ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ സമരമാർഗ്ഗത്തോടും കോൺഗ്രസ് ഹൈക്കാമാന്റിന്റെ നിലപാടിനോടും യോജിക്കാൻ കഴിയാതെ വന്നപ്പോൾ നേതാജി നേതൃത്വനിരയിൽ നിന്നും പിൻതിരിഞ്ഞു. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ‘Release me or I shall refuse’ എന്ന മുദ്രവാക്യം ഉയർത്തി ബോസ് ജയിലിൽ തുടങ്ങിയ നിരാഹാരസത്യാഗ്രഹം അദ്ദേഹത്തിന്റെ ജീവനെടുക്കും എന്ന സ്ഥിതി വന്നപ്പോൾ ബ്രിട്ടീഷ് സർക്കാർ ബോസിനെ കൽക്കത്തയിൽ എൽജിൻ റോഡിലെ തന്റെ വീടിന്റെ മുകൾ നിലയിലേക്ക് മാറ്റി വീട്ടുതടങ്കലിലാക്കി.
രണ്ടാം ലോകമഹായുദ്ധകാലഘട്ടം. നിരാഹാരം കൊണ്ടും പലവിധ രോഗങ്ങളാലും ആ 43കാരൻ ശാരീരികമായി തകർന്നിരുന്നു. ഇൻഡ്യയുടെ പൂർണ്ണസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുത്തൻ വഴികൾ തേടുകയായിരുന്നു നേതാജി. തന്റെ കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയാൽ തെരുവിനപ്പുറംകാവൽ മാടത്തില്‍ ഉറങ്ങാത്ത കണ്ണുകളുമായി തോക്കേന്തിയ പോലീസുകാർ പരസഹായത്തിന് അമ്മയെ കൂടാതെ തന്റെ ബന്ധുവായ ശർമ്മിളബോസും സഹോദരപുത്രനും കോളേജ്വിദ്യാർത്ഥിയുമായ ശിശിർകുമാർ ബോസും.
മാസങ്ങൾ കടന്നുപോയി പുറത്തു കടക്കുവാനുള്ള പദ്ധതി ശിശിർകുമാറിലൂടെ ആസൂത്രണം ചെയ്തു. ഒരു ദിവസം മുറിലേക്ക് മിയാൻ അക്ബർ ഷാ എന്ന് പേരുള്ള ഒരു അഫ്ഗാൻകാരൻ കടന്നു വന്നു. പാക്കിസ്ഥാനിലൂടെ കാബൂളിലെത്തി അവിടെനിന്നും റഷ്യയിലേക്ക് കടക്കുവാനുള്ള പദ്ധതിയുമായിട്ട്. മിയാൻ അക്ബർ ഷാ ബോസിന് യാത്രാ പദ്ധതികൾ വിവരിച്ചുകൊടുത്തു. അക്ബർ ഷായുടെ നിർദേശപ്രകാരം ബോസ് ഒരു മുസൽമാനെപ്പോലെ താടിവളർത്തി. അഫ്ഗാൻ ആചാരമര്യാദകൾ പഠിപ്പിച്ചു. കൽക്കത്തെ മാർക്കറ്റിൽ പോയി പഠാണികൾ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങികൊണ്ടുവന്നു. തീയതിയും നിശ്ചയിച്ചു. മുഹമ്മദ് സിയ ഉദിൻ എന്ന പേരാണ് അക്ബർ ഷാ നേതാജിക്ക് നൽകിയത്. പുകയുന്ന മനസ്സുമായി ദിവസങ്ങൾ തള്ളിനീക്കി.
1941 ജനുവരി 17ന് പുലർച്ചെ 1.35ന് ആയിരുന്നു ആ പലായനം. വിവരം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. സഹോദരപുത്രനും സഹയാത്രികനും ആയിരുന്ന ശിശിർകുമാർ ബോസും കസിൻ ശർമ്മിളയും മാത്രമാണ് എല്ലാ മറഞ്ഞിരുന്നത്. അന്ന് പതിവിന് വിപരീതമായി എല്ലാവരുമൊത്ത് അത്താഴം കഴിച്ചു. അമ്മ പ്രഭാവതി മകൻ സുഭാഷിന് വിളമ്പികൊടുത്തത് അമ്മ മകന് നൽകിയ അവസാന അത്താഴമായിരുന്നു എന്ന് ആ പാവം അമ്മ അറിഞ്ഞിരുന്നില്ല. പുലർച്ചെ 1.35ന് വീട് മുഴുവൻ ഉറങ്ങിയപ്പോൾ, തെരുവിനപ്പുറത്തെ കാവൽ മാടത്തിലെ കാവൽപട്ടാളം ഒന്ന് കണ്ണ ചിമ്മിയപ്പോൾ മുറ്റത്ത് കിടന്നിരുന്ന വാണ്ടറർ കാർ-BLA 7169 പുറത്തേക്ക് പോയി. അതിന്റെ പിൻസീറ്റിൽ മുഹമ്മദ് സിയാദ്ദിനായി നേതാജി ഇരുന്നു. വീട്ടിൽ നിന്നും രക്ഷപ്പെട്ട് കുറെദൂരം കഴിയുന്നതുവരെ നേതാജി കാറിന്റെ വാതിൽ അടക്കാതെ തുറന്നു പിടിച്ചിരുന്നു. ഇത് എന്തിനാണ് എന്ന് ചോദിച്ച ശിശിറിനോട് അദ്ദേഹം പറഞ്ഞു: “കാർ പോകുന്ന ശബ്ദം ആരെങ്കിലും കേട്ടാൽ തന്നെ വാതിൽ രണ്ടുതവണ അടക്കുന്നത് കേൾക്കരുത്. ഒരു തവണമാത്രം അടഞ്ഞ ശബ്ദം കേട്ടാൽ നീ തനിച്ച് പോയതാണെന്ന് കരുതിക്കോളാം.”
ഉറങ്ങിക്കിടന്ന ചൗരംഗി തെരുവിലൂടെ ഹൗറപ്പാലവും കടന്ന് ചരിത്രപ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡിലേക്ക് കയറി ബിർഭൂമിന്റെ ഇരുളിലൂടെ കാർ ഗോമോവ് റയിൽവേസ്റ്റേഷനിലെത്തി. അവിടെനിന്നും കൽക്കത്തെ മെയിലിൽ ഡൽഹിയിലേക്കും അവിടെ നിന്ന് ജർമ്മനിയിലേക്കും പോകുകയായിരുന്നു. പിന്നീട് നേതാജി ഇന്ത്യയിലേക്ക് വന്നില്ല.
1941ലാണ് നേതാജി ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. അതിന്റെ 75ാം വാർഷികമായിരുന്ന 2016ല്‍ കാർ പുതുക്കി പണിയാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. 1971ലായിരുന്നു ഈ കാര്‍ അവസാനമായി നിരത്തിലറങ്ങിയത്. അന്നു ഫിലിംസ് ഡിവിഷന്റെ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു കാർ അവസാനമായി ഓടിച്ചത്. ശിശിർ ബോസ് തന്നെയായിരുന്നു അന്നും കാർ ഓടിച്ചിരുന്നത്. എൻജിൻ കേടായ കാർ ഇത്രയും കാലം നേതാജി ഭവനിൽ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ചിരിക്കയായിരുന്നു.
1937ൽ അന്ന് ആട്ടോ യൂണിയൻ ആയിരുന്ന ഇപ്പോഴത്തെ ഓഡി കമ്പനി നിർമ്മിച്ചതാണ് ഈ കാർ. പുതുക്കി പണിയാൻ ഔഡി കമ്പനിയെ തന്നെ സമീപിച്ചു. ജർമ്മനിയിൽ കൊണ്ടുപോയി പണി നടത്താമെന്ന കമ്പനിയുടെ നിർദ്ദേശം അവർ തളി. ഓഡിയുടെ കൊൽക്കത്തയിലെ ഏജൻസി വിന്റേജ് കാറുകൾ പുതുക്കുന്ന പല്ലവ് സ്റ്റോയി എന്ന വിദദ്ധനെ ഏൽപ്പിച്ചു. അദ്ദേഹവും പന്ത്രണ്ട് മെക്കാനിക്കുകളും ആറു മാസം കൊണ്ടാണ് കാർ എൻജിൻ സഹിതം പുതുക്കിയത്.
കാറിന്റെ പല ഭാഗങ്ങളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു. ഡോർ, ചെസ്റ്റ്, ആഷ്, അപ്ഹോള്‍സ്ട്രി, വുഡന്‍ ഫ്രയിംസ്, ഫാബ്രിക് റൂഫ് ,പലറ്റ് ലാമ്പ്, ഡാഷ്ബോർഡ്, എൻജിൻ തുടങ്ങി സർവ്വ ഭാഗങ്ങളും പുതുക്കി പണിതു. ഡോറിന്റെ ആണികൾ അമേരിക്കയിൽ നിന്നും ടയറുകൾ ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്തു. തുരുമ്പിച്ച ഭാഗങ്ങളിൽ പുതിയ പെയിന്റടിച്ചതിനൊപ്പം അകത്തളത്തിലെ പ്രൗഢിക്ക് ഒട്ടും മങ്ങലേൽപ്പിക്കാതെ ചില മിനുക്ക്പണികളും നടത്തി.പെയിന്റിന്റെ ശരിക്കുള്ള നിറം ഒപ്പിക്കാനാണ് ഏറെ പാടുപെട്ടത്. കാറിന്റെ കാറ്റലോഗ് കിട്ടിയത് ഭാഗ്യമായി. രാവിലത്തെയും വൈകിട്ടത്തെയും സൂര്യപ്രകാശത്തിൽ കാറ്റലോഗിലെ കളർ മാറും. നട്ടുച്ചയ്ക്ക് നിറം മാറില്ലെന്ന് കണ്ടു. അങ്ങനെ ഒരു പെയിന്റ് കടയിൽ മഞ്ഞ, മജന്ത, പച്ച, ചുവപ്പ് നിറങ്ങൾ നീലയുടെ രണ്ട് ഷിന്ഡുമായി കലർത്തിയാണ് കാറ്റലോഗിലെ നിറത്തിലുള പെയിന്റ് റെഡിയാക്കിയത്.80 വര്‍ഷങ്ങള്‍ക്ക് മുൻപ് എങ്ങനെ ഉണ്ടായിരുന്നോ അതേപടി നിലനിർത്തിയിട്ടുമുണ്ട്.റിസര്‍ച്ച് ബ്യൂറോയുടെ അറുപതാം വാര്‍ഷിക വേളയില്‍ തറവാട്ടുവീട്ടിൽ നടന്ന ചടങ്ങില്‍ ബോണറ്റിന് മുന്നില്‍ ഇന്ത്യന്‍ പതാക വച്ച് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് വാഹനത്തിന്റെ അനാച്ഛാദന കർമം നിർവഹിച്ചു.ഇനി എല്ലാ ഞായറാഴ്ചകളിലും ഗ്യാരേജില്‍നിന്ന് പുറത്തിറക്കി സന്ദര്‍ശകര്‍ക്കായി വാന്‍ഡറര്‍ അല്പദൂരമെങ്കിലും ഓടിക്കുമെന്നും റിസർച്ച് അധികൃതർ വ്യക്തമാക്കി.
3500 ആര്‍പിഎമ്മില്‍ 42 എച്ച്പി കരുത്തുള്ള 1.8 ലിറ്റര്‍ എൻജിനാണ് ഈ ഫോര്‍ ഡോര്‍ സെഡാന് കരുത്തേകുന്നത്. മണിക്കൂറില്‍ 108 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗം.200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 2600 എംഎം വീല്‍ബേസ്, 40 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിക്കൊപ്പം 4280 എംഎം നീളവും 1645 എംഎം വീതിയും 1600 എംഎം ഉയരവുമാണ് ഈ വാൻഡറർ സെഡാനുള്ളത്. 1937-ല്‍ ജര്‍മന്‍ ആഢംബര വാഹനനിര്‍മാതാക്കളായ ഔഡി നിർമിച്ച വാഹനമാണ് വാന്‍ഡറർ. ഏതാണ്ട് 4680 രൂപയോളം വരും അന്നത്തെ ഈ സെഡാന്റെ വില.