സസ്യങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ ഒരു മൂലകമാണ് നൈട്രജന്‍. അന്തരീക്ഷത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഒരു മൂലകമാണെങ്കിലും രണ്ടു നൈട്രജെന് ആറ്റങ്ങള്‍ തമ്മില്‍ മൂന്ന് ബോണ്ടുകള്‍ വഴി സംയോജിച്ച് നൈട്രജന്‍ തന്മാത്രയായിട്ടാണ് (N=N) അവ അന്തരീക്ഷത്തില്‍ കാണുന്നത്. അതിനാല്‍ തന്നെ സസ്യങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് നൈട്രജന്‍ ആഗിരണം ചെയ്യാന്‍ സാധ്യമല്ല. നൈട്രജന്‍ ആവശ്യം നിറവേറ്റുവാനായി മറ്റു മാര്‍ഗ്ഗങ്ങള്‍ സസ്യങ്ങള്‍ അവലംബിക്കുന്നു. പയര്‍ വര്‍ഗ്ഗത്തില്‍ വരുന്ന സസ്യങ്ങള്‍ ഇതിനായി നൈട്രജന്‍ ആഗിരണം ചെയ്യാന്‍ ശേഷിയുള്ള റൈസോബിയം ബാക്ടീരിയകളെ വേരുകളില്‍ പ്രത്യേകം രൂപം കൊള്ളുന്ന മുകുളങ്ങളില്‍ (Root Nodules) വളര്‍ത്തുന്നു. ബാക്റ്റീരിയകള്‍ ആഗിരണം ചെയ്യുന്ന നൈട്രജന്‍ സംയുക്തങ്ങള്‍ ചെടികള്‍ വലിച്ചെടുക്കുകയും പകരം ബാക്റ്റീരിയക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ പയര്‍ ചെടികള്‍ കൊടുക്കുകയും ചെയുന്നു.
ഈ കഴിവ് മറ്റു ഭൂരിഭാഗം ചെടികള്‍ക്കും ഇല്ല, അവക്ക് മണ്ണില്‍ നിന്നും ജൈവ അവശിഷ്ടങ്ങള്‍ ചീയുന്നത് വഴി പുറത്ത് വരുന്ന നൈട്രജന്‍ സംയുക്തങ്ങള്‍ ആഗിരണം ചെയ്ത് ആവശ്യങ്ങള്‍ നിറവേറ്റുകയെ നിവൃത്തിയുള്ളൂ. ജൈവാവശിഷ്ടങ്ങള്‍ കുറവ് മാത്രം കാണപ്പെടുന്ന മണ്ണിലും, പാറയിലും മറ്റും അടിഞ്ഞുകൂടിയ മണല്‍മണ്ണിലും ഇത്തരം നൈട്രജന്‍ സംയുക്തങ്ങള്‍ വളരെ കുറവായിരിക്കും ഇത്തരം മണ്ണില്‍ വളരുന്ന ചെടികള്‍ കാര്യമായി നൈട്രജന്‍ അഭാവത്തിന്റെ ദോഷ വശങ്ങള് അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. എന്നാല്‍ ചില സസ്യങ്ങള്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ പ്രത്യേക മാര്‍ഗ്ഗങ്ങള്‍ അവലബിച്ച് ഇത്തരം മണ്ണിലും നിലനില്ക്കാന് ശേഷിയുള്ളവയാണ്. ഇരപിടിയന്‍ ചെടികളാണ് ഇവ. എല്ലാ ജീവജാലങ്ങളുടെ ശരീരത്തിലും ധാരാളമായി നൈട്രജന്‍ സംയുക്തങ്ങളായ അമിനോ അമ്ലങ്ങളും മാംസ്യങ്ങളും അടങ്ങിയിരിക്കുന്നു. മണ്ണില്‍ നിന്നും ലഭിക്കാത്ത നൈട്രജന്‍ ഇത്തരം ചെടികള്‍ ചെറിയ പ്രാണികളെ കെണിയില്‍ വീഴ്ത്തി അവയുടെ ശരീരം ദഹന രസങ്ങളാല്‍ ദഹിപ്പിച്ച് ആഗിരണം ചെയ്യും. വെവ്വേറെ സസ്യ വര്‍ഗ്ഗങ്ങള്‍ വ്യത്യസ്ത തരം കെണികള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്. വെള്ളത്തിലും നനവിലും കാണുന്ന യൂട്രിക്കുലേറിയ (Utricularia) വളരെ കുഞ്ഞന്‍ കെണികള്‍ ഉപയോഗിച്ച് ചെറു കൃമികളെയും പ്രാണികളേയും വക വരുത്തുന്നു. എന്നാല്‍ ഡ്രോസീറ സ്പീഷീസുകളില്‍ അടവ് വ്യത്യസ്തമാണ്, ഇതില്‍ ഇലകളില്‍ മുഴുവന്‍ ചെറു രോമങ്ങള്‍ നിറഞ്ഞിരിക്കും. ഓരോ രോമത്തിന്റെ അറ്റത്തും ശ്ലെഷ്മ ദ്രവമായി ധാരാളം രാസാഗ്നികളും അടങ്ങിയിരിക്കും. ഈച്ചകളും ചെറു പ്രാണികളും ശ്ലെഷ്മത്തില് ഒട്ടിപിടിച്ചു കഴിഞ്ഞാല്‍ അവ രക്ഷപെടാന്‍ ശ്രമിക്കും തോറും കൂടുതല്‍ രോമങ്ങളിലെ ശ്ലേഷ്മം പ്രാണികളുടെ പുറത്ത് പറ്റിപിടിക്കുകയും അവക്ക് രക്ഷപ്പെടനാവാത്ത വിധം കുടുങ്ങുകയും ചെയ്യും. ശ്ലെഷ്മത്തിലുള്ള രാസാഗ്നികള്‍ പ്രാണികളെ ദഹിപ്പിക്കുകയും സസ്യങ്ങള്‍ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യുകയും ദഹിക്കാതെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യും. മൂന്നു വ്യത്യസ്ത ഡ്രോസീറ സ്പീഷീസുകള്‍ കേരളത്തില്‍ ഉണ്ട്.
ഇനി മറ്റൊരു വിരുതനായ ഡയോനിയ (Dionaea) അഥവാ വീനസ് ഫ്ലൈ ട്രാപ് അക്ഷരാര്‍ത്ഥത്തില്‍ പ്രാണി “പിടിയനാണ്”. ഇവയുടെ ഇലകള്‍ ഓരോന്നും രണ്ടു കൈപ്പത്തികള്‍ അടുപ്പിച്ചു വെച്ച പോലെ ഇരിക്കും, ഇവയുടെ വശങ്ങളില് വിരലുകള്‍ പോലെ നീണ്ടു നില്ക്കുന്ന ഭാഗങ്ങള്‍ ഉണ്ട്. ഇവക്ക് അകം വശം നല്ല ഇരകളെ ആകര്‍ഷിക്കാന്‍ ചുവന്ന നിറത്തില്‍ തിളങ്ങിയിരിക്കും, ചുറ്റിലും ധാരാളം ശ്ലെഷ്മ സ്രവങ്ങളും ഉണ്ടാകും, ഇരകള്‍ക്ക് ഏറെ പ്രലോഭനം സൃഷ്ടിക്കുന്ന കാഴ്ച്ചയാവും ഇത്. ഇതിന്റെ നടുവില്‍ ഇരുഭാഗത്തും വളരെ നേര്‍ത്ത മൂന്നു രോമങ്ങള്‍ വീതം കാണും. ഈ രോമങ്ങള്‍ ആണ് ഇരയുടെ സാന്നിധ്യം മനസിലാക്കുന്ന സ്വേദിനികള്. ഒരു ഇര വന്നു കെണിയില്‍ ഇരുന്നു ഈ സ്വേദിനിയില് ഏതിലെങ്കിലും 20 സെക്കണ്ടുകള്‍ക്കുള്ളില്‍ രണ്ടു തവണ സ്പര്‍ശിച്ചാല്‍ ഞൊടിയിടയില്‍ കെണിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്ന് അടയുകയും ഇര അതിനകത്ത് കുടുങ്ങുകയും ചെയ്യും. ഇര രക്ഷപെടാന്‍ ശ്രമിക്കും തോറും കുരുക്ക് മുറുകും. അതോടെ ഈ കെണി ഒരു നമ്മുടെ ആമാശയം പോലെ ഒരു ദഹന സംവിധാനമായി പരിണമിക്കും. ഇരകളെ ദഹിപ്പിക്കാന്‍ ആവശ്യമുള്ള രാസാഗ്നികള്‍ ധാരാളമായി ഇരകള്‍ക്ക് മേല്‍ സ്രവിക്കും. ഈ രാസാഗ്നികള്‍ ദഹന പ്രക്രിയ തുടങ്ങുകയും ഇവക്കാവശ്യമുള്ള പോഷകങ്ങള്‍ നേരിട്ട് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതിനു ചില ദിവസങ്ങള്‍ തന്നെ എടുക്കും, അത്രയും നാള് കെണി അടഞ്ഞു തന്നെ ഇരിക്കും. ദഹന പ്രക്രിയ കഴിഞ്ഞാല്‍ കെണികള്‍ വീണ്ടും തുറന്നു ദഹിക്കാതെ അവശേഷിക്കുന്ന അവശിഷ്ടങ്ങള്‍ പുറംതള്ളുന്നു. അതോടെ അടുത്ത ഇരക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.
അടുത്ത കാലത്തെ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഈ ചെടി വളരെ ദൂരെയുള്ള പ്രാണികളെപ്പോലും പ്രലോഭിപ്പിച്ച് കൊണ്ട് വന്നു കെണിയില്‍ ചാടിക്കുന്നു എന്നാണ്. സസ്യങ്ങള്‍ ശത്രുകീടങ്ങള്ക്കെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ മിത്ര കീടങ്ങളെ വിളിച്ച് വരുത്തുവന്‍ ഉപയോഗിക്കുന്ന ജാസ്മോനൈട്ടുകള് എന്ന തരം രാസ വസ്തുക്കളാണ് ഈ ചെടിയും ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ശത്രുകീടങ്ങള്‍ ആക്രമിക്കുമ്പോള്‍ സസ്യങ്ങള്‍ ജസ്മോനൈട്ടുകള് അന്തരീക്ഷത്തിലേക്ക് വിടുകയും മിത്രകീടങ്ങള്‍ അത് പിടിച്ചെടുത്ത് ഈ സിഗ്നലിന്റെ സ്രോതസ് മനസിലാക്കി അവിടെയെത്തി ചെടിയുടെ ശത്രുക്കളായ കീടങ്ങളെ ഭക്ഷണമാക്കുകയും ചെയ്യും. ഈ പ്രക്രിയയാണ് ഡയോനിയയും ഉപയോഗിക്കുന്നത്. കെണി തുറന്നു കഴിഞ്ഞാല്‍ ഇത്തരം ജസ്മോനൈട്ടുകള് ഇവ പുറത്ത് വിടും. അത് തങ്ങളുടെ ഭക്ഷണമായ കീടങ്ങളുടെ സാന്നിധ്യം കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കുന്ന ചില കീടങ്ങള്‍ ഓടി പാഞ്ഞെത്തുകയും കെണിക്കുള്ളിലാവുകയും ചെയ്യും. മാംസഭുക്കുകളായ ജീവികള്‍ ഓടിനടന്നു ഇര പിടിക്കാന്‍ കഷ്ടപെടുമ്പോള്‍ തീന്മേശയിലേക്ക് ഭക്ഷണമാക്കേണ്ട ജീവികളെ വിളിച്ചു വരുത്തുന്ന ചില വിരുതന് സസ്യങ്ങളും ഉണ്ട് എന്നത് അത്ര നിസ്സാരന്മാരല്ല സസ്യങ്ങള്‍ എന്നതിന്റെ തെളിവല്ലേ .
=============
ഇരപിടിയനായ നെപ്പെന്തെസ് (Nepenthes) എന്ന സസ്യം ഒരുപക്ഷെ ഇരപിടിയന്മാരില് വെച്ച് ഏറ്റവും പ്രശസ്തനാവും. ഇവയുടെ ആകര്‍ഷകമായ സവിശേഷ രീതിയിലുള്ള കെണി അടപ്പുള്ള ഒരു പാത്രം പോലെയിരിക്കുന്നത് കൊണ്ട് ഇവയെ പിച്ചര്‍ പ്ലാന്റ് (Pitcher Plant) എന്നും വിളിക്കാറുണ്ട്. ഇവയുടെ ഇലകളുടെ അഗ്രഭാഗത്ത് ആണ് നീളന്‍ പാത്രത്തിന്റെ ആകൃതിയില്‍ കെണി രൂപപെടുന്നതും വികസിക്കുന്നതും. കെണിയുടെ ഉള്ളില്‍ താഴെയായി ദഹന പ്രക്രിയക്ക് ആവശ്യമായ രസാഗ്നികളും മറ്റു ദ്രവങ്ങളും നിറഞ്ഞിരിക്കും, ഇതില്‍ കുറെയധികം ശ്ലെഷ്മ ദ്രവങ്ങളും ഉണ്ടാകും, ഒരിക്കല്‍ ഇതില്‍ അകപ്പെട്ടാല്‍ പിന്നീട് പ്രാണികള്‍ക്ക് എളുപ്പം രക്ഷപെടാനാവില്ല. കെണിയുടെ മുകളിലായി ഒരു അടപ്പും ഉണ്ടാകും, ഇത് ഒരു കുട പോലെ കെണിയുടെ വക്കില്‍ തുറന്നിരികുകയും മഴക്കാലത്ത് വെള്ളം കെണിക്കുള്ളിലെ ശ്ലെഷ്മ ദ്രവം നേര്‍ത്ത് പോകാതെ നോക്കുകയും, അതുപോലെ ഇതിന്റെ അടി ഭാഗത്തുള്ള ഗ്രന്ഥികള്‍ പ്രാണികളെ ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ കെണിയുടെ വക്ക് ഉള്ളിലേക്ക് ചെരിഞ്ഞിരിക്കുന്ന വളരെ മിനുസമേറിയ പ്രതലമുള്ളവയാണ്. ഇവക്ക് വളരെ ആകര്‍ഷകമായ നിറങ്ങളും ഉണ്ടാകും. അതില്‍ വന്നിരിക്കുന്ന കീടങ്ങള്‍ വളരെ പെട്ടെന്ന് തെന്നി താഴെ പോകുകയും, നേരെ കെണിക്കുള്ളിലുള്ള ശ്ലെഷ്മ ദ്രവത്തിലെക്ക് വീഴുകയും ചെയ്യും. വീണുകഴിഞ്ഞാല്‍ ശ്ലെഷ്മ ദ്രവത്തിലുള്ള രാസാഗ്നികള്‍ പ്രാണികളെ ദഹിപ്പിച്ച് ആവശ്യത്തിനു വേണ്ട പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നു.
എന്നാല്‍ എല്ലായ്പോഴും ഇവക്ക് ആവശ്യത്തിനു ഇരകളെ കിട്ടിക്കോളണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ഡയോനിയ അനുവര്‍ത്തിക്കുന്നത് പോലെ എന്തെങ്കിലും അടവുകള്‍ പ്രയോഗിക്കേണ്ടി വരും, അത്തരം ഒരു ഉഗ്രന്‍ അടവാണ് നെപ്പന്‍തെസ് ഹെംസ്ലെയാന (Nepenthes hemsleyana) എന്ന ഇരപിടിയന്‍ ചെടി കാണിക്കുന്നത്, പക്ഷേ ഡയോനിയയെപ്പോലെ കീടങ്ങളെ ആകര്‍ഷിക്കുകയല്ല പകരം വവ്വാലുകളെയാണ് ആകര്‍ഷിക്കുന്നത്. നിശാചരന്മാരായ സസ്തനികളാണല്ലോ വവ്വാലുകള്‍. തങ്ങളുടെ പ്രത്യേക എക്കോലോകേഷന് (Echo Location) വിദ്യ ഉപയോഗിച്ച് കൂറ്റാകൂറ്റിരുട്ടിലും ഇര തേടാന്‍ അവക്കറിയാം. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ സാധിക്കാത്ത ഉയര്‍ന്ന ആവൃത്തിയില്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കുകയും അത് ഇരകളുടെ മേല്‍ തട്ടി തിരിച്ച് വരുമ്പോള്‍ അത് പിടിച്ചെടുക്കുകയും ആ സിഗ്നലില്‍ നിന്നും ഇരകളുടെ സ്ഥാനം, വലിപ്പം, വേഗത എന്തിന് ഏത് തരമാണ് എന്ന് വരെ മനസിലാക്കാന്‍ വവ്വാലുകള്ക്കാവും. അതനുസരിച്ച് സ്വന്തം ദിശയും വേഗതയും ക്രമീകരിച്ച് ഇരയെ വരുതിയിലാക്കി വേട്ടയാടുകയാണ് ഇവയുടെ രീതി. നെപ്പന്‍തെസ് ഹെംസ്ലെയാനയുടെ കെണിയുടെ അടപ്പിന്റെ അകം വശത്ത് വവ്വാലിന്റെ ഉയര്‍ന്ന ആവൃത്തി ശബ്ദം പ്രധിധ്വനിക്കുന്ന രീതിയില്‍ ധാരാളം ചെറിയ അടയാളങ്ങള്‍ കാണും. ഇതില്‍ തട്ടി പ്രതിധ്വനിക്കുന്ന ശബ്ദങ്ങള്‍ വവ്വാലുകളെ ആകര്‍ഷിക്കാന്‍ പോന്നവയാണ്, തന്റെ ഇര ഈ സ്ഥാനത്ത് ഉള്ളതായി അവക്ക് തോന്നുകയും അവ പാഞ്ഞെത്തുകയും ചെടിയുടെ കെണിയെ ചുറ്റിപ്പറ്റി നടക്കുകയും ചെയും, ഈ സമയം വവ്വാല് മുന്‍പ് പിടിച്ച ഇരയുടെ അവശിഷ്ടങ്ങളും അവയുടെ കാഷ്ടങ്ങളും എല്ലാം താഴെയുള്ള കെണിയില്‍ വീഴും. അതിനെയെല്ലാം ദഹന ദ്രവത്തിലെ രാസാഗ്നി ദാഹിപ്പിക്കുകയും ചെയ്യും.
ഇനിയാണ് ആന്റിക്ലൈമാക്സ്. നെപ്പന്‍തെസ് ചെടി കഷ്ടപ്പെട്ട് പ്രലോഭിപ്പിച്ച് കെണിയിലാക്കുന്ന ഇരകളെ തട്ടിയെടുക്കാനും ചില വിരുതന്മാര് ഉണ്ട്. ഇതില്‍ Misumenops nepenthicola എന്ന എട്ടുകാലി ജീവിക്കുന്നതുതന്നെ നേപ്പന്തെസിന്റെ കെണിക്കുള്ളിലാണ്. ശ്ലെഷ്മ ദ്രവത്തില്‍ പ്രാണികള്‍ വീഴുമ്പോള്‍ എട്ടുകാലി ദ്രവത്തില്‍ മുങ്ങി അവയെ പിടിച്ച് തന്റെ ദഹന രസം അവയില്‍ കുത്തിവെക്കും. ഇരയുടെ അകം മുഴുവന്‍ ദ്രവ രൂപത്തില്‍ ആവുമ്പോള്‍ അതിനെ വലിച്ച് കുടിക്കുകയും ബാക്കി വരുന്ന അവശിഷ്ടം ശ്ലെഷ്മ ദ്രവത്തിലിടുകയും ചെയും. ശ്ലെഷ്മത്തില് മുങ്ങുന്ന എട്ടുകാലിക്ക് യാതൊന്നും സംഭവിക്കുകയില്ല, അതില്‍ വളരെ നേരം മുങ്ങി നടന്ന് ഇരയെ കയ്യിലാക്കാന്‍ അവക്കാവും, വളരെ എളുപ്പത്തില്‍ ഇരകളെയും കൊണ്ട് മുകളിലേക്ക് കയറുകയും ചെയ്യും. ഇനി Camponotus schmitzi എന്ന ഉറുമ്പുകളാവട്ടെ Nepenthes bicalcarata എന്ന ഇരപിടിയന്‍ ചെടിയുടെ വളഞ്ഞതും അകം പോള്ളയായതുമായ ടെന്ട്രിലുകളില് ആണ് തങ്ങളുടെ കോളനികള്‍ സ്ഥാപിച്ചിരിക്കുന്നത്. ചെടിയുടെ ഇരപിടിയന്‍ കെണികള്‍ ഇവ കുടെ കൂടെ സന്ദര്‍ശിക്കുകയും അതിനുള്ളില്‍ പെട്ട് പോകുന്ന സാമാന്യം വലിയ പ്രാണികളെയും, ദഹനം കഴിഞ്ഞു ബാക്കിയായ അവശിഷ്ടങ്ങളേയും എടുത്ത് കൊണ്ടുപോയി ഭക്ഷണമാക്കുകയും ചെയ്യും. ഇവക്കും ശ്ലെഷ്മ ദ്രവത്തില്‍ മുങ്ങി കിടക്കുന്ന ഇരകളെ പോക്കിയെടുക്കാനുള്ള കഴിവുണ്ട്. ചിലപ്പോഴൊക്കെ ഉറുമ്പുകള്‍ അതില്‍ പെട്ടുപോകാറുമുണ്ട്. എന്തായാലും ഇത് വഴി കെണികളില്‍ അധികമായി പ്രാണികള്‍ പെടുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനും അതുപോലെ ദഹനശേഷമുള്ള അവശിഷ്ടങ്ങള്‍ മാറ്റുന്നത് വഴി കെണികള്‍ വൃത്തിയായി സൂക്ഷിക്കാനും ഈ സസ്യങ്ങള്ക്കാവുന്നു. ഭക്ഷ്യ ചങ്ങലയിലെ ഇത്തരം വിരുതന്മാരായ ഇരപിടിയന്മാരും അവരെ പറ്റിച്ചും അവരോടു സഹകരിച്ചും ജീവിക്കുന്ന അതി വിരുതന്മാരും ചേര്‍ന്ന് തീര്‍ക്കുന്ന ഭക്ഷ്യ ചങ്ങലജാലം ഒരു വിസ്മയം തന്നെയാണ്. ഇവയില്‍ ഒരാളുടെ നാശം എല്ലാവരുടെയും നാശത്തിലേക്ക് നയിക്കാം.
References
Bemm, Felix, et al. “Venus flytrap carnivorous lifestyle builds on herbivore defense strategies.” Genome research 26.6 (2016): 812-825.
Lüttge, U. “Ecophysiology of carnivorous plants.” Physiological plant ecology III. Springer Berlin Heidelberg, 1983. 489-517.
Gibson, Thomas C., and Donald M. Waller. “Evolving Darwin’s ‘most wonderful’plant: ecological steps to a snap‐trap.” New Phytologist 183.3 (2009): 575-587.
Schöner, Michael G., et al. “Bats are acoustically attracted to mutualistic carnivorous plants.” Current Biology 25.14 (2015): 1911-1916.
Beaver, R. A. “The communities living in Nepenthes pitcher plants: fauna and food webs.” Phytotelmata: Terrestrial plants as hosts for aquatic insect communities (1983): 129-159.
Clarke, C. M., and R. L. Kitching. “Swimming ants and pitcher plants: a unique ant-plant interaction from Borneo.” Journal of Tropical Ecology 11.04 (1995): 589-602.
Written By : Suresh Kutty