEB നയം. എന്നാൽ വർഷത്തിലും വേനലിലുമുള്ള ഒഴുക്കിന്റെ നിരക്കു് കേരളത്തിലെ എല്ലാ ജലവൈദ്യുതപദ്ധതികളിലേയും മൊത്തം ജലത്തിന്റെ സ്റ്റോക്കിനനുസരിച്ച് എപ്പോൾ വേണമെങ്കിലും (ആകസ്മികമായി ഏതെങ്കിലും വർഷത്തിൽ തീവ്രമായ വരൾച്ചയുണ്ടായി സംഭരണികളിൽ ഗണ്യമായ ജലക്ഷാമമുണ്ടായില്ലെങ്കിൽ) റീ-പ്രോഗ്രാം ചെയ്യാവുന്നതാണെന്നു് ഇവർ ഒന്നുകിൽ അറിഞ്ഞില്ല, അല്ലെങ്കിൽ സൗകര്യപൂർവ്വം മറന്നുപോയി. വിശദമായ പരിശോധനയ്ക്കു ശേഷം കോടതി പരാതിക്കാരുടെ ഈ വികലമായ വാദം പിന്നീടു് അപ്പാടെ തള്ളിക്കളഞ്ഞു.

B. പെരിങ്ങൽകുത്ത് സംഭരണിയിലെ അധികജലം
ഇതുകൂടാതെ, മഴക്കാലത്തു് കാലവർഷം മുറുകുമ്പോൾ മിക്ക വർഷങ്ങളിലും പെരിങ്ങൽകുത്തു് അണക്കെട്ട് കരകവിയാറാകുമ്പോൾ ധാരാളം വെള്ളം സ്പിൽവേകളിലൂടെ ഒഴുക്കിക്കളയാറുണ്ടു്. ഇതു് ടെയിൽറേസിലൂടെ ഒരു വർഷം ഒഴുകുന്ന വെള്ളത്തേക്കാൾ കൂടുതൽ ഉണ്ടാകും.(B)

A+B = 1097 MCM/Year (From annual precipitation – evaporation – evapotranspiration estimates)

C. അതിരപ്പിള്ളി വൃഷ്ടിപ്രദേശത്തു പെയ്യുന്ന വെള്ളം
പെരിങ്ങൽകുത്തു് അണക്കെട്ടു കൂടാതെ, അതിരപ്പിള്ളിയിലേക്കു് ചുറ്റുമുള്ള മലകളിൽനിന്നും കാടുകളിൽനിന്നും മഴപെയ്തു് വെള്ളം ഒഴുകിയെത്തുന്നുണ്ടു്. ഇതു മാത്രം ഏകദേശം 7.2 കോടി ഘനമീറ്റർ വരും. ഇപ്പോൾ ഇതെല്ലാം മഴപെയ്യുന്ന അതേ സമയത്തുതന്നെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലൂടെ കൂലംകുത്തിയൊഴുകി ചാലക്കുടിപ്പുഴയിലും അതോടനുബന്ധിച്ച കൃഷിസ്ഥലങ്ങളിലും ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കി നേരിട്ട് കടലിൽ ചെന്നു ചേരുകയാണു് ചെയ്യുന്നതു്. (C)

ഇതിൽനിന്നും ഒരു വർഷം മൊത്തം ഇൻഫ്ലോ (A+B+C) = 120 കോടി ഘനമീറ്റർ വരുമെന്നു കാണാം. എന്നാൽ നിർദ്ദിഷ്ട അതിരപ്പിള്ളി അണക്കെട്ടിന്റെ സംഭരണിയുടെ മൊത്തം ധാരിത 0.844 കോടി ഘനമീറ്റർ (8.44 MCM / 844,00,00,000 ലിറ്റർ) മാത്രമാണു്. അതായതു് ആകെ വരുന്ന ജലത്തിന്റെ 150ൽ ഒരു ഭാഗം മാത്രമാണു് അതിരപ്പിള്ളിയിൽ കരുതൽശേഖരമായി തടഞ്ഞുനിർത്തപ്പെടുന്നതു്. അതിരപ്പിള്ളിയിലെ ഈ 0.844 കോടിക്കുപകരം ഇടുക്കിയിൽ 200 കോടി, ഇടമലയാറിൽ 100കോടി ഘനമീറ്ററൊക്കെയാണെന്നും അറിഞ്ഞിരിക്കണം!

ഈ വെള്ളത്തിൽനിന്നാണു് ദിവസം (24 മണിക്കൂർ) 6,56,640 ഘനമീറ്റർ വെള്ളച്ചാട്ടം വഴിയും (4 മണിക്കൂർ വീതം) 6,06,590 ഘനമീറ്റർ ടണൽ വഴിയും ചാലക്കുടിപ്പുഴയിലേക്കു് ഒഴുകിവീഴുന്നതു്.

ചാലക്കുടിപ്പുഴയെ കൊന്നുകളയുന്നു എന്നു് ആർത്തുകരയുന്ന അതിന്റെ സ്വയം‌പ്രഖ്യാപിത രക്ഷാകർത്താക്കൾ പരസ്യമായി ആരോടും അറിയിക്കാതെ ഒളിച്ചുവെക്കുന്ന കണക്കുകളാണു് ഇതു്.

അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ലളിതമായി വിവരിക്കുന്ന ഈ വീഡിയോ കാണുമല്ലോ. ഇതിലുള്ള വസ്തുതകളെല്ലാംശരിയാണെന്നു് എനിക്കു് സ്വയം പഠിച്ചറിഞ്ഞ സാങ്കേതികസാക്ഷ്യം പറയാനാവും.

 

Image

ഒരു അഭിപ്രായം പറയൂ