ഡാനാ പോയിന്റ് (Dana Point, California) കാലിഫോര്‍ണിയന്‍ തീരത്തെ ഒരു ചെറു തുറമുഖ പട്ടണമാണ് . എല്ലാവര്‍ഷവും മാര്‍ച്ചില്‍ നടത്തുന്ന തിമിംഗലങ്ങളുടെ ആഘോഷത്തിന് (Festival of Whales, fb.com/DPFestivalOfWhales) ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത് . മാത്രവുമല്ല എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ Tall Ships Festival ഉം ഇവിടെ നടത്താറുണ്ട് ( ഉയരം കൂടിയ പായ്മരങ്ങളോട് കൂടിയ പഴയ രീതിയില്‍ ഉള്ള പായ്ക്കപ്പല്‍ ). Ocean Institute ആണ് പ്രശസ്തമായ ഈ ആഘോഷം സംഘടിപ്പിക്കുന്നത് . പഴയകാല പ്രതാപം വിളിച്ചോതുന്ന പായ്മര കപ്പലുകള്‍ ആയ പില്ഗ്രീമും സ്പിരിറ്റ് ഓഫ് ഡാന പോയിന്റും (Pilgrim and Spirit of Dana Point) ആണ് ഇതിന് നേതൃത്വം കൊടുക്കുന്നത് . സഞ്ചാരികളെയും കൊണ്ട് ഈ കപ്പലുകള്‍ കാലിഫോര്‍ണിയന്‍ തീരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ രണ്ടു നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് സഞ്ചരിക്കും . പില്‍ഗ്രിം എന്ന പായ് കപ്പല്‍ വെറും വിനോദ സഞ്ചാരത്തിനായി തട്ടി കൂട്ടിയ ഒന്നല്ല , മറിച്ച് 1835 ല്‍ ഇതേ തീരത്ത് അടുത്ത മറ്റൊരു കപ്പലിന്റെ പകര്‍പ്പാണ് ! നൂറില്‍ താഴെ ആളുകള്‍ മാത്രം ഉണ്ടായിരുന്ന ആ മണല്‍ തീരത്ത് അന്ന് ആരാണ് കപ്പലില്‍ എത്തിയത് ? എന്തിനാണ് വന്നത് ? ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ പില്‍ഗ്രിം കപ്പലില്‍ യാത്ര ചെയ്യുന്നവര്‍ അറിയാതെ തന്നെ മറ്റൊരു ലോകത്തിലേക്ക് പോകുന്നു ……ഇന്ന് ഈ തുറമുഖ നഗരത്തിന് പില്‍ഗ്രിം എന്ന പഴയ കപ്പലില്‍ വന്നിറങ്ങിയ ഒരാളുടെ പേര് ആണ് നല്കപ്പെട്ടിരിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതവും ഒപ്പം ആകാംക്ഷയും ഒരു സഞ്ചാരിയുടെ ഹൃദയത്തില്‍ തുടിക്കും !
റിച്ചാര്‍ഡ് ഹെന്റി ഡാന ജൂനിയര്‍
===================
അത്യാവശ്യം നല്ലൊരു കുടുംബത്താണ് ഡാന ജനിച്ചത് (1815) . അച്ഛന് റിച്ചാര്‍ഡ് ഹെന്റി ഡാന സീനിയര്‍ ഒരു കവി കൂടി ആയിരുന്നു . അതിനാല്‍ കൊച്ചു ഡാനക്ക് അത്യാവശ്യം നല്ല വിദ്യാഭ്യാസം കിട്ടി . 1831 ല്‍ ഹവാഡ് കോളേജില്‍ പഠിക്കുമ്പോള്‍ ആണ് ഡാനയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് ഉണ്ടാവുന്നത് . ഒരു വിദ്യാഭ്യാസ സമരത്തില്‍ പങ്കെടുത്തതിനാല്‍ കിട്ടിയ സസ്പെന്ഷന് കഴിഞ്ഞ് കോളേജില്‍ തിരികെ എത്തിയ കാലം . അഞ്ചാംപനി ബാധിച്ചു ഡോക്ടറുടെ പക്കല്‍ എത്തിയ ഡാന , തന്റെ കാഴ്ച്ച ശക്തി പതുക്കെ പതുക്കെ കുറയുന്നു എന്ന സത്യം ഞെട്ടലോടെയാണ് മനസ്സിലാക്കിയത് . കുത്തിയിരുന്നുള്ള പുസ്തക വായനയ്ക്കും പഠനത്തിനും തല്ക്കാലം ഒരു വിരാമം ആവശ്യമാണെന്ന് ഡോക്ടര്‍ വിധിയെഴുതി . അപ്പര്‍ ക്ലാസ് വെള്ളക്കാര്‍ അക്കാലത്ത് ഒഴിവു കാലത്ത് സാധാരണ തിരഞ്ഞെടുക്കാറുള്ള ഒരു യൂറോപ്യന്‍ ഗ്രാന്‍ഡ് ടൂര്‍ ആണ് കൂട്ടുകാര്‍ ഉപദേശിച്ചത് . പക്ഷെ ഡാനയുടെ മനസ്സില്‍ മറ്റൊന്നായിരുന്നു . ഒരു കപ്പല്‍ യാത്രയായിരുന്നു ഡാനയുടെ ചിന്തയില്‍ . അങ്ങിനെ 1834 ആഗസ്റ്റ് പതിനാലാം തീയതി ബോസ്റ്റണ്‍ തീരത്ത് നങ്കൂരമിട്ടിരുന്ന പില്‍ഗ്രിം എന്ന കപ്പലില്‍ ഒരു മര്‍ച്ചന്റ് സീമാന്‍ ആയി ഡാന കടന്നു കൂടി . തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ ഹോണ്‍ മുനമ്പ് (Cape Horn) ചുറ്റി കാലിഫോര്ണിയയിലെയ്ക്കായിരുന്നു കപ്പലിന്റെ യാത്ര . രണ്ടു പായ്മരങ്ങള്‍ ഉണ്ടായിരുന്ന പില്‍ഗ്രീമിന് 26.4 m നീളം ഉണ്ടായിരുന്നു . അത്തരത്തില്‍ അന്ന് നിലവില്‍ ഉണ്ടായിരുന്ന ഇത്തരം അനേകം കപ്പലുകളില്‍ ഒന്നായിരുന്നു പില്ഗ്രീമും , പക്ഷെ തങ്ങളുടെ ഒരു സഹ യാത്രികന് മൂലം കപ്പലും, തങ്ങളും ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോവുകയാണെന്ന് അതിലെ ജോലിക്കാര്‍ അറിഞ്ഞിരുന്നില്ല !!
പന്ത്രണ്ട് മണിയോടെ കപ്പല്‍ തട്ടില്‍ എത്തിയ ഡാനയുടെ കയ്യില്‍ രണ്ടു മൂന്ന് വര്‍ഷങ്ങളിലേക്ക് വേണ്ടുന്ന തുണികളും മറ്റു സാധന സാമഗ്രികളും ഉണ്ടായിരുന്നു . കൂടാതെ സന്തതസഹചാരികളായ പേനയും ഡയറിയും . പിന്നീടുള്ള ദിവസങ്ങളില്‍ കപ്പലില്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആയിരുന്നു . ഒരു കോളേജു കുമാരന്റെ മിനുമിനുത്ത വേഷത്തില്‍ നിന്നും നാവികന്റെ പരുക്കന്‍ വേഷത്തിലേക്കുള്ള പകര്‍ച്ച ഡാന നന്നേ ആസ്വദിച്ചു . അങ്ങിനെ തണുത്ത ഒരു തെക്കന്‍ കാറ്റു വീശിയ ശനിയാഴ്ച പ്രഭാതത്തില്‍ പില്‍ഗ്രിം പതുക്കെ ബോസ്റ്റന് തീരം വിട്ടു . യാത്ര അയയ്ക്കാന്‍ എത്തിയ കൂട്ടുകാരോടോ , ബോസ്റ്റന് തീരത്തോടോ വിട പറയുവാനോ; കപ്പല്‍ തട്ടില്‍ നിന്നുകൊണ്ട് ഈറന്‍ മിഴികളോടെ ആ മനോഹര തീരമോന്നു നോക്കിക്കാണാനോ ഡാനയ്ക്ക് സമയം കിട്ടിയില്ല . “അതെടുക്ക് ” , ” ഇത് ചെയ്യ് ” എന്നിങ്ങനെയുള്ള അലര്‍ച്ചകള്‍ക്കും കപ്പല്‍ തട്ടില്‍ കൂടെയുള്ള പരക്കം പാച്ചിലിനും ഇടയില്‍ ഡാനക്ക് ഒരു കാര്യം പിടികിട്ടി . ഒരു നാവികന്റെ ജീവിതം താന്‍ നേരത്തെ കേട്ടപോലെയല്ല !
പിറ്റേന്ന് ഞായറാഴ്ച ഡാന കരുതിയത് പോലെ കപ്പലില്‍ അവുധി ഇല്ലായിരുന്നു . അന്നായിരുന്നു എല്ലാവര്ക്കും ഡ്യൂട്ടി ഷിഫ്റ്റ് തിരിച്ച് കൊടുത്തത് . കുറച്ചു കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്റെ മുഖം കപ്പല്‍ തട്ടില്‍ പ്രത്യക്ഷപ്പെട്ടു . അദ്ദേഹം യാത്രയെപ്പറ്റി ഒരു പാട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും അവസാനം പറഞ്ഞ കാര്യമാണ് ഡാനക്ക് നന്നേ “ബോധിച്ചത് ” .
“ഞാന്‍ പറയുന്നത് കേട്ട് പണിയെടുത്താല്‍ ഞാനൊരു നല്ലവനാണെന്ന് നിങ്ങള്‍ക്ക് തോന്നും . അതല്ലെങ്കില്‍ ഇത് പോലൊരു കാട്ടാളനെ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടു മുട്ടില്ല ”
അന്നാദ്യമായി പില്‍ഗ്രിം ഒഴുകുന്ന ഒരു ജയിലും കപ്പിത്താന് ഒരു ജയില്‍ വാര്‍ഡനുമായി ഡാനക്ക് തോന്നി . താന്‍ അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ അക്കാലത്ത് കപ്പലില്‍ കപ്പിത്താനുണ്ട് എന്ന് മനസ്സിലായി . കപ്പലിലെ starboard ല്‍ (വലത് ) ആയിരുന്നു ഡാനക്ക് വാച്ച് ( ഡ്യൂട്ടി ) കിട്ടിയത് . വാച്ച് അവസാനിക്കുമ്പോള്‍ ഒരു ബെല്‍ അടിക്കും . അദ്ദേഹത്തെപോലെ തന്നെ ആദ്യ കപ്പല്‍ യാത്ര ചെയ്യുന്ന മറ്റൊരു ചെറുപ്പകാരനെ ആണ് കൂട്ടിന് കിട്ടിയത് . ഒരു പാട് കാര്യങ്ങളില്‍ പൊതു അഭിപ്രായം ഉണ്ടായിരുന്ന അവര്‍ പെട്ടന്ന് തന്നെ കൂട്ടുകാരായി . യാത്രയുടെ ആദ്യ ദിവസങ്ങളില്‍ കടല്‍ തെളിഞ്ഞ് ശാന്തവും സുന്ദരവും ആയി തോന്നി . തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഡാനയെ നോക്കി വെളുക്കെ ചിരിച്ചു . തന്റെ തീരുമാനം ഏറ്റവും നന്നായി എന്ന് തോന്നിയ ദിവസങ്ങള്‍ ആയിരുന്നു ഡാനക്ക് അത് . പക്ഷെ എല്ലാം മാറി മറഞ്ഞത് പൊടുന്നനെ ആയിരുന്നു . തങ്ങള്‍ ഉടന്‍ തന്നെ ഗള്‍ഫ് സ്ട്രീമില്‍ എത്തിപ്പെടും എന്ന് ഒരു ഓഫീസര്‍ വിളിച്ചു പറഞ്ഞു . മാനം ഇരുണ്ടു കൂടി . തിരമാലകള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉയരം വെച്ചതായി ഡാനക്ക് തോന്നി . പായകള്‍ ചുരുട്ടുവാന്‍ ക്യാപ്റ്റന്‍ ഓര്‍ഡര്‍ ഇട്ടു . അതി ശക്തമായ കടല്‍ക്കാറ്റ് ഉടന്‍ തന്നെ തങ്ങളെ സന്ദര്‍ശിക്കുവാന്‍ വരും ! ” എല്ലാവരും ഒരുമിച്ച് !!! ” കപ്പിത്താന് അലറി . കനത്ത മഴത്തുള്ളികള്‍ ഡെക്കില്‍ പതിക്കുന്ന ശബ്ദം കേട്ട് ഡാന ഓടി മുകളില്‍ എത്തി . ചുറ്റും നിന്നും കൂവി വിളികളും അനവധി നിര്‍ദ്ദേശങ്ങളും ! ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു പണിയെടുക്കുന്നു . കടല്‍ ഇളകി മറിയുവാന്‍ തുടങ്ങി . ഓടി ചെന്ന് മറ്റുള്ളവരെ സഹായിക്കണം എന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല . കാലുകള്‍ നിലത്ത് ഉറക്കുന്നില്ല . ആടിയുലയുന്ന കപ്പലില്‍ ഡാന പല തവണ അടിതെറ്റി വീണു . തനിക്കിനിയും ” കടല്‍ കാലുകള്‍ ” ആയിട്ടില്ല എന്ന് ഡാനക്ക് മനസ്സിലായി . കൂടാതെ കടല്‍ ചൊരുക്കിന്റെ ആരംഭവും ! ശര്‍ദ്ദിച്ചു വശംകെട്ടെങ്കിലും ആര്‍ക്കും ആ സമയത്തെ ജോലികളില്‍ നിന്നും ഓടിയൊളിക്കുവാന്‍ ആകുമായിരുന്നില്ല . ഈ അവസ്ഥ രണ്ടു ദിവസം നീണ്ടു നിന്നു ! അങ്ങിനെ ഒടുവില്‍ ആഗസ്റ്റ് ഇരുപതിന് മാനം തെളിഞ്ഞു. കടല്‍ ശാന്തമായി . വീണ്ടും ഒരിക്കല്‍ കൂടി ഡാന സ്വപ്ന ലോകത്തേക്ക് പറന്നു . എന്നും രാവിലെ കപ്പല്തട്ടു വൃത്തിയാക്കുന്ന രണ്ടു മണിക്കൂര്‍ ജോലി കഴിഞ്ഞിട്ടാണ് പ്രഭാത ഭക്ഷണത്തിനുള്ള ഏഴു മണികള്‍ അടിക്കുന്നത് . ഓരോ ജോലികള്‍ക്കും ഇടയിലുള്ള ഈ മണികള്‍ വൈകുന്നേരം സ്കൂള്‍ വിടുമ്പോള്‍ ഉള്ള മണികള്‍ ആയി ആണ് ഡാനക്ക് അനുഭവപ്പെട്ടത് . ഇതിനിടെ പടിഞ്ഞാറേക്ക് പോകുന്ന രണ്ടു കപ്പലുകള്‍ കണ്ടതാണ് വിശാലമായ നടുക്കടലില്‍ ഡാന കണ്ട ഒരേ ഒരു വേറിട്ട കാഴ്ച്ച !
സെപ്റ്റംബര്‍ ഏഴിന് കടലില്‍ ഡോള്‍ഫിനുകളെ കാണാന്‍ തുടങ്ങിയത് . ഡാനക്ക് പുതിയ ഒരു അനുഭവം ആയി . ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച , പില്‍ഗ്രിം ഭൂമധ്യ രേഖ കടന്ന് തെക്കോട്ടുള്ള പ്രയാണം തുടര്‍ന്നു . താനൊരു നാവികനായി എന്നൊക്കെ ഡാനെക്ക് തോന്നി തുടങ്ങി . ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച , ബോസ്റ്റന് വിട്ട ശേഷം ആദ്യമായി കര കണ്ടു . ബ്രസീലിയന്‍ തീര നഗരമായ Olinda ആയിരുന്നു അത് . ബൈനോക്കുലറിലൂടെ വീടുകളുടെ മേല്‍ക്കൂരകള്‍ കണ്ടത് ചില നാവികരെ ആവേശഭരിതരാക്കിയതായി ഡാനയുടെ ഡയറിയില്‍ കാണുന്നുണ്ട് . വീണ്ടും തെക്കോട്ട് പോകും തോറും കാറ്റിന്റെ ശക്തി കൂടി വന്നു . Gale എന്ന് വിളിക്കുന്ന (63–87 km/h) ശക്തിയേറിയ കാറ്റ് ആണിതെന്നു പരിചയ സമ്പന്നര്‍ ആയ നാവികര്‍ പറഞ്ഞു . നവംബര്‍ നാലിന് പുലര്‍ച്ചെ നല്ല മഞ്ഞുണ്ടായിരുന്നു . അന്ന് ഡെക്കില്‍ എത്തിയ ഡാനെ മഞ്ഞില്‍ പുതഞ്ഞു നില്ക്കുന്ന രണ്ടു ദ്വീപുകള്‍ അകലെ കണ്ടു . ഫോക്ക് ലണ്ട് ദ്വീപുകള്‍ ആയിരുന്നു അത് . അതെ , പില്‍ഗ്രിം ഹോണ്‍ മുനമ്പിനോട് അടുക്കുകയാണ് !
പില്‍ഗ്രിം ഇപ്പോള്‍ ഫോക്ക് ലണ്ട് ദ്വീപുകള്‍ക്കും പാറ്റഗോണിയന്‍ വന്‍കരയ്ക്കും ( ചിലിയും അര്‍ജന്റീനയും ഉള്‍പ്പെടുന്ന ദക്ഷിണ അമേരിക്കയുടെ ഏറ്റവും തെക്കേ അറ്റം ) ഇടയിലൂടെ ആണ് തെക്കോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് . വൈകുന്നേരമായപ്പോള്‍ തണുത്ത വടക്കന്‍ കാറ്റ് വീശി തുടങ്ങി . പായ്മരത്തിന്റെ തലയ്ക്കല്‍ ഉണ്ടായിരുന്ന രണ്ടാം മേറ്റ് , സ്റാര്‍ബോര്‍ഡ് സൈഡില്‍ ഒരു കൂറ്റന്‍ ദ്വീപ് പ്രത്യക്ഷപ്പെടുന്നതായി വിളിച്ചു പറഞ്ഞു . #Statenദ്വീപായിരുന്നു അത് . ശാന്തമായ കടല്‍ ………… പില്‍ഗ്രിം മെല്ലെ ഹോണ്‍ മുനമ്പിനോട് അടുക്കുകയായിരുന്നു . നവംബര്‍ അഞ്ച് ബുധനാഴ്ച നന്നേ തെളിഞ്ഞ ഒരു ദിവസം ആയിരുന്നു . രാത്രിയില്‍ ആകാശത്ത് മഗല്ലന് മേഘങ്ങളും തെക്കന്‍ കുരിശും പ്രത്യക്ഷപ്പെട്ടു . ( ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും മാത്രം കാണാവുന്ന രണ്ടു ഗാലക്സികള്‍ ആണ് #Magellanic #Clouds. തെക്കന്‍ കുരിശ് (Crux) കുരിശാകൃതിയില്‍ കാണപ്പെടുന്ന ഒരു നക്ഷത്ര വ്യൂഹം ആണ് . ഇവ രണ്ടും പണ്ട് മുതല്ക്കേ നാവികര്‍ക്ക് ദിശാ മാപിനികളാണ് ) . ദക്ഷിണായനരേഖ (tropic of #capricorn) കഴിയുമ്പോള്‍ ആണ് ഇവ രണ്ടും ഇത്ര തെളിമയോടെ ആകാശത്ത് തലയ്ക്കു മുകളില്‍ പ്രത്യക്ഷപ്പെടുന്നത് . അത്യാവശ്യം നല്ല കാറ്റ് ലഭിച്ചതോടെ കപ്പിത്താന് വശങ്ങളിലെ പായകള്‍ കൂടി നിവര്‍ത്തി സ്റ്റടിംഗ് സെയില്‍ തുടങ്ങി . രാത്രി എട്ടുമണിയോടെ മേല്‍ത്തട്ടില്‍ നിന്നും ” എല്ലാവരും ഒരുമിച്ച് !!!! ” എന്ന ആക്രോശം കേട്ടാണ് ഡാനെ മുകളിലേക്ക് ചെന്നത് . തെക്ക് പടിഞ്ഞാറ് നിന്നും കറുത്തിരുണ്ട ഒരു കൂറ്റന്‍ കാര്‍ മേഘം ആകാശത്തെ കീഴക്കി തങ്ങളുടെ തലയ്ക്കു മുകളിലേക്ക് ഉരുണ്ടു വരുന്ന കാഴ്ചയായിരുന്നു ഡാനെ കണ്ടത് ! “ഹോണ്‍ മുനമ്പിനു സ്വാഗതം!! ” ചീഫ് മേറ്റ് എവിടെ നിന്നോ പറയുന്നത് കെട്ടു . പില്‍ഗ്രിം ഇളകിയാടി തുടങ്ങി. #Scuppers ( ജലം കപ്പലില്‍ നിന്നും ഒഴുക്കി കളയുന്നയിടം ) വരെ തിരകള്‍ വന്നിടിച്ചു . അതൊരു കാളരാത്രി തന്നെ ആയിരുന്നു . വെളുക്കുവോളം മഴയും ആലിപ്പഴം വീഴ്ചയും ഒരു പോലെ തന്നെ (#Sleet) നടന്നു . വെളുപ്പിനെ ആയപ്പോള്‍ കപ്പല്‍തട്ട് നിറയെ മഞ്ഞു വീണു നിറഞ്ഞിരുന്നു . അന്ന് മുതല്‍ ഹോണ്‍ മുനമ്പ് വിടുന്നത് വരെ പ്രഭാത വാച്ചില്‍ ഉള്ളവര്‍ക്ക് ഓരോ ഗ്ലാസ് ബിയര്‍ ക്യാപ്റ്റന്‍ അനുവദിച്ചു . പിന്നെ കുറച്ചു നാള് ഒരേ രീതിയില്‍ ആയിരുന്നു കാലാവസ്ഥ . പകല്‍ ശാന്തവും രാത്രിയില്‍ കോളിളക്കവും . ഇതിനിടെ നവംബര്‍ ആറു വ്യാഴാഴ്ച , ഡാനെക്ക് രണ്ടു മണിക്കൂര്‍ ചുക്കാന്‍ പിടിക്കാനുള്ള അവസരം കിട്ടി .
————————————-
പിറ്റേന്ന് രാവിലെ തിമിംഗലങ്ങളുടെ ചീറ്റല്‍ കേട്ടാണ് ഡാനെ തട്ടില്‍ ചെന്നത് . കുറച്ചു മാറി ഏഴോ എട്ടോ എണ്ണം ജലം കൊണ്ട് പൂത്തിരി കത്തിക്കുന്നുണ്ടായിരുന്നു . അതൊരു പുതിയ അനുഭവമായി . നവംബര്‍ ഒന്‍പതാം തീയതി ഞായറാഴ്ച വൈകുന്നേരം അകലെ ഹോണ്‍ മുനമ്പ് പ്രത്യക്ഷപ്പെട്ടു . കാലാവസ്ഥ പഴയത് പോലെ തന്നെ തുടര്‍ന്നു . നനവില്‍ നിന്നും കൂടുതല്‍ നനവിലേക്ക് എന്നതായിരുന്നു അവസ്ഥ . ഇതിനകം ഡാനെ കടല്‍ ജീവിതവും ആയി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു . എന്നാല്‍ കപ്പിത്താന്റെ നിര്‍ദ്ദയമായ പെരുമാറ്റം അദ്ദേഹത്തില്‍ മടുപ്പുളവാക്കി . കരയില്‍ ചെന്നാല്‍ ആദ്യ പണി കപ്പലില്‍ കപ്പിത്താനുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കുവാന്‍ വേണ്ട കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം എന്ന് ഡാനെ ഉറച്ചു . കാറ്റിന്റെ ശബ്ദവും പലകകള്‍ ഞെരുങ്ങുന്ന കിരു കിരെ ഒച്ചയും കൂകി വിളികളും ഇല്ലെങ്കില്‍ ഉറക്കമുണരും എന്നായി ഡാനെയുടെ അവസ്ഥ . കപ്പല്‍ വിട്ടാല്‍ കുറച്ചു നാളേക്ക് ഉറക്കം വരില്ല എന്ന് പരിചയ സമ്പന്നരായ നാവികര്‍ പറഞ്ഞു . രാവിലെയും വൈകുന്നരവും ചായ കുടിക്കുന്ന നേരമാണ് നാവികര്‍ “സ്വാതന്ത്ര്യം ” അനുഭവിച്ചിരുന്നത് . എന്നും കിട്ടുന്ന സീ ബിസ്ക്കറ്റും , തണുത്ത ഉണക്ക ഇറച്ചിയും കടന്നു പോയ എല്ലാ ദിവസങ്ങളെയും ഒരേ പോലെയാക്കി . കപ്പലില്‍ എല്ലാ കാര്യങ്ങളും ദിവസവും ഒരേ പോലെ തന്നെ ആയിരുന്നതിനാല്‍ കടലില്‍ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുന്ന ദിവസങ്ങള്‍ മാത്രമാണ് താന്‍ എണ്ണാറുള്ളൂ എന്ന് മുതിര്‍ന്ന ഒരു നാവികന് പറഞ്ഞത് ഡാനെ ഇപ്പോഴും ഓര്‍മ്മിക്കുമായിരുന്നു . നാം കുതിരയെപ്പോലെ പണിയെടുക്കും മറ്റുള്ളവര്‍ നമ്മെ കഴുതയെപ്പോലെ കണക്കാക്കും ! ഇതായിരുന്നു ഒരു നാവികന് . ഇതിനിടക്ക് സംഭവിക്കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വലിയ തമാശകളായി സങ്കല്പ്പിച്ചു വായ തുറന്ന് ചിരിക്കുവാന്‍ മറ്റേത് നാവികനെ പോലെ ഡാനെയും ശീലിച്ചു .
————————————
നവംബര്‍ പതിനാല് വെള്ളിയാഴ്ച പില്‍ഗ്രിം ഹോണ്‍ മുനമ്പ് ചുറ്റി ദിശ മാറ്റി ചിലിയന്‍ തീരങ്ങളിലൂടെ വടക്കോട്ടുള്ള പ്രയാണം ആരംഭിച്ചു . ഇതിനിടെ New #England എന്ന് പേരായ ഒരു തിമിംഗലവേട്ടകപ്പല് പില്‍ഗ്രീമിന് എതിരായി വന്നു . “നൂറ്റിയിരുപത് ദിവസങ്ങള്‍ക്ക് മുന്നേ ന്യൂയോര്‍ക്കില്‍ നിന്നും” ന്യൂ ഇംഗ്ലണ്ടിലെ കപ്പിത്താന് ഉറക്കെ കൂവി . ” തൊണ്ണൂറ്റി രണ്ട് ദിനങ്ങള്‍ മുന്നേ ബോസ്റ്റണില്‍ നിന്നും ” പില്‍ഗ്രിം മറുപടി നല്കി . അതായിരുന്നു കപ്പലുകള്‍ തമ്മിലുള്ള ഹസ്തദാന ചടങ്ങ് . അധികം താമസിയാതെ ഒരു ചെറിയ തിമിംഗലവേട്ട നൌകയില്‍ ആറടി ഉയരമുള്ള , ന്യൂ ഇംഗ്ലണ്ടിന്റെ കപ്പിത്താന് ക്യാപ്റ്റന്‍ ജോബ് ടെറി പില്ഗ്രീമില് എത്തിച്ചേര്‍ന്നു . പസഫിക്കിലെ സര്‍വ്വ കരകളിലും കപ്പലുകളിലും അറിയപ്പെടുന്ന പ്രശസ്തനായ കപ്പിത്താനാണ് ക്യാപ്റ്റന്‍ ടെറി . പില്ഗ്രീമിന്റെ കപ്പിത്താനോടൊപ്പം കുറച്ചു നേരം ചിലവഴിക്കാനെത്തിയ ടെറി , ഒരു തിമിംഗലവേട്ടകഥ പറയാന്‍ ആരംഭിച്ചു . മണിക്കൂറുകള്‍ നീണ്ട ആ കഥ അവസാനം ടെറിക്ക് സ്വന്തം കപ്പലിലേക്ക് പോകാന്‍ തക്ക അനുകൂലമായ ഒരു കാറ്റ് വീശിയതിനെ തുടര്‍ന്നാണ് പാതി വഴിയില്‍ അവസാനിപ്പിച്ചത് .. രാത്രി എട്ട് മണിയോടെ പില്‍ഗ്രിം വീണ്ടും വടക്കോട്ടുള്ള യാത്ര പുനരാരംഭിച്ചു . ഹോണ്‍ മുനമ്പില്‍ ധാരാളം കണ്ടു വന്നിരുന്ന ആല്‍ബട്രോസ് പക്ഷികളുടെ എണ്ണം കുറഞ്ഞു വരുന്നത് ഡാനെ ശ്രദ്ധിച്ചു .
——————————————————–
നവംബര്‍ പത്തൊന്‍പതു തിങ്കളാഴ്ച ഏവര്‍ക്കും ഒരു കറുത്ത ദിനമായി മാറി . ” വേഗം ! എല്ലാവരും ഓടി വരൂ !!!! ” ഈ അലര്‍ച്ച കേട്ടാണ് ഡാനെ കപ്പല്‍ തട്ടില്‍ എത്തിയത് . ഒരാള്‍ കുതിച്ചു പായുന്ന കപ്പലില്‍ നിന്നും താഴേക്ക് വീണിരിക്കുന്നു !!!! പായ് മരത്തിലെ ചില്ലറ പണികള്‍ തീര്‍ക്കുവാന്‍ കയറിയ ജോര്‍ജ്ജ് ബാല്‍മര്‍ എന്ന നാവികനാണ് അബദ്ധത്തില്‍ പിടി വിട്ട് താഴേക്ക് വീണത് . തണുപ്പിനെ ചെറുക്കുവാന്‍ രോമക്കുപ്പായം ഇട്ടിരുന്ന ജോര്‍ജ്ജ് , കപ്പലില്‍ നിന്നും ബോട്ട് ഇറക്കുന്ന നേരത്തിനു മുന്നേ തന്നെ ആഴക്കടലില്‍ മറഞ്ഞിരുന്നു . പ്രതീക്ഷയൊന്നും ഇല്ലെങ്കില്‍ പോലും ഒരു മണിക്കൂറോളം കടലില്‍ തിരഞ്ഞ ശേഷമാണ് ഡാനെ ഉള്‍പ്പടെയുള്ളവര്‍ പില്ഗ്രീമില് തിരികെ എത്തിയത് . നാവികര്‍ അങ്ങിനെ ആണ് . സാധാരണക്കാര്‍ പ്രതീക്ഷ കൈവിടുന്ന അവസ്ഥയിലും അവര്‍ പ്രതീക്ഷ കൈവിടില്ല , പ്രത്യേകിച്ച് ഒരു സഹപ്രവര്ത്തകന് വേണ്ടി ആകുമ്പോള്‍ !!!! കരയില്‍ ഒരാള്‍ പൊടുന്നനെ മരിച്ചാല്‍ അയാളുടെ ശരീരം നമ്മുടെ കൂടെ കുറച്ചു മണിക്കൂറുകള്‍ ഉണ്ടാവും . അത് ആ മരണം ഒരു യാഥാര്‍ത്ഥ്യം തന്നെ ആണ് എന്ന് നമ്മുടെ മനസ്സിനെ പരുവപ്പെടുത്താന്‍ ഉപകരിക്കും . എന്നാല്‍ പെട്ടന്ന് ഒരാള്‍ കടലില്‍ വീണ് മറഞ്ഞാലോ ?? അത് ഒരു നാവികന്റെ മനസ്സ് അംഗീകരിക്കാന്‍ ദിവസങ്ങള്‍ കുറെ എടുക്കും . ഡെക്കിലെ കൂക്കി വിളികള്‍ക്കും ആക്രോശങ്ങള്‍ക്കും ഇടയില്‍ ഒരു ശബ്ദം കുറയും ! കയറുകള്‍ മുറുക്കുംപോഴും അയയ്ക്കുമ്പോഴും രണ്ടു കരങ്ങളുടെ കുറവ് നമ്മുക്ക് അനുഭവപ്പെടും ! മാസങ്ങളായി ഒരേ എണ്ണത്തില്‍ ഭക്ഷണത്തിന് ഉണക്ക ഇറച്ചി വിളമ്പിയിരുന്ന പാചകക്കാരന് അന്നാദ്യം മിച്ചം വന്ന ഒരു കഷണം എടുത്തു കടലിലേക്ക് എറിഞ്ഞ് ജോര്‍ജെ മുഴുവനും കഴിക്കണേ എന്ന് പറഞ്ഞു ഈറന്‍ മിഴികളോടെ കടലിലേക്ക് എറിയുന്നത് കാണാനാവാതെ വൃദ്ധരായ നാവികര്‍ പോലും തല കുനിക്കുന്നത് ഡാനെ കണ്ടു ! പക്ഷെ പില്‍ഗ്രിം മുന്നോട്ട് തന്നെ കുതിക്കുകയാണ് ………
അന്ന് നവംബര്‍ ഇരുപത്തി അഞ്ചു ചൊവ്വാഴ്ച ആയിരുന്നു . നേരം വെളുത്തപ്പോള്‍ ദൂരെ കടലില്‍ ഒരു നീല മേഘം പ്രത്യക്ഷപ്പെട്ടു . സമയം പോകും തോറും അതിന്റെ നീലനിറം മാറി പച്ചയായി തുടങ്ങി . അവസാനം അവിടെ പച്ച തഴപ്പുള്ള മനോഹരമായ ഒരു ദ്വീപ് പ്രത്യക്ഷപ്പെട്ടു ! അത് ജുവാന്‍ ഫെര്‍ണ്ണാണ്ടസ് ദ്വീപ് ആയിരുന്നു . 1704 മുതല്‍ നാലഞ്ചു കൊല്ലങ്ങള്‍ അലക്സാണ്ടര്‍ സെല്‍കിര്‍ക്ക് ഒറ്റയ്ക്ക് താമസിച്ച സ്ഥലം ! ആ കഥകേട്ട് ഡാനിയേല്‍ ഡീഫോ റോബിന്‍സണ്‍ ക്രൂസോ എന്ന ചരിത്രത്തില്‍ ചിരപ്രതിഷ്ട് നേടിയ കഥാ പാത്രത്തെ സൃഷ്ടിച്ച് ജീവിപ്പിച്ച ദ്വീപ് !!! ഒരു നാവികന് ഈ ദ്വീപിനോട് പ്രിയം തോന്നാന്‍ വേറെ കാരണം വല്ലതും വേണോ ? എന്തായാലും ദ്വീപില്‍ ഇറങ്ങുവാന്‍ ഡാനേക്കും അവസരം കിട്ടി . ശുദ്ധ ജലം ശേഖരിക്കുവാന്‍ വലിയ വീപ്പകളും ആയി ആണ് ചെറു ബോട്ടുകളില്‍ അവര്‍ അവിടെ ചെന്നത് . ബോസ്റ്റന് വിട്ട ശേഷം പില്‍ഗ്രിം ആദ്യമായി നൂറ്റി മൂന്നാം ദിവസം നങ്കൂരം ഇട്ടതും ഇവിടെ ആണ് . ഡാനെ കീശയില്‍ കുറച്ചു പുകയില കരുതിയിരുന്നു . അത് ദ്വീപ് നിവാസികള്‍ക്ക് കൊടുത്തു പകരം നല്ല പഴങ്ങള്‍ വാങ്ങി . ചിലിയന്‍ പട്ടാളക്കാരെ ധാരാളം ദ്വീപില്‍ കണ്ടു . അവര്‍ക്ക് നല്ല ബൂട്ട് വേണമത്രേ . പക്ഷെ പില്ഗ്രീമില് ബൂട്ട് വില്ക്കുവാന് ഉണ്ടായിരുന്നില്ല . നല്ല ശുദ്ധ ജലം ലഭിക്കും , പിന്നെ എല്ലാ തരം പഴങ്ങളും വിളയും ! പച്ച മൂടി നില്ക്കുന്ന ചെറു മലകളും ദ്വീപിനെ തലങ്ങും വിലങ്ങും ചുറ്റി ഒഴുകുന്ന ചെറു അരുവികളും !!! ഡാനെ തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരമായ സ്ഥലമായിരുന്നു ജുവാന്‍ ഫെര്‍ണ്ണാണ്ടസ് ദ്വീപ് . തിരികെ കപ്പലില്‍ എത്തിയിട്ടും രാത്രിയില്‍ ഡാനെക്ക് ഉറക്കം വന്നില്ല . ദ്വീപില്‍ നിന്നും പ്രകാശം ഒന്നും വരുന്നുണ്ടായിരുന്നില്ല . എങ്കിലും തന്റെ ഡ്യൂട്ടി സമയത്ത് ഡാനെ ഇരുളിലേക്ക് നോക്കിയിരുന്ന് റോബിന്‍സണ്‍ ക്രൂസോയെ കിനാവ് കണ്ടു . തീരത്ത് പാറാവ് നില്ക്കുന്ന പട്ടാളക്കാരുടെ നീണ്ട കൂവലുകള്‍ മനുഷ്യന്റെതായി തോന്നിയില്ല . ഒരു തണുത്ത കാറ്റ് വീശി …. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ പില്‍ഗ്രിം വീണ്ടും അതി വിശാലമായ പസഫിക്കിന്റെ മാറിലൂടെ തെന്നി നീങ്ങുകയായിരുന്നു …..
പിന്നീട് കാലിഫോര്‍ണിയന്‍ തീരം വരെയും പില്‍ഗ്രിം പുതിയ കാഴ്ചയില്‍ ഒന്നും കണ്ടില്ല . ഇതിനിടക്ക് കപ്പലിനകത്ത് ഉള്ള ചെറിയ കേടുപാടുകള്‍ പരിഹരിച്ചു . ഓട്ടകളും വിള്ളലുകളുമൊക്കെ ടാര്‍ കൊണ്ട് അടച്ചു . പിന്നെ പെയിന്റും ചെയ്തു . ഈ പണികള്‍ കപ്പല്‍ യാത്ര തുടങ്ങിയാല്‍ പിന്നെ എല്ലാ ആറാം മാസവും ചെയ്യേണ്ടതാണ് . എല്ലാ നാവികരും കൂടി ചേര്‍ന്നാണ് ഈ പണികള്‍ ഒക്കെയും തീര്‍ത്തത് . ഇതിനിടെ ഡിസംബര്‍ പത്തൊന്‍പതു വെള്ളിയാഴ്ച പില്‍ഗ്രിം രണ്ടാം വട്ടവും ഭൂമധ്യ രേഖ ക്രോസ് ചെയ്തു . ആദ്യം തെക്കോട്ട് ആയിരുന്നെങ്കില്‍ ഇപ്പോള്‍ വടക്കോട്ട് ആണെന്ന് മാത്രം . അങ്ങിനെ ക്രിസ്തുമസ് എത്തി . പക്ഷെ നാവികര്‍ക്ക് ഒരു പ്രത്യേകതയും ഇല്ലായിരുന്നു . എല്ലാ ദിവസത്തെയും പോലെ അതും കടന്നു പോയി . അങ്ങോട്ടും ഇങ്ങോട്ടും വിഷ് ചെയ്ത് എല്ലാവരും ഒരു ക്രിസ്തുമസ് മൂഡ് വരുത്തി തീര്‍ത്തു . രാത്രിയിലെ ഭക്ഷണത്തോടൊപ്പം കിട്ടിയ ക്രിസ്തുമസ് പ്ലം കേയ്ക്കായിരുന്നു ആകെ ഉള്ള ഒരു വ്യത്യാസം . കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡാനെ ക്യാപ്റ്റന്റെ അനുവാദത്തോട് കൂടി തന്റെ താമസം താഴത്തെ ഡെക്കില്‍ ( steerage) നിന്നും മുകളിലത്തെ ടെക്കിലേക്ക് (forecastle) മാറി . നാവികരുടെ അഭിപ്രായത്തില്‍ ഒരാള്‍ ശരിക്കും നാവികന് ആകുന്നതു ഫോര്കാസിലില് കിടക്കുമ്പോള്‍ ആണ് . അവിടെ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടും മാത്രമല്ല സീനിയര്‍ നാവികര്‍ അവിടെ ആണ് ഉള്ളത് . അവരുടെ അനുഭവം കൂടി കേട്ടാലെ ഒരാളുടെ നാവിക പഠനം പൂര്‍ത്തിയാവൂ .
അങ്ങിനെ അവസാനം ബോസ്റ്റണില്‍ നിന്നും പുറപ്പെട്ട് കൃത്യം നൂറ്റി അമ്പതു ദിവസങ്ങള്‍ക്കു ശേഷം 1835 ജാനുവരി പതിനാല് ബുധനാഴ്ച പില്‍ഗ്രിം സാന്താ ബാര്‍ബറ തുറമുഖത്ത് നങ്കൂരം ഉറപ്പിച്ചു . വൈകുന്നേരത്തോടെ ഡാനയും കുറച്ചു പേരും കൂടി ബോട്ടില്‍ തീരത്തേക്ക് തുഴഞ്ഞു . ആ സമയത്ത് ആ ഉള്‍ക്കടലില്‍ മറ്റൊരു കപ്പലും കിടപ്പുണ്ടായിരുന്നു . അതിലെ ജോലിക്കാര്‍ ( കൂടുതലും സാന്‍ഡ് വിച്ച് ദ്വീപുകാര്‍ ) മറ്റൊരു ബോട്ടിലും ഇതേ സമയത്ത് തീരമണഞ്ഞു . പാട്ട് പാടിയും ഒച്ച വെച്ചുമുള്ള അവരുടെ തുഴച്ചില്‍ പില്‍ഗ്രിം നാവികര്‍ക്ക് പുതുമയായിരുന്നു ! തീരമെത്തിയപ്പോള് സന്ധ്യ ആയിരുന്നു . ആളുകള്‍ ഒക്കെ വീട് പറ്റി തുടങ്ങി . തിരിഞ്ഞ് കടലിലേക്ക് നോക്കിയപ്പോള്‍ പില്ഗ്രീമും മറ്റേ കപ്പലും ഇരുളിന്റെ മറവില്‍ തലയെടുപ്പോടെ നില്‍ക്കുന്നത് കാണാമായിരുന്നു . ഡാനെയും കൂട്ടരും തീരം കണ്ടു തീര്‍ക്കുമ്പോള്‍ സമാന്തരമായി തീരമണിഞ്ഞ സാന്‍ഡ് വിച്ച് ദ്വീപുകാര്‍ തീരത്തുണ്ടായിരുന്ന “ചരക്കുകള്‍ ” തങ്ങളുടെ ബോട്ടിലേക്ക് കയറ്റുകയായിരുന്നു . അത് കണ്ട ഡാനെ നെടുവീര്‍പ്പിട്ടു . കാരണം അവര്‍ ഉടനെ തന്നെ തുടങ്ങാന്‍ പോകുന്ന ജോലി അതായിരുന്നു ! പില്ക്കാലത്ത് California hide trade എന്ന് പ്രശസ്തമായ മൃഗത്തൊലി സംസ്ക്കരണം !!
California hide trade
=============
ആയിരത്തി എണ്ണൂറുകളുടെ തുടക്കം മുതല്‍ ഏതാണ്ട് പകുതി വരെ കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ കപ്പലുകളുടെ ചാകര ആയിരുന്നു . മില്ല്യന്‍ കണക്കിന് ഏക്കറുകളില്‍ പരന്നുകിടക്കുന്ന കിടക്കുന്ന കാലിഫോര്‍ണിയന്‍ മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലികളുടെ തൊലിയും കൊഴുപ്പും ശേഖരിക്കാനായിരുന്നു ഈ വരവ് . ഇങ്ങനെ വരുന്ന കപ്പലുകള്‍ ഒക്കെയും ഒഴുകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആയിരുന്നു . കാലിഫോര്‍ണിയയിലെ കൃഷി ഭൂ ഉടമകള്‍ക്ക് ആവശ്യമായ പുകയില , വൈന്‍ , പഞ്ചസാര , സില്‍ക്ക് , കോട്ടണ്‍ , തൊപ്പികള്‍ , കുതിരകള്‍ , വസ്ത്രങ്ങള്‍ , തേയില തുടങ്ങിയവയാണ് ഈ കപ്പലുകള്‍ നിറയെ . ഇവ കാലിഫോര്‍ണിയക്കാര്‍ക്ക് കൊടുത്ത് പകരം മൃഗ തൊലിയും ( hides) കൊഴുപ്പും (tallow) ആയി ആണ് ഇവ മടങ്ങുന്നത് . ഈ മൃഗത്തോലികള് സാന്താ ബാര്‍ബറയുടെ തീരത്ത് ഇട്ടു നാവികര്‍ തന്നെ ഉണക്കി, ഉപ്പു തേയ്ച്ചു, മടക്കി ബോട്ടുകളില്‍ ആക്കി കപ്പലില്‍ എത്തിക്കണം ! ഡാനെയുടെ പില്ഗ്രീമും ഇതേ കച്ചവടത്തിന് തന്നെയാണ് ഇവിടെ എത്തിയിരിക്കുന്നത് . നാളുകള്‍ നീളുന്ന ഈ കട്ടിപ്പണി ഉടന്‍ ആരംഭിക്കും !!!
ബീച്ചില്‍ നിന്നും മൂന്നു മൈല്‍ അപ്പുറം ആണ് കപ്പല്‍ കിടന്നിരുന്നത് . പട്ടണമാകട്ടെ ബീച്ചില്‍ നിന്നും ഒരു മൈല്‍ മാറിയും . അത് കൊണ്ട് ഡാനേക്കും കൂട്ടര്‍ക്കും ബീച്ച് കപ്പല്‍ പോലെ തന്നെ ആയിരുന്നു . ജോലി കൂടുതല്‍ എളുപ്പം ആക്കാന്‍ തീരത്ത് നിന്നും കുറച്ചു പേരേ കൂടി കൂട്ടേണ്ടി വന്നു . പകുതി ഉണങ്ങിയ തൊലികള്‍ തീരത്ത് നിവര്‍ത്തിയിട്ടു ഉണങ്ങി . അതിന് ശേഷം ഭദ്രമായി ഇതി മടക്കണം . അതിനൊരു പ്രത്യേക രീതി തന്നെ ഉണ്ടായിരുന്നു . പിന്നീട് ബോട്ടില്‍ കയറ്റണം . നിറഞ്ഞ ബോട്ടുമായി കപ്പലില്‍ എത്തിയിട്ട് ഇത് ചുമന്നു തന്നെ ഡെക്കില്‍ എത്തിക്കണം . രണ്ടു മൃഗങ്ങളുടെ തൊലികള്‍ തലയില്‍ ഒരു മിച്ചു കയറ്റണം . അതാണത്രേ കാലിഫോര്‍ണിയന്‍ രീതി . പതുക്കെ പതുക്കെ ഡാനെയുടെ തല ഈ ഭാരത്തോട് പൊരുത്തപ്പെട്ടു തുടങ്ങി . പിന്നീട് തലയില്‍ നിന്നും തന്നെ ആട്ടി ആട്ടി എറിഞ്ഞു കപ്പലിലേക്ക് കയറ്റാനും അവര്‍ ശീലിച്ചു .
കപ്പലിലെ ചരക്കു മുഴുവനും ഇതിനോടകം വിറ്റു കഴിഞ്ഞിരുന്നു . അങ്ങിനെ ചരക്കു വെയ്ക്കാനുള്ള സ്ഥലം കാലിയായി കിട്ടി . അവിടം മുഴുവനും തൂത് വൃത്തിയാക്കി . എല്ലാ ദിവസവും ഉണക്കലും വൃത്തിയാക്കലും ഡെക്ക് കഴുകലും മുറ പോലെ നടന്നു . തങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് ഡാനെ എഴുതിയിരിക്കുന്നത് . അതി കഠിനമായ അധ്വാനത്തിന്റെ നാളുകള്‍ മാസങ്ങളായി നീണ്ടു . പതിനെട്ടു മാസങ്ങള്‍ നീളുന്ന ഒരു കടല്‍ യാത്ര ആയിരിക്കും എന്ന് വിചാരിച്ചു ബോസ്റ്റണില്‍ നിന്നും കപ്പല്‍ കയറിയ ഡാനെക്ക് ഇപ്പോള്‍ ഒരു കാര്യം പിടികിട്ടി . ഈ യാത്ര എന്ന് വരെ നീളും എന്ന് ഒരു നിശ്ചയവും ഇല്ല . കാരണം പില്ഗ്രീമിലെക്കുള്ള ചരക്ക് മുഴുവനും ഇതുവരെ തീരത്ത് എത്തിയിട്ടില്ല, മാത്രമല്ല ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി സാന്താ ബാര്‍ബറയില്‍ ഉടന്‍ എത്തും ! ആ കപ്പലിന് ഉള്ള ചരക്കു കൂടി തങ്ങള്‍ ശേഖരിക്കണം ! നാവികര്‍ പിറുപിറുത്ത് തുടങ്ങി . വൃദ്ധരായ നാവികര്‍ തങ്ങള്‍ ഇനി ഒരിക്കലും ബോസ്റ്റന് കാണില്ല എന്ന് തന്നെ വിചാരിച്ചു . മൂന്നോ നാലോ വര്‍ഷങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ഡാനെ നല്ലൊരു നാവികന് ആകും . പക്ഷെ അതിനല്ലല്ലോ ഡാനെ കപ്പല്‍ കയറിയത് . ബോസ്റ്റണില്‍ ഉള്ള തന്റെ കൂട്ടുകാര്‍ തന്നെക്കാള്‍ ഒരുപാട് ദൂരം മുന്നില്‍ എത്തുമല്ലോ എന്നോര്‍ത്തും ഡാനെ ദുഖിച്ചു . ക്യാപ്റ്റന്റെ ദയയില്‍ , നിയമമോ സുവിശേഷമോ ഇല്ലാത്തൊരു കടല്‍ രാജ്യം ! ഓര്‍ത്തപ്പോള്‍ ഡാനെയുടെ കണ്ണില്‍ ഇരുട്ട് കയറി . കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് …..
അങ്ങിനെ ഒരു രാത്രി നാവികര്‍ south-easter എന്ന് വിളിക്കുന്ന കൊടുംകാറ്റ് എത്തി . “Cape Doctor” എന്നും ഇതിനെ വിളിക്കാറുണ്ട് . തീരങ്ങളിലെ ചെറുകുടിലുകളുടെ മേല്‍ക്കൂരകള്‍ പൊളിച്ചു പറത്തിക്കൊണ്ടാണ് അവന്റെ വരവ് . പില്‍ഗ്രിം പതുക്കെ ആഴക്കടലിലേക്ക് വലിഞ്ഞു . തീരങ്ങളില്‍ കടല്‍ കൂടുതല്‍ അപകടകാരിയാണ് . ആറു ദിവസങ്ങളോളം അവിടെ കിടക്കേണ്ടി വന്നു , കാറ്റിന്റെ രോഷം അടങ്ങാന്‍ …
പകല്‍ മുഴുവനും തീരത്ത് മൃഗത്തോല് ഉണക്കലും , ഉപ്പു തേക്കലും , മടക്കി വെയ്ക്കലും . രാത്രിയില്‍ ഊഴമിട്ടുള്ള വാച്ച് …. നാവികര്‍ ആകെ മടുത്തു തുടങ്ങിയിരുന്നു . എങ്ങിനെയും കപ്പലില്‍ തുടരാം കപ്പിത്താന് ഒന്ന് മയത്തില്‍ അല്ലെങ്കില്‍ കുറച്ചെങ്കിലും സൌഹൃദത്തില്‍ പെരുമാറിയാല്‍ മതിയായിരുന്നു എന്നായി ചിലര്‍. കാറ്റ് ശമിച്ചപ്പോള്‍ പില്‍ഗ്രിം മറ്റൊരു തീരം ലക്ഷ്യമാക്കി കുതിച്ചു . കപ്പല്‍ പിനീട് അടുത്തത് പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു ചെറു തീരത്ത് ആയിരുന്നു . ഡാനെയുടെ ഭാഷയില്‍ കാലിഫോര്‍ണിയന്‍ തീരത്തെ ഏക റൊമാന്റിക് പ്ലേസ് !! (“the only romantic spot on the coast”). പില്കാലത്ത് തന്റെ തന്നെ പേരില്‍ ആണ് ഈ സ്ഥലം അറിയപ്പെടുക എന്ന് ഡാനെ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല . ( ആദ്യ പോസ്റ്റിലെ ആദ്യ ഭാഗത്ത് നാം കണ്ട ഡാനെ പോയിന്റ് ആയിരുന്നു ഈ സ്ഥലം ! ). ഇതിനിടെ മെക്സിക്കന്‍ ആളുകളുമായുള്ള തീരത്തെ സഹവാസം മൂലം ഡാന സ്പാനിഷ് നല്ലവണ്ണം പഠിച്ചു കഴിഞ്ഞിരുന്നു . സാന്ഡ്വിച്ച് ദ്വീപുകാരുമായുള്ള ചങ്ങാത്തം അവരുടെ ലളിതമായ ജീവിത രീതികള്‍ പഠിക്കുവാന്‍ അദ്ദേഹത്തെ സഹായിച്ചു ( അദ്ദേഹത്തിന്റെ ഡയറികുറുപ്പുകളിലൂടെ നമ്മളെയും ). തൊട്ടടുത്തുള്ള സാന്‍ ജുവാന്‍ എന്ന തീരവും ഇതുപോലെ തന്നെ മനോഹരമായിരുന്നു .
ഇന്ന് കപ്പലിലെക്കുള്ള ചരക്കുകള്‍ വരുന്ന ദിവസം ആണ് . ഡാനയും കൂട്ടരും വെളുക്കപ്പുറത്തു തന്നെ തീരമണഞ്ഞു . വിശാലമായ ബീച്ചിനു പകരം ഒരു ചെറു കുന്നായിരുന്നു അവരെ വരവേറ്റത് . മൃഗതോലുകള് കൊണ്ടുവന്ന കാളവണ്ടികള്‍ താഴേക്കു ഇറങ്ങി വന്നില്ല . അവര്‍ക്ക് വേണ്ടുന്ന കപ്പലിലെ സാധനങ്ങള്‍ മുഴുവനും ചുമന്നു തന്നെ കുന്നിന് മുകളില്‍ എത്തിക്കേണ്ടി വന്നു . തന്റെ കപ്പല്‍ യാത്രക്കിടയിലെ ഏറ്റവും ശ്രമകരമായ ജോലി ആയിരുന്നു അതെന്നാണ് ഡാന രേഖപ്പെടുത്തിയിരിക്കുന്നത് . കാല് ഉറയ്ക്കാത്ത മണല്‍ കുന്നിലൂടെ വീപ്പകളും മറ്റും ഉരുട്ടി കയറ്റുക തീര്‍ത്തും ദുഷ്ക്കരം തന്നെ ആയിരുന്നു . പലപ്പോഴും നാവികരും വീപ്പകളും ഉരുണ്ടു വീണ് അപകടങ്ങള്‍ ഉണ്ടായി . ഏറ്റവു മുകളില്‍ ഉള്ള ആള് ആണ് വീഴുന്നതെങ്കില്‍ പറയാനും ഇല്ല . താഴെയുള്ള സര്‍വ്വരും വീഴുകയും വീപ്പകള്‍ അവരുടെ മുകളിലൂടെ കയറി ഇറങ്ങുകയും ചെയ്യും . പഞ്ചസാര കെട്ടുകള്‍ ആയിരുന്നു അവസാനം ഉണ്ടായിരുന്നത് . രണ്ടു തുഴകളുടെ മുകളില്‍ കുറുകെ വെച്ച് രണ്ട ആളുകള്‍ വീതം ശവം കൊണ്ട് പോകുന്നത് പോലെ ആണ് അത് മുകളില്‍ എത്തിച്ചത് എന്ന് ഡാന വിവരിക്കുന്നു . ഇനിയാണ് അടുത്ത പണി . കാളവണ്ടികളില്‍ ഉണ്ടായിരുന്ന കെട്ടുകള്‍ തീരത്ത് ഉള്ള തങ്ങളുടെ ബോട്ടുകളില്‍ എത്തിക്കണം . പാറക്കൂട്ടങ്ങള്‍ കാരണം ബീച്ചിലേക്ക് ബോട്ടുകള്‍ കയറ്റി ഇടാന്‍ സാധിച്ചിരുന്നില്ല . അവിടം വരെയും വെള്ളത്തില്‍ കൂടിയും തെന്നുന്ന പാറക്കെട്ടുകളില്‍ കൂടിയും ചുമന്നു വേണം ചരക്കു ബോട്ടില്‍ എത്തിക്കുവാന്‍ . എളുപ്പ വഴിക്ക് കെട്ടുകള്‍ മുഴുവനും കുന്നിന് മുയ്ക്ളില് നിന്നും താഴേക്കു ഉരുട്ടി വിട്ടു . അവിടെ നിന്നും വഴുക്കല്‍ ഉള്ള പാറകള്‍ തരണം ചെയ്ത് ബോട്ടില്‍ എത്തിച്ചു . അന്നത്തെ ദിവസം ഒരു ചെരുപ്പ് മുഴുവനും തേഞ്ഞു തീര്‍ന്നു എന്ന് ഡാന എഴുതുമ്പോള്‍ അവര്‍ ചെയ്ത ജോലിയുടെ തീവ്രത നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും .
അന്ന് രാത്രി കപ്പിത്താന് ഒരു നാവികനുമായി ഉടക്കുകയും അയാളെ കെട്ടിയിട്ട് അടിക്കുകയും ചെയ്തു . ഇത് കണ്ടു നിന്ന നാവികര്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്നതിന് ഡാന എഴുതിയ ഉത്തരം ആണ് പിന്നീട് നാവിക നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അമേരിക്കന്‍ ഗവര്‍മെന്റിനെ പ്രേരിപ്പിച്ച മുഖ്യ ഘടകം . ഡാന ഇങ്ങനെ ആണ് എഴുതിയത് …
” If they resist, it is mutiny; and if they succeed, and take the vessel, it is piracy”
നാവികര്‍ കപ്പിത്താനെ എതിര്‍ത്താല്‍ അത് നാവികകലാപം (mutiny) ആയി വ്യാഖ്യാനിക്കും . ഇനി എതിര്‍ത്ത് വിജയിച്ച് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്താലോ അത് കടല്‍ കൊള്ളയും (piracy) ! രണ്ടായാലും തൂക്കുമരം ഉറപ്പു ! വേദന കൊണ്ട് പിടഞ്ഞ നാവികന് “Oh, Jesus Christ! Oh, Jesus Christ!” എന്ന് അലറിയപ്പോള്‍ കപ്പിത്താന് കൊടുത്ത മറുപടി ഡാനയെ ഞെട്ടിച്ചു . “ക്രിസ്തുവല്ല ഞാനാണ് പില്ഗ്രെമിന്റെ കപ്പിത്താന് ! എന്നെ വിളിച്ച് കരയ് ” അന്നത്തെ കപ്പലുകളില്‍ കപ്പിത്താന്റെ പരമാധികാരം വിളിച്ചോതുന്ന ഒരു വാചകം ആയിരുന്നു അത് .
ഇതിനിടെ ഒരു ദിവസം സാന്‍ ഡിയാഗോ തീരത്തേക്ക് അടുക്കുകയായിരുന്ന പില്‍ഗ്രിം മറ്റൊരു കപ്പലുമായി കൂട്ടിയിടിക്കേണ്ട അവസ്ഥ ഉണ്ടായി . ലഗോട എന്നായിരുന്നു ആ കപ്പലിന്റെ പേര് . പില്ഗ്രീമിന്റെ കപ്പിത്താന് തന്റെ “കഴിവിന്റെ ” പരമാവധി ശ്രമിച്ചെങ്കിലും പില്‍ഗ്രിം ലഗോടയെ ലക്ഷ്യമാക്കി ഒഴുകി നീങ്ങുകയായിരുന്നു . ആ കപ്പലിലെ ഫോര്കാസിലില് ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നവര് ആണ് പില്‍ഗ്രിം അവര്‍ക്ക് നേരെ വരുന്നത് കണ്ടത് . പില്ഗ്രീമിന്റെ കപ്പിത്താന്റെ കഴിവ് നേരത്തെ തന്നെ അറിയാമായിരുന്ന ലഗോടയുടെ കപ്പിത്താന് വിത്സണ് ഉടന്‍ തന്നെ ബോട്ട് ഇറക്കി പില്ഗ്രീമില് എത്തിച്ചേര്‍ന്ന് നാവികര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു . അദ്ദേഹത്തിന്റെ ബുദ്ധിപരമായ നീക്കങ്ങള്‍ക്കൊടുവില്‍ പില്‍ഗ്രിം തന്റെ ലക്ക് കെട്ട പ്രയാണം അവസാനിപ്പിച്ചു . പിന്നീടൊരു ദിവസം ലഗോടയില് വിരുന്നിന് പോയ പില്ഗ്രീമിന്റെ കപ്പിത്താന് ബോട്ടില്‍ വരുന്നത് കണ്ടു അറിയിച്ച നാവികനോട് ക്യാപ്റ്റന്‍ വിത്സണ് ചോദിച്ചു ….. ങേ !! അദ്ദേഹം സ്വന്തം കപ്പലോട് കൂടി ആണോ വിരുന്നിന് വരുന്നത് “? ( “Has he brought his brig with him?” ) രസകരവും കളിയാക്കല്‍ നിറഞ്ഞതുമായ ഈ ചോദ്യം പിന്നീട് വര്‍ഷങ്ങളോളം അമേരിക്കന്‍ തീരങ്ങളിലെ കപ്പലുകളിലെ മുഖ്യ തമാശയായിരുന്നു .
ഇതിനിടെ ഡാനെക്ക് കരയില്‍ ഡ്യൂട്ടി ലഭിച്ചു . മൃഗതോലുകള് ഉണക്കുകയും പിന്നീട് തീരങ്ങളില്‍ താല്കാലികമായി കെട്ടി ഉണ്ടാക്കിയ ചെറു ഷെഡ് കളില്‍ ഭദ്രമായി അടുക്കി വെക്കുകയും വേണം . കൂടുതല്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിക്കൊണ്ടിരുന്നു . നന്നായി ഉണക്കിയില്ലെങ്കില്‍ തോലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ ഒരു കഷണം മാംസം മതി മുഴുവന്‍ കെട്ടുകളെയും ദ്രവിപ്പിച്ചു കളയാന്‍. അതിനാല്‍ അതീവ ശ്രദ്ധ വേണ്ടുന്ന പണി ആണിത് . ആഴ്ചകള്‍ കൊണ്ട് ഡാന ഇതില്‍ വൈദഗ്ദ്യം നേടിയെടുത്തു . ഇതിനിടെ പില്‍ഗ്രിം തീരം വിട്ടു . മറ്റു സ്ഥലങ്ങളില്‍ പോയി ലോഡ് എടുത്ത ശേഷം വീണ്ടും ഇവിടെ വരും ഡാനയെയും ബാക്കിയുള്ള ലോഡുകളെയും കയറ്റാന്‍ . ഈ സമയം മറ്റു ചില കപ്പലുകള്‍ കൂടി അവിടെ അടുത്തിരുന്നു . അവരുടെ നാവികരുമായി ഇടപഴകുവാനും ഡാനെക്ക് അവസരം ലഭിച്ചു . അവരുടെ കഥകളിലൂടെ മറ്റനേകം അറിവുകളും രീതികളും ഡാന സ്വന്തമാക്കി . അങ്ങിനെ ഒരു ദിവസം പില്ഗ്രീമിന്റെ പായ്മരം അങ്ങകലെ കടലില്‍ പ്രത്യക്ഷപ്പെട്ടു . ഡാനയുടെ സന്തോഷമെല്ലാം പോയി . ഒരു ജീവശ്ചവം പോലെ പില്ഗ്രീമിനെ തന്നെ നോക്കിനിന്ന ഡാനെ ഞെട്ടി ! കപ്പല്‍ തട്ടില്‍ പരിചയം ഇല്ലാത്തവര്‍ ! അങ്ങ് മുകളില്‍ ക്യാപ്റ്റനെ കണ്ടു . പക്ഷെ ആയാളും പരിചയമില്ലാത്ത മനുഷ്യന് ! സംശയം തീര്‍ക്കണമെങ്കില്‍ കപ്പലില്‍ നിന്നും ബോട്ട് ഇറക്കി നാവികര്‍ തീരത്ത് എത്തണം . അത് വരെ ഡാനെ അക്ഷമനായി നിന്നു. അവസാനം കാര്യം പിടികിട്ടി . നേരത്തെ വരും എന്ന് പറഞ്ഞ തങ്ങളുടെ കമ്പനിയുടെ തന്നെ രണ്ടാം കപ്പല്‍ എത്തി ചേര്‍ന്നിരിക്കുന്നു ! കമ്പനിയുടെ നിര്‍ദേശം അനുസരിച്ച് ആ കപ്പലിലെ ഒന്ന് രണ്ടു നാവികരും ക്യാപ്റ്റനും പില്ഗ്രീമിലേക്ക് മാറുകയും പകരം പില്ഗ്രീമിലെ ക്യാപ്റ്റന്‍ രണ്ടാം കപ്പലിലേക്ക് മാറുകയും ചെയ്തു . തെല്ലൊരു ആശ്ചര്യത്തോടെ പുതിയ ക്യാപ്റ്റന്റെ കീഴിലുള്ള പില്ഗ്രീമിന്റെ ഡെക്കില്‍ എത്തിയ ഡാനെക്ക് കപ്പലിന്റെ ഒന്നാം മേറ്റ് ഒരു പാഴ്സല്‍ കൊടുത്തു . അതില്‍ ഇങ്ങനെ എഴുതിയിരുന്നു “Ship Alert.”
കമ്പനിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡാന രണ്ടാമത് വന്ന അലേര്‍ട്ട് എന്ന കപ്പലിലേക്ക് മാറണം . ഡാനെക്ക് കിട്ടിയ പൊതിയില്‍ വീട്ടുകാരും കൂട്ടുകാരും കമ്പനിയുടെ മറ്റൊരു കപ്പലില്‍ കൊടുത്തയച്ച കത്തുകള്‍ ഉണ്ടായിരുന്നു . കമ്പനിയുടെ ഏതു കപ്പല്‍ ആണോ ബോസ്ടനില്‍ ആദ്യം എത്തുക , അതില്‍ ഡാനയെ കയറ്റി വിടാന്‍ കമ്പനിയോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അതില്‍ . അലെര്‍ട്ട് ആണ് ആദ്യം ബോസ്ടനില്‍ എത്തുക . തിരിച്ച് തീരത്ത് എത്തിയ ഡാനെ പിന്നീടുള്ള ദിവസങ്ങളില്‍ കൂടുതല്‍ സമയവും ആഴക്കടലിലേക്ക് കണ്ണും നട്ടിരുപ്പായി …… കാറ്റത്ത് തെന്നി തീരത്തിലേക്ക് അടുക്കുന്ന അലെര്‍ട്ട് എന്ന കപ്പലിനായി …. അങ്ങിനെ ആ ദിവസം വന്നെത്തി . ഡാനയുടെ തിരിച്ച് വരവിനു കാരണമായി ചരിത്രത്തില്ഇടം തേടാന്‍ ആ കപ്പല്‍ എത്തി ! ….അലെര്‍ട്ട് !
ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ മൂവായിരത്തോളം മൃഗതോലുകള് കപ്പലില്‍ കയറ്റാന്‍ സാധിച്ചു . ആദ്യമായി അലെര്‍ട്ടില്‍ കാലുകുത്തിയ ഡാനെക്ക് അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം തനി പില്‍ഗ്രിം പോലെ തന്നെ ആണെന്ന് തോന്നിച്ചു . ദിവസവും രാവിലെ Holystone (Holystone is a soft and brittle sandstone that was used for scrubbing and whitening the wooden decks of ships) കൊണ്ട് ഉരച്ചു വൃത്തിയാക്കുന്ന ഫോര്കാസില് ഡാനെയെ നോക്കി വെളുക്കെ ചിരിച്ചു . എല്ലാവര്ക്കും ജോലികള്‍ വീതം വെച്ച് കൊടുക്കല്‍ ആയിരുന്നു പിന്നത്തെ പണി . ദിവസവും ഉള്ള ജോലികളില്‍ പലതിനും ആദ്യ കപ്പലിനേക്കാള്‍ വ്യത്യാസം അലെര്‍ട്ടിന് ഉണ്ടായിരുന്നു . അവസാനം കപ്പലില്‍ പുക ഇടുന്ന പണികൂടെ ഉണ്ടായിരുന്നു . എലികളെ തുരത്താന്‍ വേണ്ടി ആയിരുന്നു അത് . ദിവസങ്ങള്‍ക്കുള്ളില്‍ അലെര്‍ട്ട് പോകുവാന്‍ റെഡി ആയി . അങ്ങിനെ ഒരു നാള് ഡെക്കില്‍ നിന്നും ഡാനെ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ ശബ്ദം കെട്ടു …..“All ready forward?” അങ്ങിനെ അലെര്‍ട്ട് തന്റെ നങ്കൂരം ഉയര്‍ത്തി യാത്ര ആരംഭിച്ചു . അടുത്ത തുറമുഖമായ San Pedro യില്‍ എത്തിയപ്പോള്‍ പഴയ പില്‍ഗ്രിം അവിടെ നങ്കൂരം ഇട്ടു കിടപ്പുണ്ടായിരുന്നു . ദിവസങ്ങള്‍ക്കുള്ളില്‍ ഡാനെക്ക് , തന്നെ ഒരു നാവികനാക്കി മാറ്റിയ പില്ഗ്രീമിനെ പൊടുന്നനെ ഉണ്ടായ ഒരു ചെറു മൂടല്‍മഞ്ഞിനുള്ളില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു . ഇനിയും രണ്ടോ മൂന്നോ മാസക്കാലം പില്‍ഗ്രിം കാലിഫോര്‍ണിയന്‍ തീരങ്ങളിലൂടെ ചരക്കുകള്‍ സംഭരിച്ച് അലഞ്ഞു തിരിയും ! അപ്പോഴേക്കും ഡാനെയും അലെര്‍ട്ടും ബോസ്റ്റന് ലക്ഷ്യമാകി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു . അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് പില്ഗ്രീമില് ഡാനെ സന്ദര്‍ശിച്ച സാന്‍ഡിയാഗോയില്‍ നിന്നും സാന്താ ബാര്‍ബറയില്‍ നിന്നും അലെര്‍ട്ട് ആവശ്യത്തില്‍ കൂടുതല്‍ ചരക്ക് കയറ്റിക്കഴിഞ്ഞിരുന്നു . ഇതിന്റെ എണ്ണത്തിനനുസരിച്ചു കപ്പിത്താന് കമ്മീഷന് ഉണ്ടായിരുന്നതിനാല്‍ ആണ് അനുവദനീയമായത്തിലും കൂടുതല്‍ ചരക്കുകള്‍ കയറ്റാന്‍ ക്യാപ്റ്റന്‍ സമ്മതിച്ചത് .
പിന്നീടങ്ങോട്ടുള്ള ഇരുപത് ദിവസങ്ങള്‍ കൊടുംകാറ്റുകളുടെ ഘോഷയാത്ര തന്നെ ആയിരുന്നു . തിളയ്ക്കുന്ന എണ്ണപോലെ കടല്‍ ഇളകി മറിഞ്ഞു . തിരമാലകളുടെ ഉയരം കണ്ടു നാവികര്‍ അന്തം വിട്ടു . ഇത്രയും വലിയ അലകള്‍ ജീവിതത്തില്‍ ആദ്യം കാണുകയാണെന്ന് പരിചയ സമ്പന്നര്‍ ആയ നാവികര്‍ പോലും പറഞ്ഞു . ദക്ഷിണായനരേഖ രേഖ കടന്നതോടെ അന്തരീക്ഷം കൂടുതല്‍ തണുത്തു തുടങ്ങി . ദിവസത്തിന്റെ നീളം കുറഞ്ഞ് നീളമേറിയ രാത്രികള്‍ ആരംഭിച്ചു . തണുത്തു വിറങ്ങലിച്ച രാവുകള്‍ ഡെക്കിലെ ഉറക്കം അസാധ്യമാക്കി . ഇടയ്ക്ക് ലഭിച്ച ഒരു തെളിഞ്ഞ രാത്രിയില്‍ മാനത്ത് മെഗല്ലന്‍ നക്ഷത്രക്കൂട്ടം പ്രത്യക്ഷപ്പെട്ടു . കറുത്ത് ഇരുണ്ട ആഴക്കടലിലേക്ക് നോക്കിയ ഡാനെക്ക് കടല്‍ തങ്ങള്‍ക്കായി ഭീകരമായ എന്തോ കരുതി വെച്ചിട്ടുണ്ട് എന്ന് തോന്നി തുടങ്ങി . പൊടുന്നനെ രംഗം വഷളായി ! ആകാശത്ത് മിന്നല്‍ പിണരുകള്‍ തലങ്ങു വിലങ്ങും പാഞ്ഞു . ശക്തിയേറിയ കാറ്റിനു തണുപ്പേറി വന്നു . കൂറ്റന്‍ തിരമാലകളില്‍ അലെര്‍ട്ട് അമ്മാനമാടാന്‍ തുടങ്ങി . ഒന്നാം മേറ്റ് അലറി ” ഓഹോയ് ! എല്ലാവരും ഒരുമിച്ച് !!!! ” പിന്നെ തലങ്ങും വിലങ്ങും ഓട്ടമായിരുന്നു . എല്ലാവര്ക്കും അവരവരുടെ ജോലികള്‍ അറിയാമായിരുന്നത് കൊണ്ട് ചിന്താ കുഴപ്പങ്ങള്‍ ഉണ്ടായില്ല . പെട്ടന്ന് ഉയരത്തില്‍ നിന്നും വാട്ടര്‍ ടാങ്ക് പൊട്ടിയത് പോലെ പൊടുന്നെ കപ്പലിന്റെ ഡെക്കില്‍ എവിടെ നിന്നോ കനത്ത തോതില്‍ വെള്ളം വന്നു വീണു . ഇത് മഴയല്ല ! ഏതു കൊടും പേമാരിയിലും ഇത്രയ്ക്കു ജലം ഒരുമിച്ചു വീഴില്ല . ഏതോ ഒരു നാവികന് ഉറക്കെ വിളിച്ചു പറഞ്ഞു ….. “കപ്പല്‍ തട്ടിനെ തിര നക്കിയിരിക്കുന്നു !! ” ഞെട്ടിപ്പോയ മറ്റൊരു നാവികന് പറഞ്ഞു ” ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് !” അലെര്‍ട്ടില്‍ പരിധിക്കപ്പുറം ലോഡ് കയറ്റിയിട്ടുണ്ട് . കപ്പല്‍ വല്ലാതെ താണ് പോയിരിക്കുന്നു അതാണ് ഡെക്കില്‍ തിര എത്താന്‍ കാരണം . രൗദ്ര രൂപിയായ ഹോണ്‍ മുനമ്പിലേക്ക് ഇനിയും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ ഉണ്ട് . ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കില്‍ !? ഡേവി ജോണ്‍സിന്റെ ലോക്കറിലെക്കുള്ള ദൂരം അധികമില്ല ! ( കടലില്‍ മരണപ്പെടുന്നവര് എത്തുന്ന സ്ഥലം ആണെന്ന് പകുതി തമാശ ആയും ബാക്കി ഭീതി കലര്‍ന്ന ഐതിഹ്യമായും പറയപ്പെടുന്ന സ്ഥലം . പൈറേറ്റ് സ് ഓഫ് കരീബിയന്‍ എന്ന ചിത്രം കണ്ടവര്‍ക്ക് ഈ പറച്ചിലിന്റെ ഉപയോഗം പിടികിട്ടും )
പിന്നീട് ഒരാഴ്ചയോളം മോശം കാലാവസ്ഥ തുടര്‍ന്നു . പക്ഷെ കാറ്റ് അനുകൂലമായിരുന്നു . കപ്പല്‍ ഹോണ്‍ മുനമ്പിനോട് അടുത്ത് കൊണ്ടിരുന്നു . മഴയും, കാറ്റും, മഞ്ഞു വീഴ്ചയും ആരംഭിച്ചു . കയറില്‍ പിടിക്കുമ്പോള്‍ അറിയാനാകാത്ത വിധം വിരലുകള്‍ മരവിച്ചു തുടങ്ങിയിരുന്നു . എല്ലാവരും കട്ടിയേറിയ ജാക്കറ്റിനുള്ളിലേക്ക് ശരീരത്തെ ഒതുക്കി കയറ്റി . ഡെക്ക് മുഴുവനും മഞ്ഞു മൂടി കഴിഞ്ഞിരുന്നു . കാലാവസ്ഥയില്‍ ഉണ്ടായ ഈ മാറ്റം, കാലിഫോര്‍ണിയയിലെ തെളിഞ്ഞ ആകാശത്ത് മണല്‍ തീരങ്ങളില്‍ മാസങ്ങള്‍ ആയി പണിയെടുത്തു കൊണ്ടിരുന്ന നാവികര്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ ആയില്ല . പലര്‍ക്കും അസുഖങ്ങള്‍ പിടിപെട്ടു തുടങ്ങി . അപ്പോഴും അലെര്‍ട്ട് കടലിനോടും മഞ്ഞിനോടും പൊറുതി മുന്നോട്ട് നീങ്ങുകയായിരുന്നു . ദക്ഷിണ ധ്രുവത്തില്‍ നിന്നും യാത്ര പുറപ്പെട്ട ഒരു കൊടുംകാറ്റ് അലെര്‍ട്ട് സന്ദര്‍ശിക്കുവാന്‍ എത്തി . പിന്നീടുള്ള നാല്‍പ്പത്തിയെട്ടു മണിക്കൂറുകള്‍ കപ്പലിലെ ആരെയും ഉറക്കാതെ ആഞ്ഞു വീശിയ ആ കാറ്റ് തെല്ലൊന്നു ശമിച്ചപ്പോള്‍ ഉഴുതു മറിച്ചിട്ട നിലം പോലെയായി അലെര്‍ട്ട് . അന്നൊരു ദിവസം ഡാനെ , പന്ത്രണ്ടു മണിക്ക് ഡിന്നര്‍ കഴിച്ച ശേഷം തെല്ലൊന്നു വിശ്രമിച്ചപ്പോള്‍ ഡെക്കില്‍ നിന്നും ഒരു കൂവി വിളി കെട്ടു . ഉടന്‍ തന്നെ ഡെക്കില്‍ എത്തിയ ഡാനെ കണ്ടത് ഒരിക്കലും മറക്കാനാവാത്ത ഒരു നയന മനോഹരമായ കാഴ്ച്ച ആയിരുന്നു . കുറച്ചകലെ മാറി നീല നിറമുള്ള സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഐസ്ക്രീം പുഡിംഗ് ! ഭീമാകാരനായ ഒരു ഐസ് ബെര്‍ഗ് ആയിരുന്നു അത് . അതിന് മൂന്ന് മൈല്‍ എങ്കിലും വ്യാസം ഉണ്ടായിരുന്നു . രാത്രിയോടെ കപ്പല്‍ ഐസ് ബെര്‍ഗിനു വളരെ അടുത്ത് എത്തി . രാത്രി വാച്ചിന് നിന്നവര്‍ക്ക് ഐസ് ബെര്‍ഗ്ഗിലെ മഞ്ഞു കട്ടകള്‍ പൊട്ടി കടല്‍ വീഴുന്ന ക്രാക്ക് ശബ്ദം കേട്ട് പല തവണ ഞെട്ടി എഴുന്നെല്ക്കെണ്ടതായി വന്നു . പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ പല ആകൃതിയിലും വലിപ്പത്തിലും ഉള്ള അനേകം ഐസ് ബെര്ഗ്ഗുകള് കടലില്‍ ഒഴുകി നടക്കുന്നത് കണ്ടു . പക്ഷെ ഒന്നിനും ആദ്യതെതിന്റെ അത്ര വലിപ്പം ഉണ്ടായിരുന്നില്ല . വീണ്ടു മുന്നോട്ട് പോകും തോറും മഞ്ഞു മലകളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞു വന്നു , പക്ഷെ എണ്ണം വര്‍ധിച്ചു . പിന്നീട് വെള്ളത്തിന് മുകളില്‍ പരന്നു പൊങ്ങി കിടക്കുന്ന “field-ice” പ്രത്യക്ഷപ്പെട്ടു തുടങ്ങി . അകലെ നിന്നും ഉയരത്തില്‍ കാണാവുന്ന ഐസ് ബെര്ഗുകളെക്കാലും അപകടകാരികള്‍ ആണ് സ്ലേറ്റ് പോലെ പരന്നു ഒഴുകി നടക്കുന്ന “field-ice”.
രാത്രിയോടെ ഡെക്കിലേക്ക് കനത്ത മഞ്ഞു ഇറങ്ങി വന്നു . കപ്പലിന്റെ ഒരു പകുതിയില്‍ നില്‍ക്കുന്നവര്‍ക്ക് മറ്റേ പകുതി പോലും കാണാന്‍ വയ്യ എന്നായി . പതിരാത്രിയോടെ കാറ്റും ഐസ് വീഴ്ചയും പുനരാരംഭിച്ചു . മഞ്ഞു മൂടിയ അലെര്‍ട്ട് ഒഴുകി നടക്കുന്ന പ്രേത കൊട്ടാരം പോലെ തോന്നിച്ചു . ക്യാപ്റ്റനും മറ്റു ഓഫീസര്‍മ്മാരും മാറി മാറി ചായ കുടിച്ചു തള്ളുന്നത് നോക്കി നില്‍ക്കാനേ സാധാരണ നാവികര്‍ക്ക് കഴിഞ്ഞുള്ളൂ . പക്ഷെ നാവികര്‍ക്കെല്ലാം ഓരോ ഗ്ലാസ് റം അനുവദിച്ചത് തെല്ലൊരു ആശ്വാസമായി . “Another island!”- “Ice ahead!” “Ice on the lee bow!” തുടങ്ങിയ അലര്‍ച്ചകള്‍ ഡെക്കില്‍ നിന്നും സ്ഥിരമായി മുഴങ്ങിക്കൊണ്ടേ ഇരുന്നു . അങ്ങിനെ ഒരു ദിവസം ഹോണ്‍ മുനമ്പ് ആകുന്നതിനു മുന്‍പ് തന്നെ ക്യാപ്റ്റന്‍ കപ്പലിനെ കിഴക്കോട്ട് തിരിക്കുന്നത് നാവികരുടെ ശ്രദ്ധയില്‍ പെട്ടു . കൂടുതല്‍ തെക്കോട്ട് ചെന്ന് അന്ട്ടാര്ട്ടിക്കന് കാലാവസ്ഥക്ക് തല വെച്ച് കൊടുക്കുന്നതിനു പകരം നന്നേ വീതി കുറഞ്ഞ മഗല്ലന് കടലിടുക്കിലൂടെ അറ്റ്ലാന്റ്റിക്കില്‍ എത്താനാണ് കപ്പിത്താന്റെ ശ്രമം . അനേകം പാറ കെട്ടുകളും ചെറു ദ്വീപുകളും ഉള്‍പ്പെടുന്ന മഗല്ലന് കടലിടുക്കിലൂടെയുള്ള യാത്ര തന്നെയാണ് ഐസ് ബര്‍ഗില്‍ ചെന്ന് ഇടിക്കുന്നതിനേക്കാള്‍ ഭേതം എന്ന് അദ്ദേഹം ചിന്തിച്ചു കാണണം . പക്ഷെ അവിടെയും വിധി അലെര്‍ട്ടിന് പ്രതികൂലമായിരുന്നു . ശക്തിയേറിയ കൊടുംകാറ്റും മൂടല്‍ മഞ്ഞും മഗല്ലനില് കൂടെയുള്ള യാത്ര തീര്‍ത്തും അസാധ്യമാക്കി . അതോടെ കപ്പല്‍ വീണ്ടും ഹോണ്‍ മുനപ്പിലേക്ക് തിരിച്ചു .
വീണ്ടും തെക്കോട്ട് യാത്ര തിരിച്ചതോടെ അപ്രത്യക്ഷമായ മഞ്ഞു മലകള്‍ വീണ്ടും അവിടവിടെയായി പൊന്തി വന്നു തുടങ്ങി . പിന്നെയും പഴയ ഭീകരാവസ്ഥ ആവര്‍ത്തിച്ചു . അലറി വിളികളും ഓടിചെല്ലലും നിരവധി തവണ ആവര്‍ത്തിച്ചു . Staten ദ്വീപ് കണ്ടപ്പോള്‍ ആവേശമൊന്നും തോന്നിയില്ല കാരണം ഡാനെയുടെ മനസ്സില്‍ ബോസ്റ്റന് തുറമുഖം മാത്രമായിരുന്നു . അവസാനം നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ അലെര്‍ട്ട് , ഹോണ്‍ മുനമ്പ് ചുറ്റി അറ്റ്ലാന്റില്ക്കില് പ്രവേശിച്ചു . ഇനി പ്രയാണം നേരെ വടക്കോട്ട് . ഇങ്ങോട്ട് പില്ഗ്രീമില് വന്നപ്പോള്‍ കണ്ട ദ്വീപുകളും കാഴ്ചകളും വീണ്ടും ആവര്‍ത്തിച്ചു . മഞ്ഞു കട്ടകള്‍ അകന്ന് അകന്ന് പോയി തുടങ്ങി . തണുത്തു വിറങ്ങലിക്കുന്ന ഹോണ്‍ മുന്പിലെ കാറ്റിനെക്കാള്‍ വ്യത്യസ്തമായി കുളിര് കോരുന്ന ഇളം കാറ്റ് അലെര്‍ട്ടിനെ തഴുകി തടവി . വിശാലമായ തെളിഞ്ഞ സമുദ്രവും ആകാശവും വീണ്ടും പ്രത്യക്ഷപ്പെട്ടു . നാവികര്‍ ഒരിക്കല്‍ കൂടി വീട് കിനാവ് കാണുവാന്‍ തുടങ്ങി . ഫോക് ലണ്ട് ദ്വീപുകളെ വഴിയിലെ കരിയിലകള്‍ പോലെ അവഗണിച്ചു . ആകാക്ഷയുടെ നാളുകള്‍ ഡാനെ പിറകോട്ടു എണ്ണുവാന്‍ തുടങ്ങി . ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച ട്രിനിഡാഡ് ദ്വീപ് തെളിഞ്ഞു വന്നു . ആഗസ്റ്റ് ഇരുപതാം തീയതി വെള്ളിയാഴ്ച നാലാം വട്ടവും ഡാനെ ഭൂമധ്യരേഖ ക്രോസ് ചെയ്തു . ഇനി ആകാശത്ത് മഗല്ലന് നക്ഷത്രങ്ങള്‍ ഉണ്ടാവില്ല . നല്ലൊരു കാറ്റ് കിട്ടി …. അലെര്‍ട്ട് മുന്നോട്ടു കുതിച്ചു . അങ്ങിനെ ഒടുവില്‍ ഡാനെ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ വിളി കെട്ടു ….. ഹുറേയ് !!!!!!!!!! ബോസ്റ്റണ്‍ !!!!
അങ്ങിനെ രണ്ടു കൊല്ലങ്ങള്‍ നീണ്ട ഡാനെയുടെ നാവിക ജീവിത്തിന്റെ അന്ത്യം കുറിച്ച് കൊണ്ട് കപ്പലില്‍ നിന്നും നീണ്ട സൈറന്‍ മുഴങ്ങി …Alert ബോസ്റ്റണ്‍ തുറമുഖത്ത് നങ്കൂരം ഇട്ടു . നിമിഷങ്ങള്‍ക്കുള്ളില്‍ കപ്പല്‍ തട്ട് ശൂന്യമായി ….. കരയില്‍ നിന്നും എത്തിയ വൃദ്ധനായ കപ്പല്‍ സൂക്ഷിപ്പുകാരന് അലെര്‍ട്ട് എന്ന കപ്പലിന്റെ ചുമതല ഏറ്റെടുത്തു …
(റിച്ചാര്‍ഡ് ഹെന്റി ഡാന )
—————————-
ലോക ക്ലാസിക്കായ മോബിഡിക്കിന്റെ രചയിതാവ് ഹെര്‍മന്‍ മെല്വിന് തന്റെ കൃതിയായ White-Jacket ല്‍ പറയുന്നത് ഇങ്ങനെ ആണ്
“But if you want the best idea of Cape Horn, get my friend Dana’s unmatchable Two Years Before the Mast. But you can read, and so you must have read it. His chapters describing Cape Horn must have been written with an icicle.”
1851 ല്‍ പ്രസിദ്ധീകരിച്ച ഹെര്‍മന്‍ മെല്‍വിന്റെ ‘മോബിഡിക്കിന്റെ രചനയിലും പിന്നീട് ഇറങ്ങിയ ഒട്ടനവധി കപ്പല്‍ കഥകളിലും ഡാനെ ചെലുത്തിയ സ്വാധീനം ചെറുതല്ല . അതെല്ലാം വെറും കഥകള്‍ മാത്രം ആയിരുന്നെങ്കില്‍ പക്ഷെ ഡാനെയുടെത് സ്വന്തം ജീവ ചരിത്രം തന്നെ ആയിരുന്നു . നടുക്കടലിലെ നാവികന്റെ യഥാര്‍ത്ഥ ജീവിതം അറിയാന്‍ ഡാനെയുടെ ഡയറിയിലെ ഈ മൂന്നു വരികള്‍ മാത്രം മതി ….
Tuesday, Nov. 11th. The same.
Wednesday. The same.
Thursday. The same.
“Two Years Before the Mast” ഇന്ന് വിശ്വസിക്കാവുന്ന ചരിത പുസ്തകമായി ലോകം വാഴ്ത്തുന്നു . പുസ്തകം ഇറങ്ങി കഴിഞ്ഞു ഒരു ഹീറോയുടെ പരിവേഷം കിട്ടിയ ഡാനെ പക്ഷെ നാവികരുടെ ജീവിതം ലഘൂകരിക്കുന്നതിനുള്ള നിയ നടപടികളില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത് . ഇന്ന്കാലിഫോര്ണിയയിലെ അനേകം സ്കൂളുകള്‍ക്ക് അവരുടെ ചരിത്രം രചിച്ച ഡാനെയുടെ പേര് തന്നെ ആണ് നല്കപ്പെട്ടിരിക്കുന്നത് . 1882 ജനുവരി ആറിന് റിച്ചാര്‍ഡ് ഹെന്റി ഡാന തന്റെ യാത്ര എന്നന്നേക്കുമായി അവസാനിപ്പിച്ചു .
ഇന്ന് ഡാന പോയിന്റില്‍ ചെന്നാല്‍ പില്ഗ്രീമിന്റെ അതേ പകര്‍പ്പില്‍ ഒരു ചെറു കപ്പല്‍ ഉണ്ടാക്കിയിരിക്കുന്നത് കാണാം . ഡാനെയുടെ പില്ഗ്രീമില് ഉണ്ടായിരുന്ന എല്ലാ “അസൌകര്യങ്ങള്‍” ഒക്കെയും ഇതിലും ഉണ്ട് . അതില്‍ കയറി കാലിഫോര്‍ണിയന്‍ തീരങ്ങളിലൂടെ ഒരു ചെറു യാത്ര നമ്മുക്കും ആവാം .
[wpdm_package id=’4131’]