ഇന്ന് മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനം
===============================================
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി 1918 മെയ് 11 നാണ് മൃണാളിനി ജനിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു ബാല്യകാലം. പിന്നീട് രവീന്ദ്രനാഥ ടാഗോറിന്റെ കീഴില്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ വിദ്യാഭ്യാസം നടത്തി. കുറച്ച് കാലം അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്സിലും പഠിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് നൃത്ത പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. മീനാക്ഷി സുന്ദരം പിള്ളയുടെ കീഴില്‍ ഭരതനാട്യവും ഗുരു തകഴി കുഞ്ചു കുറുപ്പിന്റെ കീഴില്‍ കഥകളിയും അഭ്യസിച്ചു.
പ്രശസ്ത നടിയും നര്‍ത്തകിയുമായ മല്ലികാ സാരാഭായിയും കാര്‍ത്തികേയ സാരാഭായിയുമാണ് മക്കള്‍. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എന്‍. എ.യുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.വടക്കത്ത് തറവാട്ടിലെ മൃണാളിനിയെന്ന യുവനര്‍ത്തകി ഭാരതത്തിന്റെ മഹാനായ ശാസ്ത്രജ്ഞന് വിക്രം സാരാഭായിയുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് യാദൃശ്ചികമായാ യിരുന്നു. ബാംഗ്ലൂരില്‍ വെച്ചാണ് മൃണാളിനിയുടെ നൃത്തം വിക്രംസാരാഭായി കാണാനിടയായത്. തുടര്‍ന്ന് ഇരുവരും വിവാഹിതരായി.നൃത്തവും ശാസ്ത്രവും ശ്രുതിയും ലയവും പോലെ ചേര്‍ന്നപ്പോള്‍ വടക്കത്ത് മൃണാളിനി മൃണാളിനി സാരാഭായിയായി. വിക്രം സാരാഭായിയുടെ ജന്മനാടായ അഹമ്മദാബാദില്‍ സ്ഥിരതാമസമാ ക്കിയ അവര്‍ അവിടെ ദര്‍പ്പണ എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങി. ദര്‍പ്പണ പില്ക്കാലത്ത് ലോകം മുഴുവന്‍ ഭാരതീയ നൃത്തകലയുടെ സുഗന്ധം പരത്തി. ഭരതനാട്യത്തിലും കഥകളിയിലും, മോഹിനിയാട്ടത്തി ലും, കുച്ചുപ്പുടിയിലും, കഥക്കിലും, മണിപ്പൂരി നൃത്തത്തിലും എന്നു വേണ്ട ഭാരതത്തിലെ ശാസ്ത്രിയ നാടോടി നൃത്തരൂപങ്ങളിലല്ലാം നേടിയ അഗാധമായ പാണ്ഡിത്യം അവരുടെ നൃത്തസപര്യയില്‍ മുതല്ക്കൂ ട്ടായിട്ടുണ്ട്.
വീരശൃംഖല, നാട്യകലാശിഖാമണി, കേരള സംഗീതനാടക അക്കാമദി ഫെലോഷിപ്പ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, വിശ്വഭാരതിയു ടെ ദേശികോത്തമ തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. പദ്മശ്രീ (1965), പദ്മഭൂഷണ്‍ (1992) പുരസ്ക്കാരങ്ങള്‍ നല്കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.2013ല്‍ കേരള സര്‍ക്കാരിന്റെ നിശാഗന്ധി പുരസ്കാരം ആദ്യമായി നല്കി ആദരിച്ചു.
യു.കെയിലെ നോര്‍വിച്ച് സര്‍വലാശാലയുടെ ഡി.ലിറ്റ്, ഫ്രഞ്ച് ആര്‍ക്കൈ വ്സ് ഇന്റര്‍നാഷണലെസ് ദെ ലാ ഡാന്‍സെ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, മെക്സിക്കന്‍ സര്‍ക്കാരിന്റെ ഗോള്‍ഡ് മെഡല്‍ തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. അലയന്‍സ് ഫ്രഞ്ചൈസിന്റെ പ്രസിഡന്റ്, സംഗീത നാടക അക്കാദമി അംഗം, നാഷനല്‍ പെര്‍ഫോമിങ്ങ് ആര്‍ട്സിന്റെ ഓണററി കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഹൃദയത്തിന്റെ സ്വരം,തോക്കേന്തിയ വനിതകൾ, കണ്ണൻ അനേകം നോവലുകള്‍, ചെറുകഥകള്‍, ബാലസാഹിത്യ കൃതികള്‍, നൃത്തത്തെ സംബന്ധിച്ച പഠന ഗ്രന്ഥങ്ങള്‍ എന്നിവ എഴുതിയിട്ടുണ്ട്. ‘ഹൃദയത്തിന്റെ സ്വരം’ ആത്മകഥയാണ്.
ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സിന്റെ സ്ഥാപക ഡയറക്ടറായിരുന്ന മൃണാളിനി സര്‍വ്വോദയ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ട്രസ്റ്റി, ഗുജറാത്ത് ഹാന്‍ഡ് ലൂം ചെയര്‍പേഴ്സണ്‍, നെഹ്റു ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.ഇന്ത്യൻ ക്ലാസിക്കൽ നൃത്തകലയുടെ മുഖമായിരുന്ന മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തിൽ ആദരമർപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ. മൃണാളിനി സാരാഭായിയെയും അവരുടെ ദർപണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സ് ഓഡിറ്റോറിയത്തെയും ഇന്ത്യൻ ശാസ്ത്രീയ നൃത്തകകലകളെയും ബന്ധിപ്പിച്ചുകൊണ്ടുളളതാണ് ഇന്നത്തെ ഡൂഡിൽ.
Pscvinjanalokam