യവന ഇതിഹാസകാവ്യങ്ങൾ മൂന്ന് തരം ദേവതമാരെക്കുറിച്ചു വിവരിക്കുന്നുണ്ട് .ആദികാലം മുതൽ ഉണ്ടായിരുന്ന സ്വയം ഭൂവായ ദേവതകൾ ( Primordial Gods -Protogenoi),ടൈറ്റൻമാർ ,ഒളിമ്പ്യൻ ദേവതകൾ ഇവരാണ് വ്യത്യസ്ത തലങ്ങളിലുളള യവന ദേവതാ സങ്കല്പങ്ങൾ .
അവ്യവസ്ഥയിൽ(Chaos ) നിന്നും സ്വയം ഉയർന്നുവന്ന വരാണ് സ്വയം ഭൂവായ ദേവതക ൾ ,ഗിയ( Gaia ) ,ടാർടാറാസ്(Tartarus ) നിക്സ് ( Nyx ) ഇറോസ് ( Eros ) , ഏറെബുസ്( Erebus ), യുറാനസ് ( Uranus) എന്നിവരാണ് അവ്യവസ്ഥയിൽ നിന്നും സ്വയം ഉയർന്നു വന്നത് . ഇവരിൽ ഗിയ ഭൂമിയെയും ,ടാർടാറാസ് അധോലോകങ്ങളെയും ,യുറാനസ് ഊർധ്വ ലോകങ്ങളെയും ഇറോസ് സ്നേഹത്തെയും ,നിക്സ് രാത്രിയെയും ,ഏറെബുസ് ഇരുളിനെയും നിഴലുകളെയും പ്രതിനിധാനം ചെയുന്നു എന്നാണ് പൗരാണികമായ യവന സങ്കല്പം .
.
സ്വയം ഭൂവായ ഗിയയിൽ നിന്നും യുറാനസ് ൽനിന്നുമാണ് ആദ്യതലമുറ ദേവതകൾ പിറവിയെടുക്കുന്നത് .പ്രപഞ്ചത്തിൽ ഉല്പത്തിക്ക് വ്യക്തമായ സ്രോതസ്സുള്ള ആദ്യ ചരാചരങ്ങളാണ് അവർ .അവരാണ് ടൈറ്റൻമാർ .അതികായരായിരുന്നു അവർ .അവർ കലഹപ്രിയരും ചപലചിത്തരും ആയിരുന്നു . യുറാനസ് ആയിരുന്നു ആദ്യ തലമുറ ദേവതകളുടെ നേതാവ് .അദ്ദേഹത്തിന്റെ പുത്രന്മാരും പുത്രികളുമാണ് ടൈറ്റൻമാർ .ആദ്യത്തെ പന്ത്രണ്ടുപേർ പുത്രിമാർ . പിന്നീട് പുത്രന്മാരും അവരുടെ പുത്രന്മാരും .എല്ലാവരും ടൈറ്റൻമാർ ,അതീവ ബലശാലികൾ. ക്രമേണ ടൈറ്റൻമാരുടെ ഇടയിൽ ഒരു നേതാവ് ഉയർന്നു വന്നു .ക്രോണസ് ആയിരുന്നു ആ നേതാവ് ,.റോമൻ ഇതിഹാസങ്ങളിൽ സാറ്റേൺ എന്നാണ് ക്രോണസിന്റെ പേര് .
.
ക്രോണസ് കാര്ഷികവൃത്തിയുടെ സംരക്ഷക ദേവതയാണ് .അരിവാളിനു സമാനമായതാണ് അദ്ദേഹത്തിന്റെ ആയുധം ആ ആയുധം കൊണ്ടാണ് ക്രോണസ് പിതാവായ യുറാനസുമായി യുദ്ധം ചെയ്തത് .യുദ്ധത്തിൽ ക്രോണസ് യുറാനസിനെ പരാജയപ്പെടുത്തി പ്രപഞ്ചത്തിന്റെ അധീശത്വം പിടിച്ചെടുത്തു .ടൈറ്റൻമാരുടെ ഭരണകാലം പ്രപഞ്ചത്തിന്റെ സുവര്ണകാലമാ യിരുന്നു എന്നാണ് യവനേ തിഹാസങ്ങളിൽ വര്ണിച്ചിട്ടുള്ളത് .ഹോമറിന് സമകാലീകകാണും സമശീർഷനുമായ മഹാകവി ഹെസൊയ്ഡ്(Hesiod ) രചിച്ച തെയോഗെനി ( Theogony) എന്ന മഹാകാവ്യമാണ് അവ്യവസ്ഥയിൽനിന്നും ആദി ദേവതമാർ ഉരുത്തിരിഞ്ഞതിന്റെയും കഥ പറയുന്നത്.ടൈറ്റൻമാരുടെ വീരേതിഹാസങ്ങൾ പ്രതിപാദിച്ചിരുന്ന പുരാതന യവന ഇതിഹാസമാണ് ടൈറ്റാണോമാക്കിയ (Titanomachia ).ടൈറ്റാണോമാക്കിയ രചിച്ചത് ഹോമെറിനും ഹെസൊയ്ഡ് നും കിടനിൽക്കുന്ന പുരാതന കവി തമിരിസ് (Thamyris ) ആണ്.മൂലരൂപം നഷ്ടപ്പെട്ടുപോയെങ്കിലും ടൈറ്റാണോമാക്കിയ യെ ആധാരമാക്കി രചിച്ച മറ്റ് പുരാതന കാവ്യങ്ങളിലൂടെയും കഥകളിലൂടെയുമാണ് ടൈറ്റൻമാരെപ്പറ്റിയുള്ള കഥകൾ സഹസ്രാബ്ദങ്ങളിലൂടെ സഞ്ചരിച്ചും ഇപ്പോൾ നിലനില്കുനന്നത് .
.
കടുത്ത ആഭ്യന്തര ഉപജാപങ്ങളിലൂടെയാണ് ടൈറ്റൻമാർ പിതാവിനെ സ്ഥാനഭ്രഷ്ടനാക്കുന്നത് .ആ ഉദ്യമത്തിൽ അവർക്ക് മാതാവായ ഗിയയുടെ അളവറ്റ സഹായവും ലഭിക്കുന്നുണ്ട്.ടൈറ്റൻമാർ മാത്രമായിരുന്നില്ല യുറാനസിന്റെയും ഗിയയുടെയും പുത്ര പരമ്പര .ടൈറ്റൻമാർക്കു ശേഷം ഗിയക്കും യുറാനെസിനും നൂറുകൈയ്യന്മാർ ( Hecatonchires )എന്നും സൈക്ലൊപ്സുകൾ (Cyclopes ) എന്നും പേരുള്ള ഇളയ രണ്ടു സന്തതിപരമ്പരകൾ കൂടി ഉണ്ടായിരുന്നു .ഇവരുടെ അപാരമായ ശക്തിയിൽ ഭയന്ന് പിതാവായ യുറാനസ് തന്നെ ഈ രണ്ടു കൂട്ടരേയും വെളിച്ചം കാണിക്കാതെ നരകത്തിന്റെ അഗാധതകളിൽ പൂട്ടിയിട്ടു .മക്കളെ തടവിലാക്കിയതാണ് ഗിയക്ക് യുറാനസിനോട് പക തോന്നാൻ കാരണം .പക്ഷെ പിതാവിനെ മാതാവിന്റെ സഹായത്തോടെ സ്ഥാന ഭ്രഷ്ടനാക്കിയ ക്രോണസ് പക്ഷെ ഇളയ സഹോദരന്മാരെ പാതാളലോകത്തുനിന്നും മോചിപ്പിച്ചില്ല .അവരുടെ ശക്തിയെ ക്രോണസ് പോലും അത്യധികം ഭയപ്പെട്ടിരുന്നു.
.
ടൈറ്റൻമാർ വേറെയും പലർ ഉണ്ട് .ടൈറ്റാൻ ദേവിമാരിൽ ഏറ്റവും ശക്ത റിയ (Rhea ) ആയിരുന്നു .റിയയെ ക്രോണസ് പത്നിയാക്കി . പ്രോമിത്യുസ്സ് (Prometheus )ഉം എപിമെത്യുസ്മാണ് ( Epimetheus ) മനുഷ്യവംശത്തിന്റെ ഹിതകാംഷികളായ ടൈറ്റൻമാർ .മനുഷ്യരെ സൃഷ്ടിച്ചതുതന്നെ പ്രോമിത്യുസ് ആണ്.കളിമണ്ണിൽ നിന്നാണ് പ്രോമിത്യുസ് മനുഷ്യനെ സൃഷ്ടിച്ചതെന്നാണ് യവന സങ്കല്പം .മനുഷ്യ രാശിക്ക് അറിവുകൾ പകർന്നു നൽകിയതും ദേവസഭകളിൽ മനുഷ്യന് വേണ്ടി വാദിച്ചതും ,മനുഷ്യകുലത്തെ സഹായിച്ചതിനാൽ യാതന ഏറ്റുവാങ്ങിയതും പ്രോമിത്യുസ് തന്നെ .അദ്ദേഹത്തിന്റെ സഹോദരനാണ് എപിമെത്യുസ്. എപിമെത്യുസ് ഉം മനുഷ്യകുലത്തിന്റെ ഹിതകാംഷി ആയിരുന്നു .ഗാഢമായി ആലോചിച്ചുമാത്രം കാര്യങ്ങൾ ചെയ്തിരുന്ന ടൈറ്റനാണ്എപിമെത്യുസ്.
.
പിതാവിനെ സ്ഥാന ഭ്രഷ്ടനാക്കിയെങ്കിലും പിതാവിനെപ്പോലെ ക്രോണസും സ്വപുത്രന്മാരെ ഭയപ്പെട്ടിരുന്നു .പിതാവായ യുറാനസ് തന്നെ പുത്രന്മാരാൽ സ്ഥാനഭ്രഷ്ടനാക്കാക്കപ്പെടുമെന്ന് ക്രോനസിനെ ശപിക്കുകയും ചെയ്തു .ആ ഭീതിയിൽ ക്രോണസ് സന്താനങ്ങളെയെല്ലാം വിഴുങ്ങി .പക്ഷെ അമരന്മാർ ആയതുകൊണ്ട് അവർ ക്രോണസിന്റെ വയറ്റിൽ കിടന്നു വളർന്നു .ക്രോണസിന്റെ അവസാന പുത്രനായ സിയൂസിനെ ‘അമ്മ റിയ ഒരു സൂത്രത്തിലൂടെ രക്ഷിച്ചെടുത്തു .അമൂമ്മയായ ഗിയ ആരോരുമറിയാതെ സിയൂസിനെ വളർത്തി വലുതാക്കി .വലുതായപ്പോൾ സീയൂസ് കഥകൾ എല്ലാം അറിഞ്ഞു വേഷപ്രച്ഛന്നനായി നടന്ന സിയൂസ് ക്രോനസിനു ഛർദി ഉണ്ടാക്കുന്ന ഒരു വിഷ പാനീയം സൂത്രത്തിൽ നൽകി .അവശനായ ക്രോണസ് വിഴുങ്ങിയ മക്കളെയെല്ലാം ഓരോന്നോരോന്നായി ഛർദിച്ചു പുറത്തിറക്കി .സീയൂസ് അവരുടെ നായകനായി .തല്ക്കാലം പാതാളലോകത്തൊളിച്ചു .പാതാളലോകത്തുവച്ച സീയൂസ് പിതാവിന്റെ സഹോദരന്മാരായ നൂറുകൈയ്യന്മാരുമായും സൈക്ലൊപ്സുകളുമായും സഖ്യമുണ്ടാക്കി .സൈക്ലൊപ്സുകൾ സിയൂസിനു അതിശക്തമായ തങ്ങളുടെ ഇടിമിന്നലിന്റെ വജ്രായുധം സമ്മാനിച്ചു .
.
നൂറുകൈയന്മാരുടെയും സൈക്ലൊപ്സുകളുടെയും സഹായത്തോടെ സീയൂസ് ടൈറ്റൻമാരെ വെല്ലുവിളിച്ചു .ഇരു കൂട്ടരും തമ്മിൽ അതി ഭയങ്കരമായ മഹായുദ്ധം നടന്നു .വര്ഷങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിൽ വജ്രായുധത്തിന്റെ സഹായത്താൽ സിയൂസും സഹായധരന്മാരും വിജയിച്ചു .സെയൂസും കൂറ്റാറ്റും ഒളിമ്പ്യൻ ദേവതമാർ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു .അവർ മനോഹരമായ ഒളിമ്പസ് പർവതത്തിൽ തങ്ങളുടെ സ്വർഗം പണിതുയർത്തി .തോൽവിയടഞ്ഞ ടൈറ്റൻമാരെ സീയൂസ് പാതാളലോകത്തിൽ തടവിലാക്കി .ക്രോണസ് പാതാളലോകത്തിൽ അനന്തകാലത്തേക്ക് സ്വപ്നങ്ങൾ നിറഞ്ഞ നിദ്രയിൽ പ്രവേശിച്ചു .
.
ഒളിമ്പ്യൻ ദേവന്മാർ പ്രപഞ്ചം പകുത്തെടുത്തു സ്വർഗം സിയൂസ് തന്നെ കൈപ്പിടിയിലാക്കി .ഒളിംപ്യൻമാരിൽ ഏറ്റവും മുതിർന്ന ഹെയ്ഡ്സിനു പാതാള ലോകം ലഭിച്ചു .പോസിഡോൺ സമുദ്രത്തിന്റെ അധിപനായി .ഒളിംപ്യൻമാരിലെ പ്രബലയാ ഹേരാ ദേവി സിയൂസിന്റെ പത്നിയായി ..മറ്റുള്ള ഒളിംപ്യൻമാർക്കെല്ലാം യോഗ്യതയനുസരിച്ചു സ്ഥാനമാനങ്ങളും അധികാരങ്ങളും ലഭിച്ചു .
.
ഇതാണ് ഏറ്റവും ചുരുക്കത്തിൽ യവന ദേവതാ സങ്കൽപ്പങ്ങളുടെ കഥ .ദേവന്മാരുടെ കഥ മനുഷ്യരിലെത്തിച്ച മഹാകവികളായ ഹോമെറിനും,ഹെസൊയ്ഡ്നും,തമിരിസ് നും പ്രണാമങ്ങൾ.
—
ചിത്രം :, സീയൂസ് ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
—
റഫറൻസ് : ഇന്റർനെറ്റിലൂടെ ലഭ്യമായ വളരെയധികം രേഖകളും ലേഖനങ്ങളും
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.