New Articles

ആമസോണിലെ യുദ്ധം !

പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന മനുഷ്യക്കോലങ്ങൾ ! കേൾക്കുമ്പോൾ വായിക്കാൻ കൗതുകം തോന്നിപ്പിക്കുന്ന വരികൾ . ആമസോണിലെ ഇത്തരം ആദിവാസിവർഗ്ഗങ്ങളെക്കുറിച്ചുള്ള ഫോട്ടോകളും കഥകളും നാം കണ്ടും കെട്ടും തുടങ്ങിയിട്ട് നാളേറെയായി . കൂട്ടത്തിൽ നമ്മുടെ ആൻഡമാൻ സെന്റിനൽ ദ്വീപിലെ ഗോത്രവർഗ്ഗത്തെക്കുറിച്ചുള്ള “ഭീതിജനകമായ ” കഥകൾ വേറെയും പ്രചാരത്തിലുണ്ട് . പക്ഷെ സത്യത്തിൽ ഇവരൊക്കെ പുറംലോകവുമായി ബന്ധമില്ലാത്തവർ തന്നെയായായിരുന്നോ ? ഒരിക്കലുമല്ല , ഇവരൊന്നും അവരിപ്പോൾ താമസിക്കുന്ന ചുറ്റുപാടുകളിൽ ഒരു ദിവസം രാവിലെ പൊട്ടിമുളച്ചുണ്ടായ കൂൺവർഗ്ഗങ്ങളൊന്നുമല്ല . ഇപ്പോൾ “ഒറ്റപ്പെട്ടവർ ” എന്ന് വിളിക്കപ്പെടുന്ന പല ആമസോൺ വർഗ്ഗങ്ങളും ദക്ഷിണ അമേരിക്കയിലെ സാമൂഹിക അസ്വസ്ഥതകൾ കാരണം പല കാലങ്ങളിലായി വനവാസം തിരഞ്ഞെടുത്തവരാണ് . ഏറ്റവും ഒടുവിൽ യൂറോപ്യൻ അധിനിവേശങ്ങളുടെ സമയത്താണ് ഇതുപോലുള്ള നാടുവിട്ടുപോകൽ അവസാനമായി നടന്നിട്ടുള്ളത് . നമ്മുടെ നാട്ടിൽ ഇത്തരം ഒളിച്ചോടി – ഒറ്റപ്പെട്ട് താമസിക്കലിന്റെ ഉദാഹരണമാണ് മറയൂരിലെ അഞ്ച് ഗോത്രവർഗ്ഗ ഊരുകൾ . ഇതിൽ പലരും മധുരയിലെ അസ്വസ്ഥമായ രാഷ്ട്രീയ കാലാവസ്ഥയിൽ പിടിച്ചുനിൽക്കാനാവാതെ കാട്ടിലേക്ക് ഉൾവലിഞ്ഞവരാണ് . ഇതിന് സമാനമായി ഭൂമിയിലെ പല ദ്വീപുകളിലും ഇത്തരം സെറ്റിൽമെന്റുകൾ ഉണ്ടായിരുന്നു . പുതിയ “മേച്ചിൽപ്പുറങ്ങൾ ” അന്വേഷിച്ച് കടൽതാണ്ടിയവർ അവസാനം ചെന്നെത്തിയ സ്ഥലങ്ങളിൽ കാലാകാലങ്ങളിലായി താമസിച്ച് പുറംലോകത്തിന് ഒറ്റപ്പെട്ടവർ ആയിമാറി . ഇവർ എന്തുകൊണ്ടാണ് നമ്മോട് ബന്ധപ്പെടാനോ അല്ലെങ്കിൽ അവരുടെ ഭൂപ്രദേശങ്ങളിൽ നമ്മെ കടക്കാനോ അനുവദിക്കാത്തത് ? പേടി തന്നെ കാരണം . ആക്രമണങ്ങളിൽ നിന്ന് ഒളിച്ചോടിയവർ മറ്റൊരാക്രമണത്തെ ഭയക്കുന്നു . മറ്റൊന്ന് തങ്ങൾ അനുഭവിച്ചു പോരുന്ന പ്രകൃതിവിഭവങ്ങൾ മറ്റൊരു കൂട്ടരുമായി പങ്കുവെയ്‌ക്കേണ്ടി വരും എന്ന ചിന്ത .
ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ

ഇവരെയൊക്കെ കാട്ടിൽനിന്നും പിടിച്ചിറക്കി ആധുനികൻമ്മാരാക്കിക്കൂടേ എന്നാണ് പലരും ചിന്തിക്കുന്നത് . എന്നാൽ അവരെ അവരുടെ പാടിന് വിടുക എന്ന ചിന്തയുള്ളവരും , അവരെ നിരീക്ഷണത്തിൽ വെച്ചാൽ മതി എന്ന് കരുതുന്നവരും ഉണ്ട് . നൂറ്റാണ്ടുകളായി കാട്ടിൽ വേട്ടയാടി ജീവിക്കുന്ന ഇവർ കാരണം അന്യംനിന്നുപോയ ഒരു ജീവിവർഗ്ഗം പോലും ഭൂമിയിൽ ഇല്ല . പക്ഷെ മാറുന്ന ലോകവ്യവസ്ഥയിൽ ഇവരിങ്ങനെ എത്രനാൾ ഒറ്റപ്പെട്ട് ജീവിക്കും എന്നതാണ് പ്രശ്‌നം . പ്രതേകിച്ച് ആമസോണിൽ ഇത്തരം മനുഷ്യവർഗ്ഗങ്ങൾ ഇനി അധികനാൾ കാട്ടിൽ പിടിച്ചു നിൽക്കില്ല എന്നതാണ് സത്യം . വേട്ടയ്ക്കും , ഖനനത്തിനും , മയക്കുമരുന്ന് വിപണനത്തിനും കാട്ടിലെത്തുന്നവരും , മുൻപറഞ്ഞ ഒറ്റപ്പെട്ട മനുഷ്യവർഗ്ഗങ്ങളും തമ്മിലുള്ള കൊടുംയുദ്ധങ്ങൾ ഇപ്പോൾ പതിവായിരിക്കുന്നു . നഷ്ടം , പഴയ അമ്പും വില്ലുമായി നടക്കുന്ന ആദിവാസികൾക്ക് തന്നെ . തൽഫലമായി ഈ “ഒറ്റപ്പെട്ടവർ ” ഇപ്പോൾ തിരിച്ചുള്ള പ്രയാണത്തിലാണ് . ചില വർഗ്ഗങ്ങൾ നാട്ടിലേക്കിറങ്ങി വന്ന് ഭക്ഷണവും , ആയുധങ്ങളും ചോദിച്ചു തുടങ്ങിയിരിക്കുന്നു . “ഒറ്റപ്പെടൽ ” സുരക്ഷിതമല്ല എന്ന തിരിച്ചറിവ് പക്ഷെ നന്നേ താമസിച്ചു പോയിരിക്കുന്നു . ബ്രസീലിലെ പെറൂവിയൻ അതിർത്തിയിൽ Jandiatuba നദിക്കരയിൽ വെച്ച് നടന്ന കൊടിയ യുദ്ധത്തിൽ സ്വർണ്ണവേട്ടക്കാർ പത്തോളം ആദിവാസികളെ കശാപ്പ് ചെയ്തു എന്നാണ് ഈ ആഴ്ച്ചയിലെ പുതിയ വിവരം (http://tinyurl.com/yd9865u8). “Garimpeiros” എന്ന് പോർച്ചുഗീസിൽ പറയപ്പെടുന്ന ഇക്കൂട്ടർ ഒരു ബാറിൽ വീരസ്യം വിളമ്പിയപ്പോഴാണ് , കൊടുംകാട്ടിൽ നടന്ന കൂട്ടക്കൊല ലോകം അറിയുന്നത് . പല ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഒറ്റപ്പെട്ട മനുഷ്യവർഗ്ഗങ്ങൾ തങ്ങളുടെ വനഭൂമികളിൽ പാർക്കുന്നുണ്ട് എന്ന് സമ്മതിക്കുവാൻ ബുദ്ധിമുട്ടുള്ളവരാണ് . അങ്ങിനെ സമ്മതിച്ചാൽ അന്താരാഷ്‌ട്രസമ്മർദത്തിന് വഴങ്ങി അത്തരം വനഭൂമികൾ പ്രത്യകം സംരക്ഷിക്കേണ്ടി വരും എന്നതാണ് മയക്കുമരുന്ന് ലോബിയെ പിന്തുണക്കുന്ന ചിലരെ കുഴയ്ക്കുന്ന പ്രധാന പ്രശ്നം .
ɯoɔ˙ʎllnɥʇɐlɐd˙ʍʍʍ

17,162.95 ചതുരശ്രകിലോമീറ്റർ വിസ്താരമുള്ള Manu National Park, ഒരു ജൈവമണ്ഡലവും , വേൾഡ് ഹെറിറ്റേജ് സൈറ്റും  കൂടിയാണ് .  ബ്രസീലിലെ ആമസോൺ വനങ്ങളുടെ തുടർച്ചയായി  ആണ് പെറുവിലെ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് . ഇടതൂർന്ന്  വളരുന്ന നിബിഢവനങ്ങളും , ചെറു പുഴകളും അരുവികളും , അനേകജാതി പക്ഷിമൃഗാദികളും ചേർന്ന് ഒന്നാംതരമൊരു  ജംഗിൾ ബുക്ക് ഫീൽ തരുന്ന ഈ വനമേഖല പക്ഷെ നൂറ്റാണ്ടുകളായി  ഒരു അസ്വസ്ഥമേഖലയാണ് . ഇന്നോളം മനുഷ്യൻ കടന്നുചെല്ലാത്ത , നട്ടുച്ചക്കുപോലും കൂരിരുട്ടു തോന്നിപ്പിക്കുന്ന വനപ്രദേശങ്ങൾ നിറഞ്ഞ  ഈ ജൈവമണ്ഡലത്തിൽ എന്താണ്  അസ്വസ്ഥത എന്ന് നാം  ചിന്തിച്ചേക്കാം . അതിനു മുൻപ് ഈ അടുത്ത് നടന്ന  ഒരു സംഭവത്തിലേക്ക് ഒന്ന്  ശ്രദ്ധതിരിക്കാം .

ഹെലിക്കോപ്റ്ററിലേയ്ക്ക്  അമ്പുകൾ  തൊടുത്തു വിടുന്ന ആമസോൺ വർഗ്ഗങ്ങളേ യൂടൂബിൽ കണ്ടു  നാം കുറെ ആസ്വദിച്ചാണ് . ബ്രസീലിലും  പെറുവിലുമായി  ഡസൻ കണക്കിന്  മനുഷ്യവർഗ്ഗങ്ങൾ പുറംലോകവുമായി  ബന്ധമില്ലാതെ കഴിയുന്നുണ്ട് . മറ്റു പുറം നാട്ടുകാരെ കണ്ടാൽ  ആക്രമിക്കുന്ന  ഇവരെ,  ഒട്ടും  ശല്യപ്പെടുത്താതെ  അവരെ അവരുടെ പാടിന്  വിടുന്ന “No- Contact ” പോളിസിയാണ് ബ്രസീലിയൻ -പെറൂവിയൻ സർക്കാരുകൾ  കഴിഞ്ഞ  കുറെ വർഷങ്ങളായി  തുടർന്ന്  പോരുന്നത് . ” First – contact ” എന്ന അപകടകരമായ സ്ഥിതിവിശേഷം ഒഴിവാക്കുവാനാണ് നോ കോണ്ടാക്ട്  പോളിസി  കൈക്കൊണ്ടത് എന്നതാണ്  സത്യം . നൂറ്റാണ്ടുകളായി  തുടരുന്ന ഒറ്റപ്പെടൽ  സമ്മാനിച്ച കുറഞ്ഞ  രോഗപ്രതിരോധശേഷി, ഈ മനുഷ്യവർഗ്ഗങ്ങളുടെ നിലനിൽപ്പ്  തന്നെ അപകടത്തിലാക്കിയേക്കും . പുറംനാട്ടുകാരിൽ  നിന്നും  ലഭിക്കുന്ന  രോഗാണുക്കൾ ഇവരെ സമൂലം തകർത്തുകളയും . ആദ്യ കോണ്ടാക്റ്റിൽ  തന്നെ  ഇവർക്ക്  ഫ്ലൂ  പോലുള്ള  രോഗങ്ങൾ  പിടികൂടാൻ ഏറെ സാധ്യതയുണ്ട് .  ഒരു ഗോത്രത്തിലെ  അമ്പതു ശതമാനം പേരെ ഇല്ലാതാക്കുവാൻ  ഇത്  ധാരാളം മതിയെന്നാണ് വിദഗ്ദരുടെ അഭിപ്രായം . സ്പാനിഷുകാർ  കൊണ്ടുവന്ന  വസൂരി, ഇൻകാ സാമ്രാജ്യം  തന്നെ  തകർത്തത്  ചരിത്രമാണല്ലോ . എന്നാൽ  ഫസ്റ്റ്  കോണ്ടാക്ട്  , ലാസ്റ്റ്  കോണ്ടാക്റ്റ് ആയി മാറും  എന്നുള്ള  ബോധംകൊണ്ടൊന്നുമല്ല  ഈ വർഗ്ഗങ്ങൾ  നമ്മെ ആ പരിസരത്തേക്ക്  പോലും  അടുപ്പിക്കാത്തത് . ആ  കാരണമറിയാൻ  നാം  വീണ്ടും മേൽപ്പറഞ്ഞ  മനു ദേശീയോദ്യാനത്തിലേക്ക്  തന്നെ  പോകണം .

1879 മുതൽ  1912 വരെയുള്ള  കാലയളവിലാണ്  ആമസോൺ മേഖലയുടെ ഇന്നത്തെ അവസ്ഥക്ക് പ്രധാനകാരണമായ  Amazon Rubber Boom എന്ന  പ്രതിഭാസം  അരങ്ങേറുന്നത് . കൊളംബസ്  പോലുള്ള സഞ്ചാരികൾ റബ്ബർ എന്ന ഒഴുകുന്ന  “വെളുത്ത ” സ്വർണ്ണത്തെ യൂറോപ്പിൽ പരിചയപ്പെടുത്തിയതോട് കൂടി ആമസോൺ നദീതടത്തിലേക്ക് തോട്ടം മുതലാളിമാരുടെയും കച്ചവടക്കാരുടെയും വൻ ഒഴുക്ക് തന്നെയുണ്ടായി .  വൻതോതിൽ  റബ്ബർ പ്ലാന്റേഷനുകൾ വെച്ച് പിടിപ്പിക്കപ്പെട്ടു. ബ്രസീലിലെയും  പെറുവിലെയും  പല ചെറുകിടനഗരങ്ങളും  ഈ മനുഷ്യപ്രവാഹത്തിന്റെ പരിണിതഫലമെന്നോണം അക്കാലയളവിൽ  കൂണ് പോലെ മുളച്ചുപൊങ്ങിതായാണ് . എന്നാൽ  റബ്ബർതോട്ടങ്ങൾക്കായി ആമസോണിലെ  സ്വാഭാവികവനങ്ങൾ വെട്ടിവെളുപ്പിക്കാനും , അങ്ങിനെ ഉണ്ടാക്കിയെടുത്ത തോട്ടങ്ങളിലെ പണികൾ ചെയ്യുവാനും മുതലാളിമാർക്ക്  വലിയ ലേബർ ഫോഴ്സ്  തന്നെ  ആവശ്യമായി വന്നു . തോട്ടങ്ങളുടെ  പരിരക്ഷണം  , വനങ്ങളിലൂടെയും മലകളിലൂടെയുമുള്ള  പുതിയ പാതകളുടെ  നിർമ്മാണം ,  നദികളിലൂടെയുള്ള ചരക്കു നീക്കം അങ്ങിനെ ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു . എന്നാൽ  വിജനവും , എത്തിപ്പെടാൻ നന്നേ പ്രയാസമേറിയതുമായ ആമസോൺ  വനങ്ങളിൽ ഇതിനുവേണ്ട  തൊഴിലാളി സമൂഹത്തെ കിട്ടുവാൻ നന്നേ പ്രയാസമായിരുന്നു . അപ്പോഴാണ് പ്രത്യേകിച്ചൊരു “തൊഴിലും” ഇല്ലാതെ കാടുകൾ  തോറും കയറിയിറങ്ങി  വേട്ടയാടിയും  മീൻപിടിച്ചും  കഴിഞ്ഞുകൂടുന്ന ആമസോൺ വനഗോത്രങ്ങളെ തോട്ടമുടമകൾ  ഉന്നം വെച്ചത് . അതിൽപെട്ട  മിക്ക ജാതികളെയും അവർ ബലം പ്രയോഗിച്ച് തോട്ടം തൊഴിലാളികളാക്കി  മാറ്റി . എന്നാൽ  ചെറുത്ത്  നിന്ന  ഗോത്രങ്ങൾക്ക്  ചില്ലറ നഷ്ടമൊന്നുമല്ല  സംഭവിച്ചത് . അന്ന് ആമസോൺ വനങ്ങളിലൊഴുകിയ  രക്തമൊക്കെയും അടുത്ത വെള്ളപ്പൊക്കത്തിൽ  തേഞ്ഞുമാഞ്ഞില്ലാതായി . ഏതുവിധേയനെയും  രക്ഷപെട്ട ആമസോൺ സന്തതികൾ  ആരും ചെന്നുകയറാൻ  ഇടയില്ലാത്ത ഉൾവനങ്ങളിലേക്കു  പിൻവലിഞ്ഞില്ലാതായി . ആമസോൺ  വന്യതയുടെ  ഗർഭപാത്രത്തിലേക്ക്  അവർ  പിൻവാങ്ങി .  അങ്ങിനെ  നൂറ്റാണ്ടുകൾ പുറംലോകം കാണാതെ അവർ  പ്രകൃതിയിൽ അലിഞ്ഞിറങ്ങി  സ്വസ്ഥമായിത്തന്നെ  കഴിഞ്ഞു കൂടി . അന്ന് കിട്ടിയ  ഭീതി  ഇപ്പോഴും ഉള്ളിൽ ഉള്ളതുകൊണ്ടാവണം , പുറത്തുനിന്ന്  ആരെക്കണ്ടാലും  അവർ ശരഹാരത്താൽ സ്വീകരിക്കുന്നത് .  ആയിരത്തിഎണ്ണൂറുകളുടെ  അവസാനമുണ്ടായ  ഈ റബർ ബൂം ബ്രസീലിലും  പെറുവിലും മറ്റു തെക്കേഅമേരിക്കൻ  രാജ്യങ്ങളിലുമായി  പടർന്നുകിടക്കുന്ന  ആമസോൺ ബെൽറ്റിൽ  രണ്ടുതരം ആദിവാസി  ഗോത്രങ്ങളെ  സൃഷ്ടിച്ചു . തോട്ടത്തിൽ  പണിയെടുത്ത് മറ്റു വർഗ്ഗങ്ങളുമായി  ഇണങ്ങി  നാട്ടിൽ തന്നെ  താമസമാക്കിയവരാണ്   ആദ്യത്തേത് .  ഇതിൽ പലകൂട്ടരും അതിന് മുൻപ്  ഒറ്റപ്പെട്ട് ജീവിച്ചിരുന്നവർ  ആണ് .  ചെറുത്തുനിന്നെങ്കിലും  തോറ്റു  കാട്ടിലേക്ക്  പിൻവാങ്ങിയവരാണ്  രണ്ടാമത്തേത് .  ഇവരുടെ  കൂടെ  പലനൂറ്റാണ്ടുകളായി  ഒറ്റപ്പെട്ട് ജീവിക്കുന്ന  വർഗ്ഗങ്ങൾ  വേറെയും ഉണ്ട് .  പെറുവിലെ  മനു ദേശീയോദ്യാനത്തിലെ ബഫർ സോണുകളിൽ കാണുന്ന  പല ഗ്രാമങ്ങളും ആദ്യഗ്രൂപ്പിൽ  പെടുന്ന  ഗോത്രങ്ങളുടേതാണ് .  ഇപ്പോഴും  ഒറ്റപ്പെട്ടു  ജീവിക്കുന്ന , രണ്ടാമത്തെ  ഗ്രൂപ്പിൽ പെടുന്ന ഗോത്രവർഗ്ഗങ്ങൾ  പെറൂവിയൻ  ആമസോണിൽ തന്നെ  ഏകദേശം  പതിനഞ്ചോളം  വരും .

രണ്ടായിരത്തിപതിനൊന്നിലാണ്  മേൽവിവരിച്ച  സംഭവങ്ങളുടെ ബാക്കി  ഭാഗം  തുടങ്ങുന്നത് . പെറുവിലെ Las Piedras നടിയുടെ  തീരത്ത്  ട്രെക്കിങ്ങിനായി  എത്തിയ  കുറച്ചു   സഞ്ചാരികൾ നദിയുടെ മറുഭാഗത്ത്  ഒരു കൂട്ടം ആദിവാസികളെ  കണ്ടു . ഏകദേശം  രണ്ട്  മണിക്കൂറുകളോളം നദീതീരത്ത്  ചിലവഴിച്ച ആദിവാസികൾ  പൊടുന്നനെ  കാട്ടിലേക്ക്  അപ്രത്യക്ഷമാവുകയും  ചെയ്തു . കിട്ടിയഫോട്ടോകൾ വെച്ച് അത്  Mashco-Piro എന്നറിയപ്പെടുന്ന  ആദിവാസികൾ  ആവണം  എന്ന്  അനുമാനിക്കപ്പെട്ടു . പെറൂവിയൻ  ആമസോണിൽ  ഒറ്റപ്പെട്ട് ജീവിക്കുന്ന  പതിനഞ്ചു ഗ്രൂപ്പുകളിൽ  ഒന്നാണത് .  വീണ്ടും  രണ്ടാഴ്ചക്ക് ശേഷം  ഇതേ വർഗ്ഗത്തിൽപ്പെട്ട കുറച്ചു പേർ  വനാതിർത്തിയിലുള്ള  ഒരു ഗ്രാമത്തിൽ  പ്രത്യക്ഷപ്പെട്ടു . ആഹാരവും , ആയുധങ്ങളും ഒക്കെയാണ്  അവർ ഗ്രാമവാസികളോട്  ആവശ്യപ്പെട്ടത് .  ഗ്രാമത്തിലെ  ആളുകളുടെ  ഭാഷയോട്  വളരെയധികം സാമ്യമുള്ള ഭാഷയായിരുന്നു  അവർ സംസാരിച്ചിരുന്നത് .  അന്ന് രാത്രി ആ ഗ്രാമത്തിലെ ആടുകളും , കൃഷിയായുധങ്ങളും മറ്റും  മോഷണം  പോകുകയും ചെയ്തു . എന്നാൽ  ഇതൊരു സാധാരണ സംഭവമാണെന്നും ഉൾവനങ്ങളിൽ  വെച്ച്  തങ്ങൾ ഇത്തരം ഗ്രൂപ്പുകളിൽപെട്ടവരെ  കണ്ടുമുട്ടാറുണ്ടെന്നും  അവർ ഇത്തരം സാധനങ്ങൾ  ആവശ്യപ്പെടാറുണ്ടെന്നും  ഗ്രാമവാസികൾ  പറഞ്ഞു . എന്നാൽ  അവർ പുറത്തിറങ്ങി വന്ന്  ആവശ്യപ്പെട്ടതും  മോഷ്ട്ടിച്ചതും  സാധാരണമല്ലെന്നും   പറഞ്ഞു . എന്നാൽ  അതെ വർഷം ജൂണിൽ  ഏകദേശം നൂറോളംപേരടങ്ങുന്ന  ഒരു ഗ്രൂപ്  വീണ്ടും നദീതീരത്ത്  പ്രത്യക്ഷപ്പെട്ടു .  സ്ത്രീകളും  കുട്ടികളും ഉൾപ്പെട്ടിരുന്ന  ആ സംഘം  ആഴ്ച്ചകളോളം നദീതീരത്ത്  താമസിക്കുകയും മീൻപിടിക്കുകയും  ചെയ്തു . നദീതീരത്തു തന്നെ താമസിച്ചു വന്നിരുന്ന Yine ഗോത്രക്കാരോട് , പഴങ്ങളും ,  ആയുധങ്ങളും  അവർ ആവശ്യപ്പെട്ടു . അവർ എന്തിനെയോ  ഭയക്കുന്നതായി Yine ഗ്രാമമുഖ്യൻ അന്ന് തന്നെ സംശയം പ്രകടിപ്പിച്ചു .

നമ്മുക്ക്  മരത്തിൽ നിന്ന് വീണ കുട്ടിഅണ്ണാനെയോ , പറക്കമുറ്റാത്ത തത്തയെയോ  കിട്ടിയാൽ  എന്ത് ചെയ്യും ? എടുത്തുവളർത്തി  പരിപാലിക്കും ശരിയല്ലേ ? ഇതുപോലെ തന്നെയാണ്  കാട്ടിൽ പലവിധകാര്യങ്ങൾക്കായി  പോകുന്ന ചിലർക്ക്  ചിലത് കിട്ടുന്നത് . പക്ഷെ ഇവിടെ ഇവർക്ക്  ലഭിക്കുന്നത്  മനുഷ്യക്കുട്ടികളെയാണ്  എന്ന് മാത്രം .  നമുക്കറിയാത്ത  പലവിധകാരണങ്ങളാൽ കാട്ടിൽ  ഒറ്റപ്പെട്ടുപോകുന്ന  ഇത്തരം  കുട്ടികളെ  Yine വർഗ്ഗക്കാർ  എടുത്ത്  വളർത്താറുണ്ട് .  ഇവരെല്ലാം  തന്നെ  മുൻപറഞ്ഞ  ഒറ്റപ്പെട്ട  ഗോത്രങ്ങളിൽ  പെടുന്ന  കുട്ടികൾ ആയിരിക്കും . ഇങ്ങനെയുള്ള  കുട്ടികളിൽ  നിന്നും നരവംശശാസ്ത്രജ്ഞർ  Mashco-Piro വർഗ്ഗക്കാരുടെ  ഭാഷ  ഏറെക്കുറെ മനസ്സിലാക്കി  വെച്ചിട്ടുണ്ട് . ഇവരുടെ ഭാഷയ്ക്ക്  Yine ഗോത്രഭാഷയുമായി  സാമ്യമുള്ളതിനാൽ ആശയവിനിമയം  ഏറെക്കുറെ  സാധ്യമാണ് .  അതിനാൽ   ജന്മനാതന്നെ  Yine വംശജനായ Romel Ponciano , നദീതീരത്ത്  പ്രത്യക്ഷപ്പെട്ട Mashco-Piro വർഗ്ഗക്കാരുമായി പതുക്കെ പതുക്കെ ചങ്ങാത്തം സ്ഥാപിച്ചെടുത്തു . എന്നാൽ  അവരുടെ മുൻപിൽ വെച്ച് അവരെ Mashco-Piro എന്ന് വിളിക്കുന്നത്  മരണതുല്യമായ  പ്രവൃത്തിയാണെന്നു  റൊമേൽ നമ്മെ ഓർമ്മിപ്പിക്കുന്നു . കാരണം  ആ വാക്കിന്റെ അർഥം “ഊരുതെണ്ടികൾ ” എന്നാണത്രെ ! അതിനാൽ  റോമേൽ അവരെ “സഹോദരർ”  എന്നർത്ഥമുള്ള “Nomole” എന്നാണ് അഭിസംബോധന ചെയ്തത് . അവർ തിരിച്ച്  റൊമേലിന്‌  ഇട്ട  പേര്  “Yotlotle” എന്നായിരുന്നു .  അർഥം ” വലിയ നീർനായ “!  അവർ ബഹുമാനാർത്ഥമാണ്  അങ്ങിനെ വിളിക്കുന്നത് . ആരൊക്കെയോ  അവരെ  വനത്തിനുള്ളിൽ  വെച്ച്  ആക്രമിച്ചു എന്നും , അങ്ങിനെ ഓടി രക്ഷപെട്ട്  നദീതീരത്ത്  എത്തിയതാണെന്നും അവർ റൊമേലിനോട്  പറഞ്ഞു . അതിനാൽ  തങ്ങൾക്ക് ആയുധം വേണമെന്ന്  അവർ ആവശ്യപ്പെട്ടു .

നദീതീരത്തുള്ള  ഇവരുടെ പ്രത്യക്ഷപ്പെടൽ  ഒട്ടേറെ  വൈകാരിക  രംഗങ്ങൾക്ക്  സാക്ഷ്യം വഹിച്ചു . ഗ്രാമവാസികൾ എടുത്തുവളർത്തിയ  കുട്ടികൾ  വളർന്ന്  വലുതായിരിക്കുന്നു .  തങ്ങളുടെ  ബന്ധുക്കളെ കാണുവാൻ അവർ നദിയുടെ മറുതീരത്ത്  എത്തിച്ചേർന്നു .  ഒരുപക്ഷെ അപ്പുറത്ത്  നിൽക്കുന്നത് തങ്ങളുടെ അടുത്ത സഹോരനോ സഹോദരിയോ ആവാം ! പക്ഷെ റൊമേലിനോട്  മാത്രമാണ്  അവർ അടുത്തതും  സംസാരിച്ചതും . ദിവസങ്ങൾക്കുള്ളിൽ  അവർ പ്രത്യക്ഷമാവുകയും  ചെയ്തു . ഈ നാടകതുല്യമായ  സംഭവങ്ങളുടെ  അടുത്തഭാഗം ബ്രസീലിയൻ  അതിർത്തിക്കുള്ളിലായിരുന്നു അരങ്ങേറിയത് .  രണ്ടായിരത്തിപതിനാല്  ആഗസ്റ്റിൽ ബ്രസീലിലെ Envira നദിയുടെ തീരത്ത്   Nomole വർഗ്ഗത്തിൽ പെട്ട ( ഇനി നമുക്കും അവരെ അങ്ങിനെ വിളിക്കാം ) കുറച്ചുപേർ Simpatia ഗ്രാമത്തിനടുത്തു  പ്രത്യക്ഷപ്പെട്ടു . അമ്പും വില്ലുമേന്തിയ ഏഴോളം നഗ്നരായ ആളുകളാണ് Ashaninka ഗോത്രക്കാരുടെ അടുത്തെത്തിയത് . തങ്ങൾ  ഒരു ഭീകരമായ  ഏറ്റുമുട്ടൽ  കഴിഞ്ഞു  വരികയാണെന്നും കൂട്ടത്തിലുണ്ടായിരുന്നവർ  വധിക്കപ്പെടുകയോ  ചിതറിക്കപ്പെടുകയോ  ചെയ്തിട്ടുണ്ടാവണമെന്നും  അവർ അറിയിച്ചു . ശത്രുക്കളെ   നേരിടാൻ  പറ്റിയ ആയുധങ്ങൾ  തങ്ങൾക്ക്  വേണം  എന്നായിരുന്നു  അവരുടെ ആവശ്യം . ഇവരുടെ  വിവരണത്തിൽ നിന്നും രണ്ടായിരത്തി പതിനൊന്നുമുതൽ  ഇവർ  പുറംലോകവുമായി  ബന്ധപ്പെടുവാൻ  ശ്രമിച്ചതിന്റെ  കാരണങ്ങൾ  വ്യക്തമായി തുടങ്ങി .

ലാറ്റിനമേരിക്കൻ  മയക്കുമരുന്ന്  മാഫിയ  ആണ് Nomole  പറയുന്ന ശത്രുക്കൾ ! ആമസോൺ വനാന്തരങ്ങൾ  മുഴുവനും അരിച്ചുപെറുക്കി എണ്ണപര്യവേഷണം  നടത്തുന്ന  കമ്പനികൾ  തങ്ങളുടെ സൗകര്യാർത്ഥം അനേകം ചെറു റോഡുകൾ ഈ ജൈവമണ്ഡലത്തിൽ  പുതുതായി  നിർമ്മിച്ചിട്ടുണ്ട് .  ഉൾവനങ്ങളോളം  ചെന്നെത്തുന്ന ഇത്തരം  റോഡുകൾ പക്ഷെ ഇപ്പോൾ  ഉപയോഗിക്കുന്നത്  അനധികൃത  മരംവെട്ടുകാരും ഡ്രഗ് കാർട്ടലും ആണ് . സ്വാഭാവികമായും വനാന്തരങ്ങളിൽ  സ്വസ്ഥമായി ജീവിക്കുന്ന ഒറ്റപ്പെട്ട  ഗോത്രക്കാർ റിയാക്റ്റ്  ചെയ്യുകയും  പ്രതികരിക്കുകയും ചെയ്യും . അമ്പും  വില്ലും  മാത്രം  കൈമുതലായുള്ള  ഇവരെ കൊന്നുകളയാൻ അത്യാധുനിക ആയുധങ്ങൾ  കൈവശമുള്ള  ഡ്രഗ് മാഫിയക്ക്  അധികസമയമൊന്നും  വേണ്ട . നൂറുകണക്കിന്  വർഷങ്ങളായി ഉൾവനങ്ങളിൽ  തമ്പടിച്ചിരുന്ന  Nomole പോലുള്ള  വർഗ്ഗങ്ങൾ പതുക്കെപ്പതുക്കെ  പുറത്തേക്ക്  വന്നു തുടങ്ങിയതിന്റെ  കാരണവും  ഇതുതന്നെയാണ് .

എന്തായാലും  നാം ആദ്യം പറഞ്ഞ  ” ഫസ്റ്റ്  കോണ്ടാക്റ്റ് ” മൂലം  ബ്രസീലിൽ പ്രത്യക്ഷപ്പെട്ട നോമോളുകൾക്കു  ഫ്ലൂ ബാധിക്കുകയുണ്ടായി . ഇത്തരം വർഗ്ഗങ്ങളുടെ മേൽനോട്ടം  വഹിക്കുന്ന  ബ്രസീലിയൻ ഏജൻസിയായ Funai (www.funai.gov.br)  മുൻകൈ  എടുത്ത്  ഇവരെ ചികിൽസിക്കുകയും , ആരോഗ്യം  വീണ്ടെടുത്ത  ശേഷം  ഇവർ തിരികെ വനത്തിലേക്ക്  മടങ്ങുകയും  ചെയ്തു . പക്ഷെ  കാര്യങ്ങൾ  അവിടം കൊണ്ട് അവസാനിച്ചില്ല . രണ്ടായിരത്തിപ്പതിനാല്  ഡിസംബറിൽ പെറുവിലെ  വിദൂര ഗ്രാമമായ Monte Salvado ആക്രമിച്ചുകൊണ്ടാണ്  Nomole വർഗ്ഗം  പകവീട്ടിയത് .  അവർ നൂറിൽക്കൂടുതൽ  എണ്ണം  ഉണ്ടായിരുന്നു  എന്ന് ദൃക്‌സാക്ഷികൾ  പറയുന്നു .  നിസാരപരുക്കുകളോടെ  ആളുകൾ  രക്ഷപെട്ടുവെങ്കിലും  ആ ഗ്രാമം  മുഴുവനും  അവർ നശിപ്പിച്ചുകളഞ്ഞു . ഉൾവനങ്ങളിൽ  അവർക്കെതിരെയുണ്ടായ  ആക്രമണങ്ങളുടെ പ്രതികാരമാവാം ഇതെന്നാണ്  നിഗമനം .  അവർക്ക് മരംവെട്ടുകാരും , മാഫിയ ഗ്യാങ്ങും , പുറത്തുള്ള  ഗ്രാമവാസികളുമെല്ലാം  ഒരുപോലെയാണ് . അല്ലെങ്കിൽ  ഇതെല്ലാം  തിരിച്ചറിയുവാനുള്ള  ശേഷി അവർക്കില്ല  എന്നതാണ് സത്യം . മറ്റൊരാക്രമണത്തിൽ  ഒരു ചെറുപ്പക്കാരൻ ഇവരുടെ അമ്പേറ്റ് കൊല്ലപ്പെട്ടതോടു  കൂടി . സർക്കാർ അതീവ ജാഗ്രത  പുറപ്പെടുവിച്ചു . ആക്രമണത്തിന്  ഇരയായ ഗ്രാമങ്ങൾ എല്ലാം തന്നെ പൂർണ്ണമായും  ഒഴിപ്പിച്ചു .

ഭൂമിയിലുള്ള സകല ആദിവാസികളെയും  പോലെത്തന്നെ പരിസ്ഥിതിസ്നേഹം  പറയുമ്പോൾ  മാത്രം  പരാമർശിക്കപ്പെടുന്ന  ഒരു പേരാണ് ഇവരുടേത് .  പെറുവിലെ  ഒരു മുൻ മന്ത്രി ഒറ്റപ്പെട്ടു ജീവിക്കുന്ന  ആദിവാസികൾ  ആമസോണിൽ  ഇല്ല എന്ന് വരെ  വാദിച്ചിട്ടുണ്ട് . കാരണം  ഉണ്ടെന്നു പറഞ്ഞാൽ ആ വനം സംരക്ഷിക്കപ്പെടേണം , പിന്നെ ഈ പറയുന്ന മയക്കുമരുന്ന്  വ്യാപാരവും എണ്ണഖനനവും  എങ്ങിനെ നടക്കും ? എന്തായാലും ഏറ്റവും പുതിയ  വിവരമനുസരിച്ച്  പെറൂവിയൻ  സർക്കാർ ഒറ്റപ്പെട്ട ഗോത്രങ്ങൾ  താമസിക്കുന്ന  വനങ്ങളെ   അഞ്ച് വ്യത്യസ്ത മേഖലകളായി  തിരിച്ച്  അവയ്ക്ക്  ആയുധമേന്തിയ  ഗാർഡുകൾ  ഉൾപ്പെടെയുള്ള  പരിരക്ഷ  ഉറപ്പാക്കാനുള്ള  ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്  (http://www.andina.com.pe/agencia/noticia-ministerio-cultura-evalua-cinco-propuestas-areas-para-reservas-indigenas-667288.aspx) . അത് ഫലംകാണുമെന്ന് പ്രതീക്ഷിക്കാം .  താഴെക്കാണുന്നത് 2011 ൽ ഇവർ നദീതീരത്ത്  പ്രത്യക്ഷപ്പെട്ടപ്പോൾ  എടുത്ത ചിത്രമാണ് .

വിവരങ്ങളെല്ലാം  തന്നെ ഗാർഡിയൻ പത്രം പലപ്പോഴായി പ്രസിദ്ധീകരിച്ച പല ആർട്ടിക്കിളുകളിൽ  നിന്നും  ശേഖരിച്ച്  ഒന്നാക്കിയെടുത്താണ് .

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers