മരിച്ചിട്ട് മാസങ്ങളോ, വര്‍ഷങ്ങളോ കഴിഞ്ഞു മരണാനന്തര ചടങ്ങുകള്‍ ആഘോഷപൂര്‍വ്വം നടത്തി മരിച്ചയാളുടെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ പറഞ്ഞയക്കുന്നത് വരെ ഒരു മരണവും ‘’ജീവന് നഷ്ടപ്പെട്ട’’ മരണമായി അംഗീകരിക്കാത്ത ഒരു സമൂഹമാണ് ഇന്തോനേഷ്യയിലെ സുലവസിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന തൊരയന് മനുഷ്യര്‍.
മരണാനന്തര ചടങ്ങുകള്‍ എത്രകണ്ട് ഗംഭീരമാക്കുന്നുവോ അത്രകണ്ട് അവര്‍ക്ക് ഉന്നതമായ പേര് നിലനിറുത്താം. അതിനാവശ്യമുള്ള പണ സമ്പാദനം നടക്കുന്നത് വരെ ശവം മരിച്ചവര്‍ക്ക് വേണ്ടി പണികഴിപ്പിചിട്ടുള്ള പരമ്പരാഗതമായ തോന്കോനാന് വീടുകളില്‍ ഒട്ടനവധി വസ്ത്രങ്ങളില്‍ പൊതിഞ്ഞു വെക്കും.
മരിച്ചവര്‍ ജീവിച്ചിരുന്നപ്പോള്‍ അവരുടെ ഇഷ്ടത്തില്‍ ഉണ്ടായിരുന്ന ഭൌതിക വസ്തുക്കളെല്ലാം ഈ പരമ്പരാഗതമായ വീടുകളില്‍ കൊണ്ട് വെക്കുന്നതിനു പുറമേ ആഴ്ചയില്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ അവരുടെ ഇഷ്ട ഭക്ഷണം ഉണ്ടാക്കി ഊട്ടുകയും ചെയ്യും. (യഥാര്‍ത്ഥത്തില്‍ ലൈം സ്റ്റോണ്‍ ഉപയോഗിച്ച് പ്രകൃതി രീതിയില്‍ സൂക്ഷിച്ച ശവത്തിനെ ഭക്ഷണം ഉട്ടുന്നതായി ഇവര്‍ അഭിനയിക്കുകയാണ്). വര്‍ഷത്തില്‍ ഒരിക്കല്‍ ആകര്‍ഷകമായ രീതിയില്‍ വസ്ത്രമുടുപ്പിച്ചു ശവശരീരം ഗ്രാമത്തിലൂടെ നടത്തിച്ചു കൊണ്ട് പോവുന്ന ചടങ്ങുകളുമുണ്ട്
സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ആയിരക്കണക്കിന് ആള്ക്കാര് പങ്കെടുക്കുന്ന ചടങ്ങുകളാണ് കുടുംബത്തിന്റെ പേര് ഉയര്‍ത്തിപ്പിടിക്കുന്നത്. വലിയ പാടങ്ങളില്‍ കെട്ടിയുയര്‍ത്തിയ പന്തലുകളും, സംഗീതവും, നൃത്തവും, വിലാപവും, മൃഗബലിയുമടക്കം ആഴ്ചകളോ, മാസങ്ങളോ തുടരുന്ന ചടങ്ങില്‍
ശവശരീരം പുതിയ ഉടുപ്പുകള്‍ അണിയിച്ചു കൊണ്ടുവന്നു നിര്‍ത്തും.
ആഘോഷാനന്തരം ശവമടക്ക് ചടങ്ങുകള്‍ തുടങ്ങുന്നു.
തൊരായന് വിശ്വാസപ്രകാരം കുലീനരും, പ്രഭുക്കന്മാരും ഭൂമിക്കും ആകാശത്തിനുമിടയ്ക്ക് അടക്കപ്പെടെണ്ടവരാണ്. ഉയര്‍ന്നു കിടക്കുന്ന ചുണ്ണാമ്പുതൂക്കാം പാറകളില്‍ പകിട്ടെറിയ ശവക്കല്ലറ കൊത്തിയെടുത്ത് ശവമടപ്പ് നടത്തുന്നത് ഈ വിശ്വാസപ്രകാരമാണ്. ഇങ്ങനെയുള്ള ശവക്കല്ലറ തീര്‍ക്കാന്‍ ധാരാളം പണച്ചെലവും, രണ്ടോ മൂന്നോ മാസത്തില്‍ കൂടുതല്‍ സമയവും ആവശ്യമായിവരും. പ്രഭുക്കന്മാരുടെ കുട്ടികളുടെ ശവം കയറില്‍ കെട്ടി പാറകളിന്മേലിലോ മരങ്ങളിലോ തൂക്കിയിടും. കയറുപൊട്ടി വീഴുന്നത് വരെയുള്ള സമയം ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നെത്താനുള്ള ഇടക്കാലമായി
കരുതപ്പെടുന്നു.
ഇനി ഇവരുടെ ചരിത്രത്തിലേക്ക് ഒന്ന് കടന്നു പോകാം.
ആരാണ് സുലവസിയിലെ തോരായര്?
പതിനേഴാം നൂറ്റാണ്ടില്‍ ഡെച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സുലവസിയുടെ രാഷ്ട്രീയ നിയന്ത്രണവും കച്ചവടവും നടത്തിപ്പോന്നു. രണ്ടു നൂറ്റാണ്ടുകളോളം
ഉയര്‍ന്ന കുന്നിന് പ്രദേശങ്ങളിലെ തൊരായന് സമൂഹത്തെ ഈ കാലയളവില്‍ ഡെച്ചുകാര്‍ ഗൌനിചിരുന്നേയില്ല.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇസ്ലാമിസം ഇന്തോനേഷ്യന്‍ സുലവസിയിലെ മക്കാസരിലും ബൂഗിസിലും വേരൂന്നിയപ്പോള്‍, മലയിടങ്ങളില്‍ ജീവിക്കുന്ന ‘അനിമിസ്റ്റു’കളായ തൊരായന് സമുദായത്തെ ക്രിസ്തീയമതത്തിലേക്ക് കൊണ്ടുവരാന്‍ ഡെച്ചുകാര്‍ പരിശ്രമമാരംഭിച്ചു. ഡെച്ച് കൊളോണിയല്‍ ഗവോര്മ്മേണ്ടിന്റെ സഹായത്തോടെ ഡച് ചര്‍ച്ച് മിഷിനറി സംഘം മതപരിവര്‍ത്തനം ആരംഭിച്ചു. ക്രിസ്തുമതബോധനം നടത്തുന്നതോടൊപ്പം അവര്‍ അടിമത്വം നിരോധിക്കുകയും പ്രാദേശിക നികുതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ക്രമേണ തൊരായന് സമൂഹത്തിനു ഒരു പ്രവിശ്യ അവരുടേതായി പ്രഖ്യാപിച്ചുകൊണ്ട് ഡച്കാര് ഇന്തോനേഷ്യയില്‍ ഒരു പുതിയ അദ്ധ്യായം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
അടിമക്കച്ചവടം നിര്ത്തലാക്കിയതിനാലുള്ള സാമ്പത്തിക നഷ്ടം തൊരായന് സമൂഹത്തിലെ പ്രഭുക്കന്മാരെ പ്രകോപിപ്പിച്ചു. അവര്‍ ഡച്കാര്ക്കെതിരെ തിരിയുന്നതിന് ഇത് കാരണമായി. അടിച്ചേല്‍പ്പിക്കപ്പെട്ട നികുതിയും സാമ്പത്തിക ഞെരുക്കവും കാരണം മത പരിവര്‍ത്തനത്തില്‍ നിന്നും തൊരായന് സമൂഹം അകന്നു നിന്നു. ആത്യന്തികമായി പത്ത് ശതമാനം ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ മിഷിനറികള്‍ക്ക് കഴിഞ്ഞുള്ളൂ.
1930ല്‍ താഴ്വാരത്തു ജീവിക്കുന്ന മുസ്ലിംകള് തോരായരെ ആക്രമിച്ചപ്പോള്‍ ഡച്ച്കാരില് നിന്നും ഇവര്‍ സംരക്ഷണം തേടി. ഈ സംരക്ഷണത്തിനു പകരമായി ഭൂരിഭാഗം ജനങ്ങളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.1951 മുതല്‍ 1965വരെയുള്ള ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യസമരവേളയില്‍ ദാറുല്‍ ഇസ്ലാം വിഭാഗക്കാര്‍ സുലവസിയെ ഒരു ഇസ്ലാമിക് സ്റ്റേറ്റായ് മാറ്റിത്തീര്‍ക്കാന്‍ നടത്തിയ ഘോരമായ ഗറില്ലായുദ്ധത്തിന്റെ ഫലമായി ബഹുഭൂരിഭാഗം ജനങ്ങളും ക്രിസ്തുമതം സ്വീകരിച്ചു.
ഇന്തോനേഷ്യന്‍ ഗവര്മെണ്ട്ന്റെ നിയമപ്രകാരം തൊരായന് സമുദായത്തിനു സംരക്ഷണം നല്കാന് 1969 വരെ ഗവോര്മ്മേണ്ട് തയ്യാറായിരുന്നില.
ഇസ്ലാം, ഹിന്ദുമതം, ബുദ്ധമതം, പ്രോട്ടെസ്റ്റെന്റ്റ്, കത്തോലിക്കന്സ്, ഇവരെ മാത്രമേ ഇന്തോനേഷ്യ അംഗീകരിചിരുന്നുള്ളൂ. 1969 നു ശേഷം ‘’അഗമ ഹിന്ദു
ധര്‍മ’ യുടെ ഭാഗമാക്കി ഗവോര്മ്മേനണ്ട് ഇവര്‍ക്കും അംഗീകാരം കൊടുത്തു.
മരണാനന്തര ചടങ്ങുകള്‍ അനിമിസ്റ്റ് വിശ്വാസപ്രകാരം നടത്തുന്ന ക്രിസ്തുമത വിശ്വാസികളും, തോരായരിലുണ്ട്.. ഇവരില്‍ പലരും ഇസ്ലാംമതത്തില്‍ നിന്ന് മതം മാറി വന്നവരുമാണ്.
അചരവസ്തുക്കളില്‍ ആത്മചൈതന്യം ഉണ്ടെന്നു വിശ്വസിക്കുന്ന ബഹുദൈവാരാധകരാണ് തൊരായന് സമൂഹം.അതാണ് അവരുടെ പരമ്പരാഗതമായ വിശ്വാസം. ഇവരുടെ വിശ്വാസപ്രകാരം തൊരയരുടെ പൂര്‍വ്വീകര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരെണിവഴി ഭൂമിയില്‍ വന്നവരാണ്. ആ ഏണി സൃഷ്ടാവായ പ്വാന്‍ മതുയയുമായി ആശയവിനിമയത്തിന് വിനിയോഗിക്കുന്നു.
മിത്ത് പ്രകാരം പ്രപഞ്ചം മൂന്നായി തരംതിരിച്ചിട്ടുണ്ട്. മുകള്ഭാഗം സ്വര്‍ഗ്ഗവും താഴ്ഭാഗം ഭൂമിയും മൂന്നാം ഭാഗം ഭൂഗര്ഭവുമാണ്.
തുടക്കത്തില്‍ സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ വിവാഹിതരായി, പിന്നെ ഇരുള്‍മൂടി, പിന്നെ ഒന്ന് മറ്റൊന്നില്‍ നിന്നും വിച്ചേദിക്കപ്പെട്ടു. ഒടുവില്‍ പ്രകാശം പരന്നു. ഭൂമി മനുഷ്യര്‍ക്ക് വേണ്ടിയും, ഭൂഗര്‍ഭങ്ങള്‍ ജന്തു ജീവജാലങ്ങള്‍ക്ക് വേണ്ടിയും സൃഷിക്കപ്പെട്ടിട്ടുള്ളതാണ്.
ബഹുദൈവങ്ങളില്‍ പ്രധാനികള്‍ പോന്ഗ് ബന്ഗായി(ഭൂമിയുടെ ദൈവം),
ഇന്‍ഡോ ഒന്ഗോ(ഭൂകമ്പങ്ങളുടെ ദൈവം),ഇന്‍ഡോ ബെലോ (മരുന്നുകളുടെ ദൈവം) പോന്ഗ് ലാലോടോന്ഗ് (മരണത്തി’ന്റെ ദൈവം).
മനുഷ്യചരിത്രത്തില്‍ വിചിത്രമായ വിശ്വാസരീതിയുള്ള അനേകം ജനതകളില്‍ നിന്നും മരണാനന്തരചടങ്ങുകളിലൂടെ തൊരയന് സമൂഹം വേറിട്ട് നില്ക്കുന്നു.