പയർ കുടുംബത്തിലെ ഒരു ജനുസാണ് അക്വേഷ്യ. ഈ ജനുസിലെ ഒരു സ്പീഷിസ് മഡഗാസ്കറിലെയും 12 എണ്ണം ഏഷ്യയിലെയും ബാക്കിയുള്ള 900 എണ്ണത്തോളം ആസ്ത്രേലിയ ഭാഗങ്ങളിലെയും തദ്ദേശവാസികളാണ്. യൂക്കാലിക്കാടുകൾ കഴിഞ്ഞാൽ ആസ്ത്രേലിയയിലെ ഏറ്റവും വിസ്താരമുള്ള കാടുകൾ അക്വേഷ്യയുടെയാണ്. കേരളത്തിന്റെ പത്ത് ഇരട്ടിയോളം വിസ്തൃതിയിൽ ആണ് അക്വേഷ്യക്കാടുകൾ അവിടെയുള്ളത്.
അക്വേഷ്യ പോലെയുള്ള മരങ്ങളെപ്പറ്റി പറയുമ്പോള്‍ നമുക്ക് ധാരാളം തെറ്റിദ്ധാരണകളുണ്ട്. ആദ്യമേ എന്തിനാണ് അക്വേഷ്യ നട്ടുവളര്‍ത്തി വരുന്നതെന്നു നോക്കാം.
എല്ലാനാടുകളും നമ്മുടേതുപോലെയല്ല, പലയിടങ്ങളിലും പലകാരണങ്ങള്‍ കൊണ്ട് മരങ്ങളൊന്നും വളരില്ല, നട്ടാല്‍ പിടിക്കില്ല, നിലനില്‍ക്കില്ല. ചിലയിടത്ത് മരുഭൂമിവളര്ന്നുകൊണ്ടിരിക്കുന്നു, എത്രയോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം മഴപെയ്യുന്നു. ഇങ്ങനെയുള്ള ഇടങ്ങളിലെല്ലാം മരം വച്ചുപിടിപ്പിക്കാനും ഒരിത്തിരി പച്ചയെ തിരികെ കൊണ്ടുവരാനുമെല്ലാം ഏറ്റവും എളുപ്പത്തില്‍ ഉപയോഗിച്ചുവരുന്ന മരങ്ങളിൽ പ്രമുഖമാണ് മാഞ്ചിയം അടക്കമുള്ള അക്വേഷ്യയിലെ പല സ്പീഷിസുകളും. ധാരാളം വിത്തുകളുണ്ടാവും, മിക്കതും എളുപ്പത്തില്‍ മുളയ്ക്കും, മണ്ണില്‍ നൈട്രജന്‍ കൊണ്ടുവരും, 60 മീറ്റർ വരെ ആഴങ്ങളിൽ ആഴ്ന്നിറങ്ങി ജലത്തെ വലിച്ചെടുക്കുന്ന അക്വേഷ്യ ഇനങ്ങളുണ്ട്. വലിയ വേരുപടലങ്ങളുള്ള ചില ഇനങ്ങൾ മണ്ണൊലിപ്പുതടയും, മരുവല്‍ക്കരണം കുറയ്ക്കും, അതിവേഗം വളരും. ആഫ്രിക്കയിലെ വന്യജീവികളുടെ പ്രധാനഭക്ഷണങ്ങളിൽ അക്വേഷ്യയുടെ സ്ഥാനം വളരെ വലുതാണ്. കൂർത്ത മുള്ളുകളുള്ള പല സ്പീഷിസുകളും മൃഗങ്ങളെ അകറ്റിനിർത്താനും സമർത്ഥരാണ്. മരുഭൂമിയിലെ മനുഷ്യർക്ക് ഏറ്റവും അവശ്യം വേണ്ട വിറകിന്റെയും തടിയുടെയും തണലിന്റെയും എല്ലാം ആവശ്യം നിവർത്തിക്കാൻ അക്വേഷ്യ കഴിഞ്ഞേ മരങ്ങളുള്ളൂ.
മറ്റു പയറുകളെ അപേക്ഷിച്ച് 25 ശതമാനം കൂടുതൽ മാംസ്യം അക്വേഷ്യയുടെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. കട്ടിയുള്ള പുറന്തോടുകാരണം വളരെക്കാലം സൂക്ഷിക്കാനും കഴിയുന്ന ഈ വിത്തുകൾ പലനാടുകളിലും ഭക്ഷ്യാവശ്യത്തിനും ഉപയോഗിക്കാറുണ്ട്. പലനാടുകളിലും ഇങ്ങനെയൊരു തണല്‍ വ്യാപിച്ചാലേ അതിന്റെ ചുവടുപിടിച്ച് മറ്റേതെങ്കിലും ചെടികള്‍ നട്ടുവളര്‍ത്തുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവൂ.
ഇങ്ങനെ ഐശ്വര്യകാരിയായ ഈ അദ്ഭുതവൃക്ഷം വനവല്‍ക്കരണത്തിന് നമ്മുടെ നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാര്യങ്ങള്‍ ആകെ കീഴ്മേല്‍ മറിഞ്ഞു. മുകളില്‍ പറഞ്ഞ ഒരു കാരണവും ഈ മരം നടാന്‍ നമ്മുടെ നാട്ടില്‍ ഇല്ല. സ്വാഭാവികമായിത്തന്നെ നൂറുകണക്കിനുതരം സസ്യങ്ങള്‍ വളരുന്ന ഈ നാട്ടില്‍ മറ്റെല്ലാത്തിനെയും തന്റെ ഭീകരവളര്ച്ചയ്ക്കിടയില് ഞെരിക്കുന്ന നമ്മുടെ വൈവിധ്യങ്ങളെയെല്ലാം കൊന്നുതീര്‍ക്കുന്ന ഒരു ഭീകരനായി ഇതു മാറി. വേലം എന്നും വാറ്റിൽ എന്നും വിളിക്കുന്ന പല അക്വേഷ്യകൾ നാട്ടുസസ്യങ്ങളുടെ അന്തകനായി കാടുകൾ കയ്യേറി പടർന്നുവളർന്നു. പല സസ്യങ്ങള്‍ക്കും അതിന്റെ സ്വാഭാവിക പ്രകൃതിയിലേ അതിന്റെ ഇലകളെയും ശിഖരങ്ങളെയും മണ്ണില്‍ ലയിപ്പിക്കാനുള്ള കഴിവുണ്ടാവുകയുള്ളൂ. അക്വേഷ്യയുടെ ഇലകൾ വീണ മണ്ണിൽ അവ ലയിക്കാതെ കിടന്നു. കൊച്ചുചെടികൾ പോലും വളരാതെയായി. പിന്നെ എന്തിനാണ് ഇത് നട്ടത്? ഒരിക്കല്‍ നട്ടാല്‍ പിന്നെപ്പോയി തിരിഞ്ഞുനോക്കേണ്ട, അതുതന്നെ, പലപ്പോഴും നട്ടുസംരക്ഷിക്കുന്ന, ബാക്കിയാവുന്ന മരങ്ങളുടെ എണ്ണമനുസരിച്ച് പ്രതിഫലം നല്കുന്ന ഇടങ്ങളില്‍ ഇത് മികച്ചൊരു പ്രതിവിധിയായി. ടാർജറ്റെത്തിക്കാൻ ഏറ്റവും എളുപ്പമുള്ള മരങ്ങളായി ഇവമാറി. അധിനിവേശസസ്യങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ ചെറുതല്ല, ദീര്‍ഘകാലഫലങ്ങള്‍ ഭീകരവും ആയിരിക്കും. പലതരം ജീവികളും പൂമ്പാറ്റയാവട്ടെ, പക്ഷികളാവട്ടെ അവരുടെ ചുറ്റുപാടുമുള്ള സസ്യങ്ങളുമായി ഒത്തുജീവിച്ച് പരിണാമം പ്രാപിച്ചവരാണ്. അവരുടെ ജീവസന്ധാരണത്തിനും ഭക്ഷണത്തിനും കൂടുവയ്ക്കാനുമെല്ലാം അത്തരം നാട്ടുസസ്യങ്ങള്‍ തന്നെ വേണ്ടിവരും. ഇവിടെയാണ് അക്വേഷ്യപോലുള്ള അധിനിവേശസസ്യങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ്.