നമ്മള് മൊബൈലിലെ ഏതെങ്കിലും മാപ്പ് സോഫ്റ്റ്വെയറില് ഒരു ലൊക്കേഷന്‍ പേര് ടൈപ്പ് ചെയ്തു കൊടുത്താല്‍ , ആ പ്രോഗ്രാം ഉടന്‍ തന്നെ ആ പേരിനു സമമായ കോര്‍ഡിനേറ്റുകള്‍ ഉണ്ടാക്കും . ഉദാഹരണത്തിന് ഗൂഗിള്‍ മാപ്സില്‍ കോട്ടയം എന്ന് ടൈപ്പ് ചെയ്താല്‍ പ്രോഗ്രാം 9°35’29.6″N 76°31’19.8″E എന്ന ലൊക്കേഷന്‍ തപ്പിയെടുത്തു നമ്മെ കാണിക്കും . ഇത് കോട്ടയം ടൌണിന്റെ കോര്‍ഡിനേറ്റ്സ് ആണ് . ആദ്യത്തേത് ലോന്ജിറ്റ്യൂടും അടുത്തത് ലാറ്റിറ്റ്യൂടും . എന്നാല്‍ നമ്മള് തെറ്റായ ഒരു സ്ഥലമാണ് അല്ലെങ്കില്‍ ഇല്ലാത്ത ഒരു സ്ഥലപ്പെരാണ് ടൈപ്പ് ചെയ്യുന്നെങ്കിലോ ? അപ്പോഴും പ്രോഗ്രാം ഒരു കോര്‍ഡിനേറ്റ് ഉണ്ടാക്കും . അത് 0º latitude, 0º longitude എന്നായിരിക്കും . അതായത് പ്രോഗ്രാം റിസെറ്റ് ചെയ്തു എന്നര്‍ത്ഥം . അതായത് മാപ്പിലെ ഇല്ലാത്ത സ്ഥലത്തിന്റെ കോര്‍ഡിനേറ്റുകള്‍ ആണ് 0°N 0°E എന്നത് .
ഇനി ഈ വിലാസം ഗൂഗിള്‍ മാപ്സില്‍ ഒന്ന് ടൈപ്പ് ചെയ്തു നോക്കൂ . സത്യത്തില്‍ അങ്ങിനെ ഒരു സ്ഥലം ഉള്ളതായി കാണാം ! അറ്റ്ലാന്റ്റിക്കില്‍ ആഫ്രിക്കന്‍ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര വിതാനത്തില്‍ ആണ് ഇപ്പോള്‍ ഗൂഗിള്‍ പോയിന്റര്‍ കൊണ്ട് നിര്‍ത്തിയിരിക്കുന്നത് എന്ന് കാണാം ! അവിടെ എന്താണ് ഉള്ളത് ? അവിടെ ഒന്നും ഇല്ല , വെറും ജലം കടല്‍ മാത്രം . എങ്കിലും ഈ സ്ഥലത്തിന് ഇപ്പോള്‍ ഒരു പേരുണ്ട് , അതാണ് നള്‍ ഐലണ്ട് ( Null Island ). ഭൂമധ്യരേഖയും , ഇംഗ്ലണ്ടിലെ ഗ്രീന്‍ വിച്ചില്‍ കൂടി കടന്നു പോകുന്ന പ്രധാന ധ്രുവ രേഖയും ( equator crosses the prime meridian) സന്ധിക്കുന്ന സ്ഥലമാണ് 0°N 0°E അഥവാ നള്‍ ഐലണ്ട്. റഫറന്‍സിന് വേണ്ടിയും , GPS ഡിവൈസുകള്‍ റീസെറ്റ് ചെയ്യുവാനും , മാപ്പ് ഉപകരണങ്ങള്‍ കാലിബറേറ്റ് ചെയ്യുവാനും വേണ്ടിയാണ് ഈ ലൊക്കേഷന്‍ ഉപയോഗിക്കുന്നത് .
വെറും കടല്പ്പരപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇപ്പോള്‍ അവിടെ ഒരു വെതര്‍ ബൊയ് (Weather buoy) കെട്ടിയിട്ടുണ്ട്. കടലിലെ കാലാവസ്ഥയും , കടല്‍ ജലത്തിന്റെ മാറ്റങ്ങളും പഠിക്കുവാന്‍ വേണ്ടി കേബിളുകളാല്‍ കെട്ടി നിര്‍ത്തിയിട്ടിയിരിക്കുന്ന നിര്‍മ്മിതികളാണ് വെതര്‍ ബൊയ്. ഇന്റര്‍നെറ്റിലെ ചില വിരുതന്മ്മാര് ഇവിടെ ഒരു ദ്വീപ് ഉള്ളതായി പ്രചരിപ്പിച്ച് വിനോദസഞ്ചാരികളുടെ കയ്യില്‍ നിന്നും കാശ് പിടുങ്ങുന്ന പണിയും ചെയ്യാറുണ്ട് . http://www.nullisland.com/ അത്തരം ഒന്നാണ്.
www.palathully.com