രാവിലെ ഉറങ്ങി എണീക്കുമ്പോൾ വായിൽ നിന്നും വരുന്ന ദുർഗന്ധം (Bad breath) ബാക്ടീരിയ മുഖേനയാണ് എന്നൊക്കെ സ്കൂളിൽ നിന്നും പഠിച്ചു കാണും.
എന്നാൽ ബാക്ടീരിയ പകലും നമ്മുടെ വായിൽ ഇല്ലേ എന്താണ് ഉറങ്ങാതെ ഇരിക്കുമ്പോൾ, ഉറങ്ങി എണീക്കുമ്പോൾ ഉള്ള അത്ര ദുർഗന്ധം ഉണ്ടാവാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ?
രാത്രി പല്ലു തേച്ചിട്ടു കിടന്നാലും രാവിലെ ദുർഗന്ധം ഉണ്ടാവുമെന്നും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?
നോർവേയിലെ ഡോ. അലിക്സ് യങ് വിക് ( Alix Young Vik) എന്ന ശാസ്ത്രജ്ഞയുടെ ഗവേഷണം വായ് നാറ്റത്തെ പറ്റി ആയിരുന്നു.
ശ്വാസോച്ഛ്വാസ ദുര്ഗന്ധവും (halitosis), ഉമിനീരും തമ്മിലുള്ള ബന്ധമായിരുന്നു അവരുടെ ഗവേഷണ വിഷയം.
വായിലുള്ള ബാക്റ്റീരിയയയുടെ പ്രധാന ആഹാരം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ ഉള്ള കാർബോ ഹൈഡ്രേറ്റുകൾ ആണ്.
അഞ്ചാറു മണിക്കൂർ കാർബോ ഹൈഡ്രേറ്റുകൾ കിട്ടാതെ ആവുമ്പോൾ ബാക്ടീരിയ പട്ടിണി ആകും.
പിന്നെയുള്ള മാർഗ്ഗം വായിലുള്ള പ്രോട്ടീൻ തന്മാത്രകളെ (ഉമിനീരിലും, മ്യൂക്കസ് ചര്മ്മപാളിയിലും മറ്റും ഉള്ള പ്രോട്ടീൻ) ആഹാരമാക്കുകയാണ്.
ഇങ്ങനെ ബാക്റ്റീരിയകൾ പ്രോട്ടീൻ തൻമാത്രകളെ വിഘടിപ്പിക്കുമ്പോൾ ഉണ്ടാവുന്ന ഉപോല്പന്നങ്ങളായ വാതകങ്ങൾ ആണ് ദുർഗന്ധം ഉണ്ടാക്കുന്നത്.
ചീ മുട്ടയുടെ സമാനമായ മണം ആണെങ്കിൽ അത് സൾഫർ ഡൈ ഓക്സൈഡ് ആണ്.
ചീത്തയായ ക്യാബേജിന്റെ മണം ആണെങ്കിൽ മീഥേൻ തയോൾ ആണ് വില്ലൻ.
ഇനി വെളുത്തുള്ളി മണം എങ്കിൽ ഡൈ മീതൈൽ സൾഫൈഡ് ആണ് കാരണം.
അപ്പോൾ പകൽ മുഴുവൻ ആഹാരം കഴിക്കാതെ ഇരുന്നാലും ദുർഗന്ധം വരുന്നില്ലല്ലോ എന്നാവും ഇപ്പോൾ ആലോചിക്കുന്നത്.
അതിന് ഡോ. അലിക്സ് യങ് വിക് പറയുന്നത്, പകൽ ധാരാളം ഉമിനീർ ഉൽപ്പാദിപ്പിക്കുകയും അത് നാം വിഴുങ്ങുകയും ചെയ്യും, എന്നാൽ രാത്രിയിൽ ഉമിനീരുൽപ്പാദനം വളരെക്കുറവും, അത് വായിൽ തന്നെ കൂടുതൽ സമയം കിടക്കുകയും ചെയ്യും, അങ്ങിനെയാണ് ഉറങ്ങുമ്പോൾ കൂടുതൽ വായ്നാറ്റം വരുന്നത്. [കൂടുതൽ വായനയ്ക്ക് Ida Korneliussen, What’s the deal with morning breath? Science Nordic, February 11, 2012 – 06:26]. എഴുതിയത് സുരേഷ് സി. പിള്ള