പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ സമ്പന്ന കുടുംബത്തിൽ 1952 ജനുവരി 27-നാണ് അസ്മ ജനിച്ചത്. രഷ്ട്രീയ പശ്ചാത്തലമുള്ള പിതാവ് മാലിക് ജിലാനി പട്ടാള ഭരണകർത്താക്കൾക്കെതിരെ പോരാടി ഏറെക്കാലം ജയിലവാസം അനുഭവിച്ച രാഷ്ട്രീയ നേതാവായിരുന്നു. ജഹാംഗീര്‍ ജീസസ് ആന്റ് മേരി കോണ്‍വെന്റിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1978ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബി ബിരുദം നേടി. സൈനികഭരണകാലത്ത് രാഷ്ട്രീയാവകാശങ്ങളും മൌലികാവകാശങ്ങളും പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പ്രസ്ഥാനത്തില്‍ പങ്കാളിയായതിന് ജഹാഗീര്‍ ആദ്യം വീട്ടുതടങ്കലിലും പിന്നീട് ജയിലിലും ആയി. 1983-ൽ തൊഴിലുടമയാൽ മാനഭംഗം ചെയ്യപ്പെട്ട സഫിയ എന്ന അന്ധബാലികയെ ലൈംഗികക്കുറ്റം ചുമത്തി തടവിനും ചാട്ടവാറടിക്കും ശിക്ഷിച്ച കോടതിവിധിക്കെതിരെ അസ്മയുടെ നേതൃത്വത്തിൽ പ്രക്ഷോഭം അരങ്ങേറി ഇതേത്തുടർന്ന് മേൽക്കോടതി ശിക്ഷ റദ്ദാക്കി. 1986-ൽ പാകിസ്താനിലെ ആദ്യത്തെ സൗജന്യ നിയമസഹായകേന്ദ്രത്തിനു ലാഹോറിൽ തുടക്കമിട്ടു. 1987ല്‍ നിലവില്‍ വന്ന പാകിസ്ഥാന് മനുഷ്യാവകാശ കമ്മീഷന്റെ സഹസ്ഥാപകയാണ് അസ്മ ജഹാംഗീര്‍. 1993ല്‍ കമ്മീഷന്റെ അധ്യക്ഷയായി ഉയര്‍ത്തപ്പെടുന്നതുവരെ അതിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു. പിന്നീട്, സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
‘സൌത്ത് ഏഷ്യന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സി’ന്റെ സഹഅധ്യക്ഷയായിരുന്നു. കോടതിയിതരമോ നിയമാനുസൃതമല്ലാത്തതോ ചോദ്യംചെയ്യാതെയുള്ളതോ ആയ വധശിക്ഷകളെ സംബന്ധിച്ച കാര്യങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ പ്രത്യക വക്താവായിരുന്നു. പിന്നീട്, മതത്തില്‍നിന്നോ വിശ്വാസത്തില്‍നിന്നോ ഉള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളവയുടെ വക്താവായി മാറി.
പർവേസ് മുഷറഫ് പ്രസിഡന്റായിരിക്കേ 2007-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മൂന്നു മാസം അസ്മ വീട്ടുതടങ്കലിലായി പാകിസ്ഥാന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ മുഹമ്മദ് ചൌധരിയെ ഭരണഘടനാവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തതിനെതിരെയുള്ള പ്രക്ഷോഭത്തില്‍ അഭിഭാഷകരുടെ കൂടെ പങ്കെടുത്തതിന് 2007 നവംബറില്‍ അവരെ വീണ്ടും വീട്ടുതടങ്കലിലാക്കി. അസ്മയെ വധിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു എന്ന വിവരം അഞ്ചു വര്‍ഷം മുന്‍പ് ചോര്‍ന്നിരുന്നു. തന്നെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തണം എന്നു അവര്‍ പാക് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
2010 ഒക്ടോബർ 27-ന് പാക് സുപ്രീം കോടതിയിലെ ബാർ അസ്സോസ്സിയേഷൻ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷ്യയായിരിക്കുകയാണ് അസ്മ. 2010ലെ സിതാര-ഇ-ഇംതിയാസും ഹിലാല്‍-ഇ-ഇംതിയാസും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മനുഷ്യാവകാശസംസ്കാരത്തിന്റെ പ്രചാരത്തിനായി യുനെസ്കോയുടെ പുരസ്കാരം, ഫ്രാന്‍സിലെ ഒഫീസ്യ ദെ ല ദ്ന്യോര് എന്നിവയും ലഭിച്ചിട്ടുണ്ട്. 2010ലെ ഫ്രീഡം അവാര്‍ഡും 2014ലെ റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡും കരസ്ഥമാക്കിയത് ആസ്മ ജഹാംഗീറായിരുന്നു.ആസ്മ ജഹാംഗീറിന് രണ്ടു പെണ്മക്കളും ഒരു മകനുമുണ്ട്. അവരുടെ മകള്‍ മുനീസ ജഹാംഗീര്‍ ടിവി അവതാരകയാണ്.2018 ഫെബ്രുവരി 11ന് അന്തരിച്ചു.