എണ്ണൂറ് വർഷങ്ങൾക്ക് മുൻപ് , എത്തിപ്പെടാൻ നന്നേ ബുദ്ധിമുട്ടുള്ള , മലകളാൽ ചുറ്റപ്പെട്ട് സുരക്ഷിതമായ താഴ്വരയിൽ ഒരു ഗ്രാമം നിർമ്മിച്ചെടുക്കുക എന്നത് വളരെ ബുദ്ധിപൂർവ്വമായ ഒരു നീക്കം തന്നെയായിരുന്നു . പക്ഷെ ഇറ്റലിയിലെ കൊച്ചു മലയോര ഗ്രാമമായ Viganella നിവാസികൾക്ക് തങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലാക്കാൻ വീണ്ടും കുറച്ചു മാസങ്ങൾ വേണ്ടിവന്നു . 1,600 മീറ്ററോളം ഉയർന്നു നിൽക്കുന്ന മലകൾ അവർക്ക് സത്യത്തിൽ താങ്ങും തണലുമായിരുന്നു . പക്ഷെ ആ തണലൊരു താങ്ങായി മാറുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല . തങ്ങൾക്ക് ചുറ്റും നിൽക്കുന്ന മലകൾ തരുന്ന തണൽ സ്വൽപ്പം കൂടിപ്പോയില്ലേ എന്നവർക്ക് തോന്നാൻ തുടങ്ങിയത് നവംബർ പകുതിയോടെ ആയിരുന്നു . അന്നൊരുദിവസം മലകളുടെ പിറകിലേക്ക് മറഞ്ഞ സൂര്യനെ പിന്നവർ കാണുന്നത് 84 ദിവസങ്ങൾക്ക് ശേഷമായിരുന്നു ! അതെന്താ അങ്ങിനെ എന്ന് നാമിപ്പോൾ ചിന്തിക്കും . കുഴപ്പമെന്താണെന്ന് ചോദിച്ചാൽ ഉത്തരാർദ്ധഗോളമാണ് , ഉത്തരായനരേഖയ്ക്ക് വടക്കാണ് , കിഴക്കുദിക്കുന്ന സൂര്യൻ ഒരു സൈഡുവഴി തെക്കുഭാഗത്തൂടെ ബൈപാസ് എടുത്ത് വൈകിട്ട് പടിഞ്ഞാറുപോയി മുങ്ങും ! അതായത് നട്ടുച്ചയ്ക്കും അദ്ദേഹം നമ്മുടെ മുകളിൽ ഉണ്ടാവില്ല ! അതുകൊണ്ട് ഒരു കുഴപ്പവുമില്ല , പക്ഷെ കക്ഷി പോകുന്ന ബൈപാസിനും നമ്മുക്കും മുന്നിൽ ചെങ്കുത്തായ ഒരു മല ഉണ്ടെങ്കിലോ ? ഇവിടെ അതാണ് പ്രശ്നം . മൂന്നു മാസങ്ങൾ ഗ്രാമത്തിൽ നേരെചൊവ്വേ വെളിച്ചം കിട്ടില്ല . പലരും രോഗങ്ങൾ ഒഴിവാക്കാൻ വേണ്ടി മലമുകളിൽ പോയി ദിവസവും വെയില്‍കൊള്ളുന്നത് പോലും പതിവാക്കി . അൾട്രാവയലറ്റ് ബി കിരണങ്ങളുടെ അഭാവം വൈറ്റമിൻ D യുടെ കുറവിലേക്ക് നയിച്ചു . അത് പിന്നീട് നവജാത ശിശുക്കളിൽ എല്ലിന് കട്ടികുറയുന്ന rickets എന്ന രോഗത്തിന് വഴിതുറന്നു . മലഞ്ചെരുവിൽ വൈറ്റമിൻ ഡി സമ്പുഷ്ടമായ സാൽമണും അയലയും ലഭ്യവുമായിരുന്നില്ല . ആദ്യമൊക്കെ കൃഷിയും കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ജോലിയും , പഠനവുമായി പട്ടണങ്ങളിലേക്ക് പോയ പുതുതലമുറ തിരികെവരാതായപ്പോൾ കാരണവർ അപകടം മണത്തു . താമസിയാതെ തന്നെ തങ്ങളുടെ പാരമ്പര്യവും , ചോരയും നീരുമായ ഈ ഗ്രാമം വിജനമായേക്കാം !
==================
പ്രസിദ്ധമായ റ്റൂറിന്‍ (Turin) നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് കിഴക്കായി ആണ് Viganella ഗ്രാമം സ്ഥിതി ചെയ്യുന്നത് . 13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ഗ്രാമത്തില്‍ (comune) ഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം ആളുകള്‍ താമസിക്കുന്നത് . ശീതകാലം തുടങ്ങുമ്പോള്‍ ആണ് ഇവർക്ക് ഗതികേട് ആരംഭിക്കുന്നത് . അത്രയും നാള് പകല്‍ എന്ന് വെച്ചാല്‍ ഒരു ഇരുണ്ട സന്ധ്യ ആണ് ഇവര്‍ക്ക് . നേരിട്ടുള്ള സൂര്യ പ്രകാശം ലഭിക്കാത്തതിനാൽ അത്രയും ദിവസത്തെ ജീവിതം ബുദ്ധിമുട്ട് തന്നെ ആയിരുന്നു. ഒടുക്കം അവർ ഇതിനൊരു പരിഹാരം കണ്ടെത്തി . സൂര്യനെ എന്തായാലും മലയുടെ മുകളിൽ നിന്നും കാണാല്ലോ . അവിടെ ഭീമൻ ഒരു ദർപ്പണം വെച്ച് സൂര്യപ്രകാശത്തെ ഗ്രാമത്തിലേക്ക് പ്രതിഫലിപ്പിക്കുക ! പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം . സൂര്യൻ നീങ്ങുകയാണ് , ഒപ്പം ഇതും തിരിയണം ! അതായത് ഓട്ടോമാറ്റിക്കായി സൂര്യനൊപ്പം തിരിയുന്ന സൂര്യകാന്തിപ്പൂവായിരിക്കണം നമ്മുടെ ഉപകരണം ! . ഈ സംവിധാനത്തെ heliostat എന്നാണ് വിളിക്കുക . ആയിരത്തി അറുന്നൂറുകളിലാണ് ഇത്തരമൊരു സംവിധാനം ആദ്യമായി രൂപകൽപ്പന ചെയ്തത് . സൂര്യന്റെ പോക്കിനനുസരിച്ച് വിവിധ ആംഗിളുകളിലായി നിർത്തിയിരിക്കുന്ന അനേകം കണ്ണാടികൾ ഉപയോഗിച്ച് ഒരു പൊതുപ്രതലത്തിലേക്ക് പ്രകാശം ഏകോപിപ്പിക്കുന്ന രീതിയായിരുന്നു അത് . ഇവിടെയാണെങ്കിൽ , സൂര്യനും ഗ്രാമത്തിനും ഇടയിലുള്ള ആംഗിളിന്റെ പകുതിക്ക് ലംബമായി വേണം എപ്പോഴും ദർപ്പണങ്ങൾ നിലകൊള്ളുവാൻ . പക്ഷെ ആധുനിക കാലഘട്ടത്തിൽ ഇതിന്റെ ആവശ്യമില്ല . കമ്പ്യൂട്ടർ നിയന്ത്രിത , ഒരുദർപ്പണം മാത്രമുള്ള ഹീലിയോസ്റ്റാറ്റ് ഈ പണി വൃത്തിയായി ചെയ്യും ! ( ഇതേ പണി , പണ്ട് റഷ്യക്കാർ ഒരു ഉപഗ്രഹം വെച്ച് ചെയ്യാൻ തീരുമാനിച്ചിരുന്നു . ആ പ്രൊജക്റ്റിന്റെ പേരാണ് Znamya) .
=================

Viganella – Lo specchio
അങ്ങിനെ ആ കണ്ണാടിയുടെ നിര്‍മ്മാണം ആരംഭിച്ചു . 8 m വീതിയും 5 m ഉയരവും ഉള്ള ഈ കണ്ണാടിയിൽ സ്റ്റീലിന്റെ 14 ഷീറ്റുകൾ ആണ് ഉള്ളത്. രണ്ടായിരത്തി ആറ് ഡിസംബറില്‍ (17) ഗ്രാമവാസികള്‍ ഈ കമ്പ്യൂട്ടര്‍ നിയന്ത്രിതദര്പ്പണം ഉത്ഘാടനം ചെയ്തു . ദിവസം ആറ് മണിക്കൂറാണ് കണ്ണാടി ഗ്രാമത്തിലേക്ക് പ്രകാശം ചൊരിയുന്നത്. എല്ലായിടത്തും വെളിച്ചം ലഭിക്കുന്നില്ലെങ്കിലും പള്ളിയും പ്രധാന തെരുവും പ്രകാശമയമാക്കാൻ ഇതിന് സാധിക്കും .Giacomo Bonzani എന്ന ആര്‍ക്കിടെക്റ്റ് ആണ് ഇത് രൂപകല്‍പ്പന ചെയ്തത് . Emilio Barlocco ആയിരുന്നു എഞ്ചിനീയര്‍ . ആകെ ചെലവ് ഒരുലക്ഷം യൂറോ . നഷ്ടപെട്ട ദിനങ്ങൾ തിരികെ കിട്ടി എന്നാണ് ഗ്രാമവാസികൾ ഇപ്പോൾ പറയുന്നത് . എല്ലാ വര്‍ഷവും ഡിസംബര്‍ 17 “day of the light” ആയി ആഘോഷിക്കുകയാണ് ഇവര്‍ ഇപ്പോള്‍ . ശാസ്ത്രത്തിന്റെ യുക്തിപൂർവ്വമായ ഉപയോഗങ്ങളിലൊന്നാണിത് .
==========
ഇതേ അവസ്ഥ തന്നെയാണ് നോര്‍വയിലെ Rjukan ഗ്രാമവാസികള്‍ക്കും ഉണ്ടായിരുന്നത് . അവര്‍ക്കാകട്ടെ ഏകദേശം ആറു മാസം ആയിരുന്നു വെളിച്ചമില്ലാതെ തള്ളി നീക്കെണ്ടിയിരുന്നത് . അപ്പോഴാണ് മുകളില്‍ വിവരിച്ച ഇറ്റാലിയന്‍ വിജയഗാഥ ഇവര്‍ കേട്ടത് . പിന്നെ ഒട്ടും അമാന്തിച്ചില്ല , അവരും ഘടിപ്പിച്ചു ഒരു കൂറ്റന്‍ ദര്‍പ്പണം . ഇതിനാല്‍ ഏകദേശം 600 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഇപ്പോള്‍ സൂര്യപ്രകാശം എത്തുന്നുണ്ട് . 2013 ഒക്ടോബറില്‍ ആണ് ഇത് പൂര്‍ത്തിയായത് . എന്തായാലും സൂര്യനെ “കയ്യിലാക്കിയതിന്റെ ” സന്തോഷത്തിലാണ് ഇവരിപ്പോൾ !
===========
ഇന്ന് , സോളാർ എനർജി കൊയ്തെടുക്കുന്നതിൽ ഹീലിയോസ്റ്റാറ്റുകളുടെ പങ്ക് തീരെ ചെറുതല്ല . വൈദ്യതിനിർമ്മിക്കുന്ന concentrated solar power ഫീൽഡുകളിലെ മുഖ്യതാരമാണ് ഹീലിയോസ്റ്റാറ്റുകൾ .