പഴയകാല പറക്കും പറവകള്‍ !

റൈറ്റ് ബ്രതെര്‍സ് റോങ്ങ്‌ ആയിരുന്നു എന്നും അതിനും മുന്‍പേ പുഷ്പകവിമാനം പറപ്പിച്ചിരുന്നവര്‍ ആയിരുന്നു നമ്മള്‍ ഭാരതീയര്‍ എന്നും ഈയിടെയായി കേള്‍ക്കുന്നു . എന്നാല്‍ ചിത്രങ്ങളില്‍ അല്ലാതെ ഈ പറക്കും പുഷ്പ്പന്റെ ഒരു നട്ടോ ബോള്‍ട്ടോ പോലും നമ്മുക്ക് കണ്ടെടുക്കാനായിട്ടില്ല എന്നത് വേറെ കാര്യം . എന്നാല്‍ മറ്റു ചിലയിടങ്ങളില്‍ കാര്യങ്ങള്‍ അങ്ങിനെയല്ല . പണ്ട് പറക്കുന്ന എന്തെക്കെയോ ഉണ്ടായിരുന്നു എന്ന് ചിലര്‍ക്ക് തറപ്പിച്ചു വിശ്വസിക്കുവാനും , മറ്റു ചിലര്‍ക്ക് സാധ്യത ഉണ്ട് എന്ന് അഭിപ്രായപ്പെടുവാനും വേറെ ചിലര്‍ക്ക് “Something Fishy ” എന്നൊക്കെ സ്റ്റൈലില്‍ പറയുവാനും പാകത്തില്‍ ചിലതൊക്കെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കിട്ടിയിട്ടുണ്ട് . എഴുപത് ശതമാനവും ഫോട്ടോഷോപ്പും ബാക്കി നട്ടാല്‍ കിളിര്‍ക്കാത്ത നുണകളും നിറഞ്ഞതാണ്‌ സൈബര്‍ ലോകത്തെ ചരിത്ര സൈറ്റുകള്‍ . ഇതില്‍ നിന്നും (എനിക്ക് ) വിശ്വസിനീയം എന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും പരവുരി ചീകി വെളിപ്പിച്ചെടുക്കുന്ന കാര്യങ്ങളാണ് ഒരു പോസ്റ്റ്‌ ആയി ഇടാറ് . ഇതും അതുപോലോന്നാണ് . സംശയം ഉള്ളവര്‍ക്ക് നെറ്റില്‍ തപ്പി കാര്യങ്ങള്‍ അറിയുവാന്‍ പാകത്തില്‍ സകല പേരുകളും ഇംഗ്ലീഷില്‍ തന്നെയാണ് ഇടാറു പതിവ് . പറഞ്ഞു വരുന്നത് , പലപ്പോഴും ഇത്തരം പോസ്റ്റുകളുടെ കീഴെ “Hoax ” എന്നൊരോറ്റ വാക്ക് കമന്റ് വരും . പോസ്റ്റ്‌ മുഴുവനും വായിച്ചു നോക്കാതെ , അതിലുള്ള ഒരു കാര്യം പോലും സ്വയം തപ്പി ഉറപ്പു വരുത്താന്‍ മിനക്കിടാതെ , അറിവിന്‍റെ വാതിലുകള്‍ കൊട്ടിയടച്ച് , ഒറ്റയ്ക്ക് ഇരുട്ടില്‍ കുത്തിയിരുന്ന് കമന്റ് ചെയ്യുന്ന ഇത്തരം വിദ്വാന്‍മ്മാരെ കണ്ണും പൂട്ടി ബ്ലോക്ക് ചെയ്യുകയാണ് പതിവ് . പറഞ്ഞു വരുന്നത് ആര് പറഞ്ഞാലും അടപടലെ വിശ്വസിക്കരുത് . എല്ലാകാര്യത്തിലും നമ്മുടെ സ്വന്തം ബുദ്ധിയും യുക്തിയും വിവേകവും ഉപയോഗിക്കണം . ഇതിനു വേണ്ടി അഞ്ചു മിനുട്ട് കളഞ്ഞാലും കിട്ടുന്ന അറിവ് പക്കാ പോളിഷ് ട് ആയിരിക്കും . ഇത്രയും കാര്യം എഴുതിയത് എന്‍റെ പ്രിയ കൂട്ടുകാര്‍ക്ക് വേണ്ടിയല്ല . പോസ്റ്റ്‌ അതെ പടി കോപ്പി ചെയ്തു നാലാംകിട ഗ്രൂപ്പുകളില്‍ കൊണ്ടിടുന്ന മഹാന്മാര്‍ക്കും അവിടെ കമന്റ് ചെയ്യുന്ന ബുദ്ധിജീവികള്‍ക്കും വേണ്ടിയാണ് . ( കണ്ണും പൂട്ടി കോപ്പി ചെയ്യുന്നത് കൊണ്ട് ഈ എഴുതിയതും കൂടി അങ്ങ് ചെന്നോളും ! ). എന്നാല്‍ കാര്യത്തിലേക്ക് കടക്കാം .

1. Quimbaya (Tolima) Airplanes
===========================


ഇത് പഴയകാല വിമാനം ഒന്നുമല്ല , അതിന്‍റെ ഭാഗങ്ങളും അല്ല . വെറും അഞ്ചു സെന്റീമീറ്റര്‍ വലിപ്പത്തില്‍ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ചെറിയ നിര്‍മ്മിതികളാണ്. ഇത്തരം ആകെ നൂറോളം ചെറു രൂപങ്ങള്‍ കണ്ടു കിട്ടിയിട്ടുണ്ടെങ്കിലും അതില്‍ വിരലില്‍ എന്നാവുന്നത്ര എണ്ണം നമ്മുടെ ചില വിമാനങ്ങളോട് സാദൃശ്യം പുലര്‍തുന്നവയല്ലേ എന്നാണ് ചിലര്‍ക്ക് സംശയം . നൂറെണ്ണത്തില്‍ ബാക്കിയൊക്കെ മൃഗങ്ങളുടെയും പല്ലികളുടെയും പക്ഷികളുടെയും രൂപങ്ങള്‍ ആണ് . നിര്‍മ്മാണം ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പേ ആണ് . അതില്‍ ഒന്നിന്‍റെ ചിത്രമാണ് താഴെക്കൊടുത്തിരിക്കുന്നത് . കൊളംബിയയില്‍ Quimbaya സംസ്കാരം നിലനിന്നിരുന്ന കാലഘട്ടതിലാവണം ഇതിന്‍റെ നിര്‍മ്മാണം എന്ന് കരുതപ്പെടുന്നു . ഈ രൂപത്തിന്‍റെ പിറകിലെ വാലിന്റെ ഘടനയാണ് വാദപ്രതിവാദങ്ങള്‍ക്ക് അടിസ്ഥാനം . ഇത്തരം വാലുള്ള ഏത് പക്ഷി എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഇത് കൊളംബിയയില്‍ ഉള്ള sucker mouth Catfish ന്‍റെ രൂപം ആകാം എന്ന് ആണ് മറുപക്ഷത്തിന്റെ ഉത്തരം . ഇന്ന് Bogotá യിലെ ഗോള്‍ഡ്‌ മ്യൂസിയത്തില്‍ ഇരിക്കുന്ന ഈ ചെറു രൂപങ്ങളെ പറ്റിയുള്ള വാദങ്ങളും പ്രതിവാദങ്ങളും താഴത്തെ രണ്ടു ലിങ്കുകളില്‍ കാണാം .

1. http://www.theancientaliens.com/technology–quimbaya-airplanes
2. http://ancientaliensdebunked.com/references-and-transcripts/tolima-fighter-jets/

2. Saqqara Bird
============


ഇനി ഈജിപ്തിലേക്ക് വരാം . ഇത് സികമോര്‍ (Sycamore) മരത്തിന്‍റെ തടികൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു ചെറു പക്ഷിയാണ് . ക്രിസ്തുവിനും രണ്ടു നൂറ്റാണ്ട് മുന്‍പാണ് നിര്‍മ്മാണ കാലഘട്ടം . കെയ്റോയിലെ Museum of Egyptian Antiquities ല്‍ ആണ് ഇത് ഇപ്പോള്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത് . ഫാല്‍ക്കന്‍ പക്ഷിയുടെ സാദൃശ്യത്തില്‍ ഉള്ള ഇത് എന്തിന് നിര്‍മ്മിക്കപ്പെട്ടു എന്നതാണ് പലരെയും കുഴയ്ക്കുന്നത് . ഇത് ഒരു പക്ഷെ രാജകുടുംബത്തില്‍ പെട്ട ഏതോ കുട്ടിക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട കളിപ്പാട്ടം ആകാം എന്നും അതല്ല ഹോറസ് ദേവന്‍റെ ചിഹ്നം ആയതിനാല്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതാവാം എന്നും ഇതൊന്നും അല്ലെങ്കില്‍ ഒരു weather vane ആകാം എന്നും ആണ് ചിലര്‍ കരുതുന്നത് . ( കാറ്റിന്‍റെ ദിശ അറിയാന്‍ കെട്ടിടങ്ങളുടെ മുകളില്‍ പക്ഷികളുടെ രൂപത്തില്‍ വെക്കുന്ന കറങ്ങുന്ന രൂപങ്ങള്‍ ആണ് weather vane). എന്നാല്‍ സകല കാര്യങ്ങളുടെയും മിനിയേച്ചര്‍ പതിപ്പുകള്‍ ഉണ്ടാക്കുന്ന ശീലമുള്ള ഈജിപ്തുകാര്‍ അന്നുണ്ടായിരുന്ന ഏതോ പറക്കും ഗ്ലൈഡറിന്റെ രൂപമാണ് ഉണ്ടാക്കിയത് എന്നാണ് മറ്റു ചിലരുടെ വാദം . ( ഇരുപക്ഷത്തും കറ തീര്‍ന്ന ചരിത്രകാരന്‍മാര്‍ ഉണ്ട് ) . ഇതിന്‍റെ വലിയ പതിപ്പുകള്‍ ഉണ്ടാക്കി പറപ്പിക്കാന്‍ വരെ നോക്കിയവര്‍ ഉണ്ട് . അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കലും പരിഹാസവും അല്ലാതെ ഇത് എന്തിനാണ് ഉണ്ടാക്കിയത് എന്നതിന് ഇപ്പോഴും ഉത്തരമില്ല . ഇതിങ്ങനെ തര്‍ക്ക വിഷയം ആകാന്‍ കാരണം ഇത്തരം ആകെ ഒന്നേ ഉള്ളൂ എന്നതാണ് .

 

By Julius Manuel

എന്താണ് ഈ പോസ്റ്റിനെ പറ്റി നിങ്ങളുടെ അഭിപ്രായം ?
  • അടിപൊളി! (0)
  • നന്നായിരിക്കുന്നു (0)
  • ഉപകാരപ്രദം (0)
  • താൽപ്പര്യമില്ല (0)
  • എതിർക്കുന്നു (0)

Leave a commentCopyright 2017-18 JULIUS MANUEL ©  All Rights Reserved