ഈയാംമ്പാറ്റകൾ

Share the Knowledge

“ആദ്യ മഴ പെയ്താൽ പിറ്റേ ദിവസം രാവിലെ മുറ്റത്ത് ജീവൻ ബലിയർപ്പിച്ച കുറേ പ്രാണികളെ കാണാം..എന്താണെന്ന് മനസ്സിലായിട്ടില്ല സംഭവം..”

ഈയൽ അഥവാ ഈയാമ്പാറ്റകൾ ആണു് ഇതു്.
ഇതിനെയാണു നാം ചിതൽ എന്ന അവസ്ഥയിൽ സാധാരണ കാണുന്നതു്.
ചിതലുകൾ അപൂർണ്ണ വളർച്ചയെത്തിയ പറക്കമുറ്റാത്ത ശലഭഷഡ്പദങ്ങളാണു്. ഇവയുടെ നിംഫുകൾ ഒരു കോളനിയിൽ അനേകായിരങ്ങൾ കാണും. അവയെ സാധാരണ ജോലിക്കാരായി (വേലക്കാരികൾ) കണക്കാക്കാം. അവയാണു് കോളനിയുടെ ദൈനംദിനപ്രവർത്തനങ്ങൾ ചെയ്തുപോരുന്നതു്.
മഴക്കാലത്തിനു് ആഴ്ചകൾക്കുമുമ്പ് ഇവയിൽ ഒരു ഭാഗം അവയുടെ വളർച്ച തുടരുന്നു. അവയ്ക്കു ചിറകുകളും പ്രത്യുല്പാദനാവയവങ്ങളും രൂപം പ്രാപിക്കുന്നു. പുതുമഴ പെയ്യുന്നതോടെ, തക്കതായ കാലാവസ്ഥ കണ്ടറിഞ്ഞു് രാത്രി അവ കോളനികളിൽനിന്നും കൂട്ടായി (swarm) പറന്നുപൊങ്ങുന്നു. ഇവയിൽ ഏതാനും ചിലതു മാത്രം റാണികൾ (മുട്ടയിടാൻ തക്ക സ്ത്രൈണാവയവങ്ങളുള്ളവ) ആയിരിക്കും. മറ്റുള്ളവ മടിയന്മാർ എന്നറിയപ്പെടുന്ന പുരുഷജീവികളും.

മഴപെയ്തതിനുശേഷമുള്ള സന്ധ്യമുതലുള്ള ഏതാനും മണിക്കൂറുകൾ മാത്രമാണു് മടിയന്മാരുടെ ആയുസ്സ് തുടരുക. അതിനിടേ അവയിൽ ചിലതു് പറന്നുകൊണ്ടുതന്നെ റാണികളുമായി ഇണ ചേർന്നിരിക്കും. തുടർന്നു് മടിയന്മാരെല്ലാം ചിറകു കൊഴിഞ്ഞു് നിലത്തുവീഴുകയും ചത്തുപോവുകയും ചെയ്യുന്നു.

റാണിയുറുമ്പ് അതിനിടയിൽ വീണ്ടും സ്വന്തം കോളനിയിൽ തിരിച്ചെത്തിയിരിക്കും. കൂടുതൽ റാണികളുണ്ടെങ്കിൽ അവ പുതിയ കോളനികൾ രൂപീകരിക്കുകയും ചെയ്യും.
റാണിയെ കോളനിയിലുള്ള മറ്റു നിംഫ് ചിതലുകൾ സ്വീകരിച്ചാനയിക്കുന്നു. പ്രത്യേകം ഒരുക്കിയിട്ടുള്ള സുരക്ഷിതമായ ഒരു അറയിലാണു് പിന്നീട് ഏതാനും ദിവസത്തേക്കു് റാണിയുടെ വാസം. ആ സമയത്തു് തുടർച്ചയായി മുട്ടയിട്ടുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറിയാണു് ഈ റാണിപ്പെണ്ണു്. അതിന്റെ വയറിനു് അപ്പോൾ അസാമാന്യമായ വലുപ്പമുണ്ടാകും.
മുട്ടയിട്ടുകൊണ്ടിരിക്കുന്ന റാണിയ്ക്കു് തുടർച്ചയായി ഭക്ഷണം ആവശ്യമുണ്ടു്. മറ്റു വേലക്കാർ നിരന്തരമായി അവൾക്കു ഭക്ഷണം കൊണ്ടക്കൊടുക്കുകയും, അവളിട്ടുകൂട്ടുന്ന മുട്ടകൾ കോളനിയുടെ മറ്റു ഭാഗങ്ങളിൽ കൊണ്ടുപോയി സുരക്ഷിതമായി അടുക്കിവെക്കുകയും ചെയ്യുന്നു.

മറ്റു ചില ഉറുമ്പുവർഗ്ഗങ്ങളിലും ഈച്ചകളിലും ഇത്തരത്തിലുള്ള ജീവിതചക്രം പതിവാണു്.

ചിതലുകൾ ദ്രോഹകാരികളാണോ? പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും, അതു വാസ്തവമല്ല. ചിതലുകളില്ലെങ്കിൽ നമ്മുടെ ലോകം ജൈവമാലിന്യങ്ങളെക്കൊണ്ടു നിറഞ്ഞേനെ. പ്രകൃതിയുടെ റീസൈക്ലിങ്ങ് മൈക്രോലോകത്തിലെ ഭീമന്മാരായ റെഫ്യൂസ് ഗ്രാപ്പിൾ ട്രക്കുകളാണു് ചിതലുകൾ.

ഒരാണ്ടു മുഴുവൻ ഒരുങ്ങിയിരുന്നു്, ഒടുവിൽ പ്രായപൂർത്തിയെത്തിയാൽ ഒരു മണിക്കൂർ മാത്രം സുഖിച്ചുരസിച്ച് ആർമ്മാദിച്ചു ജീവിച്ചുമരിച്ചുപോകുന്ന ഈയാംപാറ്റകളെക്കൊണ്ടു് വേറൊരു പ്രയോജനം കൂടിയുണ്ടു്. ‘ഹമ്പമ്പട ഞാനേ’ എന്നു കരുതി ലോകം മുഴുവൻ ചവിട്ടിമെരുക്കി ജീവിക്കുന്ന നമ്മെ, പ്രകൃതിയുടേയും കാലത്തിന്റേയും മുന്നിൽ നമ്മിലോരോരുത്തരും എത്ര നിസ്സാരന്മാരാണെന്നു കാണിച്ചുതരിക കൂടിയാണു് അവ.

(ചിത്രവും സംശയവും: Nishad Nizar വക).

FB Post  : https://m.facebook.com/story.php?story_fbid=10154875624463135&id=530973134

NB :

ആനയും ചക്രവർത്തിശലഭവും പൂമ്പാറ്റമരവും (The Elephant, Emperor and the Butterfly tree (2003) ഇന്നെവരെ നിർമ്മിച്ചിട്ടുള്ളവയിൽ ഏറ്റവും മികച്ച ഡോക്യുമെന്ററി സിനിമകളിലൊന്നാണു്.
ആഫ്രിക്കയിലെ ‘മൊപ്പാനി’ എന്ന തരം ശലഭപ്പുഴുക്കളുടേയും അവയുടെ ആശ്രിതവൃക്ഷത്തിന്റേയും കാട്ടാനക്കൂടങ്ങളുടേയും പരസ്പരാശ്രയത്വം ഈ മൂന്നു ജീവികളുടേയും നിലനിൽപ്പിനെ എങ്ങനെ സഹായിക്കുന്നു എന്ന വിസ്മയാവഹമായ കഥയാണു് ചിത്രത്തിൽ.
പ്രകൃതിയെക്കുറിച്ചു് കൗതുകമുള്ള ഏവരും ശ്രദ്ധാപൂർവ്വം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രം.

ചാണകപ്പുഴു പോലെ വെളുത്തുതുടുത്ത മൊപ്പാനി ശലഭപ്പുഴുവിനെ കണ്ടാൽ നമുക്കൊക്കെ അറപ്പുതോന്നാം. എന്നാൽ, അതുകൊണ്ടുണ്ടാക്കിയ Caviarനും മറ്റു വിശിഷ്ടഭോജ്യങ്ങൾക്കും വികസിതരാജ്യങ്ങളിലെ കമ്പോളങ്ങളിൽ നമുക്കൊന്നും എത്തിപ്പിടിക്കാൻ കഴിയാത്ത വിലയാണു്.

 

Image

FB_IMG_1494787402724

ഒരു അഭിപ്രായം പറയൂ