ആസ്ത്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ വടക്കേ അറ്റത്ത് കിടക്കുന്ന , വെറും ഒന്‍പത് ഏക്കര്‍ മാത്രം വലിപ്പമുള്ള ഒരു ചെറു മണല്ത്തുരുതാണ് Bramble Cay. പകുതി മണലും ബാക്കി കുറ്റിക്കാടുകളും നിറഞ്ഞ ഈ ദ്വീപില്‍ മാത്രം ഉണ്ടായിരുന്ന ഒരു തുരപ്പന്‍ ജീവിയാണ് Bramble Cay melomys (Melomys rubicola). ആസ്ത്രേലിയയിലെ ഏറ്റവും ഒറ്റപ്പെട്ട ജീവി എന്ന ഖ്യാതി ഉണ്ടായിരുന്ന ഈ ജീവി വര്‍ഗ്ഗം ഭൂമിയില്‍ വേറൊരിടത്തും ഉള്ളതായി അറിവില്ല. ഈ ചെറു ദ്വീപില്‍ ആകട്ടെ ഇവയുടെ സംഖ്യ വളരെ കുറവും ആയിരുന്നു . പക്ഷെ ഈ വര്‍ഷം ജൂണില്‍ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ തിരച്ചിലില്‍ ആണ് ആ സത്യം ലോകം അറിഞ്ഞത് . ഈ ജീവി വര്‍ഗ്ഗത്തിലെ ഒരെണ്ണം പോലും അവിടെ ഇപ്പോള്‍ അവശേഷിച്ചിട്ടില്ല ! മാനുഷിക ഇടപെടല്‍ മൂലം ഉണ്ടായ കാലാവസ്ഥാമാറ്റം (Anthropogenic Climate Change) മൂലം വംശം അറ്റുപോയ ആദ്യ സസ്തനി എന്നപേര് അങ്ങിനെ ഈ തുരപ്പന്‍ ജീവിക്ക് മരണാന്തര ബഹുമതിയായി ലഭിച്ചു എന്ന് വേണമെങ്കില്‍ പറയാം .
പക്ഷെ ആശയ്ക്ക് വകയുണ്ട് എന്നാണ് ചിലര്‍ പറയുന്നത് . തൊട്ടടുത്തുള്ള പാപ്പുവ ന്യൂ ഗിനിയായിലെ ചില ചെറു ദ്വീപുകളില്‍ ഇപ്പോഴും ഇവയുടെ ചില കൂട്ടങ്ങള്‍ കണ്ടേക്കാം എന്നാണ് ഇവര്‍ അനുമാനിക്കുന്നത് . എന്തായാലും ഗവേഷകര്‍ ഇപ്പോഴും തിരച്ചിലില്‍ ആണ് .