പുറത്തേക്ക് തള്ളി ഒഴുക്കുന്ന ജലത്തിന്‍റെ അളവ് നോക്കിയാല്‍ ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് സയര്‍ (Zaire River) എന്നും വിളിപ്പേരുള്ള കോംഗോ . ഭൂമിയിലെ ഏറ്റവും ആഴമുള്ള നദി (220 m) എന്ന ബഹുമതിക്ക് അര്‍ഹനായ കോംഗോ , നീളത്തില്‍ നൈലിന് പിറകില്‍ ആഫ്രിക്കയില്‍ രണ്ടാമനും (4,700 km ) ലോകത്ത് ഒന്‍പതാമത്തെ നദിയും ആണ് . സാംബിയയുടെ അതിര്‍ത്തികളില്‍ നിന്നും പ്രയാണം ആരംഭിച്ച് ആദ്യം വടക്കോട്ടും പിന്നെ തെക്കോട്ടും ഗതി മാറി ഒഴുകി അവസാനം അറ്റ്‌ലാന്‍റ്റിക്ക് സമുദ്രത്തിന്‍റെ മടിത്തട്ടില്‍ ലയിക്കുന്നതിനു മുന്‍പ് കോംഗോ രണ്ടു പ്രാവിശ്യം ഭൂമധ്യരേഖ മറികടക്കുന്നുണ്ട് . നാല് മില്ല്യന്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോംഗോ നദീ തടം (Congo Basin) ആഫ്രിക്കയുടെ മൊത്തം കരഭൂമിയുടെ പതിമൂന്നു ശതമാനത്തോളം വരും ! സെക്കണ്ടില്‍ 1.2 മില്ല്യന്‍ കുബിക് അടി ജലം പമ്പ് ചെയ്യുന്ന ഈ ഭീമന്‍ നദിക്കു ചിലയിടങ്ങളില്‍ പത്തു മൈല്‍ വരെ വീതിയുണ്ട് . നദിയുടെ ഏകദേശം 650 മൈല്‍ ദൂരത്തോളം എല്ലാക്കാലവും ഗതാഗതയോഗ്യമാണ് . അപൂര്‍വ്വവും വിവിധങ്ങളുമായ മനുഷ്യ വര്‍ഗ്ഗങ്ങളും , വന്യജീവികളും , വൈവിധ്യമാര്‍ന്ന ഭൂവിഭാഗങ്ങളും , ഇരുമ്പും , കോപ്പറും , യുറേനിയവും , ഡയമണ്ടും വിളയുന്ന മണ്ണും അകമ്പടിയായുള്ള കോംഗോ , അനേകം സംസ്കാരങ്ങളെയും പട്ടണങ്ങളെയും തഴുകിയും , ശിക്ഷിച്ചും ആണ് തന്‍റെ പ്രയാണത്തിലെ ഓരോ അളവും പൂര്‍ത്തിയാക്കുന്നത് . 1390 ല്‍ തുടങ്ങി ഒരു നീണ്ട കാലത്തോളം ഈ നദീ തടം ഭരിച്ചിരുന്ന മാണികോംഗോകളുടെ (Manikongo) കോംഗോ സാമ്രാജ്യത്തില്‍ നിന്നുമാണ് ഈ മഹാനദി പേര് കടം കൊണ്ടത് . എന്നാല്‍ ഇപ്പോഴാകട്ടെ രണ്ടു രാജ്യങ്ങള്‍ ഈ നദിയില്‍ നിന്നും പേര് കടം കൊണ്ടിരിക്കുന്നു , Republic of the Congo യും പിന്നെ Democratic Republic of the Congo യും ! ഭൂമധ്യ രേഖക്ക് മുകളിലും താഴെയും ആയുള്ള നദിയുടെ ഒഴുക്ക് കാരണം , ഇത് കടന്നു പോകുന്ന ഏതെങ്കിലും ഒരു ഭാഗത്ത് എപ്പോഴും മഴക്കാലമായിരിക്കും . അതിനാല്‍ തന്നെ കോംഗോ നദിയിലെ നീരൊഴുക്ക് ഏറെക്കുറെ സ്ഥിരമാണ് .
കോംഗോ മഴക്കാടുകള്‍
================
ആമസോണ്‍ കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍ ആണ് കോംഗോ നദീ തീരത്തുള്ളത് . സാവന്നകളും , പുല്‍മേടുകളും , ഇടതൂര്‍ന്ന നിബിഡ വനങ്ങളും ചേര്‍ന്ന ഒരു അത്ഭുത ഭൂമിയാണ് കോംഗോ നദി നമ്മുക്കായി ഒരുക്കിയിരിക്കുന്നത് . കുറിയ മനുഷ്യരായ പിഗ്മികള്‍ ഉള്‍പ്പടെ നൂറുകണക്കിന് മനുഷ്യ ഗോത്രങ്ങള്‍ അധിവസിക്കുന്ന കോംഗോ നദീ തടത്തില്‍ ആയിരക്കണക്കിന് വര്‍ഗ്ഗങ്ങളില്‍ പെട്ട പക്ഷി മൃഗാദികള്‍ അലഞ്ഞു തിരിയുന്നു . ആറു രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ഈ വന സാമ്രാജ്യം അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയിലെ മൃഗശാലയാണ് . ലോകത്ത് വന നശീകരണ തോത് ഏറ്റവും കുറവുള്ള മഴക്കാടുകള്‍ ആണ് കോംഗോയിലെത് എന്ന അറിവ് നമ്മെ ആശ്ചര്യപ്പെടുത്തും ! ഒരേ സമയം സീബ്രയെയും ജിരാഫിനെയും അനുസ്മരിപ്പിക്കുന്ന ഒകാപി (okapi) , ബോണോബോ ( bonobo) എന്ന കുള്ളന്‍ ചിമ്പാന്‍സി , മ്ബുലു (mbulu) എന്ന ആഫ്രിക്കന്‍ മയില്‍ തുടങ്ങിയ ജീവ വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ ഇവിടെ മാത്രമേ ഉള്ളൂ . ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്കോംഗോയിലെ ചതുപ്പ് നിറഞ്ഞ കൊടും വനങ്ങങ്ങള്‍ (Central Congolian lowland forests) ഉയരം കുറഞ്ഞ forest elephants ന്‍റെ വിഹാര കേന്ദ്രങ്ങള്‍ ആണ് . ബോണോബയും , ബ്രസാസ് കുരങ്ങും (De Brazza’s monkey), മാന്ഗബെയും (crested mangabey ), ലോ ലാന്‍ഡ് ഗോറില്ലയും (lowland gorilla) ഇരുള്‍ മൂടിയ വനങ്ങളുടെ വൃക്ഷത്തലപ്പുകളെ സജീവവും ശബ്ദമുഖരിതവും ആക്കുന്നു . മനുഷ്യന്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള സലോന്ഗാ കുരങ്ങുകള്‍ (Dryas monkey) ആകെ ഇരുന്നുറെണ്ണത്തില്‍ കൂടുതല്‍ ഈ നദീ തടത്തില്‍ അവശേഷിച്ചിട്ടില്ല !
The heart of darkness
==============
കോംഗോ നദീ തടത്തെ “ഇരുളിന്‍റെ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത് ഇംഗ്ലീഷ് എഴുത്തുകാരന്‍ Joseph Conrad ആണ് . നദിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഡതകളും , നട്ടുച്ചക്കും സൂര്യപ്രകാശം ഭൂമിയില്‍ പതിയ്ക്കാത്തത്ര മേല്ക്കാടുകള്‍ നിറഞ്ഞ ഘോര വനങ്ങളും , വിചിത്രാചാരങ്ങളുള്ള അപൂര്‍വ്വ ഗോത്ര മനുഷ്യരും , നദിയെയും കാടിനേയും ചുറ്റിപ്പറ്റിയുള്ള അവരുടെ മാന്ത്രിക കഥകളും ആവാം ഇങ്ങനെ വിശേഷിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . ഇതേ നദിയിലൂടെയാണ് ഡേവിഡ് ലിവിംഗ്സ്റ്റണിനെ തേടി സ്റാന്‍ലി തന്‍റെ വിഖ്യാതമായ ആഫ്രിക്കന്‍ പര്യടനം നടത്തിയത് .
നദിയുടെ ചരിത്രം – തുടക്കവും , ഒഴുക്കും , ഒടുക്കവും
==============================
എണ്ണായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ കോംഗോ നദീ തീരത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായി ആണ് തെളിവുകള്‍ സൂചിപ്പിക്കുന്നത് . ബാന്‍ടു (Bantu ) സംസാരിക്കുന്ന ജനതകള്‍ ഏകദേശം രണ്ടായിരം വര്‍ഷങ്ങളായി കോംഗോ നദീതീരത്ത് മീന്‍പിടിച്ചും വേട്ടയാടിയും ജീവിക്കുന്നുണ്ട് . പിന്നീട് 1300 കളില്‍ കോംഗോ സാമ്രാജ്യം സ്ഥാപിതമായി . 1482 ല്‍ പോര്‍ച്ചുഗീസ് പര്യവേഷകനായ Diogo Cão (Diogo Cam എന്ന് വായിക്കണം ) ആണ് ഈ ഇരുണ്ട സാമ്രാജ്യം വെള്ളക്കാര്‍ക്ക് കാണിച്ചു കൊടുത്തത് . പക്ഷെ അവസാനത്തെ 220 മൈലുകളില്‍ മുപ്പത്തിരണ്ടോളം ജലപാതങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന കോംഗോ നദി പിന്നീടുള്ള മുന്നൂറോളം വര്‍ഷങ്ങള്‍ കാര്യമായ പര്യവേഷങ്ങള്‍ക്ക് വിലങ്ങു തടിയായി നിന്നു . ആയിരത്തിയെണ്ണൂറുകളില്‍ പോര്‍ച്ചുഗീസുകാര്‍ Katanga മേഖലയില്‍ ചെമ്പു ഖനനത്തിനായി എത്തിയപ്പോള്‍ അറബികള്‍ ആനക്കൊമ്പിനും അടിമകള്‍ക്കുമായി ഇരുണ്ട ഘോര വനങ്ങള്‍ കയറിയിറങ്ങി . 1871 ല്‍ സ്കോട്ടിഷ് മിഷനറി ആയിരുന്ന ഡേവിഡ് ലിവിംഗ്സ്റ്റന്‍ (David Livingstone) കോംഗോയുടെ പ്രാരംഭ പോഷക നദികളായ Luapula aയും Lualaba യും സന്ദര്‍ശിച്ചു . അദ്ദേഹം ഇത് നൈല്‍ നദിയുടെ ഉത്ഭവ കേന്ദ്രമായി തെറ്റിദ്ധരിക്കുകയും ചെയ്തു . പിന്നീട് അദ്ദേഹത്തെ തിരഞ്ഞ് പിറകെ എത്തിയ സ്റാന്‍ലി (Henry Morton Stanley) ഈ തെറ്റിദ്ധാരണ നീക്കം ചെയ്തു .
പ്രത്യേകിച്ചൊരു ഉത്ഭവ സ്ഥാനം കോംഗോക്ക് പറയുവാന്‍ സാധിക്കില്ലെങ്കിലും , ടാങ്കനിക്ക (Lake Tanganyika) തടാകവും , മേരു (Mweru) തടാകവും പിന്നെ സാംബിയായിലെ Chambeshi നദിയും ആണ് ഇതിന്‍റെ പ്രഭവ സ്ഥാനങ്ങളായി പൊതുവേ കരുതപ്പെടുന്നത് . ടാങ്കനിക്ക തടാകത്തില്‍ നിന്നും ഒരു ആമയെപ്പോലെ സാവധാനം സാവന്നാ മേടുകല്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന കോംഗോ , പതുക്കെ പതുക്കെ വിസ്താരം വര്‍ദ്ധിപ്പിക്കുന്നതായി നമ്മുക്ക് കാണാം . പിന്നീട് അസാമാന്യ വേഗത കൈവരിക്കുന്ന നദിയെ “നരകത്തിന്‍റെ വാതിലില്‍ ” (“Gates of Hell” or “Portes d’Enfer” ) വെച്ച് കൂറ്റന്‍ പാറക്കെട്ടുകള്‍ എതിരിടുന്നു . 75 മൈലോളം നീളത്തില്‍ കോംഗോയെ നേരിടുന്ന ഈ പാറക്കെട്ട് നദിക്കു ഒരു രൗദ്ര ഭാവം കൈവരുത്തുന്നു . പിന്നീട് Lualaba എന്ന കൂറ്റന്‍ മഴക്കാടുകളിലെക്കാണ് നദി പ്രവേശിക്കുന്നത് . കൊടും കാട്ടിലേക്ക് പ്രവേശിക്കുന്ന കോംഗോ പിന്നീട് വളരെ ശാന്തനായി കാണപ്പെടുന്നു . അനേകം പക്ഷി മൃഗ ജീവജാലങ്ങള്‍ക്ക് ജീവ സ്രോതസായി മാറുന്ന കോംഗോ ഇതിനിടയില്‍ രണ്ടു വട്ടം ഭൂമധ്യ രേഖ മറികടക്കുന്നുണ്ട് .
പിന്നീട് Stanley Falls ലെ കൂറ്റന്‍ പാറ മടക്കുകളെ നേരിടുമ്പോള്‍ നദി അപ്പര്‍ കോംഗോ എന്ന പേരില്‍ നിന്നും മധ്യ കോംഗോ ആയി മാറുന്നു . പിന്നീട് അങ്ങോട്ട് ആയിരം മൈലോളം നദി ഗതാഗതയോഗ്യമാണ് . ഇവിടെ Democratic Republic of Congo യിലെ Kisangani നഗരത്തിന് ജന്മം കൊടുത്ത ശേഷം കോംഗോ നദി അമ്പതു മൈല്‍ നീളമുള്ള Stanley Pool (Malebo Pool) എന്ന തടാകത്തിലേക്ക് പ്രവേശിക്കുന്നു . ഇവിടെ നദി ഏറെക്കുറെ നിശ്ചലമായി ആണ് നില കൊള്ളുന്നത് . തടാകത്തിന്റെ ഒരു വശത്ത് Kinshasa നഗരവും മറു വശത്ത് Brazzaville പട്ടണവും സ്ഥിതി ചെയ്യുന്നു . അവിടെ നിന്നും പിന്നീട് 220 മൈലുകളോളം നദിയുടെ ഉയരം കുറഞ്ഞു കുറഞ്ഞു വരുന്നു . പല മടക്കുകളായി , ഘട്ടങ്ങളായി കിടക്കുന്ന Livingstone Falls ആണ് ഇതിന് കാരണം . ഇവിടെ തന്നെ 32 ഓളം ചെറു വെള്ളച്ചാട്ടങ്ങള്‍ ഉണ്ട് . പിന്നീട് Muanda എന്ന ചെറുപട്ടണത്തില്‍ വെച്ച് അറ്റ് ലാന്ട്ടിക് സമുദ്രത്തില്‍ ലയിക്കുന്നത് വരെയുള്ള നൂറു മൈലുകള്‍ ജല ഗതാഗതയോഗ്യമാണ് . ഇത്രയും ദൂരം സഞ്ചരിച്ചെത്തിയ ഈ മഹാ നദി , Central African Republic, Cameroon, Angola, Zambia, Democratic Republic of the Congo,Republic of the Congo, Equatorial Guinea Gabonഎന്നീ രാജ്യങ്ങളിലെ മില്ല്യന്‍ കണക്കിന് ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള സര്‍വ്വതും നല്‍കിയിട്ടാണ് , അവയുടെ അവശിഷ്ടങ്ങളും പേറി സമുദ്രത്തില്‍ തന്‍റെ യാത്ര അവസാനിപ്പിക്കുന്നത് !
കൂടുതൽ കോംഗോ വിവരങ്ങൾ !
Lualaba നദി Boyoma വെള്ളച്ചാട്ടത്തില്‍ പതിക്കുമ്പോള്‍ പ്രശസ്തമായ കോംഗോ നദി ആയി മാറുന്നു . Democratic Republic of the Congo യിലെ Kisangani നഗരത്തിനടുത്തുള്ള Wagenya എന്ന സ്ഥലത്ത് വെച്ചാണ് നദിക്കു പേരിനും രൂപത്തിനും മാറ്റം സംഭവിക്കുന്നത് . Boyoma വെള്ളച്ചാട്ടം നമ്മുടെ വാഴച്ചാല്‍ ജലപാതം പോലെ ഒന്നാണ് . അഞ്ചു മീറ്ററോളം ഉയരമുള്ള ഏഴു മടക്കുകളായാണ് ജലം അടുക്കുകളായി , ഘട്ടം ഘട്ടം ആയി താഴേക്കു ഒഴുകുന്നത് .ആദ്യത്തെ മടക്കും ഏഴാമത്തേതും തമ്മില്‍ ഏകദേശം നൂറു കിലോമീറ്ററോളം ദൂരം ഉണ്ട് ! ഗതാഗത യോഗ്യമല്ലാത്ത ഇവിടെ , Wagenya വര്‍ഗ്ഗക്കാര്‍ മീന്‍ പിടിക്കുന്നത് വളരെ വിചിത്രമായ ഒരു രീതിയിലാണ്.
ജലത്തിനടിയിലെ പാറകളിലെ കുഴികളില്‍ വലിയ തടി കാലുകള്‍ നാട്ടി അവ തമ്മില്‍ മുകളില്‍ വെച്ച് ബന്ധിക്കും . ഇതുപോലെ അനേകം കാലുകള്‍ ഇവര്‍ നാട്ടും . ഇവയില്‍ നിന്നും മീനുകളെ പിടിക്കുവാനുള്ള വലിയ കൂടുകള്‍ വെള്ളത്തിനടിയിലേക്ക് കെട്ടിയിടും . ( ഇത് നമ്മുടെ നാട്ടിലെ മീന്‍ കൂടുകളെ പോലെയിരിക്കുമെങ്കിലും വലിപ്പത്തിലും ആകൃതിയിലും വലിയ വ്യത്യാസമുണ്ട് ) തീരെ ചെറുതും വളരെ വലുതുമായ മീനുകള്‍ ഇതില്‍ കുടുങ്ങുവാറുണ്ട് . ഒരു കുടുംബം തലമുറകളായി ഒരേ സ്ഥലത്ത് തന്നെ ആയിരിക്കും കൂട് ഇടുന്നത് ! അതായതു വെള്ളച്ചാട്ടത്തിനു മീതെ നാട്ടിയിരിക്കുന്ന കമ്പുകള്‍ കുടുംബ സ്വത്ത് ആണെന്ന് സാരം !!!
കോംഗോയില്‍ ഉണ്ടെന്ന് പിഗ്മികള്‍ വിശ്വസിക്കുന്ന മിസ്റ്റിക് ജീവിയാണ് Mokèlé-mbèmbé. അര്‍ഥം “one who stops the flow of rivers”
കോംഗോയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന മറ്റൊരു ജീവിയാണ് പറക്കും ആളുപിടിയനായ Kongamato
കോംഗോയുടെ തീരത്തുള്ള Kinshasa ആണ് ലോകത്തിലെ രണ്ടാമത്തെ അറ്റവും വലിയ ഫ്രഞ്ച് സ്പീക്കിംഗ് സിറ്റി (പാരിസ് കഴിഞ്ഞാല്‍ )
കോംഗോയിലെ ഖനിയായ Shinkolobwe Mine ല്‍ നിന്നും ലഭിച്ച യുറേനിയം ആണ് രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക (Manhattan Project) ഉപയോഗിച്ചത് എന്ന്പറയപ്പെടുന്നു
ലോകത്തില്‍ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരികളില്‍ രണ്ടാം സ്ഥാനത്താണ് Kinshasa യും Brazzaville യും കോംഗോ നദിയിലെ Malebo Pool ന്‍റെഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഈരണ്ടു തലസ്ഥാനങ്ങള്‍ തമ്മില്‍ ദൂരം വെറും 1.6 km ആണ്. ( ഒന്നാം സ്ഥാനം റോമും വത്തിക്കാനും) . ചിത്രം നോക്കൂ