1920 നവംബര്‍ എട്ടിന് കല്‍ക്കത്തയിലെ ബ്രാഹ്മണകുടുംബത്തില്‍ കഥക് നര്‍ത്തകനും സംസ്കൃത പണ്ഡിതനുമായ സുഖ്ദേവ് മഹാരാജിന്റെയും നേപ്പാള്‍ രാജകുടുംബാംഗം മല്സ്യകുമാരിയുടെ മകളായി സിതാരാദേവി ജനിച്ചു . ധനലക്ഷ്മി എന്നായിരുന്നു ആദ്യപേര്. .വളരെ ചെറുപ്രായത്തില്‍ത്തന്നെ നൃത്തം അഭ്യസിച്ചു. പിതാവായിരുന്നു സിതാരയുടെ ഗുരു. അന്നു നിലവിലിരുന്ന വ്യവസ്ഥിതിയനുസരിച്ച് എട്ടാം വയസില്‍ സിതാരയുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചെങ്കിലും സിതാരയുടെ നിര്‍ബന്ധത്തിനു വഴങ്ങി അതു വേണ്െടന്നു വയ്ക്കുകയും സിതാരയെ കാമചാഗഡ് ഹൈസ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. മകളുടെ നൃത്തത്തിലുള്ള അഭിരുചി തിരിച്ചറിഞ്ഞ അച്ഛന് സുഖ്ദേവ് മഹാരാജ് സിതാരയെ ഒരു നര്‍ത്തകിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ കഥക് നൃത്തത്തില്‍ സ്വതസിദ്ധമായ ഒരു ശൈലി സൃഷ്ടിക്കാന്‍ സിതാര ദേവിക്കായി. സിതാരയുടെ 11 ാം വയസില്‍ കുടുംബം കോല്‍ക്കത്തയില്‍ നിന്നു മുംബൈയിലേക്കു മാറിത്താമസിച്ചു. മുംബൈയിലെ ജഹാംഗീര്‍ ഹാളിലായിരുന്നു സിതാരാദേവിയുടെ അരങ്ങേറ്റം നടന്നത്. ടാറ്റാ പാലസില്‍ സിതാര ദേവിയുടെ നൃത്തം കണ്ടിറങ്ങിയ രവീന്ദ്രനാഥ ടാഗോര്‍ ഒരു ഷാളും 50 രൂപയും സിതാരാ ദേവിക്ക് സമ്മാനമായി നല്കുകയുണ്ടായി കൂടാതെ നൃത്ത സാമ്രാജിനിയെന്നു വിശേഷിപ്പിച്ചത്.
സ്വദേശത്തും വിദേശത്തും നിരവധി കഥക് നൃത്തങ്ങള്‍ സിതാര ദേവി അവതരിപ്പിച്ചിട്ടുണ്ട്. ലണ്ടനിലെ പ്രശസ്തമായ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലും വിക്ടോറിയ ഹാളിലും നൃത്തം അവതരിപ്പിക്കാന്‍ സിതാര ദേവിക്കായി. 1940ല്‍ പുറത്തിറങ്ങിയ ഉഷാഹരണ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടു സിതാര ദേവി ഹിന്ദി സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. ബോളിവുഡില്‍ ആദ്യം കഥക് നൃത്തം അവതരിപ്പിച്ചതും സിതാര ദേവിയാണ്. നഗീന(1951), റൊട്ടി, വതന്‍(1954), അഞ്ജലി (1957), മദര്‍ ഇന്ത്യ (1957) എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ സിതാര അവതരിപ്പിച്ചിട്ടുണ്ട്. മദര്‍ ഇന്ത്യ എന്ന ചലച്ചിത്രത്തിലെ ഹോളി നൃത്തത്തിലൂടെയാണ് സിതാര അഭിനയ ജീവിതത്തോട് വിടപറയുന്നത്. രേഖ,മധുബാല,മാലാസിന്‍ഹ,കജോള്‍ എന്നി ഹിന്ദി സിനിമനടികര് ഇവരുടെ ശിഷ്യരായിരുന്നു
ബോളിവുഡിലെ പ്രഗല്ഭ സംവിധായകന് കെ. ആസിഫാണ് സിതാരാദേവിയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് ചലച്ചിത്രനിര്‍മാതാവ് പ്രതാപ് ബാരോട്ടിനെ വിവാഹം കഴിച്ചു. രണ്ടു വിവാഹങ്ങളും പരാജയമായിരുന്നു.
കഥക് നൃത്തത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്കാരത്തിനു തെരഞ്ഞെടുത്തെങ്കിലും സിതാരാ ദേവി അതു നിരസിച്ചു. സര്‍ക്കാര്‍ ബഹുമാനിക്കുന്നതിനു പകരം അപമാനിക്കുകയാണെന്നും ഭാരതരത്നയില്‍ കുറഞ്ഞ് ഒന്നും സ്വീകരിക്കില്ലെന്നും സിതാര പറഞ്ഞു. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കാളിദാസ സമ്മാന്‍, 2011ല്‍ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഈ പ്രതിഭയെ തേടിയെത്തി.
ആറ് പതിറ്റാണ്ടുനീണ്ട കലാസപര്യയിലൂടെ ‘കഥക് ഇതിഹാസ’മെന്നും ‘കഥകിന്റെ രാജ്ഞി’യെന്നും പേരെടുത്ത നര്‍ത്തകിയാണ് സിതാരാദേവി. 2014 നവംബര്‍ 25ന് സിതാര ദേവി അന്തരിച്ചു.