New Articles

എണ്ണ രാച്ചുക്ക്

ആൻഡീസ്‌ പർവ്വത നിരകളുടെ കിഴക്കേ ചെരുവിലെ നിബിഡവനങ്ങളിൽ അനേകം ഗുഹകൾ മറഞ്ഞിരുപ്പുണ്ട് . പ്രദേശവാസികളായ ഷുവാർ ഇന്ത്യൻസിന് (Shuar) ഇവയെക്കുറിച്ച് അത്യാവശ്യം ധാരണയൊക്കെയുണ്ട് . പക്ഷെ ഈ പ്രദേശങ്ങളിൽ ട്രെക്കിങ്ങിനും , പര്യവേഷണങ്ങൾക്കും മറ്റും വനയാത്ര നടത്തിയിരുന്ന വെള്ളക്കാർക്ക്  പക്ഷെ ഈ ഗുഹകൾ പേടിസ്വപ്നം തന്നെയായിരുന്നു . ഒരു മനുഷ്യന്റെ നിലവിളി ശബ്ദം പോലെ തോന്നിക്കുന്ന അലർച്ച കേട്ട് , ഈ  ഗുഹകളിൽ അന്തിയുറക്കത്തിന്  ചെന്ന ആളുകൾ പല തവണ പേടിച്ചോടിയിട്ടുണ്ട് . പല യാത്രികരും അവരുടെ കുറിപ്പുകളിൽ ആൻഡീസിലെ അലറുന്ന ഗുഹകളെപ്പറ്റി പരാമർശിച്ചിട്ടുണ്ട് . ഇത്തരം ഗുഹകളിൽ താരതമ്യേന അറിയപ്പെടുന്ന ഒന്നാണ്  ഇക്വഡോറിലെ Cueva de los Tayos . മേൽപ്പറഞ്ഞ ഷുവാർ ജാതികൾ വള്ളികൾ  കൊണ്ട് നിർമ്മിച്ച ഏണികളും മുളകൾ കൊണ്ടുള്ള  പന്തങ്ങളുമായി ഈ ഗുഹകളിൽ  ഇറങ്ങിച്ചെല്ലും . എന്തിനെന്നോ ? ഈ ഗുഹയിൽ പ്രജനനം  നടത്തുന്ന ഒരിനം പക്ഷിയുണ്ട് . അവയുടെ കുഞ്ഞുങ്ങളെ പിടിക്കുവാനാണ് രാത്രിയുടെ മറവിൽ അവർ ഗുഹയിലിറങ്ങുന്നത് . മുതിർന്ന  പക്ഷികൾ രാത്രിയിൽ ഇരതേടുവാൻ പുറത്തേക്ക് പോകുന്ന തക്കത്തിനാണ് ഇവർ കുഞ്ഞുങ്ങളെ അപഹരിക്കുന്നത് . ഇവരുടെ കൂടെ ഒരുനാൾ ഈ ഗുഹയിലിറങ്ങിയ  ഒരു യാത്രികനാണ് പലരെയും പേടിപ്പിച്ചിരുന്ന  നിലവിളി ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞത് . അത് മറ്റാരുമല്ല ….. മേൽപ്പറഞ്ഞ പക്ഷികൾ തന്നെ ! ഗുഹയുടെ പേര് പോലും ആ പക്ഷികളെ ബന്ധപ്പെടുത്തിയാണ് ഇട്ടിട്ടിരിക്കുന്നത് , അർഥം ….  “Cave of the Oilbirds” !

പല കാര്യങ്ങളിലും ഭൂമിയിലെ മറ്റു പക്ഷികളിൽ നിന്നും വേറിട്ട് നിൽക്കുന്നവയാണ് ഓയിൽ ബേർഡുകൾ (Steatornis caripensis) . നമ്മുടെ രാച്ചുക്കുകളുടെ ജാതിയിൽ പെടുമെങ്കിലും , ഇവരെ സ്വഭാവവിശേഷങ്ങൾ മൂലം ഒരു പ്രത്യേക ഉപവിഭാഗത്തിലാണ് ഇപ്പോൾ പെടുത്തിയിരിക്കുന്നത് . ഈ പക്ഷികൾ  പൊതുവെ രാത്രിഞ്ചരന്മാരാണ് (nocturnal ) . രാത്രിയിൽ ഇരതേടി നടക്കുന്ന പക്ഷിജാതികൾ പലതുണ്ടെങ്കിലും അവയൊക്കെ പാമ്പിനെയും പഴുതാരയെയും , തവളകളെയും , പ്രാണികളെയും പിടിച്ചു  വിശപ്പകറ്റുന്നവരാണ് . എന്നാൽ ഓയിൽ ബേർഡുകൾ തികച്ചും വെജിറ്റേറിയനുകളാണ് . എണ്ണപ്പനക്കുരുവാന് മുഖ്യാഹാരം . ഇങ്ങനെ രാത്രിയിൽ പുറത്തിറങ്ങി പഴം മാത്രം ഭക്ഷിക്കുന്ന രണ്ടേ രണ്ടു പക്ഷികളെയെ ഇതുവരെ നാം തിരിച്ചറിഞ്ഞിട്ടുള്ളൂ . ഇക്കൂട്ടത്തിൽ രണ്ടാമൻ ന്യൂസിലൻഡിലെ കാകാപോ (kakapo) ആണ്   . ഭൂമിയിലെ ഏറ്റവും ഭാരംകൂടിയ തത്തയായ കാകാപോ പക്ഷെ പറക്കില്ല . ചുരുക്കത്തിൽ രാത്രിയിൽ പറന്നു പുറത്തിറങ്ങി പൂവും കായും പഴവും മാത്രം ഭക്ഷിക്കുന്ന (fructivore) ഏക പക്ഷിയാണ്‌ നമ്മുടെ ഓയിൽ ബേർഡ് അഥവാ എണ്ണ രാച്ചുക്ക് ( ഈ പേര്  ഇന്ന് രാവിലെ ഞാൻ  കൊടുത്തതാണ് ) .  രാത്രിവിഹാരത്തിനായി പ്രത്യേകം തയ്യാറാക്കിയ നേത്രങ്ങൾ സ്വന്തമായുള്ളത് കൂടാതെ എക്കോലൊക്കേഷൻ (echolocation) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന അപൂർവ  പക്ഷികളിൽ ഒന്ന്  എന്ന പേരും എണ്ണ രാച്ചുക്കിന് സ്വന്തം ! ഇതിനായി ഇവർ പുറപ്പെടുവിക്കുന്ന 2 kHz ആവൃത്തിയുള്ള ഹൈ പിച്ച്  ക്ലിക്കിങ് വോയിസ് ആണ്  ഗുഹയുടെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ച്  നിലവിളി ശബ്ദമായി രൂപാന്തരപ്പെടുന്നത് . കൂടാതെ മണം തിരിച്ചറിഞ്ഞാണ് ഇവ പഴങ്ങൾ ഭക്ഷിക്കുന്നത്  എന്നും പഠനങ്ങൾ പറയുന്നു .  അത്യാവശ്യം തടിയും തൂക്കവുമുള്ള കുഞ്ഞു എണ്ണ രാച്ചുക്കുകളെ വനനിവാസികൾ തിളച്ച വെള്ളത്തിലിട്ടു പുഴുങ്ങി അവയുടെ ദേഹത്തുള്ള എണ്ണ  വേർതിരിച്ച്  എടുത്തു  ഉപയോഗിച്ചിരുന്നു  എന്ന കേട്ടുകേൾവിയിൽ  നിന്നാണ്  ഇവയ്ക്ക്  ഓയിൽ  ബേർഡുകൾ  എന്ന നാമം കൈവന്നത് .

യൂറോപ്പിൽ  നിന്നും മറ്റും കിട്ടിയ ഫോസിലുകൾ പറയുന്നത്  ഇവ ഒരുകാലത്ത്  ഭൂമിയൊട്ടാകെ കാണപ്പെട്ടിരുന്നു. എന്നാണ് . ഇപ്പോൾ ദക്ഷിണ അമേരിക്കയുടെ  ഉത്തരഭാഗങ്ങളിലാണ്  ഇവ കാണപ്പെടുന്നത് . പൂർണ്ണമായും പകൽ ഗുഹകളിലാണ് താമസമെങ്കിലും ഇവ ഇടയ്ക്കിടെ മരങ്ങളിലും രാത്രിയുറങ്ങാറുണ്ട്  എന്ന് പഠനങ്ങൾ പറയുന്നു . ഗുഹകൾ സുരക്ഷിത താവളമാകയാൽ അവിടെ  പകൽ മുഴുവനും  ആകെ കലപില ശബ്ദംകൂട്ടി ആകെയൊരു അംഗൻവാടി  സെറ്റപ്പിലായിരിക്കും ഇവർ ചിലവഴിക്കുക . എന്നാൽ  മരങ്ങളിൽ  ചേക്കേറുന്നവർ  ശത്രുക്കളെ ഭയന്ന് നിശ്ശബ്ദമായി പകൽ ചിലവഴിക്കും .

വെനിസ്വലയിലെ Guácharo Cave National Park , ഓയിൽ ബേർഡുകൾക്കായി  നീക്കിവെച്ചിരിക്കുകയാണ് . ഈ പാർക്കിൽ സ്ഥിതിചെയ്യുന്ന ലൈം സ്റ്റോൺ   ഗുഹയിൽ  പതിനായിരക്കണക്കിന്  എണ്ണ രാച്ചുക്കുകൾ പകലുറക്കം  നടത്തുന്നുണ്ട് . ഇവ വൈകുന്നേരങ്ങളിൽ  ഒച്ചകൂട്ടി  പുറത്തേക്ക് പോകുന്നത് കാണുവാൻ അനേകം സന്ദർശകർ അവിടെ എത്താറുണ്ട് . ഭൂമിയിലെ ഏറ്റവും വലിയ ഓയിൽ ബേർഡ് കോളനിയും ഇതുതന്നെയാണ് ( ഏകദേശം പതിനെണ്ണായിരം പക്ഷികൾ ).

വിവരങ്ങൾക്ക്  പ്രധാനമായും ആശ്രയിച്ചത് :

1 .  https://neotropical.birds.cornell.edu/Species-Account/nb/species/oilbir1/overview

2 . https://asknature.org/strategy/echolocation-enables-navigation-in-total-darkness/#.WSmOIjYpDJE

3 . ചിത്രവും  കൂടുതൽ വീഡിയോകളും : http://www.hbw.com/ibc/species/oilbird-steatornis-caripensis

4 . കാകാപോ തത്തയെ കുറിച്ച് ചരിത്രാതീതകാലത്തിട്ട പോസ്റ്റിലേക്കുള്ള  വഴി : https://m.facebook.com/story.php?story_fbid=211218875896947&id=100010265083841

 

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers