അർബ്ബുദം എന്നാൽ വലിപ്പമുള്ള മാംസപിണ്ഡം, മുഴ എന്നെല്ലാം അർത്ഥം. ഇതു് ശ്രുതിസ്മൃതികാലത്തോളം പ്രാചീനമായ സംസ്കൃതപദമാണു്.
രാജസ്ഥാനിലെ മൗണ്ട് അബു എന്ന പർവ്വതത്തിന്റെയും പ്രാചീനനാമം അർബ്ബുദം തന്നെ. അക്കാലത്തു് പേരിട്ടവർ അതിനെ ഭൂമിയിലെ മുഴ എന്നു സങ്കൽപ്പിച്ചു എന്നു കരുതിയാൽ മതി.
സംഖ്യകൾക്കു് ‘സ്ഥാന‘വില നൽകുന്ന ശീലം ഭാരതത്തിൽ വിവിധകാലഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ടു്. സ്ഥാനത്തിനാണു് പ്രാധാന്യം. ഓർത്തുവെക്കാനുള്ള എളുപ്പത്തിനു് പരസ്പരം പൊരുത്തമില്ലാത്ത തികച്ചും വൈവിദ്ധ്യമുള്ള പേരുകളാണു് ഇങ്ങനെ കൊടുത്തിരുന്നതു്. അയുതം (തമ്മിൽ യോജിക്കാത്തതു്), സമുദ്രം, പത്മം, അർദ്ധം, ഖർവ്വം, അർബ്ബുദം, വിവരം, വിവാഹം, ക്ഷോഭ്യം, ജലം എന്നെല്ലാം വിവിധ സംഖ്യാനാമകരണപദ്ധതികളിൽ മഹാസംഖ്യകൾക്കു പേരുണ്ടായിരുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിലെ ബുദ്ധമതകൃതിയായ ലളിതവിസ്താരത്തിൽ തല്ലക്ഷണം ( 10 ഘാതം 53) എന്ന സംഖ്യ വരെ ഇങ്ങനെ പരാമർശിച്ചിട്ടുണ്ടു്. അക്കാലത്തുതന്നെയുള്ള ജൈനകൃതികളിൽ അസംഖ്യേയ (10 ഘാതം 140), ശീർഷപ്രഹേളിക ( 8,400,000 ഘാതം 28) തുടങ്ങിയ സംഖ്യകളുമുണ്ടു്. പ്രായോഗികമായി ഇന്നത്തെ ആധുനികസയൻസിൽ പോലും അപൂർവ്വമായി മാത്രം, അതും ഒരു പക്ഷേ മാത്രം, ഉപയോഗിക്കേണ്ടുന്നത്ര ഭീമമായ സംഖ്യകളാണു് ഇവയെല്ലാം.
(ഈ വക പേരുകൾക്കെല്ലാം എല്ലാ കാലത്തും ഒരേ സംഖ്യാമൂല്യമല്ല ഉണ്ടായിരുന്നതു്. വിവിധ കൃതികളിലും സംസ്കാരങ്ങളിലും ഒരേ സംഖ്യക്കു് വ്യത്യസ്തനാമങ്ങളും ഒരേ പേരിനു് വ്യത്യസ്തമൂല്യങ്ങളും കാണാം).
[1935,1938 വർഷങ്ങളിൽ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച History of Hindu mathematics – a source book ആണു് ഇത്തരം വിവരങ്ങൾ സമന്വയിച്ചിട്ടുള്ള ഏറ്റവും പ്രൗഢമായ ഗ്രന്ഥം].ഇത്തരം സംഖ്യാനാമാവലികളിൽ അർബ്ബുദം പ്രത്യക്ഷപ്പെടുന്നതു് ‘മൗണ്ട് അബു‘വിന്റെ സ്ഥാനം എന്ന നിലയിലാണു്.
വിരലുകളെല്ലാം ഞണ്ടിനെപ്പോലെ വിരിച്ചുപിടിച്ചിരിക്കുന്ന കൈമുദ്രയാണു് (കടകം) കരഭം അഥവാ കരകടകം / കർക്കടകം. കരഭം എന്നാൽ ഞണ്ടു്, തുമ്പിക്കയ്യുള്ളതു്, വളഞ്ഞ പൽനിരയുള്ളതു്, വാരിപ്പിടിക്കുന്നതു്, ഇറുക്കുന്നതു്, കൊടിത്തൂവ എന്നെല്ലാം കൂടി അർത്ഥമുണ്ടു്. ഇംഗ്ലീഷിലെ krab / crab.
ശരീരത്തിലെ വലിയമുഴകളെ (പ്രത്യേകിച്ച് സ്തനത്തിലുണ്ടാവുന്നവയെ) ഗ്രീക്കുകാർ പേരിട്ടിരുന്നതു് കർക്കടകം karkinos (creeping ulcer). കർക്കിനോസിൽ നിന്നു വന്ന പദം കാൻസർ.