കേരളത്തിലെ ഏറ്റവും വലിയ ഉൾനാടൻ ജലാശയമായ വേമ്പനാട്ടു കായലിലൂടെ മിക്കവരും യാത്ര ചെയ്തിട്ടുണ്ടാവും. കൊച്ചിക്കായലിലോ, വൈക്കം കായലിലോ, പുന്നമടക്കായലിലോ കുമരകത്തോ പാതിരാമണലിലേയ്ക്കോ ഒക്കെ പുരവഞ്ചിയിലോ ബോട്ടിലോ ഒക്കെ കയറിയിട്ടുള്ളവരുണ്ടാകും. പക്ഷേ, കോട്ടയത്ത് നിന്ന് രസകരമായ കായൽയാത്ര അധികം പേർ ചെയ്തിട്ടുണ്ടാവില്ല. കോട്ടയം ആലപ്പുഴ റൂട്ടിലെ ലൈൻ ബോട്ടിലുള്ള യാത്ര രസകരമാണ് ;അതു കടന്നു പോകുന്ന പാതയിൽ നിന്ന് മാറി വേമ്പനാട്ടു കായലിന്റെ കിഴക്കേ മുനമ്പായ പഴുക്കാനില കായലിലൂടെയുള്ള അപൂർവ്വമായ ജലയാത്ര ആസ്വദിക്കാൻ പറ്റിയവർ വിരളമായിരിക്കും. ആ വഴിക്ക് ഒരു വിനോദ ബോട്ടുയാത്രയുടെ സാധ്യതകളും കാഴ്ചകളുമാണ് സഞ്ചാര പ്രിയർക്കായി ഇവിടെ പങ്കു വയ്ക്കുന്നത്.
കോട്ടയം നഗരത്തിലെ കോടിമത ബോട്ടുജെട്ടിയിൽ നിന്ന് ആരംഭിച്ച് നാലു മണിക്കൂർ കൊണ്ട് തിരിച്ച് കോടിമതയിൽ എത്തുന്ന തരത്തിലുള്ള റൂട്ട് ആണ് നിശ്ചയിച്ചിരിക്കുന്നത്. മീനച്ചിലാറിന്റെ ഉപനദിയായ കൊടൂരാറിന്റെ വിരിമാറിലൂടെ ഒരു മണിക്കൂർ തെക്കോട്ട് യാത്ര ചെയ്ത് കായലിന്റെ കിഴക്കേമുഖമായ പഴുക്കാനിലയിലെത്തും. വീണ്ടും ഒന്നര മണിക്കൂർ കൊണ്ട് ആർ ബ്ലോക്ക് പിന്നിട്ട് മടക്കയാത്ര. ആലപ്പുഴ കോട്ടയം ജലപാതയിലൂടെ വെട്ടിക്കാട്ടെത്തി പുത്തൻതോട്ടിലൂടെ തിരിച്ച് കോടിമതയിൽ നാലു മണിക്കൂർ കൊണ്ടെത്താം.
സാധാരണ കായൽയാത്രകളിൽ വിശാലമായ ജലപ്പരപ്പുകളിലൂടെ മണിക്കൂറുകൾ പിന്നിട്ടുള്ള യാത്രയിൽ മുഷിപ്പനുഭവിക്കാറുണ്ട്. പലരും പുറം കാഴ്ചകളിൽ നിന്നകന്ന് ബോട്ടിനകത്തെ വിനോദങ്ങളിലാകും അപ്പോൾ കൂടുതൽ വ്യാപൃതരാകുക.എന്നാൽ ഈ യാത്രയിൽ മടുക്കാത്ത കാഴ്ചകൾ ഇരുവശത്തും കാത്തിരിക്കുന്നതിനാൽ യാത്ര കൂടുതൽ ആസ്വാദ്യകരമാകും എന്നതാണ്.
കൃഷിയും മത്സ്യ ബന്ധനവും കള്ളുചെത്തും ഉപജീവന മാർഗ്ഗമാക്കിയ
ഗ്രാമീണജീവിതത്തിന്റെ തുടിപ്പുകൾ കണ്ടറിഞ്ഞ്, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട പൈതൃക സ്ഥാനങ്ങളെ തിരിച്ചറിഞ്ഞ്, മീനച്ചിലാറിന്റെ പതനസ്ഥാനവും അവിടുത്തെവിളക്കുമരവും കണ്ട് പുരാതനമായ കപ്പൽചാലിലൂടെ നിഗൂഢതകൾ പേറുന്ന പഴുക്കാനില കായൽ അറിഞ്ഞ് നെൽകൃഷിയുടെ സമൃദ്ധി കൺനിറയെ കണ്ട് നീർപ്പക്ഷികളുടെയും നീർനായ്ക്കളുടെയും മറ്റു ജലജീവികളുടെയും ജീവിത ദൃശ്യങ്ങളും കണ്ടറിഞ്ഞ് രസകരമായ ഒരു Inland Voyage ! മടക്കയാത്ര സായാഹ്നത്തിലാണെങ്കിൽ മലരിക്കലെ Sunset view point ൽ കതിരണിഞ്ഞ പാടങ്ങളെ ചുംബിച്ച് കതിരോൻ മറയുന്ന അപൂർവ്വ അസ്തമയദൃശ്യവും ആസ്വദിച്ച് അന്തി ചേക്കേറുമ്പോൾ തിരിച്ചെത്താം.
യാത്രയുടെ വിശദമായ രൂപം താഴെ പറയുന്നു.
K0TTAYAM WATER CRUIZE -1
Kodimatha – Malarikkal – Muttom – Pallom – Pazhukkanila – R.Block – Vettikkad – Kanjiram – Parochal – Kodimatha (4 hours Boat Journey)
കോട്ടയം കോടിമത ജെട്ടിയിൽ നിന്ന് 2 pm ന് പുറപ്പെടുന്ന തരത്തിൽ ഉച്ചകഴിഞ്ഞ് ബോട്ടിലുള്ള കായൽയാത്ര പ്ലാൻ ചെയ്യാം. പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ ഇടതുവശത്ത് നിന്ന് പഴയ ബോട്ടുജെട്ടിയിൽ നിന്നുള്ള തോട് വന്ന് ചേരുന്നത് കാണാം.
നേരേ പടിഞ്ഞാറോട്ട് 1880 നോടടുത്ത് കോട്ടയത്തെ ദിവാൻ പേഷ്ക്കാരായിരുന്ന സർ.ടി.രാമറാവു കോട്ടയം ആലപ്പുഴ ബോട്ട് യാത്രയ്ക്കായി നേർരേഖയിൽ വെട്ടിയുണ്ടാക്കിയ പുത്തൻതോട് കാണാം.
കൊടൂരാർ ഇവിടെ തെക്കോട്ടു വളയുകയാണ്. നേരെ മുന്നോട്ട് പോകുമ്പോൾ തെക്കുംകൂർ ഭരണകാലത്ത് രാജാക്കന്മാർ തളിക്കോട്ടയിൽ നിന്ന് ചങ്ങനാശ്ശേരിയിലേയ്ക്ക് സഞ്ചരിക്കാനുപയോഗിച്ചിരുന്ന തോട് കാരാപ്പുഴയിൽ നിന്നും കൊടൂരാറ്റിൽ വന്നു ചേരുന്നത് കാണാം. കൊടൂരാറിന്റെ ഈ ഭാഗത്ത് മുൻ കാലത്ത് വേമ്പനാട്ട് വള്ളംകളി നടത്തിയിരുന്നത് നിലച്ചുപോയി.
കൊടൂരാർ തെക്കോട്ട് ഒഴുകുകയാണ്. ഇടതു വശത്തായി MCറോഡ് സമാന്തരമായി കടന്നു പോകുന്നു.
മുന്നിലായി ഗ്രാമിൻചിറ പാലം. അടുത്ത കാലത്ത് പുതുതായി പണിത ബൈപ്പാസ് റോഡ് നാട്ടകം സിമൻറ് ജംഗ്ഷൻ മുതൽ ഗ്രാമിൻചിറ പാലവും പാറേച്ചാൽ പാലവും കടന്ന് തിരുവാതുക്കൽ വരെ. കോട്ടയത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്ന് റോഡുമാർഗ്ഗം എറണാകുളത്തേയ്ക്കോ ചേർത്തലയിലേയ്ക്കോ പോകുവാൻ എളുപ്പം: അതായത് കോട്ടയം പട്ടണത്തിൽ കയറേണ്ട .
പാലത്തിനടിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ ട്രാവൻകൂർ സിമെൻറ് ഫാക്ടറിയുടെ പിൻഭാഗം കാണാം. വീണ്ടും നദി പടിഞ്ഞാറോട്ട്. പുതിയതായി നിർമ്മിച്ച കോട്ടയം തുറമുഖം ഇടതു വശത്ത്. ഈ ഭാഗം മുതൽ നദിക്ക് അസാമാന്യമായ രീതിയാണ്.
ആറ്റിലെ ജലസസ്യങ്ങൾക്കിടയിൽ നീലക്കോഴി, താമരക്കോഴി, ചേരക്കോഴി, നീർക്കാക്ക എന്നീ നീർ പക്ഷികളെ ധാരാളമായി കാണാം. ചുറ്റും വയലുകളും. ആറ്റു വക്കിലായി വീടു കെട്ടി താമസിക്കുന്നവർ മത്സ്യ ബന്ധവും കൃഷിപ്പണിയും.
കൊടൂരാർ “റ” പോലെ വളയുന്ന ഇവിടെ മാതൃനദിയായ മീനച്ചിലാറിന്റെ അന്ത്യഭാഗം ഒരു ചെറുതോട് പോലെ വന്നു ചേരുന്നു. ഇതിന് തൊട്ടു പടിഞ്ഞാറാണ് മലരിക്കൽ പ്രദേശം.
AD 1749 ൽ തിരുവിതാംകൂർ തെക്കുംകൂർ രാജ്യം ആക്രമിച്ചപ്പോൾ നാവിക സേനകൾ തമ്മിൽ ഏറ്റുമുട്ടിയത് ഇവിടെയെന്ന് വാമൊഴി ചരിത്രം.അന്ന് പിടിച്ചെടുത്ത തോക്ക് ഘടിപ്പിച്ച തെക്കുംകൂറിന്റെ യുദ്ധനൗകകൾ ( ഓടിവള്ളം) ഉപയോഗിച്ചാണ് രാമയ്യൻ ദളവ കൊച്ചി ആക്രമിക്കാൻ പുറപ്പെട്ടതെന്ന് ചരിത്ര രേഖകൾ.
ആറ് കിഴക്കോട്ട് വളഞ്ഞൊഴുകുകയാണ്. വലതു ഭാഗത്ത് കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന തിരുവായ്ക്കരി പാടശേഖരം. പണ്ടുകാലത്ത് ഈ കൃഷിഭൂമി പൂഞ്ഞാർ രാജവംശത്തിന്റേത് ആയിരുന്നത്രേ. മുന്നോട്ട് ചെല്ലുമ്പോൾ ഇടതുഭാഗത്തായി കാവു പോലെ ഒരു തറ കാണാം ആറ്റുതീരത്ത് തന്നെ ഉയരത്തിൽ പാറക്കെട്ടുകൾ കാണുന്നു.) ഇതിനോട് ചേർന്ന് അടിസ്ഥാനവർഗ്ഗ ജനതയുടെ ഗോത്രാരാധനാസ്ഥാനവുമുണ്ട്. നദിയും എക്കലടിഞ്ഞ വയലുകളും മാത്രമുള്ള ഈ ഭാഗത്ത് പാറക്കെട്ടുകൾ ഉയർന്ന് കാണുന്നത് തന്നെ ആശ്ചര്യകരമാണ്.
നേരേ പോയാൽ മുന്നിലായി മുട്ടം ജെട്ടിയാണ് മറിയപ്പള്ളിയുടെ പടിഞ്ഞാറു ഭാഗമായ മുട്ടം പ്രദേശത്തിന് പ്രാചീന പൈതൃകമുണ്ട്. പഴയ കോടിയൂർ തുറമുഖത്തിന്റെ ചരിത്രാന്വേഷണത്തിന് ഇവിടെ സാധ്യതയുണ്ട്.
വീണ്ടും നദി തെക്കോട്ടാണ്. നല്ല വീതിയിൽ ഒഴുകുമ്പോൾ ഇടതുഭാഗത്ത് നാട്ടകത്തെ പാടശേഖരങ്ങൾ. വലതു വശത്ത് തിരുവായ്ക്കരി പാടശേഖരം. മറിയപ്പള്ളിയിൽ നിന്ന് തുടങ്ങി കരിമ്പുംകാലാ കടവും സ്രാമ്പിക്കടവുമൊക്കെ കടന്ന് ചങ്ങനാശ്ശേരിക്ക് പോകുന്ന തെക്കുംകൂർ കാലത്തെ തോട് സമാന്തരമായി കിഴക്കു ചേർന്ന് ഒഴുകുന്നു. അതിനും കിഴക്ക് MCറോഡ് സമാന്തരമായി പോകുന്നു.
കരിമ്പുംകാലാകടവിൽ നിന്നാരംഭിക്കുന്ന പുതിയ വഴി കൊടൂരാറ്റിലെ ജെട്ടിയിൽ വന്ന് അവസാനിക്കുന്നുണ്ട്.
മുന്നോട്ടു നീങ്ങുമ്പോൾ കൊടൂരാറും മീനച്ചിലാറും ഒരുമിച്ച് ചേർന്ന് കായലിൽ സംഗമിക്കുന്ന പഴുക്കാനില കായലാണ്.
നദി കായലിൽ ചേരുന്ന ഭാഗത്ത് കിഴക്കേക്കരയിൽ 200 വർഷം പഴക്കമുള്ള വിളക്കുമരം കാണാം. തിരുവിതാംകൂറിലെ ദിവാനായിരുന്ന കേണൽ മൺറോ 1815ൽ സ്ഥാപിച്ചതാണിത്. മൺറോ ലൈറ്റിന് ഇന്നും കേടുപാടുകളില്ല. എന്നാൽ ആവശ്യകതയില്ലാത്തതിനാൽ പ്രവർത്തനസജ്ജമല്ല. രാത്രികാലങ്ങളിൽ വേമ്പനാട്ടു കായലിലൂടെ സഞ്ചരിച്ച് കോട്ടയത്തെത്തേണ്ട വള്ളങ്ങൾക്കും ബോട്ടുകൾക്കും കൊടൂരാറ്റിലേയ്ക്ക് ലക്ഷ്യം കാണിച്ച് ഒന്നര നൂറ്റാണ്ടോളം ഇത് പ്രവർത്തിച്ചിരുന്നു. ഇന്ന് പുരാവസ്തു മാത്രം. ഇതിന്റെ ചുറ്റും നല്ല ഉദ്യാനമാക്കി മാറ്റാം. പള്ളത്ത് നിന്ന് വയൽ വരമ്പിലൂടെ കാൽ നടയായി എത്തേണ്ടി വരും. ബോട്ടിൽ വരുമ്പോൾ വിളക്കുമരത്തിനടുത്ത് എത്തുംമുമ്പേ കരയ്ക്കിറങ്ങി അൽപം നടക്കേണ്ടി വരും.
പടിഞ്ഞാറോട്ട് തിരിഞ്ഞ് കായലിൽ പ്രവേശിക്കാം. എക്കൽ മണ്ണടിഞ്ഞ് പുല്ലു വളർന്ന് തുരുത്തുകൾ പോലെ അവിടവിടെയായി കാണാം. ചിലയിടങ്ങളിൽ കർഷകർ വളർത്തുന്ന കന്നുകുട്ടികൾ കായലിന്റെ ഓരം പറ്റി പുൽതുരുത്തുകളെ ചവച്ച് രസിക്കുന്നു.
കുറച്ചുകൂടി മുന്നോട്ട് നീങ്ങുമ്പോൾ തിരുവായ്ക്കരി പാടശേഖരത്തിന്റെ പടിഞ്ഞാറുദിശയിൽ വയലുകളുടെ മദ്ധ്യത്തിലായി ഒരു തുരുത്തും അവിടെ ഒരു ഭദ്രകാളിക്ഷേത്രവും! വലിയവീട്ടിൽ അമ്പലമെന്നാണ് അറിയപ്പെടുന്നത്. കുട്ടനാടിന്റെ കാർഷികഭൂമികയിൽ വിജനവും ഭയാനകവുമായ പഴുക്കാനില കായൽപ്രദേശത്ത് വയലുകളുടെ മദ്ധ്യത്തിൽ കൃഷിയുടെയും ഉർവരതയുടെയും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പ്രാചീന ക്ഷേത്രം. കാര്യസിദ്ധിക്കും അനുഗ്രഹത്തിനുമായി ഗരുഡൻ വഴിപാടാണ് ഇവിടെ പ്രധാനം. പത്താമുദയമാണ് ഉത്സവം.
ക്ഷേത്രത്തിലേയ്ക്ക് എത്താൻ ബോട്ട് അടുക്കാൻ സൗകര്യങ്ങളില്ല. കാഞ്ഞിരം മലരിക്കൽ നിന്ന് റോഡ് മാർഗ്ഗം സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ.
പഴുക്കാനില കായലിലൂടെ സഞ്ചരിക്കുമ്പോൾ നിരവധി ജൈവവൈവിധ്യങ്ങളാണ് കാണാനാവുന്നത്. സാന്ദർഭികമായി ചിലപ്പോൾ നീർനായ്ക്കളെ കാണാം. ഇരണ്ട, കൃഷ്ണ പരുന്ത്, വിവിധയിനം മുണ്ടികൾ, കൊറ്റികൾ, മീൻ വിഴുങ്ങികൾ തുടങ്ങി നിരവധി പക്ഷികളുടെ ഇര തേടലും കോലാഹലവും. പൊതുവേ വിജനവും ജലഗതാഗതവും കുറവായതിനാൽ ഇവയുടെയൊക്കെ സാന്നിധ്യം കൂടുതലാണ്. ഇടതു വശത്താണ് വിശാലമായ എച്ച് ബ്ലോക്ക്. പഴുക്കാനില കായലിനെ വേമ്പനാട്ടു കായലിന്റെ ഹൃദയഭാഗമായ പള്ളിക്കായലിലേയ്ക്ക് തുറക്കുന്ന ജലപാത പിന്നിട്ട് കായൽ പാതകളുടെ സംഗമസ്ഥാനത്തെത്താം.
കൃഷ്ണൻകുട്ടി മൂല എന്നറിയപ്പെടുന്ന ഇവിടുത്തെ ജെട്ടിയോട് ചേർന്ന് നാടൻ ഭക്ഷണം കിട്ടുന്ന ഒരു ഭോജനശാലയുണ്ട്.വീട്ടിൽ നിന്നു കഴിക്കുന്ന അതേ അനുഭവം! കപ്പയും മീനും അപ്പവും എല്ലാമുണ്ട്. യാത്രയിൽ ആവശ്യത്തിന് കുടിവെള്ളം കരുതാൻ മറക്കരുത്.കോട്ടയം വിട്ടാൽ കൃഷ്ണൻകുട്ടി മൂലവരെയുള്ള യാത്രയിൽ കുടിവെള്ളം കിട്ടാൻ ഒരു മാർഗ്ഗവുമില്ല. ഇവിടുത്തെ ഭോജനശാലയിൽ നിന്ന് നാവുനനച്ച് തിരിച്ച് ബോട്ടിൽ കയറാം. വേണമെങ്കിൽ തുറസായ പള്ളിക്കായലിലൂടെ അല്പം മുന്നോട്ട് പോകാം. ഒക്കെ സമയ ക്ലിപ്തത നഷ്ടപ്പെടാത്ത വിധം ആകാം.
ഇവിടെ വലതുഭാഗത്താണ് മെത്രാൻകായൽ! മുന്നോട്ട് അലപം പോയി വലത്തോട്ട് തിരിഞ്ഞ് സഞ്ചരിച്ചാൽ കുമരകത്തിന്റെ തെക്കേ മുനമ്പായ കൊഞ്ചുമടയിലെത്താം. നേരേ പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ പുന്നമടക്കായലാണ്. ഇടതുഭാഗത്തോട്ട് സഞ്ചരിച്ചാൽ കൈനകരിയിൽ എത്തിച്ചേരും. തൽക്കാലം ഈ യാത്രയിൽ നമ്മുക്ക് അങ്ങോട്ടൊന്നും പോകേണ്ടതില്ല.
എത്തിച്ചേർന്ന ജലപാത വിട്ട് വടക്കുഭാഗത്ത മറ്റൊരു കായൽപാതയിലൂടെ മടക്കയാത്ര ആരംഭിക്കാം. ആലപ്പുഴ- കോട്ടയം ജലപാതയാണിത്. ഇടത്തോട്ട് തിരിഞ്ഞാൽ വെട്ടിക്കാട് എത്തും. തിരുവാർപ്പ് പഞ്ചായത്തിന്റെ കന്നിമൂല. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെ തഴുകിയെത്തുന്ന മീനച്ചിലാറിന്റെ മറ്റൊരു ശാഖ ഇവിടെ വന്നു കായലിൽ ചേരുന്നു.
ദിവാൻ പേഷ്കാർ സർ.ടി.രാമറാവു വെട്ടിയുണ്ടാക്കിയ പുത്തൻതോടിന്റെ പടിഞ്ഞാറേ അറ്റമാണ് ഇത്.
പുത്തൻതോട്ടിലൂടെ കിഴക്കോട്ടാണ് നമ്മുടെ മടക്കയാത്ര. ഇടതു വശത്ത് വെട്ടിക്കാട് കള്ളുഷാപ്പ്. പിന്നിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് കച്ചിവെട്ടി യന്ത്രസഹായത്തോടെ കെട്ടുകളാക്കുന്നു. വലതു വശത്തുള്ള കെട്ടുവരമ്പുകളിലെ തെങ്ങുകളിലെ ഓലത്തുഞ്ചത്ത് തൂക്കണാം കുരുവി കൂടുകൾ. വിളയാത്ത നെൽക്കതിരിലെ പാൽ കൊടുത്താണ് ഇവ കുഞ്ഞുങ്ങളെ വളർത്തുന്നതത്രെ.
അകലെ കാഞ്ഞിരം പാലം പുത്തൻതോടിന് കുറുകെ ഉയർന്നുകാണാം. തിരുവാർപ്പിലെ കർഷകരുടെ ജീവിതദൃശ്യങ്ങൾ തോടിനിരുപുറവും. കാഞ്ഞിരംപാലത്തിന് സമീപം ജെട്ടിയിൽ ഇറങ്ങി വഴിയിലൂടെ അഞ്ചു മിനിറ്റ് നടന്നാൽ മലരിക്കൽ സൺ സെറ്റ് വ്യൂ പോയിൻറ് ആയി. വിളഞ്ഞു കതിരിട്ട ഒമ്പതിനായിരം നെല്പാടങ്ങൾക്ക് സ്വർണ്ണവർണ്ണമേകി അന്തിക്കതിരോൻ അസ്തമിക്കുന്ന അപൂർവ്വ ചാരുതയാർന്ന ദൃശ്യം ഇവിടെ ആസ്വദിക്കാം. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജനപദ്ധതി ആവിഷ്കരിക്കുന്ന ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിലൊന്നായി മലരിക്കൽ പ്രദേശം – വികസനത്തിന്റെ പാതയിലാണ്. സൺ സെറ്റ് വ്യൂ പോയിൻറിന് തൊട്ട് കിഴക്കുഭാഗത്തു കൂടി മീനച്ചിലാർ ഒഴുകുന്നു. തെക്കോട്ടുവയലിലൂടെ നീളുന്ന വഴി പഴുക്കാനില ഭാഗത്തേയ്ക്കാണ്. മുമ്പു പറഞ്ഞ വലിയവീട്ടിൽ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയും ഇതാണ്.
തിരിച്ചുവന്ന് കാഞ്ഞിരത്തിൽ വീണ്ടും ബോട്ടിൽ കയറാം. മുന്നോട്ടുനീങ്ങുമ്പോൾ മറ്റൊരു ചെറിയ വിളക്കുമരം. താഴത്തങ്ങാടി, വേളൂർ, കിളിരൂർ പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന വീതി കുറഞ്ഞ മീനച്ചിലാറിന്റെ അവശിഷ്ടഭാഗം പുത്തൻതോടിന്റെ മുറിച്ച് തെക്കുവടക്കായി കടന്നു പോകുന്നു. മലരിക്കൽ പ്രദേശത്തുകൂടി ഒഴുകിയാണ് ഇത് കൊടൂരാറ്റിൽ ലയിക്കുന്നത്.
കാഞ്ഞിരം മുതൽ കോടിമത വരെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യേണ്ട 5 നടപ്പാലങ്ങൾ ഉണ്ട്. സൂര്യാസ്തമനം ഒഴിവാക്കിയാൽ പാറോച്ചാൽ പാലവും കാരാപ്പുഴയും കടന്ന് 6 മണിയോടെ കോടിമതയിൽ എത്തിച്ചേരാം.
20 പേർ കയറുന്നതും 25 പേർ കയറുന്നതുമായ സാധാരണ ബോട്ടുകൾ. 6 പേർക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ട്. ഏതിനും 4 മണിക്കൂറിന് 2500 രൂപ യാത്രക്കൂലി.
കൂടുതൽ വിവരങ്ങൾക്കും ബോട്ടിനും ബന്ധപ്പെടുക:
9747025153
94473 66841
8075459394
INFORMATION BY Rajeev Pallikkonam
SOURCE : https://www.facebook.com/groups/SanchariTravelForum/permalink/927368224108469/