1995 മാർച്ച് 20-ന് ഓം ഷിൻറിക്യോ വിശ്വാസികളായ തീവ്രവാദികൾ ജപ്പാനിലെ ടോക്കിയോ ഭൂഗർഭ പാത ആക്രമിച്ചു. ദ്രാവകരൂപത്തിലുള്ള സരിൻ എന്ന വിഷം 5 പ്ലാസ്റ്റിക് ബാഗുകളിലായി ശേഖരിച്ചിരുന്നു. അവർ കുടയുടെ കമ്പി കൊണ്ട് അവ കുത്തിപ്പൊട്ടിച്ചു.
ട്രെയിനിൽ നിന്നിറങ്ങിയ ഉടനെ യാത്രക്കാർ കുഴഞ്ഞു വീണുതുടങ്ങി. ഒരിറ്റു ശ്വാസത്തിനായി അവർ പിടഞ്ഞു. ചിലരുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സൈന്യത്തിലെ രാസായുധ വിഭാഗത്തിൽനിന്നുള്ള പട്ടാളക്കാരും മെഡിക്കൽ സംഘവും ഉടനെത്തി. സ്പേസ് സ്യൂട്ട് പോലുള്ള വസ്ത്രങ്ങളും മാസ്കുകളും അണിഞ്ഞ അവർ പരമാവധി ശ്രമിച്ചെങ്കിലും 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് അസുഖ ബാധയുണ്ടായി.
1930-ൽ നാസി ജർമ്മനിയിൽ കണ്ടുപിടിച്ച മാരക വിഷ ദ്രാവകമാണ് സരിൻ. വളരെ വീര്യം കൂടിയ ഓർഗാനോ ഫോസ്ഫറസ് ഗ്രൂപ്പിൽപ്പെട്ട വിഷമാണിത്. നാഡിവ്യവസ്ഥയെ ആണ് ബാധിക്കുക. ലീതൽ ഡോസ് ശരീരത്തിലെത്തിയാൽ 10 മിനിറ്റിനുള്ളിൽ തന്നെ മരണം സംഭവിക്കാം. വളരെ എളുപ്പത്തിൽ വാതക രൂപത്തിലേക്ക് ബാഷ്പീകരണം സംഭവിക്കാവുന്ന ദ്രാവകമാണിത്. ശ്വസന പ്രക്രിയയിലൂടെ ഉള്ളിലെത്തിയാൽ കൂടുതൽ അപകടകരം.
സരിൻ സംഭരിച്ച് സൂക്ഷിക്കരുത് എന്ന തീരുമാനം 1993-ലെ കെമിക്കൽ വെപ്പൺസ് കൺവെൻഷനിൽ തന്നെ എടുത്തിട്ടുള്ളതാണ്. 1994-ൽ ഇറാക്ക് സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന രാസായുധ ശേഖരം നശിപ്പിച്ചു എന്നും വാർത്തയുണ്ടായിരുന്നു.
ഭൂഗർഭ റെയിൽവേ സ്റ്റേഷൻ സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ഓം ഷിൻറിക്യോ സന്യാസി മഠങ്ങൾ സംശയത്തിന്റെ നിഴലിലായിരുന്നു. രാജ്യമൊട്ടാകെ നടന്ന തിരച്ചിലിൽ പല മഠങ്ങളിൽ നിന്നും രാസായുധവും അവ തയ്യാറാക്കുന്നതിന്റെ തെളിവുകളും ലഭിച്ചു. നൂറുകണക്കിന് ഷിൻറിക്യോ വിശ്വാസികൾ അറസ്റ്റിലായി. എങ്കിലും സന്യാസി സമൂഹത്തിന്റെ തലവൻ ഷോക്കോ അസഹാരയെ ഉടനെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
രണ്ടു മാസങ്ങൾക്ക് ശേഷം മെയ് ഇരുപതാം തീയതി മഠത്തിലെ ഒരു രഹസ്യ അറയിൽ നിന്നും അസഹാരയെ അറസ്റ്റ് ചെയ്തു. ഇതിനും 17 വർഷം ശേഷമാണ് മുങ്ങിയ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തത്.
കോടതിയിൽ ദീർഘനാളത്തെ വിസ്താരം നടന്നു. 1994, ജൂൺ 27-ന് മറ്റ്സുമോട്ടോയിൽ നടന്ന സരിൻ ആക്രമണവും ഷിൻറിക്യോ വിശ്വാസികൾ ചെയ്തതാണ് എന്ന് മനസ്സിലായി. ഏഴു പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് വിഷബാധ ഉണ്ടാവുകയും ചെയ്തു.
കൂടാതെ സാകമോട്ടോ ഫാമിലി മർഡറും അസഹാരയും അനുയായികളും ചേർന്ന് ചെയ്തതാണെന്ന് തെളിഞ്ഞു.
വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ അസഹാര അടക്കം 13 പേർക്ക് വധശിക്ഷ വിധിച്ചു. 2004 ഫെബ്രുവരി 27 നാണ് അസഹാരക്ക് വധശിക്ഷ വിധിച്ചത്. മരണംവരെ തൂക്കിലിടാൻ ആയിരുന്നു വിധി. വധശിക്ഷ ഇന്നും മാറ്റിവച്ചിരിക്കുകയാണ്. ഓം ഷിൻറിക്യോ തീവ്രവാദികളുടെ അറസ്റ്റും വിചാരണയും നടക്കുന്നതിനാലാണത്.
1980-കളിലാണ് ഷിൻറിക്യോ സ്ഥാപിതമായത്. ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള ഒരു വ്യക്തിയായിരുന്നു അസഹാര. ഇടതു കണ്ണിന് കാഴ്ച ശക്തി ഇല്ലായിരുന്നു, വലതുകണ്ണിന് ഭാഗികമായി മാത്രമേ കാഴ്ചശക്തി ഉണ്ടായിരുന്നുള്ളൂ. ചെറുപ്പകാലത്ത് ഗ്ലോക്കോമ എന്ന അസുഖം ബാധിച്ചതായിരുന്നു കാരണം.
ബുദ്ധമതത്തിലെ തേരവാദ, മഹായാന, താന്ത്രിക് വജ്രായന സമ്പ്രദായങ്ങൾ, യോഗ, ക്രിസ്തുമതം, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ എന്നിവയിൽനിന്നെല്ലാം ആശയങ്ങൾ സ്വീകരിച്ച് രൂപപ്പെടുത്തിയ ഒരു സങ്കരമതരൂപമാണ് ഓം ഷിൻറിക്യോ. പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന സംസ്കൃതപദമായ ഓം, സത്യത്തിന്റെ മതം എന്ന് അർത്ഥം വരുന്ന ജാപ്പനീസ് എഴുത്തുരൂപമായ കഞ്ചിയിലെ പദമായ ഷിൻറിക്യോ എന്നീ രണ്ട് പദങ്ങൾ ചേർത്താണ് ഓം ഷിൻറിക്യോ എന്ന നാമം സ്വീകരിച്ചത്.
1992 -ൽ ഷോക്കോ അസഹാര പുറത്തിറക്കിയ പുസ്തകത്തിൽ, താൻ ക്രിസ്തുവാണെന്നും, ദൈവത്തിന്റെ വിളക്കാണെന്നും സ്വയം പ്രഖ്യാപിച്ചു. ലോകത്തെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രഖ്യാപിച്ചു. തന്റെ അനുയായികളുടെ പാപങ്ങളും, ദുഷ്കർമ്മങ്ങളും ദോഷങ്ങളും ഇല്ലാതാക്കാൻ തനിക്കാവുമെന്ന് പറഞ്ഞു ബോധിപ്പിച്ചു. മറ്റു മതവിഭാഗങ്ങൾ എല്ലാം തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്നും ലോകം അവസാനിക്കുമെന്നും അവസാനിക്കുമ്പോൾ ഓം ഷിന്രിക്യോ വിശ്വാസികൾ മാത്രം നിലനിൽക്കുമെന്നും അനുയായികളെ വിശ്വസിപ്പിച്ചു.
മതത്തിന്റെ പ്രതാപ കാലത്ത് നാൽപതിനായിരം അനുയായികൾ ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ജപ്പാൻ, റഷ്യ എന്നിവിടങ്ങളിലായിരുന്നു അനുയായികൾ. വിദ്യാഭ്യാസമുള്ളവരും സമ്പന്നരായവരുമായിരുന്നു അനുയായികളിൽ ഭൂരിപക്ഷവും.
റഷ്യയും, അമേരിക്കയും, യൂറോപ്യൻ യൂണിയനും ഓം ഷിൻറിക്യോയെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചു. എങ്കിലും ജപ്പാനിൽ ഇപ്പോഴും നിരോധിച്ചിട്ടില്ല. പക്ഷേ ഒരു മതം എന്ന അംഗീകാരം ഷിൻറിക്യോക്ക് നഷ്ടപ്പെട്ടു. ഭൂഗർഭപാത ആക്രമണത്തിന് ഇരയായവർക്ക് കോമ്പൻസേഷൻ നൽകാൻ പണമില്ലാതെ പാപ്പരായി മാറി.
ജപ്പാനിൽ ഇപ്പോഴും രണ്ട് സംഘടനകളിലായി ഈ അനുയായികൾ ഇപ്പോഴുമുണ്ട്. Aleph, Hikari no Wa എന്നിവിയിൽ. 1500 അനുയായികൾ ഉണ്ടെന്ന് കരുതപ്പെടുന്നു. അസഹാരയുമായി ബന്ധം ഉപേക്ഷിച്ചു എന്നു പറയുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിച്ചിട്ടില്ല.
“Objects in mirror are closer than they appear” വെറുതെ ഓർമിപ്പിച്ചു എന്നുള്ളതേയുള്ളൂ. ആൾ ദൈവങ്ങളുടെ സ്വന്തം രാജ്യത്തിൽ ഒരു ഓർമപ്പെടുത്തൽ ആവശ്യം.