പ്രജനനത്തിനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണിനടിയില്‍നിന്ന് പുറത്തുവരുന്ന പാതാളത്തവളകള്ക്കായി പ്രകൃതിസ്നേഹികള്‍ ഭൂമി വൃത്തിയാക്കി. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിന്റെ പരിസരപ്രദേശങ്ങളിലാണ് ശുചീകരണം നടന്നത്. 790 പ്ലാസ്റ്റിക് കുപ്പികള്‍, 270 മദ്യക്കുപ്പികള്‍, ആയിരത്തോളം പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവയാണ് നീരൊഴുക്കിന്റെ 200 മീറ്റര്‍ നീളത്തിലുള്ള കരയുടെ ഇരുവശത്തുനിന്നും പെറുക്കിയത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അനുമതിയില്ലാതെ പ്രവേശിക്കുന്നവരാണ് മലിനമാക്കുന്നത്.
തൃശ്ശൂര്‍ ആസ്ഥാനമായ ഏഷ്യാ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്‍ ട്രസ്റ്റും കൊച്ചി ആസ്ഥാനമായ കണ്‍സര്‍വേഷന്‍ റിസര്‍ച്ച് ഗ്രൂപ്പും ചേര്‍ന്നാണ് ശുചീകരണം സംഘടിപ്പിച്ചത്. 30 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡോ. പി.എസ്. ഈസ, സന്ദീപ്ദാസ്, കെ.പി. രാജ്കുമാര്, നിതിന്‍ ദിവാകര്‍, സേതുപാര്‍വതി എന്നിവര്‍ നേതൃത്വം നല്കി. വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു.
മണ്‍സൂണിന് മുമ്പ് എല്ലാ കൊല്ലവും പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തില്‍ പാതാളത്തവളകള്‍ ഭൂമിക്കടിയില്‍നിന്ന് വരാറുണ്ട്. ആണ്‍തവളയെ പുറത്തു ചുമന്നുകൊണ്ട് പെണ്തവളയാണ് മണ്ണിലുണ്ടാക്കിയ തുരങ്കത്തിലൂടെ പുറത്തുവരുന്നത്. രാത്രിയാണ് ഇവ എത്തുന്നത്. വരുന്ന ദിവസംതന്നെ പ്രജനനവും നടത്തി ഇവ ഭൂമിക്കടിയിലേക്ക് തിരിച്ചുപോകും.
വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ മൂന്നാമത്തെ സ്ഥാനമാണ് ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റി പാതാളത്തവളകള്‍ക്ക് നല്‍കിയിരിക്കുന്നത്.
പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് അനധികൃതമായി കയറുന്നവരുടെ പേരില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. രഞ്ജിത്ത് അറിയിച്ചു. ഒരുകൊല്ലം മുതല്‍ അഞ്ചുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.