ഇരുവശത്തും നീണ്ട പട്ടാളക്യാമ്പുകളോ, വെടിവെപ്പുകളോ ഇല്ലാത്ത, ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ അതിർത്തിയാണ് ( 8,891 km ) അമേരിക്കയും ക്യാനഡയും തമ്മിലുള്ളത് എന്ന് നമുക്കറിയാം . World’s longest undefended border എന്നൊരു വിശേഷണവും ഈ അതിർത്തി രേഖയ്ക്ക് ഉണ്ട് . നമ്മുടെ കേരളാ ഹൌസ് സിനിമയിലെ പോലെ ഈ അതിർത്തി ചില കെട്ടിടങ്ങളുടെ അകത്തൂടെയാണ് കടന്നു പോകുന്നത് . Line house എന്ന പൊതു പേരിൽ അറിയപ്പെടുന്ന ഇത്തരം കെട്ടിടങ്ങളിൽ പ്രശസ്തമാണ് ക്യൂബെക്കിലെ Haskell Free Library and Opera House . ഓഡിറ്റോറിയത്തിലും , വായനാമുറിയിലും കയറിയാൽ ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന മാർക്കുകൾ തറയിൽ കാണുവാൻ കഴിയും . ഇത്ര സൗഹാർദത്തിൽ കഴിയുന്ന ഈ ഭീമൻ രാജ്യങ്ങൾ തമ്മിൽ ഭൂമിയെ ചൊല്ലി അവകാശതർക്കങ്ങൾ ഉണ്ടോ എന്ന് അറിയുവാൻ ആഗ്രഹം ഉണ്ടാവും . ഉണ്ട് , ഇവർ തമ്മിൽ ആകെ അഞ്ച് തർക്കങ്ങൾ നിലവിൽ ഉണ്ട് . പക്ഷെ അതിൽ നാലെണ്ണവും തടാകത്തിലും കടലിലും ആണ് . ഭൂമിയെച്ചൊല്ലി ആകെ ഒരേഒരു തർക്കമേ ഇവർ തമ്മിൽ നിലവിൽ ഉള്ളൂ . അത് വെറും പതിനെട്ട് ഏക്കർ മാത്രം വലിപ്പമുള്ള മരമില്ലാ ദ്വീപായ Machias Seal Island നെ ചൊല്ലിയാണ് . കുറെ ഞണ്ടുകളും പക്ഷികളും വന്നിരിക്കുന്ന ഒരു പാറക്കൂട്ടം . ആകെയുള്ള ലൈറ്റ് ഹൌസ് തെളിയിക്കുന്നത് കാനഡയാണ് . അമേരിക്ക പണ്ടെങ്ങോ അവകാശവാദം ഉന്നയിച്ചിരുന്നതിനാൽ കാനഡ ദ്വീപ് അവകാശമാക്കിയിട്ടില്ല എന്നേ ഉള്ളൂ . ആരും താമസമില്ലാത്ത ഈ ദ്വീപിൽ ഇരുരാജ്യങ്ങളിലെയും മീൻപിടിത്തക്കാർ “നിയമത്തിന്റെ കൂച്ചുവിലങ്ങില്ലാതെ ” യഥേഷ്ടം മീൻപിടിച്ചു ജീവിക്കുന്നു . രസകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ അബദ്ധത്തിലെങ്ങാനും ഈ ദ്വീപിൽ ഒരു കുഞ്ഞു ജനിച്ചു വീണാൽ അതിന് രണ്ടു രാജ്യങ്ങളിലെയും പൗരത്വം കിട്ടാൻ അവകാശമുണ്ട് എന്നതാണ് . ഇത്തരം കൗതുകങ്ങൾ കാരണം വെറും പാറയും പുല്ലും മാത്രമുള്ള ഈ ദ്വീപ് ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ് .
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്