Abijith Ka (2014): കണ്ണാടിയില് നോക്കുമ്പോൾ നമ്മുടെ എഴുത്തിന്റെ പ്രതിബിംബം തലകീഴായാണ് കാണുന്നത്. എന്നാല് നമ്മെ കാണുന്നത് ശരിയായി തന്നെയാണല്ലോ. അതോ, ഇനി നമ്മള് ശരിക്കും തലകീഴായാണോ?
ഉത്തരം:
——–
കണ്ണാടിയിൽ ഒന്നും തല കീഴാവുന്നില്ലല്ലോ? അതു് ഇടതുഭാഗം വലത്തേയ്ക്കാക്കുന്നുപോലുമില്ല. പ്രശ്നം നമ്മുടെ മനസ്സിനാണു്. കണ്ണാടിയുടെ മുന്നിൽനിന്നാലും പിന്നിൽ നിന്നാലും ഇടത്തുനിന്നും കാണപ്പെടേണ്ടവ ഇടത്തുനിന്നും വലത്തുനിന്നും കാണപ്പെടേണ്ടവ വലത്തുനിന്നും തന്നെ കാണണം എന്ന വാശി നമുക്കാണു്.
ഒന്നുകൂടി വിശദീകരിക്കാം:
കണ്ണാടിക്ക് ഇടതും വലതും മേലും കീഴും ഒന്നും അറിയില്ല. അതു് ആകെ ചെയ്യുന്നതു് ഓരോ ബിന്ദുവിന്റേയും പ്രതിബിംബം ഒരു നേർരേഖയിൽ, അതിനു സമാനമായ സ്ഥാനത്തു കാണിക്കുക എന്ന പ്രവൃത്തിയാണു്.
പക്ഷേ, നമ്മുടെ തലച്ചോറിനു് ഇടത്തും വലത്തും മേലും കീഴുമൊക്കെ കാഴ്ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും ആദ്യം തിരിച്ചറിയേണ്ട, കാര്യങ്ങളാണു്. അതിനാൽ നന്നേ കുട്ടിക്കാലത്തുതന്നെ തലച്ചോറു് അതിന്റെ കാഴ്ച്ചകളെ വശം തിരിച്ച് പഠിച്ചുവെച്ചിട്ടുണ്ടു്.
ഒരു എഴുത്തു് കണ്ണാടിയിൽ കാണുമ്പോൾ നമുക്കു് ഉടനെ തിരിച്ചറിയാം അത് വേണ്ട രീതിയിലല്ല കാണപ്പെടുന്നതെന്നു്.
എന്താണു് വേണ്ട രീതി? ഇടത്തുനിന്നും വലത്തേക്കു് എഴുതിയ വരി അതിന്റെ മുന്നിൽനിന്നുനോക്കുമ്പോൾ അതേ ദിശയിൽ തന്നെ കാണണം. പക്ഷേ, കണ്ണാടിയിൽ നാം നോക്കുന്നതു് ആ പ്രതിബിംബത്തെ സംബന്ധിച്ചിടത്തോളം പിന്നിൽ നിന്നാണു്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ കണ്ണാടിയുടെ പിന്നിൽനിന്നുതന്നെ ആ പ്രതിബിംബത്തെ നോക്കിയാൽ അറിയാം വശങ്ങൾ മാറിയിട്ടില്ലെന്നു്. (അർദ്ധസുതാര്യമായ ഒരു ചില്ലുവാതിലിനപ്പുറത്തുനിന്നുനോക്കുന്നതുപോലെ).
എന്നാൽ നമ്മുടെ സ്വന്തം പ്രതിബിംബം നോക്കുമ്പോൾ നമുക്കു് ഈ പ്രശ്നം തോന്നുന്നില്ല. കാരണം നമ്മിൽ മിക്കവർക്കും ശരീരത്തിനു് ഏതാണ്ടൊക്കെ സ്വയം സദൃശമായ വശങ്ങളാണുള്ളതു്. അതായതു് ഇടതുകയ്യും വലതുകയ്യും ഒരേ പോലെയാണു നമുക്കു കാണപ്പെടുക. അതുകൊണ്ടു് കണ്ണാടിയിൽ കാണുന്ന കൈ ഇടത്തേതോ വലത്തേതോ എന്നു നമ്മുടെ തലച്ചോർ വേവലാതിപ്പെടുന്നില്ല.
സത്യത്തിൽ നമുക്കു നമ്മുടെ സ്വന്തം മുഖത്തെപ്പറ്റിയുള്ള രൂപധാരണ മറ്റുള്ളവർക്കു നമ്മെ കാണുമ്പോഴുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമാണു്. അതായതു് ഒരു സാധാരണ കണ്ണാടിയിൽ മറ്റുള്ളവർ നമ്മെ എങ്ങനെയാണോ കാണുന്നതു് അതേ രൂപം നാം ഒരിക്കലും കാണാൻ പോവുന്നില്ല!
എന്നാൽ ക്യാമറയിൽ ഫോട്ടോ എടുക്കുമ്പോൾ എന്തുണ്ടാവും?
മുമ്പൊക്കെയുണ്ടായിരുന്ന ഫിലിം ക്യാമറകളിൽ ചിത്രങ്ങൾ പതിഞ്ഞിരുന്നതു് പൂർണ്ണമായും വിപരീതദിശയിൽ (inverted) ആയിരുന്നു. അതായതു് തല കീഴായും ഇടംവലം തിരിഞ്ഞും. (അതിനു പുറമേ ചിത്രത്തിലെ നിറങ്ങളെല്ലാം നെഗറ്റീവ് ആയും!). അങ്ങനെ രണ്ടു വിധത്തിലും വശം തിരിയുമ്പോൾ പ്രശ്നമൊന്നുമില്ല. പ്രതിബിംബം നേരേ തലതിരിച്ചുപിടിച്ചാൽ സാധാരണ (അതായതു് മറ്റൊരാൾ നമ്മെ കാണുന്ന) ദിശയിലായി. നെഗറ്റീവ് ഫിലിം ‘കഴുകി‘യാൽ (രാസവസ്തുക്കളിൽ മുക്കിയുണക്കിയാൽ) ഒരിക്കൽ കൂടി വശം തിരിഞ്ഞുവരുന്നതിനാൽ പോസിറ്റീവ് ചിത്രം (പ്രിന്റ്) തല തിരിക്കേണ്ടതു കൂടിയില്ല.
അപ്പോൾ ഡിജിറ്റൽ ക്യാമറകളിൽ ഇതൊരു പ്രശ്നമാവില്ലേ? ചിത്രങ്ങളെല്ലാം സ്ക്രീനിൽ കാണുമ്പോൾ തല തിരിഞ്ഞല്ലേ കാണുക?
പരിഭ്രമിക്കാനില്ല. LCD സ്ക്രീനിലോ കമ്പ്യൂട്ടറിന്റെ മോണിട്ടറിലോ കാണുന്നതിനുമുമ്പേ തന്നെ, ഡിജിറ്റലായിത്തന്നെ ചിത്രം നേരെയാക്കാനുള്ള നടപടികൾ അവയുടെ സോഫ്റ്റ്വെയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ദൃശ്യത്തിലെ വാക്കുകളും മറ്റും വശം തിരിയാതെത്തന്നെ പ്രതിബിംബത്തിലും കാണാം.
വാസ്തവത്തിൽ നമ്മുടെ കണ്ണുകളും കാണുന്നതെല്ലാം തല തിരിഞ്ഞാണു്. പക്ഷേ, അവയെ നേർരൂപത്തിലാക്കുന്ന ജോലികൂടി ചെയ്തുകഴിഞ്ഞിട്ടാണു് തലച്ചോർ ആ രൂപം ബോധതലത്തിൽ പ്രദർശിപ്പിക്കുന്നതും സ്വന്തം മെമ്മറിയിൽ സേവ് ചെയ്യുന്നതും.
എന്നാൽ ഫോണുകളിൽ സെൽഫി എടുക്കുന്ന ഫ്രന്റ് ക്യാമറകളിൽ ചെറിയൊരു വ്യത്യാസമുണ്ടു്. അവയിൽ കണ്ണാടിയിൽ കാണുന്നതുപോലുള്ള ‘മിറർ ഇമേജാ‘ണു കാണപ്പെടുക. (ചില ഫോണുകളിൽ അങ്ങനെയല്ലാതാക്കാനുള്ള സെറ്റിങ്സ് കണ്ടെന്നുവരാം).
അതെന്തുകൊണ്ടാണു്?
കണ്ണാടിയിൽ കണ്ടുപരിചയിച്ചിട്ടുള്ള പതിവുശീലത്തിൽനിന്നും മാറി സെൽഫിയിൽ മറ്റൊരു രൂപം കാണിച്ചുതന്നു് പെട്ടെന്നു് ഒരു ഷോക്കുണ്ടാക്കുന്നതു് നല്ല മാർക്കറ്റിങ്ങ് തന്ത്രമല്ലെന്നു് ഫോൺ കമ്പനികൾക്കറിയാം.
ഇതൊക്കെ വായിച്ചിട്ടും, കണ്ണാടിയിലേയും സെൽഫിയിലേയും പ്രതിബിംബങ്ങളുടെ ഈ ‘എടങ്ങേറിനെ‘പ്പറ്റിയുള്ള ആശയക്കുഴപ്പം പെട്ടെന്നു മാറിയെന്നു വരില്ല. കാരണം, നാം അപനിർമ്മാണം ചെയ്യാൻ ശ്രമിക്കുന്നതു് മനുഷ്യൻ ജലാശയക്കണ്ണാടിയിൽ ആദ്യമായി തന്റെ മുഖം കണ്ടറിഞ്ഞ നാൾ മുതൽ നമ്മുടെ തലച്ചോറിൽ ആഴത്തിൽ പതിഞ്ഞ ഒരു ശീലത്തെയാണു്.