ആനകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് കാടിന്റെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ച് അതിന്റെ സമ്പന്നതയ്ക്ക് വലിയ ഇടിവുണ്ടാക്കുമെന്ന് ഈയിടെ ആഫ്രിക്കയിൽ നടന്ന പഠനങ്ങൾ കാണിക്കുന്നു. 2001 -നുശേഷം ആഫ്രിക്കയിലെ ആനകളുടെ എണ്ണത്തിൽ 63 ശതമാനം കുറവാണത്രേ ഉണ്ടായിരിക്കുന്നത്. ഈ രീതിയിൽ അവയുടെ എണ്ണം കുറയുന്ന പക്ഷം മധ്യആഫ്രിക്കയിലെ 96 ശതമാനം വനത്തിന്റെയും സ്വാഭാവത്തിൽ കാര്യമായ മാറ്റം വരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.
ഈ വിഷയത്തിൽ ആദ്യമായിത്തന്നെ നടന്ന പഠനത്തിൽ ആനകളുടെ എണ്ണത്തിൽ ഉണ്ടാവുന്ന കുറവ് കാടിനുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റി നാടകീയമായ വിവരങ്ങളാണ് വെളിച്ചത്തുകൊണ്ടുവന്നത്. ആനകൾ പരിസ്ഥിതി എഞ്ചിനീയർമാരാണ്. കാടിലെ മരങ്ങളുടെ വിത്തുകൾ വിതരണം ചെയ്യുന്നതിന്റെ മുഖ്യപങ്കുവഹിക്കുന്നത് ആനകളാണ്. വളരെ വലിപ്പമുള്ളതിനാൽ മറ്റു മൃഗങ്ങൾക്ക് തിന്നാൻ പറ്റാത്തത്ര വലിയ പഴങ്ങളും വിത്തുകളും ആനകളാണ് ഒരിടത്തുനിന്നും മറ്റിടത്ത് എത്തിക്കുന്നത്. ദീർഘദൂരം സഞ്ചരിക്കുന്ന ആനകൾ ദൂരേക്ക് മരങ്ങളുടെ വിത്തുകൾ എത്തിക്കുന്നതിൽ ഒഴിച്ചുകൂടാനാവാത്തവരാണ്. ആനകൾ ഈ വിത്തുകൾ കൊണ്ടുപോകാത്തപക്ഷം ചെറുമൃഗങ്ങൾ വിതരണം ചെയ്യുന്ന മറ്റുമരങ്ങളുടെ വിത്തുകൾ കാടുകളിലെ പലയിടങ്ങളിലും വളരുകയും കാടിന്റെ സ്വഭാവത്തിൽത്തന്നെ മാറ്റം വരുത്തുകയും ചെയ്യും. വിത്തിനോടൊപ്പം അതിനു കുറച്ചുനാൾ വളരാൻ ആവശ്യമായ പോഷകവും ആനപ്പിണ്ഡത്തിൽക്കൂടി ലഭിക്കുന്നുണ്ട്. ഇങ്ങനെ ചെടികൾ വളരാന അത്യാവശ്യമായ നൈട്രജനും കാട്ടിൽ വേണ്ടുന്നിടത്തെല്ലാം എത്തിക്കാൻ ആനപ്പിണ്ഡം വളരെ അത്യാവശ്യമാണ്. ധാരാളം ചെടികൾ വളരുന്നിടത്തുനിന്നും ഭക്ഷണം കഴിച്ച് ഇത്തരം പോഷകങ്ങൾ സാന്ദ്രീകരിച്ച് ചെടികൾക്ക് ലഭ്യമാക്കുന്നതിന് ആനയും പിണ്ഡവും ചെയ്യുന്ന സേവനം കുറച്ചൊന്നുമല്ലത്രേ. വലിയ മരങ്ങളുടെ ചുവട്ടിൽ വീഴുന്ന പഴങ്ങളും വിത്തുകളും അവിടെത്തന്നെ കിടന്നാൽ നശിച്ചുപോകുകയേ ഉള്ളൂ. ദൂരങ്ങളിലേക്ക് അവയെ എത്തിക്കാൻ ആനയെപ്പോലുള്ള വലിയ മൃഗത്തിനേ കഴിയുകയുള്ളൂ.
സ്ഥിരമായി നിൽക്കുന്ന വനങ്ങളുടെ അടിക്കാടുകളിൽ ഒട്ടും പ്രകാശം എത്താതെ താഴെത്തട്ടിൽ വീണുമുളയ്ക്കുന്ന ചെടികൾ വളരാതെ നിൽക്കുന്ന ഇടങ്ങളിൽ ചെടികളെയും മരങ്ങളെയും വള്ളികളെയും വലിച്ചൊടിച്ച് പ്രകാശത്തെ നിലത്തെത്തിക്കാനും ആനകൾ ഉണ്ടായേ മതിയാവൂ. പലയിനം ചെടികളും പരിണാമത്തിൽ തങ്ങളുടെ തന്നെ വംശത്തെ മറ്റുള്ളവയുമായുള്ള മൽസരത്തിൽ അതിജീവിപ്പിക്കാനുള്ള ശേഷി നേടിയവയാണ്. അതിലൊക്കെ മാറ്റം വരുത്തി മറ്റിനം ചെടികൾക്കും വളരാനും പടരാനുമുള്ള വെളിച്ചവും തുറസ്സും ലഭ്യമാക്കാൻ ആനയുടെ സേവനം അത്യാവശ്യമാണ്.
ആഫ്രിക്കയിൽ നടത്തിയ ഈ പഠനം ഇതിനുമുൻപ് കാടുകളും ആനകളും തമ്മിൽ മുൻപുനടന്ന 158 ഗവേഷണഫലങ്ങളുമായി താരതമ്യം ചെയ്താണ് ഈ കണ്ടെത്തലുകളിൽ എത്തിയത്. വനത്തിൽ ആനകളുടെ പ്രാധാന്യം ഇത്രയ്ക്കുണ്ടെന്ന പുത്തൻ അറിവുകളിലേക്കാണ് ഈ പഠനങ്ങൾ വെളിച്ചം വീശിയത്. ഒരു നൂറുവർഷകാലയളവിൽ വിത്തുവിതരണം ചെയ്യുന്ന മൃഗങ്ങളുടെ അഭാവം ഒരു സസ്യസ്പീഷിസിന്റെ നാശത്തിനുള്ള സാധ്യത പത്തിരട്ടി വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തന്റെ ജീവിതത്തിൽ ലക്ഷക്കണക്കിനു വിത്തുകൾ ഉണ്ടാക്കുന്ന മരങ്ങളുടെ നിലനിൽപ്പിന് ഇങ്ങനെയൊരു മൃഗത്തിന്റെ ആവശ്യം ഇത്രയ്ക്ക് ഉണ്ടെന്ന് ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിരുന്നില്ല. എന്നാൽ മധ്യരേഖാപ്രദേശങ്ങളിലെ നിബിഡവനങ്ങൾ എത്രത്തോളം വിത്തുകൾ ഒരു മരത്തിൽ ഉണ്ടായാലും ദൂരേക്ക് മൃഗസഹായത്തോടെ വിതരണം ചെയ്യപ്പെട്ടാൽ മാത്രമേ അവയ്ക്ക് മുളച്ച് വളർന്നുവലുതാവാൻ വേണ്ടസാഹചര്യം ഉണ്ടാകുന്നുള്ളുവെന്ന പഠനങ്ങൾ ഇത്തിരി ഭീതിയോടെയുമാണ് ഗവേഷകർ കാണുന്നത്. ആഫ്രിക്കയിലും ഇന്ത്യയിലും മാത്രമല്ല ആനകൾ ഭീഷണി നേരിടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ലക്ഷം ആനകൾ ഉണ്ടായിരുന്ന തായ്‌ലാന്റിൽ ഇന്നുവെറും 2000 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ആത്യന്തികമായി മനുഷ്യന്റെ നിലനിൽപ്പുപോലും കാടിന്റെ ആരോഗ്യത്തിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നുവെന്നുള്ളത് വന്യമൃഗങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഏതൊരു കുറവും മനുഷ്യജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
(ചിത്രം, ഏഷ്യൻ ആനയും കുഞ്ഞും -ശ്രീ. Vivek Puliyeri at Wikimedia Commons)