നൈട്രജനും ജൈവകൃഷിയും

Share the Knowledge


എഴുതിയത് : Vinaya Raj VRസസ്യങ്ങള്‍ വളരണമെങ്കില്‍ നൈട്രജന്‍ വേണം. പ്രകാശസംശ്ലേഷണം നടത്താനുള്ള ക്ലോറോഫില്‍ ഉണ്ടാവാന്‍ നൈട്രജന്‍ വേണം. ഭൂമിയുടെ അന്തരീക്ഷത്തിലാവട്ടെ 78 ശതമാനം നൈട്രജനുമാണ്‌, പിന്നെന്താണു പ്രശ്നം. അന്തരീക്ഷത്തിലെ നൈട്രജനെ അങ്ങനെത്തന്നെ ഉപയോഗിക്കാന്‍ ചെടികള്‍ക്കാവില്ല. അതു സംയുക്തരൂപത്തില്‍ കിട്ടണം. ചില ബാക്റ്റീരിയകള്‍ അങ്ങനെ ചെയ്യും. ഇടിമിന്നല്‍ ഉണ്ടാവുമ്പോള്‍ കുറെ നൈട്രജന്‍ വാതകം വേണ്ടുന്ന രീതിയില്‍ മണ്ണിലെത്തും. പയര്‍വര്‍ഗത്തിലുള്ള സസ്യങ്ങള്‍ക്ക്‌ ഇങ്ങനെ നൈട്രജന്‍ “ഫിക്സ്‌” ചെയ്യാനുള്ള കഴിവുണ്ട്‌. ചെടികള്‍, മരങ്ങള്‍ വളരാന്‍ ഇതേ വേണ്ടൂ. പക്ഷേ കൃഷി എന്ന രീതിയില്‍ സസ്യങ്ങളെ ഊര്‍ജ്ജിതമായി വളര്‍ത്തുമ്പോള്‍ ഇങ്ങനെ കിട്ടുന്ന നൈട്രജന്‍ പോരാതെ വരും. നൈട്രജന്‍ കുറയുമ്പോള്‍ ചെടികളുടെ വരള്‍ച്ച മുരടിക്കും, ഇലകള്‍ മഞ്ഞയ്ക്കും, വലിപ്പം കുറയും, പഴങ്ങള്‍ ചെറുതാവും, രുചി കുറയും, വിത്തുകളുടെ മുളയ്ക്കല്‍ ശേഷി കുറയും. ആരോഗ്യമുള്ള ചെടികളുടെ ശരീരത്തില്‍ 3-4 ശതമാനം നൈട്രജന്‍ ഉണ്ടാവണം. മലവും മൂത്രവും എല്ലുപൊടിയും ഒക്കെയായിരുന്നു ആദ്യകാലത്ത്‌ ഇതിനായി ഉപയോഗിച്ചിരുന്നത്‌. ഇതിനായി ഇംഗ്ലണ്ട്‌ 35 ലക്ഷം അസ്ഥികൂടങ്ങള്‍ യൂറോപ്പിലാകമാനം നിന്നും മോഷ്ടിച്ചെന്നുപോലും ആരോപണങ്ങള്‍ ഉണ്ട്‌.

ചിലിയിലെ ഖനികളില്‍ നിന്നും ലഭിക്കുന്ന സോഡിയം നൈട്രേറ്റ്‌ ഇങ്ങനെ ലോകത്തിന്റെ നൈട്രജന്‍ ആവശ്യങ്ങള്‍ നിറവേറ്റിപ്പോന്ന ഒരു കാലം ഉണ്ടായിരുന്നു. വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ആ ധാതു ഖനനത്തിന്‌ വന്നവര്‍ വലിയ നഗരങ്ങള്‍ അവിടെ കെട്ടിപ്പടുത്തു, ഇതടങ്ങിയ പ്രദേശം വിട്ടുകിട്ടാന്‍ ചിലി അയല്‍രാജ്യങ്ങളുമായി യുദ്ധം വരെ നടത്തി. ലോകത്തിലെ നൈട്രജന്‍ വളം ഉപയോഗത്തിന്റെ മൂന്നില്‍രണ്ടുഭാഗം ചിലിയില്‍ നിന്നുമായിരുന്നു. ജർമനിയിലെ തീരെ വളക്കൂറില്ലാത്ത മണ്ണിനെ പുഷ്ടിപ്പെടുത്താന്‍ 1900 -ത്തില്‍ ജര്‍മനി മൂന്നര ലക്ഷം ടണ്‍ സോഡിയം നൈട്രേറ്റ്‌ ആയിരുന്നു ചിലിയിൽനിന്നും ഇറക്കുമതി ചെയ്തിരുന്നത്‌.

അന്തരീക്ഷത്തില്‍ നിറയെ ഉള്ള നൈട്രജനെ വേര്‍തിരിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ കൊണ്ടുപിടിച്ചു ശ്രമം തുടങ്ങി. പലരീതികളും വിജയം കണ്ടും തുടങ്ങി, എന്നാല്‍ ചിലവും ഊര്‍ജ്ജഉപഭോഗവും അവയ്ക്കെല്ലാം കൂടുതലായിരുന്നു. അങ്ങനെയിരിക്കെ ഹേബര്‍ എന്നൊരു ശാസ്ത്രജ്ഞന്‍ അന്തരീക്ഷത്തില്‍ നിന്നും നൈട്രജനെ താരതമ്യേന ചലവുകുറഞ്ഞ രീതിയില്‍ ഊറ്റിയെടുക്കുന്ന ഒരു മാര്‍ഗം കണ്ടുപിടിച്ചു. ബോഷ്‌ എന്നൊരാള്‍ അതിനെ വ്യാവസായിക രീതിയില്‍ ഉല്‍പ്പാദിപ്പിക്കാനും തുടങ്ങി. അമോണിയ, നൈട്രേറ്റുകള്‍, യൂറിയ എല്ലാം ഈ പരിപാടി വഴി ഉണ്ടാക്കിത്തുടങ്ങി. ഇന്നു ലോകത്തില്‍ ഉപയോഗിക്കുന്ന നൈട്രജന്റെ 99 ശതമാനവും ഇങ്ങനെയാണ്‌ ഉണ്ടാക്കുന്നത്‌. 45 കോടി ടണ്‍ നൈട്രജന്‍ ഇങ്ങനെ ഉണ്ടാക്കുന്നതിന്‌ ലോക ഊര്‍ജഉപയോഗത്തിന്റെ 1-2 ശതമാനവും വേണ്ടിവരുന്നുണ്ട്‌. ഈ കണ്ടുപിടിത്തമാണ്‌ ലോകത്തിലെ കൃഷിരീതിയെ മാറ്റിമറിച്ചത്‌. തല്ഫലമായി വന്‍ജനസംഖ്യാവിസ്ഫോടനവും ഉണ്ടായി. 1900 -ത്തില്‍ 160 കോടിയുണ്ടായിരുന്ന ലോകജനസംഖ്യ ഇന്ന് 750 കോടി കഴിഞ്ഞു. ലോകത്തിലെ മനുഷ്യരുടെ ശരീരങ്ങളില്‍ ഇന്നുള്ള നൈട്രജന്റെ 80 ശതമാനവും ഈ രീതിയില്‍ ഉണ്ടാക്കിയതാണ്‌. 1900-ത്തില്‍ ഉള്ള വിളവേ ഇന്നും ഉണ്ടായിരുന്നുള്ളുവെങ്കില്‍ അന്നത്തേതിന്റെ നാലിരട്ടി ഭൂമിയെങ്കിലും വേണ്ടിവന്നേനെ ഇപ്പോഴുള്ളവരെ തീറ്റിപ്പോറ്റാനുള്ള കൃഷിചെയ്യാന്‍. അതായത്‌ ആര്‍ട്ടികും അന്റാര്‍ട്ടിക്കയുമൊഴികെയുള്ള ഭൂവിഭാഗത്തിന്റെ പകുതി. എന്നാല്‍ ഇന്ന് ഭൂവിസ്തൃതിയുടെ 15 ശതമാനമേ കൃഷിക്ക്‌ ഉപയോഗിക്കുന്നുള്ളൂ.

പറഞ്ഞുവരുന്നത്‌ ജൈവരീതിയില്‍ കൃഷിചെയ്യുന്നവരും അത്‌ ഇഷ്ടപ്പെടുന്നവരും അതു വാങ്ങി ഉപയോഗിക്കുന്നവരും അങ്ങനെ ചെയ്തോളൂ. എന്നാല്‍ ആ രീതിയില്‍ മാത്രം കൃഷിചെയ്താല്‍ കാര്യങ്ങളൊന്നും ഈ ഭൂമിയില്‍ നടക്കില്ല. ജനസംഖ്യ ഇങ്ങനെ കൂടുന്നു, ജനനനിരക്ക്‌ കുറയുന്നുണ്ടെങ്കിലും മരണനിരക്ക്‌ അതിലും കുറയുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഉള്ള മുഴുപ്പട്ടിണിക്കാരായ 30 കോടിയില്‍ നിന്നും നമ്മള്‍ സുഭിക്ഷമായി ഭക്ഷിക്കുന്ന 130 കോടിയില്‍ എത്തി. ഇത്തിരി വിഷമുള്ള ഭക്ഷണമാണ്‌ ഭക്ഷണമേ ഇല്ലാത്ത അവസ്ഥയേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം. നിങ്ങള്‍ ഹരിതവിപ്ലവത്തിനെതിരെ പറയുന്നതെല്ലാം ഞങ്ങള്‍ വെറും തമാശ ആയേ കാണുന്നുള്ളൂ.

വാലറ്റം:-
എന്നിട്ട്‌ ചിലിയില്‍ എന്തു സംഭവിച്ചു. വലിയ കെട്ടിടങ്ങള്‍ നിറഞ്ഞ നഗരങ്ങളില്‍ നിന്നും ആള്‍ക്കാര്‍ ഒഴിഞ്ഞുപോയി അവിടം കാലിയായി പ്രേതനഗരങ്ങള്‍ മാത്രം മിച്ചം വന്നു. 2005- ല്‍ അവയെ യുനെസ്കോ ഒരു ലോകപൈതൃകസ്ഥലമായി പ്രഖ്യാപിച്ചു.


FB Post : https://m.facebook.com/story.php?story_fbid=1459904937400009&id=100001415505323 എഴുതിയത് : Vinaya Raj VR 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ