കാൻഡി ലൈറ്റ്നർ
‘‘മരണം സംഭവിക്കുമ്പോൾ മാത്രമാണ് ജീവിതത്തിന്റെ വില എന്താണെന്നു നാം തിരിച്ചറിയുന്നത്’’– ലൈറ്റ്നർ
യുഎസ് വ്യോമസേനയിൽ ഡൈക്സ് സി. ഡോഡ്രിഡ്ജിന്റെയും സൈനികയായ കാതറിൻ കരിബ് ദൊഡ്രിഡ്ജ് എന്നിവരുടെ മകളായി 1946 മെയ് 30-ന് കാലിഫോർണിയയിലെ പാസഡീന കാൻഡി ലൈറ്റ്നർ ജനിച്ചു. ഹൈസ്കൂള് വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കൻ റിവർ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ഒരു ഡെന്റൽ അസിസ്റ്റന്റായി ജോലി നോക്കി.ഇതിനിടെ യു.എസ്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ സ്റ്റീവ് ലൈറ്റ്നറെയാണ് വിവാഹം കഴിച്ചു. ഇവർക്ക് മൂന്ന് മക്കളായിരുന്നു. ഇരട്ടപെൺകുട്ടികളായ ക്യാരി, സെറീന, മകൻ ട്രാവിസ് എന്നാൽ അധികം വൈകാതെ ദമ്പതിമാർ പിരിഞ്ഞു. മക്കൾ മൂന്നുപേരും അമ്മയ്ക്കൊപ്പം പോന്നു. മക്കളെ പോറ്റുവനായി കാൻഡി ഒരു റിയൽ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്തു .
1980 മേയ് മൂന്നിനാണ് ലൈറ്റ്നറുടെ ജീവിതത്തെ തകിടംമറിച്ച ആ ദുരന്തമുണ്ടായത്. സുഹൃത്തുമൊത്ത് പള്ളിയിലേക്ക് നടന്നുപോയ പതിമൂന്നുകാരിയായ ക്യാരിയെ അതിവേഗതയിൽ പാഞ്ഞുവന്ന ഒരു കാർ കാരിയെ ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ ഓടിച്ചുപോയി. അപകട സ്ഥലത്തുവച്ച് കാരി മരണപ്പെട്ടു. നിർത്താതെ പോയ കാർ പിന്നീട് പൊലീസ് പിടികൂടി. വാഹനം ഓടിച്ചിരുന്ന ക്ലാരൻസ് വില്യം ബുഷ് അമിതമായി മദ്യപിച്ചിരുന്നു. ലൈറ്റ്നറുടെ ജീവിതത്തിൽ ഇതിനു മുൻപും വാഹനാപകടം മൂലം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. കാരിയുടെ സഹോദരി സെറീനയ്ക്ക് 18 മാസം പ്രായമുള്ളപ്പോൾ ഒരു അപകടം സംഭവിച്ചിരുന്നു. കൂടാതെ കാരിയുടെ സഹോദരൻ ട്രാവിസിന് നാലു വയസ് പ്രായമുള്ളപ്പോൾ ഉണ്ടായ അപകടത്തെ തുടർന്ന് ശരീരം തളർന്നുപോയിരുന്നു. ലൈറ്റ്നറുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ ദുരന്തങ്ങൾക്കും കാരണം മദ്യപിച്ചുള്ളവരുടെ ഡ്രൈവിങ്ങായിരുന്നു.
ക്യാരിയെ ഇടിച്ച ഈ ഡ്രൈവർ മദ്യപിച്ച് ഇത്തരത്തിൽ അപകടമുണ്ടാക്കി ജയിലിലായിട്ടുമുണ്ടായിരുന്നു എന്നുമുള്ള വാർത്ത കാൻഡിക്ക് താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു.തന്റെ മകളുടെ ജീവനെടുത്തതിന്റെ പേരിലും ഒരു ശിക്ഷയ്ക്കു ശേഷം അയാൾ വീണ്ടും പുറത്തിറങ്ങി ഇതാവർത്തിക്കും എന്ന് കാൻഡി മനസ്സിലാക്കി. തന്റെ വേദന കാൻഡിയെ ഒരു പോരാളിയാക്കി മാറ്റി. മകൾ ക്യാരി മരിച്ച് നാലാം ദിവസം അവൾ ഒരുകൂട്ടം ആളുകളെ ചേർത്ത് ഒരു സംഘടനയുണ്ടാക്കി. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളിൽ ഡ്രൈവർക്ക് കഠിനശിക്ഷ തന്നെ നൽകണമെന്നതായിരുന്നു അവരുടെ ആവശ്യം. തന്റെ ജോലി ഉപേക്ഷിച്ച കാൻഡി തന്റെ അന്നുവരെയുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് ‘മദേഴ്സ് എഗെയ്ൻസ്റ്റ് ഡ്രങ്ക് ഡ്രൈവേഴ്സ്’ (MADD) എന്ന പ്രസ്ഥാനം ആരംഭിച്ചു. MAAD ന് ഇന്ന് അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുമായി അറുനൂറിലേറെ ശാഖകളുണ്ട്.
ആയിടയ്ക്കാണ് സിൻഡിലാമ്പ് എന്ന വ്യക്തിയുടെ മകൾ മറ്റൊരു മദ്യപാനി ഓടിച്ച വാഹനമിടിച്ച് ശരീരം തളർന്നുപോയ വാർത്ത കാൻഡി അറിഞ്ഞത്. കാൻഡി അവരോടൊപ്പം ചേർന്ന് മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരേ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അവർ കാലിഫോർണിയ ഗവർണറായ ജെറി ബ്രൗണിനെ കണ്ട് മദ്യപിച്ച് വാഹനമോടിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.
.ഡ്രൈവർക്ക് ഉപയോഗിക്കാവുന്ന മദ്യത്തിന്റെ അളവ് മറ്റ് ഏതൊരു രാജ്യത്തേക്കാൾ കൂടുതലായിരുന്നു അമേരിക്കയിൽ. എന്നാൽ, ഇതിന്റെ ദുരിതഫലം അനുഭവിച്ചിരുന്നതോ നിരപരാധികളായ ആളുകളും. 1980 ൽ മാത്രം 2,40,000 ആളുകളാണ് മദ്യപിച്ചുള്ള വാഹനാപകടം മൂലം അമേരിക്കയിൽ മരിച്ചത്. ഈ അവസ്ഥയ്ക്കെതിരേ പ്രതികരിക്കാൻ കാൻഡി ലൈറ്റ്നർ മുൻപിട്ടിറങ്ങി. അമേരിക്കയുടെ ഭരണ സിരാകേന്ദ്രമായ ക്യാപിറ്റോൾ ഹില്ലിലേക്ക് കേവലം 20 പേരടങ്ങുന്ന ഒരു സംഘത്തെ നയിച്ച് പ്രതിഷേധ പ്രകടനം നടത്തി. രണ്ടു മാസത്തിനുള്ളിൽ ഇരുനൂറ് ആളുകളെ ചേർത്ത് വൈറ്റ് ഹൗസിലേക്ക് റാലി നടത്തി. പടിപടിയായി ലൈറ്റ്നർ മുന്നോട്ടുവച്ച ആശയത്തോട് കൂടുതൽ ആളുകൾ ആകൃഷ്ടരായി. സമരത്തെ തകർക്കാനായി മദ്യ വിപണനക്കാരുടെ ലോബി ശക്തമായി ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ച് വിജയം നേടാൻ ലൈറ്റ്നറുടെ ഉദ്ദേശ ശുദ്ധിക്കു കഴിഞ്ഞു. അതു നടപ്പിലാകുന്നതുവരെ ദിവസവും കാൻഡി ഗവർണറുടെ ഓഫീസിൽ കയറിയിറങ്ങി. രാജ്യം മുഴുവൻ ഓടി നടന്ന് അവർ തന്റെ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒടുവിൽ പ്രസിഡന്റ് റൊണാർഡ് റെയ്ഗൺതന്നെ ഇതേക്കുറിച്ചന്വേഷിക്കാൻ ഒരു കമ്മിഷനെ നിയമിച്ചു. കാൻഡിയുടെ മാഡ് എന്ന സംഘടനയുടെ പ്രവർത്തന ഫലമായി പുതിയ ‘ആന്റി ഡ്രങ്ക് ഡ്രൈവിങ് ലെജിസ്ലേഷൻ’ എന്ന നിയമം നിലവിൽ വന്നു. കൂടാതെ മദ്യപിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസ്സായി ഗവണ്മെന്റ് നിശ്ചയിച്ചു. ഡ്രൈവർക്ക് ഉപയോഗിക്കാവുന്ന മദ്യത്തിന്റെ തോത് കുറച്ചുകൊണ്ട് അമേരിക്കയിൽ നിയമ നിർമാണം നടന്നു. നാനൂറിലേറെ നിയമ ഭേദഗതികൾ കൊണ്ടുവരാനായതിലൂടെ മദ്യപാനം മൂലമുണ്ടാകുന്ന വാഹനാപകടങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.
അമ്മയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ കാൻഡിയുടെ മറ്റൊരു മകൾ സെറീനയും ലഹരിക്കെതിരേ പോരാടാനിറങ്ങി. വിദ്യാർഥികളെ സംഘടിപ്പിച്ച് ‘സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡ്രങ്ക് ഡ്രൈവിങ്’ എന്ന പ്രസ്ഥാനത്തിന് ചുക്കാൻ പിടിച്ചുകൊണ്ടായിരുന്നു സെറീനയുടെ പ്രവർത്തനം. 1985-ൽ കാൻഡി താൻ രൂപം കൊടുത്ത ‘മാഡ്’ എന്ന പ്രസ്ഥാനത്തിൽ നിന്നും പിൻവാങ്ങി. പിന്നീട് ‘വി സേവ് ലൈഫ്സ്’ എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇന്ന് ഇതിന്റെ പ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ടുപോകുന്നു.
.
കാൻഡിയുടെ പ്രവർത്തനങ്ങളെ മാനിച്ച് അനേകം പുരസ്കാരങ്ങൾ കാൻഡി ലൈറ്റ്നറെ തേടിയെത്തി. പ്രസിഡന്റ് റൊണാർഡ് റെയ്ഗൻ ‘വൊളന്റിയർ ആക്ഷൻ അവാർഡ്’ നൽകി അവരെ ആദരിച്ചു. 1985-ൽ അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള 25 സ്ത്രീകളിൽ ഒരാളായി കാൻഡി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ യൂണിവേഴ്സിറ്റികൾ ഓണററി ബിരുദം നൽകി അവരെ ആദരിച്ചു.കാൻഡി ലൈറ്റ്നർ എഴുതിയ Giving Sorrow Words: How to Cope with Grief and Get on with Your Life എന്ന ഗ്രന്ഥം ദുരന്തങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസം പകരാനും ധൈര്യസമേതം ജീവിതത്തിലേക്ക് തിരികെ വരാനും പ്രചോദനം നൽകുന്നതാണ്.
Pscvinjanalokam