ആസ്തിക തത്വചിന്തയും നാസ്തിക തത്വചിന്തയും
——–
പുരാതന ഭാരതീയ തത്വചിന്ത ഏകശിലാരൂപമായ ഒന്നായിരുന്നില്ല .പല തരത്തിലുള്ള ചിന്താധാരകളും നമ്മുടെ നാട്ടിൽ ഒരേ സമയം നിലനിന്നിരുന്നു .അവയെ പൊതുവെ ആസ്തികമെന്നും നാസ്തികമെന്നുമാണ് വിഭജിച്ചിട്ടുള്ളത് .ആസ്തിക ചിന്ത വേദങ്ങളുടെ പ്രാമാണ്യത്തെ അംഗീകരിക്കുന്നു നാസ്തിക ചിന്ത വേദങ്ങളുടെ പ്രാമാണികതയെ അംഗീകരിക്കുന്നില്ല .
ആസ്തക ചിന്തക്കും നാസ്തിക ചിന്തക്കും ഉള്ളിൽ തന്നെ വകഭേദങ്ങളുണ്ട് .ന്യായം ,വൈശേഷികം ,സാംഖ്യം ,യോഗം ,മീമാംസ ,വേദാന്തം എന്നിവരെയാണ് ആസ്തിക ചിന്താ ധാരകൾ . ബൗദ്ധ ,ജൈന, ചാർവാക ,ആജീവിക ചിന്താ ധാരകളാണ് നാസ്തിക ചിന്തയുടെ കൈവഴികൾ . പ്രപഞ്ചത്തിന്റെ ഗതി ഇശ്വരചൈതന്യത്താൽ നിയന്ത്രിതമാണെന്നാണ് ആസ്തിക ചിന്താധാരയുടെ പൊതു തത്വം .നാസ്തിക ചിന്താ ധാര സമഗ്രമായ ഒരു ഈശ്വര സങ്കല്പത്തെ നിരാകരിക്കുന്നു ..സ്ഥിരവും ചഞ്ചലവുമായ നിയമങ്ങളിലൂടെ എല്ലാം നടന്നുപോകുന്നു എന്നാണ് നാസ്തിക പക്ഷം .നാസ്തികതയിലെ ചർവക ചിന്താധാര നിയമങ്ങളെയും നന്മ ,തിന്മ സങ്കല്പത്തെയും വരെ നിരാകരിക്കുന്നു
———-
ആസ്തിക ചിന്താധാരകൾ
———-
ന്യായ ദർശനം
———-
ആസ്തിക ചിന്താധാരയാണ് ന്യായം ..എല്ലാത്തിനും നിയമങ്ങളുണ്ടെന്നും അവയനുസരിച്ചുവേണം പ്രവർത്തകനുള്ളത് എന്നുമാണ് ന്യായ ചിന്താധാര അടിവരയിട്ടു പറയുന്നത് .ശരിയായ അറിവിന്റെ അഭാവമാണ് എല്ലാ ദുഖത്തിനും കാരണം എന്ന് ന്യായ വാദികൾ സമർഥിക്കുന്നു .എന്തെകിലും നിലനില്കുന്നുണ്ടെങ്കിൽ അതിനെ അറിയാനും പറ്റും എന്ത് ന്യായചിന്തയുടെ ഒരു അടിസ്ഥാന പ്രമാണമാണ് .എല്ലാത്തിനെപ്പറ്റിയും മനുഷ്യർ അന്വേഷിക്കണം എന്നാണ് ന്യായ ചിന്ത മനുഷ്യന് നൽകുന്ന ഉപദേശം .ഋക് വേദത്തിലെ നാസാദിയ സൂക്തം ന്യായ ചിന്തയുടെ അടിസ്ഥാനമായി പല ചിന്തകരും കരുതുന്നു നാസാദിയ സൂക്തം പ്രപഞ്ചോല്പത്തിയുടെ കരണങ്ങളെപ്പറ്റിയാണ് ചർച്ച നടത്തുന്നത് .പ്രപഞ്ചോല്പത്തിയുടെ പല സാധ്യതകളെക്കുറിച്ചും ചർച്ചചെയ്യുന്ന നാസാദിയ സൂക്തം താപത്തിൽനിന്നും ( ഊർജ്ജത്തിൽനിന്നും) പ്രപഞ്ചം ഉണ്ടാകാൻ ഒരു സാധ്യത യുണ്ടെന്നു സമർഥിക്കുന്നു ..ഒന്നിനെ പറ്റി അന്വേഷിക്കുമ്പോൾ എല്ലാ സാധ്യതകളെയും പരിഗണിക്കണമെന്നും ,തീരുമാനത്തിലെത്തിച്ചേരേണ്ടതു ബുദ്ധിയും യുക്തിയും ശരിയെന്നു സമർദ്ധിക്കപെട്ട പ്രമാണങ്ങളുടെ പിന്ബലത്തിലുമായിരിക്കണമെന്നു ന്യായ ശാസ്ത്ര പ്രമാണങ്ങൾ ഉപദേശിക്കുന്നു
ഈശ്വരന്റെ അസ്തിത്വത്തെ കുറിച്ച് ന്യായ ചിന്ത അന്തിമമായ ഒരു തീർപ് കല്പിക്കുന്നില്ല .ചില വിശകലനങ്ങൾ ഇശ്വരന്റെ അസ്തിത്വം തെളിയിക്കുന്നു എന്നും മറ്റുചില വിശകലനങ്ങൾ നിരാകരിക്കുന്നു എന്നും ന്യായ ചിന്ത വെളിപ്പെടുത്തുന്നു ,.നിർണായകമായ ഒരു തെളിവിന്റെ അഭാവത്തിൽ ഒരു അന്തിമമായ തീർപ് ന്യായ ചിന്ത നൽകുന്നില്ല .എന്നിരുന്നാലും പ്രപഞ്ചത്തിലെ കാര്യകാരണങ്ങൾ വിശകലനം ചെയ്യുമ്പോൾ ഒരു നിയതാവിന്റെ സാന്നിധ്യം ദർശിക്കാൻ കഴിയുമെന്നും അതിനാൽ ഈശ്വരവിശ്വാസം യുക്തിസഹമല്ലാത്ത ഒന്നല്ല എന്ന് ന്യായചിന്ത പറയുന്നു . അക്ഷപാദ ഗൗതമൻ മൂവായിരം വര്ഷങ്ങള്ക്കുമുന്പ് രചിച്ച ന്യായ സൂക്തമാണ് ന്യായ ചിന്തയുടെ പുരാതനമായ പ്രാമാണിക ഗ്രൻഥം
————-
വൈശേഷിക ദർശനം
—-
ആസ്തിക ദർശനങ്ങളിൽ പെട്ടതാണ് വൈശേഷിക ദർശനം .വൈശേഷിക ദർശന പ്രകാരം എല്ലാ വസ്തുക്കളും പരമാണുക്കളാൽ നിർമ്മിതമാണ് ,പരമാണുക്കൾ പല രീതിയിൽ വ്യത്യസ്തമായി വിന്യസിക്കപെടുമ്പോൾ വിവിധതരം മൂർത്തമായ വസ്തുക്കളുണ്ടാകുന്നു ,കാണുന്ന വസ്തുക്കളെല്ലാം ദ്രവ്യം ,ഗുണം ,കർമ്മ ,സമന്യ,വിശേഷ ,സമവായ എന്നിവയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് വസ്തുക്കളുടെ സത്വം നിര്വചിക്കപെടുന്നനത് .ഇതിൽ ”വിശേഷ” എന്ന അംശമാണ് വസ്തുക്കൾക് വെവ്വേറെ അസ്തിത്വവും സ്വഭാവങ്ങളും നൽകുന്നത് .
വൈശേഷിക സിദ്ധാന്തപ്രകാരം ത്രസരേണു ,ദ്വായ്അണുക,പരമാണു എന്നിവയാണ് അസ്തിത്വമുള്ള കണങ്ങൾ.ഇതിൽ പരമാണുവാണ് ഏറ്റവും സൂക്ഷ്മമായിട്ടുള്ളത് .പരമാണുകളെ നശിപ്പിക്കാനോ നിർമിക്കാനോ സാധിക്കില്ല ..ഓരോ പരമാണുവും അദ്വിതീയമായ വിശേഷങ്ങൾ ഉള്ളവയാണ് .ഓരോ പരമാണുവും തനതായ അസ്തിത്വങ്ങളാണ് . കാണാദ മഹർഷിയാണ് വൈശേഷിക ദർശനത്തിന്റെ പരമാചാര്യൻ .അദ്ദേഹം രചിച്ച വൈശേഷിക സൂത്രമാണ് പ്രമാണ പുസ്തകം .ഇന്നേക്ക് 2600 വര്ഷം മുൻപാണ് കാണാദ മുനി ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു
വൈശേഷിക ദർശനം ഈശ്വരന്റെ അസ്തിത്വം അംഗീകരിക്കുന്നു .വസ്തുക്കൾക്ക് വൈശേഷികമായ ഗുണങ്ങൾ നൽകിയ നിയതാവായാണ് വൈശേഷിക ദർശനം ഈശ്വര സങ്കല്പത്തെ കാണുന്നത് .പരമാത്മാവാണ് ഈശ്വരൻ എന്നാണ് വൈശേഷിക മതം
——–
സാംഖ്യ ദർശനം
—–
ആസ്തിക ദ്വൈത ദർശനമാണ് സംഖ്യം . ബോധവും( ആത്മാവും ) ,പ്രകൃതിയും (വസ്തുവും ) ചേർന്നതാണ് പ്രപഞ്ചം എന്നാണ് സാംഖ്യ ദർശനം സമർത്ഥിക്കുന്നത് .വസ്തുവും ബോധവും കൂടിച്ചേരുമ്പോൾ ജീവൻ ഉണ്ടാകുന്നു
മൂന്ന് ഗുണങ്ങൾ ഉണ്ടെന്നു സാംഖ്യ സംഹിതകൾ പറയുന്നു . സത്ത്വ ,രജസ്വ ,താമസ എന്നിവയാണ് ഗുണങ്ങൾ .നന്മതിന്മകളെല്ലാം ഈ ഗുണങ്ങളുടെ വിതരണത്തിൽനിന്നാണുണ്ടാകുന്നത് ശ്വേതശ്വേതര ഉപനിഷത്തിൽ സംഖ്യ സിദ്ധാന്തത്തിന്റെ മൂല രൂപം ദർശിക്കാം .ഭഗവത് ഗീതയുടെ ഒരധ്യായം തന്നെ സാംഖ്യ ദർശനത്തിന്റെ വിവരണത്തിനായി മാറ്റിവച്ചിരുന്നു .സംഖ്യാ സിദ്ധാന്ത പ്രകാരം കാരണം ഇല്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല ..സൃഷ്ടിയുടെയും ,പ്രളയത്തിന്റെയും അനുസ്യുതമായ പ്രവാഹമാണ് കാണപ്പെടുന്ന പ്രപഞ്ചം .നിരന്തരമായ പരിണാമമാണ് പ്രപഞ്ചത്തിന്റെ തനതായ സ്വഭാവമെന്നും .ഈ പരിണാമത്തെയെല്ലാം ദർശിച്ചുകൊണ്ടു നിർഗുണനും നിരാകാരനുമായ പരമാത്മാവ് എല്ലായിടവും നിറഞ്ഞു നില്കുന്നു എന്നും സംഖ്യ സിദ്ധാന്തം സമർത്ഥിക്കുന്നു .ജീവികളിലുള്ള ആത്മാവും ,പ്രാപഞ്ചിക ആത്മാവും രണ്ടാണെന്നത് സാംഖ്യൻ മാർ പറയുന്നത് .
കപില മുനിയാണ് സാംഖ്യ സിദ്ധാന്തത്തിന്റെ ആചാര്യനായി കരുതപ്പെടുന്നത് .വേദങ്ങളിൽ ഇദ്ദേഹത്തെ ഒരു ആചാര്യനായി വാഴ്ത്തുന്നു .പരമാത്മ സങ്കൽപം ഈശ്വര സങ്കല്പത്തിന് സമമാണെന്നുമല്ലെന്നും വാദിക്കുന്നവരുണ്ട് ..പരമാത്മാവാണ് ഈശ്വരൻ ,ഈശ്വരൻ തന്നെ പരമാത്മാവ് എന്ന ഒരു നിലപാടാണ് പല സംഖ്യാചാര്യന്മാരും സ്വീകരിച്ചിട്ടുള്ളത് .അതിപുരാതനമായ സാംഖ്യ ദർശന ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടുപോയി എന്നാണ് കരുതപ്പെടുന്നത് .ഈശ്വര കൃഷ്ണൻ രചിച്ച സാംഖ്യ കാരികയാണ് ഇപ്പോൾ ലഭ്യമായ പ്രമാണ ഗ്രന്ഥം
———-
യോഗ ദർശനം
—-
സംഖ്യാ ദര്ശനവുമായ പൊതു സാമ്യമുള്ള ആസ്തിക ദർശനമാണ് യോഗ ദർശനം.സംഖ്യ ദര്ശനത്തിലെ തത്വങ്ങൾ യോഗ ദർശനം പൊതുവായി അംഗീകരിക്കുന്നു , സത്വ, രാജസ , താമസ ഗുണങ്ങളുടെ പ്രസക്തി അംഗീകരിക്കുന്നതിനൊപ്പം യമ നിയമങ്ങളുടെ ആശയം കൂടി യോഗ ദർശനം മുന്നോട്ട് വക്കുന്നു .ശരിയായ ജീവിതത്തിനുള്ള നിർദേശങ്ങളാണ് യമങ്ങൾ.അഞ്ചു യമങ്ങളാണ് യോഗ ദർശനം മുന്നോട്ടു വക്കുന്നത്. അഹിംസ, സത്യം ,കളവില്ലായ്മ,,ബ്രഹ്മചര്യം .,തന്റേതെന്ന ഭാവമില്ലായ്മ എന്നിവയാണ് യമങ്ങൾ.അഞ്ചു നിയമങ്ങളും യോഗ ശാസ്ത്രം മുന്നോട്ടു വക്കുന്നു . ശൗചം ,സന്തോഷം ,തപസ്,സ്വാധ്യായം (തന്നെയുള്ള പഠനം ), ഈശ്വര പ്രണിധാനം (ഈശ്വരനെ അറിയാൻ ശ്രമിക്കൽ ) എന്നിവയാണ് നിയമങ്ങൾ .
ജ്ഞാനത്തിലൂടെ മാത്രം മോക്ഷം ലഭിക്കുമെന്ന് സാംഖ്യർ സിദ്ധാന്തിക്കുമ്പോൾ ജ്ഞാനവും ചിട്ടയായ ചര്യകളും മോക്ഷ പ്രാപ്തിക് ആവശ്യമാണെന്ന് യോഗ സിദ്ധാന്തം കരുതുന്നു . പതഞ്ജലി മഹർഷിയുടെ യോഗ സൂത്രമാണ് യോഗ ദർശനത്തിന്റെ പ്രമാണ ഗ്രന്ഥം . യോഗ വാസിഷ്ഠവും യോഗ ദർശനത്തിന്റെ ആരാധികാരിക ഗ്രന്ഥമായി കരുതപ്പെടുന്നു .സ്വയം അറിവുനേടാനും സ്വയം ഈശ്വരനെ കണ്ടെത്താനും ശ്രമിക്കണമെന്നുമുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ് ഗോഗദർശനം മുന്നോട്ടു വൈകുന്നത്
————
മീമാംസ ദർശനം
—
എല്ലാത്തിനെയും വിമർശന ബുദ്ധിയോടെ സമീപിക്കണമെന്ന ആശയമാണ് മീമാംസ ദർശനം മുന്നോട്ടു വക്കുന്നത് .മീമാംസ ദർശനത്തിനു പല കൈവഴികൾ ഉണ്ട് .ആശയത്തിൽ കൈവഴികൾ പൊതു സാമ്യം നിലനിർത്തുന്നു ,ആസ്തിക ദർശനമാണ് മീമാംസ .മീമാംസക്കർ ആചാരങ്ങൾക്കു പ്രാമുഖ്യം നൽകുന്നു .സന്യാസത്തെയും ,സിദ്ധി കളെയും മീമാംസ ദർശനം അംഗീകരിക്കുന്നില്ല .
ഈശ്വര സങ്കല്പംമീമാംസകരെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒന്നല്ല ..കാണുന്ന കാര്യങ്ങൾ തെളിവുകളിലൂടെ ബോധ്യപ്പെടണമെന്നാണ് അവർ വാദിക്കുന്നത് .എല്ലാത്തിനും തെളിവുനൽകാൻ ആരാലും സാധിക്കില്ല എന്ന് മീമാംസചിന്ത സമർത്ഥിക്കുന്നു .നമുക്ക് മനസ്സിലാക്കാനും തെളിയിക്കാനും കഴിയാത്ത കാര്യങ്ങൾ ഈശ്വരനിൽ ആധാരമാകാം എന്ന നിലപാടാണ് മീമാംസകരായ ആചാര്യന്മാർ എടുത്തിട്ടുള്ളത് ..ധർമവും അതിനനുസരിച്ചിട്ടുള്ള കർമവുമാണ് മീമാംസക്കർ നിർദേശിക്കുന്നത് .ധർമത്തിന് അവർ അവലംബമാകുന്നുനത് വേദത്തെയാണ് .
ജൈമിനി മഹർഷി രചിച്ച പൂർവ മീമാംസ സൂത്രമാണ് മീമാംസ ദർശനത്തിന്റെ പ്രമാണ ഗ്രന്ഥം .ഭാഷക്കും ,ഗണിതത്തിനും മീമാംസ ദർശനത്തിൽ ഗണ്യമായ പ്രാധാന്യം നൽകിയിട്ടുണ്ട്
————
വേദാന്ത ദർശനം
—-
വേദാന്ത ദർശനം അദ്വൈത വേദാന്ത ദർശനം എന്നും അറിയപ്പെടുന്നു.ജീവാത്മാവ് പരമാത്മാവിൽ നിന്നും ഭിന്നമല്ല എന്നും ജീവാത്മാ പരമാത്മ ഐക്യം സ്ഥാപിച്ചെടുക്കാൻ മനുഷ്യജന്മത്തിൽ കഴിയും എന്നും അദ്വൈത വേദാന്ത ദർശനം കരുതുന്നു .ഭാരതത്തിൽ ഉരുത്തിരിഞ്ഞ ഏറ്റവും പുരാതനവും ,ഇപ്പോഴും നിലനിൽക്കുന്നതും ,ഭാരതീയ തത്വചിന്തയുടെ കൈവഴികളിൽ ഏറ്റവും പ്രശസ്തവും ആണ് അദ്വൈത വേദാന്തം .മോക്ഷം എന്നത് ഈ ജീവിതത്തിൽ തന്നെ നേടിയെടുക്കാവുന്ന ഒന്നാണെന്നാണ് അദ്വൈത മതം .
അദ്വൈത വേദാന്തത്തിന്റെ പ്രാമാണികരായ കരുതുന്നത് വ്യാസമഹർഷിയുടെ പരമ്പര മുതലാണ് .
അദ്വൈതം ഭൗതികമായ എല്ലാത്തിനെയും അംഗീകരിക്കുന്നു ,മനുഷ്യജീവിതം പുരുഷാർത്ഥങ്ങളിലൂടെ മാത്രമേ പൂർണമാകൂ എന്നും പുരുഷാര്ഥങ്ങളുടെ അന്തിമമായ പടിയാണ് മോക്ഷം എന്നുമാണ് അദ്വൈത സങ്കൽപം ..”അയം ആത്മ ബ്രഹ്മ” –ഈആത്മാവു തന്നെയാണ് പരമാത്മാവായ ബ്രഹ്മം എന്ന മാണ്ഡൂക്യ ഉപനിഷതിലെ മഹാവാക്യം അദ്വൈത വേദാന്തത്തിന്റെ ആധാര ശിലകളിലൊന്നാണ് .ആർക്കും മനസ്സിലാക്കാവുന്ന നിത്യ സത്യങ്ങളെ ഇവിടെയുളൂ എന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക് ശ്രവണ ,മനന,നിധിധ്യാസനങ്ങളിലൂടെ അവയെ മനസ്സിലാക്കാം എന്നും അദ്വൈത വേദാന്തം ഉദ്ഘോഷിക്കുന്നു .
മുഖ്യ ഉപനിഷത്തുകളും ( ഈശ ,കേന .കഠ ,പ്രശ്ന ,മാണ്ഡൂക്യ ,മുണ്ടക,ബ്രിഹദാരണ്യക ,ഛാന്ദോഗ്യ ,ഐതരേയ ,തൈത്തരീയ ഉപനിഷത്തുകൾ ) ,ബ്രഹ്മ സൂത്രവും ,ഭഗവത് ഗീതയുമാണ് അദ്വൈത ചിന്തയുടെ പ്രമാണ ഗ്രന്ഥങ്ങൾ
=======
നാസ്തിക ചിന്താധാരകൾ
——-
ചാർവാക ദർശനം
—-
തികഞ്ഞ നാസ്തിക വാദമാണ് ചാർവാക ദർശനം .വേദങ്ങളുടെ പ്രാമാണ്യത്തെയോ ഈശ്വരന്റെ അസ്തിത്വത്തെയോ ചാർവാക ദർശനം അംഗീകരിക്കുന്നില്ല .വേദങ്ങൾ ധന മോഹികളായ പുരോഹിതർ രചിച്ചതാണെന്നാണ് ചാർവാകൻ പറയുന്നത് .
സാമൂഹ്യ തലത്തിലോ വ്യക്തി തലത്തിലോ ഒരു മൂല്യങ്ങളെയും അവർ അംഗീകരിക്കുന്നില്ല .കണ്ണുകൊണ്ടു കാണുന്നത് മാത്രമേ വിശ്വസിക്കാവൂ എന്നും ആവുന്നത്ര ഭൗതിക വിജയം നേടുക മാത്രമാണ് ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം എന്നും ചാർവാകൻ പറയുന്നു .
ചാര്വാകരുടെ ഒരു പ്രധാന തത്വം ”കടം വാങ്ങി സുഖമായി ജീവിക്കണമെന്നും ,കടം തിരിച്ചു കൊടുക്കാൻ ശ്രമിക്കരുത് എന്നുമാണ് ”..ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നതിനാൽ ചാര്വാകർക്കു മറ്റു ദർശനങ്ങളുടെ വിശ്വാസ്യത കിട്ടിയിരുന്നില്ല .എന്നിരുന്നാലും ചാർവാക ദർശനത്തിന്റെ ആചാര്യന്മാരെ ,മറ്റു ദർശനങ്ങളുടെ ആചാര്യന്മാർക് തുല്യരായാണ് കണ്ടിരുന്നത് .ചാർവാകരേ ഒരു തരത്തിലും ഉപദ്രവിക്കരുത് എന്നത് പുരാതന ഭാരതത്തിലെ രാജ ധർമത്തിന്റെ ഭാഗമായിരുന്നു .രാജാവ് എത്രത്തോളം സഹിഷ്ണത പാലിച്ചിരുന്നു എന്നതിന്റെ അളവുകോൽ ചാര്വാകർക്കു രാജ്യത്ത് എത്ര സ്വാതന്ത്ര്യം ഉണ്ട് എന്നതിനെ ആശ്രയിച്ചായിരുന്നു വനത്തിൽ തന്നെ കാണാൻ വന്ന ഭരതനോട് ശ്രീ രാമൻ തിരക്കുന്ന ഒരു കാര്യം അയോധ്യയിൽ ഇപ്പോഴും ചാര്വാകർക്കു സുഖം തന്നെയല്ലേ എന്നാണ് .
ബ്രിഹസ്പത്യ സൂത്രമാണ് ചാർവാക ദർശനത്തിന്റെ പ്രമാണ ഗ്രൻഥം .ഈ ഗ്രന്ധത്തിൻറെ മൂലരൂപം ഇപ്പോൾ ലഭ്യമല്ല .വൈദേശിക ആധിപത്യം മൂലം പന്ത്രണ്ടാം ശതകത്തിനുശേഷം ചാർവാക ദർശനം തത്വചിന്ത തലത്തിൽ ഭാരതത്തിൽ നിന്ന് തുടച്ചു നീക്കപെട്ടു .പിന്നീട് ലോകായതം എന്ന പേരിൽ ചില പ്രമാണങ്ങൾ പ്രചരിച്ചു .ലോകായതം ചാർവാക ദർശനത്തിന്റെ ഭാഗമാണോ എന്നതിനെ പറ്റി തർക്കം ഇന്നും നിലനിൽക്കുന്നു
————-
അജീവിക ദർശനം
—-
അജീവിക ദർശനം നാസ്തിക ദർശനമാണ് .വേദങ്ങളെ നിരാകരിച്ചിരുന്നുവെങ്കിലും ആത്മാവിന്റെ അസ്തിത്വം അവർ അംഗീകരിച്ചിരുന്നു .നിയതി എല്ലാം തീരുമാനിക്കുന്നു എന്നും ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങൾ മൂലമാണ് പ്രപഞ്ചം നിലനിന്നു പോകുന്നതുമെന്നും ആജീവകർ വിശ്വസിക്കുന്നു .നിർജീവ വസ്തുക്കൾക്കും ആത്മാവുണ്ടെന്നാണ് ആജീവകാരുടെ പക്ഷം
മൗര്യ ചക്രവർത്തി ബിന്ദുസാരൻ ആജീവക സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നതായാണ് സൂചനകൾ വെളിവാക്കുന്നത്..ബുദ്ധ സന്യാസിമാരുടെ രീതികളെ ആജീവകർ ആശയപരമായി എതിർത്തിരുന്നു ..നാസ്തികനായ ബൗദ്ധർ എന്തിനാണ് ബുദ്ധന് ദെയ്വീക പരിവേഷം നൽകുന്നത് എന്ന ആജ്ജീവകാരുടെ ചോദ്യം ബുദ്ധ മത പ്രമാണിമാരെ അലട്ടുകയും അലോസരപ്പെടുത്തുകയും ചെയ്തു .ബൗദ്ധ വിശ്വാസിയായ ചക്രവർത്തി അശോകൻ തന്റെ സാമ്രാജ്യത്തിലുള്ള ആജീവകരെ മുഴുവൻ വധിക്കുകയും ,അവശേഷിച്ച ചിലർ ദക്ഷിണേന്ത്യയിലേക്കു രക്ഷപെടുകയും ചെയ്തു . പതിനാലാം ശതകം വരെ ദക്ഷിണേന്ത്യയിൽ അപൂർവ്വമായെങ്കിലും ആജീവക സന്യാസിമാർ നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട് .
മകാലി ഗോശാലൻ എന്ന മഹർഷിയാണ് ആജീവകാരുടെ ആചാര്യനായി കരുതുന്നത് .ഗൗതമ ബുദ്ധന്റെ സമകാലികനായിരുന്നു അദ്ദേഹം ..ആജീവക ദർശനത്തിന്റെ പ്രമാണ ഗ്രന്ഥങ്ങൾ ഒന്നും മൂലരൂപത്തിൽ ലഭ്യമല്ല .ആജീവക ആചാര്യന്മാരെയും സന്യാസിമാരെയും വധിച്ച കൂട്ടത്തിൽ ചക്രവർത്തി അശോകൻ അവരുടെ ഗ്രൻഥങ്ങളും കണ്ടുകെട്ടി നശിപ്പിച്ചതാകാം എന്ന ഒരനുമാനം നിലവിലുണ്ട്