മരിച്ചുപോയ കാരണവന്മാരെ ദൈവങ്ങളാക്കുന്ന സമ്പ്രദായം സംഘം കൃതികളുടെ കാലത്ത് നിലവിലുണ്ടായിരുന്നു. യുദ്ധങ്ങളിൽ വീരമരണം പ്രാപിച്ച പടയാളികളുടെ സ്മരണയ്ക്കായി വീരക്കല്ലുകൾ കുഴിച്ചുനാട്ടി ആരാധിക്കുക പതിവായിരുന്നുവെന്ന് അകനാന്നൂറിലെയും പുറനാന്നൂറിലെയും ചില പാട്ടുകൾ വ്യക്തമാക്കുന്നു. വീരക്കല്ലല്ലാതെ മറ്റൊരു ദൈവവുമില്ല എന്നുവരെ ഒരു പാട്ടിൽ സ്തുതിക്കപ്പെടുന്നുണ്ട്. തൊൽകാപ്പിയത്തിൽ പുറന്തിണൈയുടെ സ്വഭാവത്തെക്കുറിച്ച് പറയുന്ന ഭാഗത്തിൽ യുദ്ധം ചെയ്തു വീരമൃത്യു വരിച്ച യോദ്ധാവിന്റെ സ്മാരകമായി കല്ലുനാട്ടുന്നതിനെപ്പറ്റിയും ആ വീരക്കല്ലിന് ആദരബഹുമാനാദികളർപ്പിക്കുന്നതിനെപ്പറ്റിയും പരാമർശിച്ചിട്ടുണ്ട്. മരിച്ച യോദ്ധാവിന്റെ പേർ കല്ലിന്മേൽ കൊത്തിവെയ്ക്കുക, അദ്ദേഹത്തിന്റെ ആയുധങ്ങളും മറ്റുപകരണങ്ങളും ആ കല്ലിന്റെ ചുവട്ടിൽ കുഴിച്ചിടുക, ചുവന്ന പുഷ്പങ്ങളും മയിൽപ്പീലികളും വെച്ചുപൂജിക്കുക, കള്ള് നിവേദിക്കുക മുതലായ ആചാരങ്ങളുമുണ്ടായിരുന്നു.
സംഘകാലത്തെ ജനങ്ങൾ ബഹുദൈവവിശ്വാസികളായിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ദൈവമുണ്ടായിരുന്നു. തൊൽകാപ്പിയമനുസരിച്ച് മുല്ലനിലത്ത് മായോനും (കറുത്ത നിറമുള്ള ദൈവം) കുറിഞ്ചി നിലത്ത് ചേയോനും (ചുവപ്പുനിറമുള്ള ദൈവം) മരുതനിലത്ത് വേന്തനും (ഇന്ദ്രൻ) നെയ്തൽ നിലത്ത് വരുണനുമായിരുന്നു പ്രധാന ദൈവങ്ങൾ.
ശിവൻ, മുരുകൻ, ബലരാമൻ മുതലായ ദൈവങ്ങളെപ്പറ്റിയും സംഘം കൃതികളിൽ പരാമർശങ്ങളുണ്ട്. എന്നാൽ കൊറ്റവൈ എന്ന സ്ത്രീദൈവത്തിനായിരുന്നു ഏറ്റവുമധികം പ്രാധാന്യം. ഈ ദൈവത്തിന് അമരി, കുമാരി, കവുരി, ചമരി, ചൂലി, നീലി, ചങ്കരി എന്നിങ്ങനെ പല പേരുകളുമുണ്ട്. യുദ്ധങ്ങളിൽ വിജയം നേടുന്നതിന് കൊറ്റവൈയുടെ സഹായം തേടുക പതിവായിരുന്നു. കൊറ്റവൈയ്ക്ക് കോഴി, ആട് മുതലായവയുടെ ഇറച്ചിയും ചോരയും വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് വിജയാഘോഷവേളകളിൽ ധാരാളം കോഴികളും ആടുമാടുകളും ബലിയർപ്പിക്കപ്പെടുക പതിവായിരുന്നു. കള്ളും വഴിപാടിന്റെ ഒരു മുഖ്യഭാഗമായിരുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു ദേവതയായിരുന്നു കൊറ്റവൈ. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും അതിവൃഷ്ടിയും അനാവൃഷ്ടിയും ഒഴിവാക്കാനും പകർച്ചവ്യാധികൾ നീട്ടിക്കിട്ടാനും സ്വത്തുക്കൾ വർധിക്കാനും എല്ലാം ഈ അമ്മദൈവത്തിന്റെ സഹായമാവശ്യമാണെന്നായിരന്നു ജനങ്ങളുടെ വിശ്വാസം.
സംഘകാലത്തിലെ ജനങ്ങൾക്ക് ഭൂതപ്രേതാദികളിലും വിശ്വാസമുണ്ടായിരുന്നു. നാളങ്കാടിപ്പൂതം, വെള്ളിടൈമന്റപ്പൂതം തുടങ്ങിയ പല ഭൂതങ്ങളെപ്പറ്റിയും പരാമർശങ്ങളുണ്ട്. തങ്ങളെ ദ്രോഹിക്കാനിടയുള്ള ദുർഭൂതങ്ങളെ കോഴിയും മറ്റും ബലികൊടുത്തു തൃപ്തിപ്പെടുത്താൻ അവർ ശ്രദ്ധിച്ചിരുന്നു. വീടിന്റെ തട്ടിൻപുറത്ത് പേച്ചിന്റെ ഇലകൾ തൂക്കിയിട്ടാൽ ഭൂതങ്ങൾ ഒഴിഞ്ഞുമാറിപ്പോയിക്കൊള്ളും എന്ന വിശ്വാസവും നിലനിന്നിരുന്നതായി കാണുന്നു. ജ്യോതി വന്നാലും ശകുനത്തിലും മറ്റും ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു എന്ന് പുറനാന്നൂറിലെ ചില പാട്ടുകൾ വ്യക്തമാക്കുന്നു. പല്ലിയുടെ ശബ്ദം ശുഭസൂചകമായിട്ടാണ് കരുതപ്പെട്ടിരുന്നത്. കൊള്ളി നക്ഷത്രം വീഴുന്നത് ജനങ്ങൾക്ക് മാത്രമല്ല രാജാവിനുകൂടി എന്തോ അത്യാപത്തടുത്തിട്ടുണ്ടെന്നതിന്റെ സൂചനയായിരുന്നു
ഒരു നക്ഷത്രം വീഴുന്നത് കണ്ടപ്പോൾ താൻ ദുഃഖപരവശനായി എന്നും അതിന്റെ ഏഴാം ദിവസമാണ് ചേരൽ ഇരുമ്പൊറൈ എന്ന രാജാവ് ദിവംഗതനായത് എന്നും പുറനാന്നൂരിലെ ഒരു പാട്ടിൽ കുടലൂർ കിഴാർ എന്ന് കവി വിലപിക്കുന്നതായി കാണാം. ജീവനും ശരീരവും പരസ്പരം വേറിടുന്നതുകൊണ്ടാണ് മരണം സംഭവിക്കുന്നത് എന്നും മരണത്തിനുശേഷവും ജീവൻ നിലനിൽക്കുമെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു.
എന്നാൽ, ആ പ്രാചീനകാലത്തുതന്നെ, ശകുനം, പുനർജന്മം മുതലായവയിലൊന്നും വിശ്വാസമില്ലാത്ത ജനങ്ങളും ധാരാളമുണ്ടായിരുന്നുവെന്ന് സംഘം കൃതികളിലെ ചില പാട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, “മനുഷ്യർ മരണാനന്തരം വീണ്ടും ജനിക്കുമെന്ന് വിശ്വസിക്കുന്നവരായാലും ശരി, പുനർജന്മത്തിൽ വിശ്വാസമില്ലാത്തവരായാലും ശരി, ഇഹലോകത്തിൽ സൽപ്രവൃത്തികൾ ചെയ്യുകയാണാവശ്യം. ഹിമാലയത്തിന്റ കൊടുമുടിപോലെയുള്ള തന്റെ പ്രശസ്തിയെ ഈ ലോകത്തിൽ നിലനിർത്തിക്കൊണ്ട് കുറ്റമറ്റ ജീവിതം നയിച്ചുമരിക്കുക എന്നതാണ് ശ്രേഷ്ഠമായ കാര്യം എന്ന് പുറനാന്നൂറിലെ ഒരു പാട്ടിൽ പ്രസ്താവിച്ചിട്ടുണ്ട്. മുരുകൻ എന്ന ദൈവത്തെ വാഴ്ത്തുന്ന മറ്റൊരു പാട്ടിൽ, “പുനർജന്മത്തിൽ വിശ്വസിക്കാത്ത മുഢന്മാർ നിന്റെ പാദങ്ങളിൽ വന്നുചേരുകയില്ല” എന്ന് പറയുന്നു. പുനർജന്മത്തിൽ വിശ്വാസമില്ലാത്തവർ മൂഢന്മാരായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് എന്ന് ഇതിൽ നിന്ന് മനസിലാക്കാം. അന്ധവിശ്വാസങ്ങളുടെ കൊടുമുടിയിൽ കയറി നിൽക്കുന്നവർക്ക് ശാസ്ത്രീയമായ ഏത് വാദഗതിയും മൂഢത്വമായിട്ടേ തോന്നുവെങ്കിൽ അതിലത്ഭുതപ്പെടാനില്ല.
ആദ്യകാല സംഘം കൃതികളിൽ കള്ളും ഇറച്ചിയും മനുഷ്യർക്കും ദൈവങ്ങൾക്കും ഒരുപോലെ ഇഷ്ടമായിരുന്നുവെന്ന് പറയുന്നു. പക്ഷേ, തിരുക്കുറൾ, പതിനെൺകീഴ്ക്കണക്ക് മുതലായ പിൽക്കാലകൃതികളിൽ മദ്യമാംസാദികൾ നിഷിദ്ധമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജൈനബുദ്ധമതങ്ങളുടെ സ്വാധീന ശക്തിയുടെ ഫലമാണിതെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
ആദ്യകാല സംഘം കൃതികളിൽ ലളിതമായ ഒരാഹ്ലാദവായ്പും ജീവിതത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ഓളംവെട്ടുന്നത് കാണാം. എന്നാൽ ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പിൽക്കാലകാവ്യങ്ങളിൽ ജീവിതത്തിലെ ദുഃഖങ്ങൾക്കും നിരാശതകൾക്കുമാണ് അമിതമായ പ്രാധാന്യം കൽപ്പിക്കപ്പെട്ടിട്ടുള്ളത്. ബുദ്ധമതത്തിന്റെ സ്വാധീനശക്തിയാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലകണ്ഠ ശാസ്ത്രി അഭിപ്രായപ്പെടുന്നു.
“സംഘകാലകൃതികൾക്ക് ഓജസ് നൽകുന്ന സുഖജീവിതത്തെക്കുറിച്ചുള്ള ആഹ്ലാദഭരിതമായ വിശ്വാസം കാലക്രമത്തിൽ മനുഷ്യജീവിതത്തെപ്പറ്റിയുള്ള അശുഭാശങ്കകളായി മാറുന്നു. ജീവിതത്തിലെ ദുഃഖങ്ങളെക്കുറിച്ചും ജീവിക്കാനുള്ള അഭിലാഷത്തെത്തന്നെ നിഷേധിക്കലാണ് ഒരേയൊരു രക്ഷാമാർഗമെന്ന തത്വത്തെക്കുറിച്ചുമുള്ള ബുദ്ധമതത്തിന്റെ ഊന്നലാണ് ഇതിന് കാരണമെന്നു കാണാം. സംഘകാലത്തിന്റെ അവസാനത്തിൽ രചിക്കപ്പെട്ട ചില കവിതകളിൽത്തന്നെ അങ്ങിങ്ങായി കാണപ്പെട്ടിരുന്ന ശോകാത്മകത്വം മണിമേഖലയിൽ വളരെ സ്പഷ്ടമായി പ്രത്യക്ഷപ്പെടുന്നു. മരണത്തിന്റെ നിഷ്ഠുരതയെക്കുറിച്ച് ചിന്തിക്കാതെ കണ്ണുമടച്ച് ഇന്ദ്രിയസുഖങ്ങളിൽ ആമഗ്മരാവുന്ന മൂഢന്മാരെ അത് കഠിനമായി ആക്ഷേപിക്കുന്നു”.
ജീവിതത്തിലെ ദുഃഖങ്ങളേയും നിരാശതകളേയുമാണ് ബുദ്ധമതം ഊന്നിയത് എന്നത് ശരിയാണ്. പക്ഷേ, ആ ദുഃഖങ്ങൾക്കും നിരാശതകൾക്കും ഭൗതികമായ ചില സാഹചര്യങ്ങളുണ്ടായിരുന്നു. എന്തെന്നാൽ, സംഘകാലത്തെ സാമൂഹ്യ ജീവിതം ക്ഷയോന്മുഖമാവുകയും അസമത്വങ്ങൾ വളരുകയും യഥാർഥജീവിതത്തിൽ ദുഃഖങ്ങളും നിരാശതകളും പടർന്നുപിടിക്കുകയും ചെയ്തു.
Written By : യു വിക്രമൻ, from http://janayugomonline.com/god-of-ethics/
Image : http://varavazhi.blogspot.com/