എലക്ടോണിക്സും കമ്മ്യൂണികേഷൻ എൻജിനീയറിങ്ങും ഡിഗ്രി തലത്തിൽ പഠിക്കുന്നവർ ഒത്തിരി ബുദ്ധിമുട്ടുന്ന ഒരു പാഠ്യവിഷയമാണ് എലെക്ട്രോമാഗ്നെറ്റിക് തിയറി (Electromagnetic Theory ). ഒരുപാട് സമവാക്യങ്ങൾ ,ദുരൂഹമായ പദങ്ങൾ .യാഥാർഥ്യത്തോട് എന്തെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് ഇതെല്ലം ഈ പാഠ്യവിഷയത്തെ ദുർഗ്രഹമാക്കുന്നു .
.
പക്ഷെ എലെക്ട്രോമാഗ്നെറ്റിക് തിയറി യെ ഇപ്പോൾ കാണുന്ന രീതിയിലെങ്കിലും ആക്കിയെടുത്തത് ഒലിവർ ഹീവിസൈഡ് എന്ന ഏകാകിയുടെ തപസ്യയാണ് .ജെയിംസ് ക്ലെർക് മാക്സ്വെൽ ആണ് പത്തൊൻപതാം നൂറ്റാണ്ടിൽ എലെക്ട്രോമാഗ്നെറ്റിക് തിയറി അനാവരണം ചെയുന്നത് . ആദ്യകാലങ്ങളിൽ സമവാക്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു എലെക്ട്രോമാഗ്നെറ്റിക് തിയറി .ഇരുപതിലേറെ സമവാക്യങ്ങൾ അത്രത്തോളം വേരിയബിളുകൾ അതായിരുന്നു ആദ്യകാല എലെക്ട്രോമാഗ്നെറ്റിക് തിയറിയുടെ കാതൽ .ആ ഭീകരൻ സംവിധാനത്തെ ഇപ്പോൾ കാണുന്ന നാല് ഇക്വേഷനുകളും വേരിയബിളുകളും എന്ന രീതിയിൽ ആക്കി മാറ്റിയത് ഒലിവർ ഹീവിസൈഡ് ആയിരുന്നു . അദ്ദേഹത്തിന് ഔപചാരികമായ വിദ്യാഭ്യാസം കുറവായിരുന്നു എന്നതായിരുന്നു അതിലും വലിയ വൈചിത്ര്യം.
.
ചെറുപ്പത്തിലേ രോഗ ബാധിതനായതിനാൽ പഠനം പൂത്തിയാക്കാൻ ഹീവിസൈഡിന് കഴിഞ്ഞില്ല . അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രാഥമികമായ സ്കൂൾ വിദ്യാഭ്യാസത്തിൽ ഒതുങ്ങി .അദ്ദേഹത്തിന്റെ ഒരു ബന്ധുവായിരുന്നു ടെലെഗ്രാഫിയുടെ ആദ്യ കാല ഉപജ്ഞാതാക്കളിലൊരാളായ ചാൾസ് വീറ്റ്സ്റ്റോൺ ( Charles Wheatstone ). അദ്ദേഹത്തിന്റെ ശുപാർശയിൽ ഹീവിസൈഡിന് ഒരു ടെലിഗ്രാഫ് കമ്പനിയിൽ ജോലി കിട്ടി . വളരെ താഴ്ന്ന നിലയിലെ ജോലിയായിരുന്നു അദ്ദേഹത്തിന് കിട്ടിയത് .എന്നാലും അദ്ദേഹം ടെലിഗ്രാഫ് ശ്രിൻഖലകളെപ്പറ്റി ആഴത്തിൽ പഠിച്ചു. വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ട്രാൻസ്മിഷൻ ലൈൻ തിയറി കണ്ടുപിടിച്ചു . ഏതു ചാനലിലൂടെയും വക്രീകരണം ( Distortion ) ഒഴിവാക്കി സിഗ്നലുകൾ ട്രാൻസ്മിറ്റ് ചെയാൻ കഴിയുമെന്ന് സൈദ്ധാന്തികമായ അദ്ദേഹം തെളിയിച്ചു . അദ്ദേഹം തന്നെ പ്രായോഗികമായി അത് ചെയ്തു കാണിക്കുകയും ചെയ്തു . ഹീവിസൈഡിന്റെ ട്രാൻസ്മിഷൻ ലൈൻ തിയറി(Transmission Line Theory ) ഇന്നും വാർത്താവിനിമയ സിദ്ധാന്തങ്ങളിലെ സുപ്രധാനമായ സിദ്ധാന്തങ്ങളിൽ ഒന്നായി നിലനിൽക്കുന്നു .
.
പിന്നീടുള്ള ഒരു ദശകം ഹീവിസൈഡിന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമേറിയ വര്ഷങ്ങളായിരുന്നു . ആ കാലയളവിൽ അദ്ദേഹത്തെ ഗണിത ശാസ്ത്രത്തിനും , ഭൗതിക ശാസ്ത്രത്തിനും , വാർത്താവിനിമയ സിദ്ധാന്തങ്ങൾക്കും നൽകിയ സംഭാവന നിസ്തുലമാണ് . 1884 ൽ അദ്ദേഹം കോ ആക്സി യൽ കേബിൾ ( Coaxial Cable)കണ്ടുപിടിക്കുകയും അതിനു പേറ്റന്റ് സമ്പാദിക്കുകയും ചെയ്തു . ഡിഫെറെൻഷ്യൽ സമവാക്യങ്ങളെ (Differential Equations ) നിർധാരണം ചെയ്യാനുള്ള എളുപ്പ വഴിയും അദ്ദേഹം കണ്ടുപിടിച്ചു . ഗണിതത്തിലെ വരേണ്യ മേഖലയായി വിരാജിച്ച കാല്കുലസിനെ പ്രായോഗിക പ്രശ്നങ്ങളുടെ (Practical Problems ) ചുരുളഴിക്കാൻ പ്രാപ്തമായ ഒരായുധമാക്കി മാറ്റിയത് ഹീവിസൈഡിന്റെ പ്രവർത്തനങ്ങൾ ആണെന്ന് നിസംശയം പറയാം .
.
ഗണിതത്തിലും , വാർത്താവിനിമയത്തിലും മാത്രം ഒതുങ്ങി നിന്നില്ല ഹീവിസൈഡിന്റെ പ്രതിഭ . അന്തരീക്ഷത്തിന്റെ മുകൾ പാളിയായി ഒരു അയോണുകളുടെ പാളി( Ionosphere ) ഉണ്ടെന്ന് ഹീവിസൈഡ് ,പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ സൈദ്ധാന്തികമായി പ്രവചിച്ചിരുന്നു . അര നൂറ്റാണ്ടിനു ശേഷം ആ അയോണുകളുടെ പാളി കണ്ടുപിടിച്ച വ്യ്കതിക്ക് നോബൽ സമ്മാനവും ലഭിച്ചു . ഹീവിസൈഡിന്റെ പേരുപോലും നോബൽ കമ്മിറ്റീ പരാമർശിച്ചില്ല . പിനീട് ഗുരുത്വ തരംഗങ്ങളുടെ (Gravitational Waves) അസ്തിത്വവും , വേഗത വർധിക്കുമ്പോൾ കണങ്ങളുടെ മാസ്സ് വർധിക്കുന്ന പ്രതിഭാസവും ( Relativistic Mass )അദ്ദേഹം സൈദ്ധാന്തികമായി പ്രവചിച്ചു . വേഗത വർധിക്കുമ്പോൾ കണങ്ങളുടെ മാസ്സ് വർധിക്കുന്ന പ്രതിഭാ സം പിന്നീട് എഐൻസ്റീൻ തന്നെ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ കൂടുതൽ കൃത്യമായി അവതരിപ്പിച്ചു .ഗുരുത്വ തരംഗങ്ങളുടെ അസ്തിത്വം ഈ അടുത്തകാലത്തു പ്രായോഗികമായി തെളിയിക്കപ്പെട്ടു .
.
ജീവിതത്തിൽ ഉന്നതമായ മൂല്യങ്ങൾ ഹീവിസൈഡ് പുലർത്തിയിരുന്നു . കടുത്ത ദാരിദ്ര്യത്തിലും തന്റെ കണ്ടുപിടുത്തങ്ങൾ സ്വന്തമാക്കി ലാഭം കൊയ്ത സ്ഥാപനങ്ങളിൽ നിന്നുള്ള ധന സഹായം അദ്ദേഹം നിരാകരിച്ചു .പൂർണമായും ആ കണ്ടുപിടുത്തങ്ങൾ തന്റെയാണെന്ന് അംഗീകരിക്കുക മാത്രം മതി എന്നായിരുന്നു ഹീവിസൈഡിന്റെ പക്ഷം .ജീവിതത്തിന്റെ അവസാന കാലത് അദ്ദേഹം ഒരേകാകിയായി മാറി . അദ്ദേഹത്തിന്റെ സംഭാവനകൾ ജീവിതകാലത് അംഗീകരിക്കപ്പെട്ടില്ല എന്നത് അദ്ദേഹത്തെ ദുഖിപ്പിച്ചിരിക്കാം . 1925 ൽ ഒരു ഏണിയിൽ നിന്ന് വീണ അപകടത്തിൽ അദ്ദേഹം അന്തരിച്ചു .
മരണ ശേഷവും അദ്ദേഹവും വളരെയൊന്നും സ്മരിക്കപ്പെടുകയോ , ആദരിക്കപ്പെടുകയോ ഉണ്ടായില്ല . അദ്ദേഹത്തിന്റെ കല്ലറ പോലും എൺപതുകൊല്ലം ആരാലും തിരിഞ്ഞു നോക്കാതെ കിടന്നു . 2005 ൽ ഒരജ്ഞാത വ്യക്തി അദ്ദേഹത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഫലകം വൃത്തിയാക്കിയത് വാർത്താപ്രാധാന്യം നേടി
—
ചിത്രം : ഒലിവർ ഹീവിസൈഡ് : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ref
—
1.https://www.britannica.com/biography/Oliver-Heaviside
2.http://mysite.du.edu/~jcalvert/math/laplace.htm
3.https://archive.org/search.php…
4.http://www.nrao.edu/whatisra/hist_prehist.shtml#heaviside
5.https://en.wikipedia.org/wiki/Oliver_Heaviside#cite_note-11
6.http://www.math.utah.edu/~gustafso/HeavisideCoverup.pdf