മിസ്റ്റര്‍ നട്‌വര്‍ലാല്‍ എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പുകാരാനായി അറിയപ്പെടുന്ന മിതിലേഷ് കുമാര്‍ ശ്രീവാസ്തവയെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ‘കോണ്‍മാന്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഈ തട്ടിപ്പ് വീരന്‍ താജ്മഹല്‍ മൂന്നുവട്ടം, രാഷ്ട്രപതി ഭവനും റെഡ് ഫോര്‍ട്ടും ഒരിക്കല്‍ എംപിമാരടക്കം പാര്‍ലമെന്റും വിറ്റിട്ടുണ്ട്.
1912 ല്‍ ബിഹാറിലെ ബംഗ്രാ ഗ്രാമത്തിലാണ് മിതിലേഷ് കുമാര്‍ ശ്രീവാസ്തവ എന്ന നട്‍വര്‍ലാലിന്റെ ജനനം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാരിസ് നഗരത്തിന്റെ മുഖമുദ്രയായിരുന്ന ഈഫല്‍ ടവര്‍ വിറ്റ വിക്ടര്‍ ലസ്റ്റിഗും സാമ്പത്തിക തിരിമറികളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ ഫ്രാങ്ക് അബഗ്നേലുമൊക്കെയാണ് നട്‍വര്‍ലാലിന്റെയും മാതൃകാ പുരുഷന്‍മാര്‍ അഭിഭാഷകനായാണ് തുടക്കമെങ്കിലും പിന്നീട് വക്കീലിന്റെ കുരുട്ടുബുദ്ധി തട്ടിപ്പുകള്‍ക്കായി മാത്രം ചെലവാക്കാന്‍ തുടങ്ങിയതില്‍ നിന്നാണ് നട്‍വര്‍ലാലിന്റെ യഥാര്‍ഥ പിറവി. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഒപ്പുകള്‍ ഇടാന്‍ തനിക്ക് കഴിവുണ്ടെന്ന തിരിച്ചറിവില്‍ നിന്നു മിതിലേഷ്, നട്‍വര്‍ലാലായി പകര്‍ന്നാട്ടം തുടങ്ങുകയായിരുന്നു. പിന്‍ നമ്ബറും പാസ്‍വേഡുകളുമില്ലാതിരുന്ന കാലത്ത് കയ്യൊപ്പിന്റെ പകര്‍പ്പ് തന്നെയായിരുന്നു മിതിലേഷിന്റെയും കരുത്ത്. വ്യാജ ഒപ്പിട്ട് ആയിരം രൂപ കൈക്കലാക്കിയതില്‍ നിന്നു നട്‍വര്‍ലാല്‍ തട്ടിപ്പിന്റെ പടയോട്ടം തുടങ്ങി.50ല്‍ അധികം അപരനാമങ്ങള്‍ മിസ്റ്റര്‍ നട്‌വര്‍ലാലിന് ഉണ്ടായിരുന്നു. ചെറിയ ചെറിയ തട്ടിപ്പുകളില്‍ നിന്നു തുടങ്ങിയ നട്‍വര്‍ലാല്‍ ഡോ. രാജേന്ദ്ര പ്രസാദിന്റെയും ദീരുഭായ് അംബാനിയുടെയും വരെ വ്യാജ ഒപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ടത്രെ.
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്‍മഹല്‍ മൂന്നു തവണ വിറ്റ അതിബുദ്ധിമാനാണ് നട്‍വര്‍ലാല്‍. വിദേശികള്‍ തന്നെയായിരുന്നു ഇയാളുടെ സ്ഥിരം ഇരകള്‍. സര്‍ക്കാര്‍ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇടപാടുകള്‍. പ്രൌഡഗംഭീരമായ വസ്ത്രധാരണത്തോടെ കുലീനനും മാന്യനുമായ പ്രത്യക്ഷപ്പെടുന്ന നട്‍വര്‍ലാലിനെ അവിശ്വസിക്കേണ്ട കാര്യമൊന്നും നാടുകാണാനെത്തിയ വിദേശികള്‍ക്കുമുണ്ടായിരുന്നില്ല. എന്തിനേറെ ചെങ്കോട്ടയും രാഷ്ട്രപതി ഭവനും വരെ ഇയാള്‍ വിറ്റിട്ടുണ്ടെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. ഇതൊന്നും പോരാഞ്ഞിട്ട് പാര്‍ലമെന്റ് മന്ദിരവും നട്‍വര്‍ലാല്‍ അനായാസം വിറ്റു കളഞ്ഞിട്ടുണ്ട്. അതിനുള്ളിലെ പാര്‍ലമെന്റ് അംഗങ്ങളെയും ചേര്‍ത്തായിരുന്നു ഇടപാട്. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നു പറയുംപോലെ നട്‍വര്‍ലാലും പലവട്ടം പൊലീസ് പിടിയിലായിട്ടുണ്ട്. അതുവരെ കാണിച്ചുകൂട്ടിയ പോക്രിത്തരങ്ങള്‍ക്കെല്ലാം കൂടി 113 വര്‍ഷമാണ് കോടതികള്‍ പലതവണയായി ജയില്‍ശിക്ഷ വിധിച്ചത്. എന്നാല്‍ കഷ്ടിച്ച് 20 വര്‍ഷം മാത്രമാണ് ഇയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നുള്ളു. പലവട്ടം ശിക്ഷിക്കപ്പെട്ടെങ്കിലും നട്‍വര്‍ലാലിനെ അധികകാലം തളച്ചിടാനുള്ള ബലമൊന്നും അന്നത്തെ ജയില്‍ അഴികള്‍ക്ക് ഉണ്ടായിരുന്നില്ല. വാര്‍ധക്യമെത്തിയിട്ടു പോലും നട്‍വര്‍ലാലിന്റെ ബുദ്ധിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ബുദ്ധിയുടെ മൂര്‍ച്ച കുറച്ച് കൂടിയെന്ന് പോലും തോന്നാം. 84 ാം വയസില്‍ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് നട്‍വര്‍ലാലിന്റെ ഏറ്റവും അവസാനത്തെ തന്ത്രപൂര്‍വമായ രക്ഷപെടല്‍. കാണ്‍പൂരില്‍ നിന്നു എയിംസ് ആശുപത്രിയിലേക്ക് ചികിത്സക്കായി വീല്‍ചെയറില്‍ ഇരുത്തി പൊലീസുകാരുടെ അകമ്ബടിയോടെ കൊണ്ടുവരുന്നതിനിടെയാണ് ഒരു മായാജാലക്കാരന്റെ കൂര്‍മതയോടെ ഇയാള്‍ അപ്രത്യക്ഷനായത്. മരണത്തെ പോലും നട്‍വര്‍ലാല്‍ തട്ടിപ്പിനു ഇരയാക്കിയിട്ടുണ്ട്. 84 ാം വയസില്‍ നട്‍വര്‍ലാലിന്റെ അന്ത്യകര്‍മങ്ങള്‍ താന്‍ ചെയ്തുവെന്ന് സഹോദരന്‍ അവകാശപ്പെടുമ്പോള്‍ ഈ തട്ടിപ്പ് വീരന്‍ ഒരു മായികലോകം തീര്‍ത്ത് 2009 വരെ ജീവിച്ചിരുന്നുവെന്ന് ഇയാളുടെ അഭിഭാഷകന്‍ പറയുന്നു. 97 ാം വയസിലാണ് നട്‍വര്‍ലാല്‍ ഈ ലോകത്തെ തട്ടിപ്പുകള്‍ക്ക് തിരശീലയിട്ടത് എന്ന് കരുതപ്പെടുന്നു.
കായംകുളം കൊച്ചുണ്ണിയുടേയും റോബിന്‍ഹുഡിന്റേയും പോലെ നാട്ടുകാരുടെ പ്രിയപ്പെട്ട കള്ളനായിരുന്നു നട്‍വര്‍ലാല്‍. അവര്‍ക്കൊക്കെ ഒരു നായകനെ പോലെയാണ് ഇദ്ദേഹം. അതുപിന്നെ നായകന്റെ തട്ടിപ്പുകളും മോഷണവും ദരിദ്രരെ സഹായിക്കാനും ചൂഷകന്മാരെ ഒരു പാഠം പഠിപ്പിക്കാനും ഉള്ളതായിരിക്കുമല്ലോ, അവര്‍ നിരപരാധികളോടു കരുണയുള്ളവരായിരിക്കും. നട്‍വര്‍ലാലും അങ്ങിനെ ആയിരുന്നിരിക്കണം. മരണശേഷം നട്‍വര്‍ലാലിന്റെ പ്രതിമ സ്ഥാപിക്കാന്‍ വരെ നാട്ടുകാര്‍ പദ്ധതിയിട്ടുവെന്നൊക്കെയാണ് പറയപ്പെടുന്നത്. നട്‍വര്‍ലാലിന്റെ ജീവിതം പലവട്ടം ബോളിവുഡിന് തിരക്കഥയായിട്ടുണ്ട്. അമിതാഭ് ബച്ചന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മിസ്റ്റര്‍ നട്‍വര്‍ലാല്‍ ഇതിലൊന്നാണ്. ഏറ്റവുമൊടുവില്‍ ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രവും നട്‍വര്‍ലാലിന്റെ ജീവിതവഴികള്‍ പറയുന്നതാണ് Pscvinjanalokam