ദൈവം സിനിമയിൽ അഭിനയിച്ചാൽ ?

Share the Knowledge

അതാണ്  ചോദ്യം . ദൈവം  സിനിമയിൽ  അഭിനയിച്ചാൽ  ആണിന്റെ  വേഷം ചെയ്യുമോ പെണ്ണിന്റെ  വേഷം ചെയ്യുമോ ? ദൈവം  ആണാണെന്നു  വിശ്വസിക്കുന്നവരും , അല്ല പെണ്ണാണെന്ന്  വിശ്വസിക്കുന്നവരും അതല്ല  ഇത് രണ്ടും കൂടിയതാണെന്ന്  കരുതുന്നവരും ഇത് മൂന്നുമല്ല  വേറെ എന്തോ ആണെന്ന് വിചാരിക്കുന്നവരും  നമ്മുടെ കൂടെയുണ്ട് .  പക്ഷെ 1994 ൽ പുറത്തിറങ്ങിയ സ്റ്റാർ ഗേറ്റ് (Stargate) സിനിമയുടെ പിന്നണിപ്രവർത്തകർക്കു  ഇതൊരു  കുഴയ്ക്കുന്ന  പ്രശ്നം  തന്നെയായിരുന്നു .  കാരണം  സിനിമയിലെ  പ്രധാന  വില്ലൻ ഈജിപ്ഷ്യൻ  സൂര്യദേവനും സൃഷ്ടികർത്താവുമായ സാക്ഷാൽ  അമുൻ – റാ  ആയിരുന്നു . മേൽപ്പറഞ്ഞ  എല്ലാ ഭാവങ്ങളും ഒത്തുചേരുന്ന  ഒരാളെ  വേണമായിരുന്നു ” റാ ” ആയി  കാസ്റ്റ്  ചെയ്യുവാൻ . അങ്ങിനെയാണ് കാര്യമായ  അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടുവാൻ  ഇല്ലാതിരുന്ന Jaye Davidson എന്ന  ബ്രിട്ടീഷ് രക്തമുള്ള  അമേരിക്കൻ  മോഡലിനെ  അവർ തിരഞ്ഞെടുത്തത് . സൂക്ഷിച്ചു  നോക്കിയാൽ  ആണോ , പെണ്ണോ അതോ രണ്ടും കൂടിയതോ  എന്ന് പെട്ടന്ന്  പറയാൻ  ബുദ്ധിമുട്ടുള്ള മുഖഭാവവും ആകാരവടിവും ഡേവിഡ്‌സൺ എന്ന  മോഡലിനെ ഈജിപ്ഷ്യൻ പരമോന്നത ദേവനായ  അമുൻ- റാ യുടെ പദവിയിലേക്ക്  ചേർക്കാൻ  അവർക്ക്  രണ്ടാമതൊന്നു  ആലോചിക്കേണ്ടി വന്നില്ല . എന്തായാലും  റായുടെ റോളിൽ ഡേവിഡ്‌സൺ  തകർത്തു  എന്ന് തന്നെ പറയാം . പഴയ ഈജിപ്ഷ്യൻ പുരാണങ്ങൾ  വായിക്കുമ്പോൾ നമ്മുടെ മുന്നിലെത്തുന്ന റാ യുടെ  മുഖത്തിന് ഇപ്പോൾ  ഡേവിഡ്‌സണിന്റെ ഛായയാണ്  ഉള്ളത് .

പക്ഷെ കരയ്ക്കുമല്ല  വെള്ളത്തിലുമല്ല  എന്ന  രീതിയിലുള്ള Androgyny മുഖഭാവവും ആകാരവടിവും  പാവം ഡേവിഡ്‌സണിന്  വലിയ  ഗുണമൊന്നും  ചെയ്തില്ല  എന്നതാണ്  സത്യം . ഒരു ഗേ  ആയിരുന്ന ഡേവിഡിനെ , ചിത്രമിറങ്ങിയ  ശേഷം മറ്റുള്ള സ്വവർഗ്ഗ പ്രേമികൾ  കൂടെ കൂട്ടിയില്ല  എന്ന് അദ്ദേഹം പിന്നീടൊരു  അഭിമുഖത്തിൽ  പറയുകയുണ്ടായി . ഗേകൾക്ക്  ഉറച്ച  ശരീരമാണ്  വേണ്ടത്  എന്നായിരുന്നത്രെ  കാരണം ! ആ കുറവ്  നികത്തുവാൻ  തലമൊട്ടയടിച്ച്  ദേഹം മുഴുവനും ടാറ്റൂ വരെ കുത്തിനിറച്ചു . എന്തായാലും ചിത്രം  ഡേവിഡ്സൺ എന്ന  മോഡലിന് കാര്യമായ  നെഗറ്റീവ്  പ്രതിച്ഛായയാണ്  ഉണ്ടാക്കിയത് . പതുക്കെ  പതുക്കെ  സിനിമാ  ലോകത്തു നിന്നും  പിൻവലിഞ്ഞ  അദ്ദേഹം  പിന്നീട്  ഫോട്ടോ  ഷൂട്ടുകളിൽ  മാത്രം  പ്രത്യക്ഷപ്പെട്ടു  തുടങ്ങി . എന്നാൽ  അവിടെയും  കാര്യങ്ങൾ  വേണ്ട  രീതിയിൽ  ശോഭിച്ചില്ല .  അവസാനം മോഡലിംഗ് / അഭിനയ  രംഗത്തുനിന്നും Jaye Davidson എന്നന്നേക്കുമായി പിൻവാങ്ങി . ഇപ്പോൾ  നാൽപ്പത്തി ഒൻപത്  വയസുള്ള ഡേവിഡ്‌സൺ  എവിടെയാണ്  ജീവിക്കുന്നത് എന്ന് പോലും ആർക്കും  വലിയ തിട്ടമില്ല . ഫേസ്ബുക്കിൽ  കക്ഷിയുടെ പേരിൽ അനേകം അക്കൗണ്ടുകൾ  പോലും  ആക്ടീവായി  നിലവിൽ  ഉണ്ട് . അതിനാൽ കുറച്ചുവർഷം മുൻപിലത്തെ ഒരു ചിത്രം  നമ്മുക്ക്  കാണാൻ പറ്റും .

 

Image

ഒരു അഭിപ്രായം പറയൂ