എന്തിനാണ് ഷോര്‍ട്ട് ഫിലിം എടുക്കുന്നത്?
മറ്റു ബിസിനസ്സുകാര്‍ വിസിറ്റിംഗ് കാര്‍ഡ് അച്ചടിപ്പിക്കുന്നതുപോലെ ഫിലിം മേക്കര്‍ ഷോര്‍ട്ട് ഫിലിം എടുക്കുന്നു. ‘എനിക്ക് ഈ പണി അറിയാം’ എന്നു കാണിക്കാന്‍ ഫിലിം മേക്കര്‍ക്കുള്ള മാര്‍ഗ്ഗമാണ് ഷോര്‍ട്ട് ഫിലിം മേക്കിംഗ്.
ഷോര്‍ട്ട് ഫിലിമുകളേക്കുറിച്ച് റോബര്‍ട്ടാ മേരി മണ്‍റോയ്ക്ക് അറിയുന്നതുപോലെ ഈ ലോകത്ത് മറ്റാര്‍ക്കും അറിയില്ല എന്നാണ് പറയുന്നത്. കാരണം റോബര്‍ട്ടാ അവരുടെതന്നെ കണക്കു പ്രകാരം 15, 000 ഷോര്‍ട്ട് ഫിലിമുകള്‍ എങ്കിലും കണ്ടിട്ടുണ്ടാകും. അതു ചുമ്മാ നേരമ്പോക്കിനു കണ്ടതല്ല. അവര്‍ 5 വര്‍ഷം സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ ഷോര്‍ട്ട് ഫിലിം പ്രോഗ്രാമര്‍ ആയിരുന്നു.
ഉള്ളതു പറയാം; കൊള്ളില്ല!
കിട്ടുന്നതില്‍ വെറും 2%-ല്‍ താഴെ ചിത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കപ്പെടാറുള്ളൂ എന്ന് റോബര്‍ട്ട പറയുന്നു. 98% തിരസ്കരിക്കപ്പെടാന്‍ എന്താണു കാരണം?
പല കാരണങ്ങളുണ്ട്:
- ദൈര്‍ഘ്യം ശരിയല്ല. ഒന്നുകില്‍ കൂടുതല്‍. അല്ലെങ്കില്‍ കുറവ്. സംവിധായകന് തോന്നുന്നതൊക്കെ ചിത്രീകരിച്ചിരിക്കുന്നു. അഭിനേതാക്കള്‍ പോര. എഴുത്ത് മോശം. സ്വന്തം എഡിറ്റിംഗ്. വേണ്ടത്ര വെട്ടിയിട്ടില്ല. വിഷയം പഠിച്ചിട്ടില്ല. ഷോര്‍ട്ട് ഫിലിം അല്ല. ഫീച്ചര്‍ ഫിലിമിലെ ഒരു സീന്‍ മാത്രം. ക്യാമറ ട്രൈപ്പോഡില്‍ വച്ചുകൂടേ? അമ്മൂമ്മയുടെ അനുഭവം. കൂട്ടുകാരന്റെ ക്യാമറ. ഗേള്‍ഫ്രണ്ട് നായിക. കൂട്ടുകാരോടൊപ്പം ടൂര്‍ പോയത് ചിത്രീകരിച്ചാല്‍ ഷോര്‍ട്ട് ഫിലിം ആവില്ല. കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും. അപ്പന് കാശുണ്ടായാല് മോന് ഫിലിംമേക്കര്‍ ആവില്ല.
എന്നാല്‍ നന്നായി എഴുതിയ, നല്ല ഘടനയുള്ള, ഭേദപ്പെട്ട അഭിനയമുള്ള, പാകത്തിന് ദൈര്‍ഘ്യമുള്ള സിനിമകളും പരാജയപ്പെട്ടുപോകാറുണ്ട്.
അതിനു കാരണം എന്താണെന്നോ?
സംവിധായകന് പറഞ്ഞാല്‍ കേള്‍ക്കില്ല!
ഇനി പറയൂ. നല്ല ഉപദേശം കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാണോ? തയ്യാറാണെങ്കില്‍ മാത്രം തുടര്‍ന്നു വായിക്കുക.
എന്നാ ഒണ്ട്?
പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക്, അതായത് പുസ്തകം വായിക്കുന്നവര്‍ക്ക് പലതും മനസ്സിലാക്കാം.
- ഒഴിവാക്കേണ്ട ക്ലീഷേസ്. എങ്ങനെ കൊള്ളാവുന്ന കഥ കണ്ടെത്താം? കാസ്റ്റിംഗ്, ലൊക്കേഷന്‍ ടിപ്സ്. പണി നന്നാവാനുള്ള പൊടിക്കൈകള്‍. എഡിറ്റിംഗില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും. പോസ്റ്റ് പ്രൊഡക്ഷന്‍.
പുതുമയുണ്ടോ പുതുമ?
ഷോര്‍ട്ട് ഫിലിമില്‍ സ്ഥിരം കാണുന്ന കഥകളുണ്ട്. നഷ്ടപ്രണയം, ഐസ്ഫ്രൂട്ടുപോലെ മനസ്സുള്ള അലവലാതി, മഹാരോഗി… ഇതൊക്കെ ഇനിയും കാണിക്കണോ?
അതുപോലെയാണ് സമകാലിക പ്രസക്തി. ജലക്ഷാമം, വറ്റുന്ന നദി, ഓസോണ്‍ ലെയറിന്റെ ഓട്ട… എല്ലാം ലക്ഷക്കണക്കിനു മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങള്‍ തന്നെ. അതുകൊണ്ടുതന്നെ നൂറുകണക്കിന് ചിത്രങ്ങള്‍ ഈ വിഷയങ്ങളില്‍ വന്നിട്ടുണ്ടാകും. അപ്പോള്‍ കാണികളുടെ ശ്വാസം പിടിച്ചുനിര്‍ത്തുന്ന വിധത്തിലല്ല, നിങ്ങളുടെ ചിത്രം എടുത്തിരിക്കുന്നതെങ്കില്‍ അത് ശ്രദ്ധിക്കപ്പെടില്ല.
വമ്പന്‍ സംഭവങ്ങള്‍ക്കേ വ്യാപകമായ അംഗീകാരം ലഭിക്കൂ എന്നില്ല. ചെറിയ കഥകള്‍ക്ക് ലോകവ്യാപകമായ അംഗീകാരം കിട്ടും എന്നതിന്റെ ഉദാഹരണമാണ് പല ഇറാനിയന്‍ ചിത്രങ്ങളും.
ആദ്യ സിനിമയാണ് എടുക്കുന്നതെങ്കില്‍ അതു നിങ്ങള്‍ക്കു വൈകാരികമായി അടുപ്പമുള്ള വിഷയമാകുന്നതാണ് നല്ലത്. കാരണം അറിയാത്ത പണിയിലേയ്ക്കാണ് ഇറങ്ങുന്നത്. ധാരാളം പ്രതിസന്ധികള്‍ പ്രതീക്ഷിക്കാം. മടുത്ത് ഇട്ടിട്ടു പോകാതിരിക്കണമെങ്കില്‍ വിഷയത്തോട് അടുപ്പമുണ്ടാകണം.
തന്നെയുമല്ല, നിങ്ങള്‍ക്ക് വൈകാരികമായി അടുപ്പമുള്ള വിഷയമാണോ കൈകാര്യം ചെയ്യുന്നത് അതോ ഷോര്‍ട്ട് ഫിലിമിനു വേണ്ടി മാത്രം വിഷയം കണ്ടുപിടിച്ചതാണോ എന്ന് കാണുന്നവര്‍ക്ക് അറിയാന്‍ പറ്റും. ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍ക്കു മാത്രമല്ല, സാധാരണ കാണികള്‍ക്കും.
പുതുമയുള്ള, രസമുള്ള കഥാപാത്രങ്ങള്‍ ഉള്ള, ചെറിയൊരു കഥ കിട്ടിയാല്‍ പിന്നെ വച്ചുകൊണ്ടിരിക്കരുത്. പേന എടുക്കുക. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സീക്വന്‍സുകള്‍ ശര്റേ-ന്ന് എഴുതുക.
ഇവിടെയാണ് ഇത്രയും കാലം സിനിമ കണ്ടതിന്റെ ഗുണം കിട്ടുക. ഓരോ സീക്വന്‍സും എഴുതിക്കഴിയുമ്പോള്‍ അടുത്തതായി എന്തു കാണണം എന്നൊരു ഗൈഡന്‍സ് ഉള്ളില്‍ നിന്നു വരും. അങ്ങനെയങ്ങു പോയാല്‍ ചിത്രത്തിന്റെ പേസിംഗ് കൃത്യമായിരിക്കും.
വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഫസ്റ്റ് ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കുക. ഇപ്പോള്‍ വായിച്ചുനോക്കിയാല്‍ സംഗതി ലോകോത്തരമായിട്ടുണ്ട് എന്നു നമുക്കു തോന്നും.
പക്ഷേ അക്കാര്യം ആരോടും പറയണ്ട. കാരണം ലോകത്താരും ഇന്നുവരെ ഫസ്റ്റ് ഡ്രാഫ്റ്റ് ഷൂട്ട് ചെയ്തിട്ടില്ല. ഇതെങ്ങനെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് ആക്കാം എന്നാലോചിക്കൂ.
ഇവിടെ പണി തലച്ചോറിന്റെ വിമര്‍ശന ബുദ്ധിയുടെ ഭാഗത്തിനു വിട്ടുകൊടുക്കുക. ക്ഷമയോടെ കാടും പടലും വെട്ടി വൃത്തിയാക്കുക. മറ്റൊരാള്‍ക്ക് വായിക്കാവുന്ന, ആക്ഷന്‍ തട്ടും തടവുമില്ലാതെ സ്മൂത്തായി ഒഴുകുന്ന വിധത്തിലേയ്ക്ക് സ്ക്രിപ്റ്റ് എഡിറ്റ് ചെയ്യുക.
ആരാ? മനസ്സിലായില്ലല്ലോ-
നിങ്ങളുടെ കഥാപാത്രങ്ങള്‍ എങ്ങനെ?
അവരെ നിങ്ങള്‍ക്ക് അടുത്തറിയാമോ? നിങ്ങള്‍ക്കവരുടെ ഉള്ളിന്റെ ഉള്ളില്‍ നടക്കുന്നത് അറിയില്ലെങ്കില്‍ സിനിമ കാണുന്നവര്‍ക്ക് അവരെ എങ്ങനെ മനസ്സിലാകും?
ഓരോ കഥാപാത്രത്തിന്റേയും ബയോഗ്രഫി ഓരോ പാരഗ്രാഫ് എങ്കിലും എഴുതുക. അവരുടെ രൂപം, സംസാര രീതി, വസ്ത്രധാരണ രീതി… എഴുതിവരുമ്പോള്‍ ഇഷ്ടം പോലെ എഴുതാന്‍ പറ്റുന്നുണ്ടെങ്കില്‍ ഒരു പാരഗ്രാഫ് എന്നു നോക്കണ്ട. എഴുതി രസിക്കുക. അവരാരും പരാതി പറയാന്‍ വരില്ല.
അച്ഛനേയോ അമ്മയേയോ കൂടുതല്‍ ഇഷ്ടം? ഇഷ്ടമുള്ള ഭക്ഷണം ഏതാണ്? അവര്‍ക്ക് എന്താണു വേണ്ടത്? അവര്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത്?
ഫിലിമില്‍ കാണിക്കുന്നില്ലെങ്കിലും കഥാപാത്രങ്ങളുടെ മുന്‍കാലജീവിതം എങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ അറിയണം. ഇല്ലെങ്കില്‍ കഥാപാത്രങ്ങള്‍ കടലാസു മനുഷ്യരായി പോകും. അവര്‍ക്കു വിശ്വാസ്യത ഉണ്ടാകില്ല.
ആളുകള്‍ ഫിലിം കാണുന്നത് കഥ എന്താകും എന്നറിയാനല്ല, സ്ക്രീനില്‍ കാണുന്ന മനുഷ്യര്‍ക്ക് എന്തു സംഭവിക്കുന്നു എന്നറിയാനാണ് . അവര്‍ക്ക് ആകാംക്ഷ തോന്നണമെങ്കില്‍ രസമുള്ള, ആള്‍ക്കൂട്ടത്തില്‍ നിന്നു വേറിട്ടു നില്ക്കുന്ന ഒരു കഥാപാത്രമെങ്കിലും വേണം.
ഇത്രയും ഉപദേശങ്ങള്‍ കേട്ടപ്പോള്‍ സ്ക്രിപ്റ്റ് എഴുതുന്നത് എളുപ്പപ്പണിയല്ല എന്നു തോന്നിയോ? സംവിധായകര്‍ പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന് ആയമ്മ പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേ?
കഥ വേറെ, ഘടന വേറെ
കഥയും ഘടനയും തമ്മില്‍ എന്താണു വ്യത്യാസം?
എന്തുണ്ടാവുന്നു അതാണ് കഥ.
എങ്ങനെയുണ്ടാവുന്നു അതാണ് ഘടന.
പേസിംഗ്, ടെംപോ എന്നൊക്കെ പറയുമ്പോള്‍ നമ്മള് ഉദ്ദേശിക്കുന്നത് ഘടനയുടെ കാര്യമാണ്.
ഫെസ്റ്റിവലിനു ചിത്രങ്ങള്‍ കാണുമ്പോള്‍ റോബര്‍ട്ട ഒരോന്നിനേക്കുറിച്ചും കുറിപ്പ് എഴുതും (ഇതു നോക്കിയിട്ടാണ് 98 ശതമാനത്തിനേയും കട്ട് ചെയ്യുന്നത്). മിക്ക ചിത്രത്തേക്കുറിച്ചും എഴുതുമ്പോള്‍ ഒരു കാര്യം എഴുതേണ്ടിവരുമത്രെ, “took too long to get there-”. അതായത് പടം തീരാറായാലും കഥ തുടങ്ങാത്ത അവസ്ഥ.
ഷോര്‍ട്ട് ഫിലിമില്‍ പ്രേക്ഷകരുടെ ശ്രദ്ധ ആദ്യത്തെ, അല്ലെങ്കില്‍ രണ്ടാമത്തെ മിനിട്ടില്‍ പിടിച്ചെടുത്തിരിക്കണം. ആളുകള്‍ ഷോര്‍ട്ട് ഫിലിമുകള്‍ കാണാമെന്നു വയ്ക്കുന്നത് അവ ഷോര്‍ട്ട് ആണല്ലോ എന്നു കരുതിയാണ്. തുടക്കത്തില്‍ത്തന്നെ ലാഗ് വന്നാല്‍ അവര്‍ ഇട്ടിട്ടു പോകും.
തുടക്കത്തില്‍ത്തന്നെ കാര്യമായി എന്തെങ്കിലും കൊടുക്കുക. നടുക്കുന്നത്. അസ്വസ്ഥതയുണ്ടാക്കുന്നത്. ഇതുവരെ കാണാത്തത്.
അതാകണം ഹുക്ക്. 5, 10 അല്ലെങ്കില്‍ 15 മിനിട്ട് അവരെ പിടിച്ചിരുത്തുന്നതിനുള്ള കൊളുത്ത്.
കഥ ആദ്യ മിനിട്ടില്‍ത്തന്നെ നീങ്ങാന്‍ തുടങ്ങിയാല്‍ ചിത്രത്തിന് ഉള്ള ദൈര്‍ഘ്യം പോലും അനുഭവപ്പെടില്ല.
കഥാഗതിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍ ഷോര്‍ട്ട് ഫിലിമില്‍ ഒഴിവാക്കുന്നതാണ് നല്ലത്. കുഴഞ്ഞുമറിഞ്ഞ കഥ, വിശാലമായ ഓപ്പണിംഗ് സീന്‍, അനേകം കഥാപാത്രങ്ങള്‍, ബന്ധങ്ങളിലെ നൂലാമാലകള്‍, ഫ്ളാഷ്ബാക്ക്, ഫ്ളാഷ് ഫോര്‍വേഡ്, പല ലൊക്കേഷനുകള്‍… ഇവ ഒഴിവാക്കാം.
ലളിതമായ കഥ. അനാവശ്യമായ ഒറ്റ ഷോട്ടില്ല. ഓരോ സീനും കഥയെ മുന്നോട്ടു നയിക്കുന്നു. ഇങ്ങനെയാകണം ഷോര്‍ട്ട് ഫിലിം.
ചിലര്‍ ഓപ്പണിംഗ് ക്രെഡിറ്റ്സ് കാണിക്കുമ്പോള്‍ത്തന്നെ കഥ സെറ്റപ്പ് ചെയ്യും. ഇത് മിക്കപ്പോഴും വര്‍ക്ക് ചെയ്യില്ല.
ഓപ്പണിംഗ് ക്രെഡിറ്റ്സ് തന്നെ ഒഴിവാക്കി ചിത്രം തുടങ്ങാം. ക്രെഡിറ്റ്സ് ചിത്രത്തിന്റെ ഒടുവിലാകാം.
നിങ്ങള്‍ ഡോക്യുമെന്ററിയാണ് എടുക്കുന്നതെങ്കിലും ഘടനയുടെ കാര്യം ശ്രദ്ധിക്കാതെ പറ്റില്ല. പണ്ടൊക്കെ ഡോക്യുമെന്ററി ചിത്രങ്ങളെ മരുന്നു പോലെയാണ് കണ്ടിരുന്നത്. കഴിയ്ക്കുന്നത് നല്ലതാണല്ലോ. അതുകൊണ്ട് രുചി നോക്കേണ്ടതില്ല എന്ന മട്ടില്‍. ഇപ്പോള്‍ ആ ധാരണ പോയി. ഡോക്യുമെന്ററി ഫിലിംമേക്കറും ഒരു കഥാകാരനാണ് എന്ന് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഡോക്യുമെന്ററിയുടെ ഘടന, എഡിറ്റിംഗ്, ഗ്രാഫിക്സ് എല്ലാം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു.
ഷോര്‍ട്ട് ഫിലിമില്‍ ഒടുക്കം ഒരു ട്വിസ്റ്റ് വേണം എന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. അതു തെറ്റല്ല. എന്നാല്‍ അതിലും പ്രധാനമാണ് തുടക്കത്തില്‍ പിടിച്ചിരുത്തുന്ന എന്തെങ്കിലും വരണം എന്നത്.
ഷോര്‍ട്ട് ഫിലിം എടുക്കുന്നത് സിനിമയിലൂടെ നിങ്ങള്‍ക്ക് കഥ പറയാനാവും എന്നു കാണിക്കാനാണല്ലോ. കഥ പറയാനുള്ള കഴിവ് ഏറ്റവുമധികം കാണുന്നത് കഥയുടെ ഘടനയിലാണ് എന്നോര്‍ത്തിരിക്കുക.
മനുഷ്യപ്പറ്റു വേണം
ഷോര്‍ട്ട് ഫിലിമിനുവേണ്ടി പണം കണ്ടെത്തേണ്ടത് സംവിധായകന് തന്നെയാണ്. നിങ്ങള്‍ക്കു സ്വരൂപിക്കാനാകുന്ന പണം തീരെ കുറവായിരിക്കും അതുകൊണ്ട് വ്യത്യസ്ത സ്കില്‍ ഉള്ളവരോട് നിങ്ങളുടെ ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ സഹകരിക്കാന്‍ ആവശ്യപ്പെടാമോ?
ആവശ്യപ്പെടാം. എന്നാല്‍ പ്രതിഫലം ആയിട്ടല്ലെങ്കിലും ചെറിയൊരു തുക ഓരോ ദിവസവും അവര്‍ക്കു കൊടുക്കാനാവുമോ എന്നാലോചിക്കുക. കാരണം ദിവസവും അവരുടെ കയ്യില്‍ നിന്നു കാശു മുടക്കി നിങ്ങളുടെ സെറ്റില്‍ വന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഉള്ള സ്നേഹബന്ധം ഇല്ലാതാക്കും.
അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം കൊടുക്കുന്നില്ല എന്നത് നിങ്ങളുടെ ഉത്തരവാദിത്തം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്. മുന്‍കൂട്ടി നന്നായി പ്രിപ്പയര്‍ ചെയ്യുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. ചിത്രീകരണം തുടങ്ങുമ്പോള്‍ സംവിധായകന് സീനില്‍ പിടിപാടില്ല എന്നു തോന്നിയാല്‍ എല്ലാവരുടേയും വിശ്വാസം നഷ്ടപ്പെട്ടുപോകും. വിഡ്ഢിത്തം കാട്ടിക്കൂട്ടുന്നതിനുവേണ്ടി സമയം പാഴാക്കാന്‍ ആര്‍ക്കും താത്പര്യമുണ്ടാവില്ല.
- പൂര്‍ത്തിയായ തിരക്കഥ കയ്യില്‍ വേണം. സ്റ്റോറി ബോര്‍ഡ് വേണം. ഷോട്ട് ലിസ്റ്റ് വേണം.
സഹകരിക്കുന്നവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
ഇത് നിങ്ങളുടെ പ്രൊജക്റ്റ് ആണ്. ഇതു പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്കാണ് ഏറ്റവും നേട്ടം. മറ്റുള്ളവരെല്ലാം ഇതിനുവേണ്ടി നിങ്ങളെ സഹായിക്കുന്നവരാണ് എന്ന് ഓര്‍ത്തു പെരുമാറുക.
പ്രൊജക്റ്റിനേക്കുറിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ കാണിക്കുന്ന എനര്‍ജിയാണ് അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും ആകര്‍ഷിക്കുന്നത്.
പ്രൊജക്റ്റ് മുന്നോട്ടു നീക്കാന്‍ നിങ്ങള്‍ക്കുവേണ്ട ഗുണങ്ങള്‍:
- നല്ല എനര്‍ജി. ചിത്രം എങ്ങനെയാകണം എന്ന് വ്യക്തമായ വിഷന്‍. ഉത്തരവാദിത്തബോധം. പ്രശ്നങ്ങളെ അതിജീവിച്ചു ജോലി പൂര്‍ത്തിയാക്കാനുള്ള സമര്‍പ്പണ ബോധം.
എപ്പോഴൊക്കെ നിങ്ങളുടെ ടീം ഒന്നിച്ചുകൂടുന്നുവോ അപ്പോഴൊക്കെ മീറ്റിംഗ് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക.
കാരണം നിങ്ങള്‍ സംവിധായകന് മാത്രമല്ല, ഗ്രൂപ്പിന്റെ ലീഡര്‍ കൂടിയാണ്.
ഓരോരുത്തരുടേയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ഒരു കഥ നിങ്ങള്‍ പറയുമ്പോള്‍ പലരുടേയും മനസ്സില്‍ പല കഥകളായിരിക്കും ഓടുന്നത്. നിങ്ങളുടെ കഥ ആവുന്നത്ര വ്യക്തതയോടെ അവര്‍ക്കു പറഞ്ഞുകൊടുക്കാന്‍ ശ്രദ്ധിക്കണം. എങ്കിലേ അതു യാഥാര്‍ത്ഥ്യമാക്കുന്നതിന് അവര്‍ക്കു നിങ്ങളെ സഹായിക്കാനാവൂ.
ഫിലിം മേക്കിംഗില്‍ ഓരോരുത്തരുടേയും സംഭാവന വിലപ്പെട്ടതാണ്. അവര്‍ക്കുമാത്രം തരാനാകുന്നതാണ്. ‘അതു മനസ്സിലാക്കിയതുകൊണ്ടല്ലേ ഞാന്‍ എല്ലാവരേയും വിളിച്ചത്-’ എന്നു പറഞ്ഞാല്‍ പോര. നിങ്ങള്‍ അവരെ മനസ്സിലാക്കുന്നു എന്ന് അവര്‍ക്ക് ബോദ്ധ്യപ്പെടണം.
പലയിടത്തുനിന്നും വന്നുകൂടിയവര്‍ ഒറ്റ ടീം ആയി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. അതു സ്വാഭാവികമാണ്. അവര്‍ പരസ്പരം മനസ്സിലാക്കി സഹകരിക്കാന്‍ കുറച്ചു സമയം എടുത്തേക്കാം.
ഇതേക്കുറിച്ച് ആലോചിച്ച് തല പുണ്ണാക്കേണ്ടതില്ല. അവരുടെ നിലപാട് പോസിറ്റീവ് ആയി നിലനിര്‍ത്താന്‍ മാത്രം ശ്രദ്ധിക്കുക.
പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തീര്‍ക്കാന്‍ പ്രൊജക്റ്റിലെ ഉത്തരവാദിത്തമുള്ള മറ്റാരെയെങ്കിലും ഏല്പിക്കുക. നിങ്ങളുടെ മനസ്സ് ക്ലിയര്‍ ആക്കിവയ്ക്കുക.
എന്നാല്‍ പ്രോജക്റ്റിന് പാരയായി മാറാന്‍ ഇടയുള്ളവരെ ഒഴിവാക്കാന്‍ ഒരു മടിയും വിചാരിക്കരുത്.
പരസ്പരം സഹകരിച്ചു ജോലി ചെയ്യുന്നത് ദാമ്പത്യജീവിതം പോലെയാണ്. മറ്റുള്ളവര്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. ഏറ്റുമുട്ടാന്‍ വരുന്നു എന്ന തോന്നല്‍ ഉളവാക്കാതെയും മാനസികവിഷമം ഉണ്ടാക്കാതെയും വ്യത്യസ്ത വീക്ഷണങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാനാകണം.
ഇപ്പോള്‍ വേണമെങ്കില്‍ സംവിധായകന് യൂണിറ്റിലുള്ളവര്ക്കു മുഖം കൊടുക്കാതെ മോണിറ്ററും നോക്കിയിരിക്കാം. എന്നാലതു ചെയ്യരുത്.
ഒരുപാടുപേര് ചോദ്യങ്ങളുമായി സമീപിക്കും. വിഷയം മനസ്സിലാക്കി കൃത്യമായി യെസ് /നോ പറയുക ഈ ജോലിയുടെ പ്രധാനഭാഗമാണ്.
കാര്യങ്ങള്‍ സ്മൂത്തായി പോകാത്തപ്പോഴും നര്‍മ്മബോധം നിലനിര്ത്താനുമാവണം.
സംവിധാനം വളരെയധികം ഉത്തരവാദിത്തമുള്ള ജോലിയല്ലേ, എനിയ്ക്കത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനാവുമോ എന്ന ഭീതി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുമ്പോള്‍ ഉണ്ടാകാം. എന്നാല്‍ നല്ല ടീമിനെ സംഘടിപ്പിക്കുകയും നന്നായി പ്രിപ്പയര്‍ ചെയ്യുകയും ചെയ്താല്‍ സംവിധായകന്റെ ഉത്തരവാദിത്തം രണ്ടേ രണ്ടു കാര്യങ്ങളിലേയ്ക്ക് ഒതുക്കാം.
ഒന്ന്, അഭിനേതാക്കളെ അവരുടെ റോള്‍ ചെയ്യാന്‍ സഹായിക്കുക.
രണ്ട്, ഫിലിമിന്റെ ക്വാളിറ്റി കണ്ട്രോള്.
ക്യാമറാമാന് ഒപ്പം ചാടട്ടെ!
സാങ്കേതിക പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് അവരെ നേരില്‍ കാണുക. മറ്റുള്ളവരോട് അവരേക്കുറിച്ച് അഭിപ്രായം ചോദിക്കുക.
സിനിമാട്ടോഗ്രാഫറോടാണ് സെറ്റില്‍ നിങ്ങള്‍ ഏറ്റവും അധികം ഇടപെടുന്നത്. നിങ്ങള്‍ മനസ്സില്‍ കണ്ടത് യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവുമധികം സഹായിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിനാണ്. അതുകൊണ്ട് സിനിമാട്ടോഗ്രാഫറെ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
അവര്‍ മുമ്പു ചെയ്ത വര്‍ക്കുകള്‍ കാണുക. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫോര്‍മാറ്റില്‍ ഉള്ളവ പ്രത്യേകം ശ്രദ്ധിക്കുക.
കഥയില്‍ നിന്നു മാറി ശ്രദ്ധ പിടിച്ചെടുക്കുന്ന വിധത്തിലാണോ ക്യാമറ ഉപയോഗിച്ചിരിക്കുന്നത്? ക്യാമറ സദാ ചലിച്ചുകൊണ്ടിരിക്കുകയാണോ? ബജറ്റിന്റെ പരിധിയില്‍ നിന്നുകൊണ്ട് വേണ്ട ഷോട്ടുകള്‍ നല്കാന് കഴിയുമോ?
ചില സിനിമാട്ടോഗ്രാഫര്‍മാര്‍ ഓര്‍ഗനൈസ്ഡ് ആയിരിക്കില്ല. അവര്‍ അസിസ്റ്റന്റുമാരോട് ഒച്ചയെടുക്കും. അഭിനേതാക്കളെ പുച്ഛിക്കും. നിങ്ങള്‍ പറയുന്ന മാറ്റങ്ങള്‍ സമ്മതിച്ചുതരില്ല. സംവിധാനം സ്വയം ഏറ്റെടുക്കും. ഇങ്ങനെയുള്ളവരെ അടുപ്പിക്കരുത്.
ചിത്രത്തിന് നിങ്ങള്‍ ഉദ്ദേശിക്കുന്ന ലുക്ക് കിട്ടണമെങ്കില്‍ മനസ്സിലുള്ള ആശയങ്ങള്‍ ക്യാമറാമാനുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യണം. ഒരു ലുക് ബുക് ഉണ്ടാക്കുന്നതു നന്നായിരിക്കും. മാഗസിനില്‍ നിന്നും നെറ്റില്‍ നിന്നും ഫോട്ടോകള്‍ കണ്ടെത്തി ലുക് ബുക് ഉണ്ടാക്കിയാല്‍ നിങ്ങളുടെ മനസ്സിലുള്ള നിറങ്ങളും ഇമേജുകളും ടോണും എല്ലാം പറയുന്നതിനേക്കാള്‍ ഭംഗിയായി അദ്ദേഹത്തിനു മനസ്സിലാവും.
ഷോട്ട് ലിസ്റ്റ് വച്ച് സംസാരിക്കുക. ഏതെല്ലാം ഷോട്ടുകളാണ് ഏറ്റവും പ്രധാനം എന്നു വ്യക്തമാവും. ഷൂട്ട് ചെയ്യുമ്പോള്‍ സമയക്കുറവ് വന്നാല്‍ ഇത് വളരെ ഉപയോഗപ്പെടും.
ഗെഡികളല്ല, പണി അറിയുന്നവര്‍
സംവിധാന സഹായിയായി നിങ്ങളുടെ ഏറ്റവുമടുത്ത ഗെഡിയേയല്ല വയ്ക്കേണ്ടത്. പണി അറിയുന്ന, ഉത്തരവാദിത്തബോധമുള്ള ആളെയാണ്. കാരണം ഷൂട്ടിംഗില്‍ ഏത് ആവശ്യത്തിനും നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത് ഇദ്ദേഹത്തെയാണ്.
സംവിധാന സഹായിക്ക് ഷൂട്ടിംഗ് ഷെഡ്യൂള്‍ നന്നായി അറിയണം. ഷൂട്ടിന് ഒരാഴ്ച മുമ്പ് സംവിധായകനും സംവിധാന സഹായിയും സിനിമാട്ടോഗ്രാഫറും ഒരുമിച്ചിരിക്കുക. ഓരോ ദിവസത്തെയും ഷെഡ്യൂള്‍ നോക്കുക. പ്ലാനില്‍ നില്‍ക്കാത്ത എന്തെങ്കിലും ഉണ്ടോ എന്നു നോക്കുക.
സ്ക്രിപ്റ്റ് സൂപ്പര്‍വൈസര്‍ക്കാണ് ചിത്രത്തിന്റെ കണ്ടിന്യുയിറ്റിയുടെ ചുമതല. കഥാപാത്രങ്ങളുടെ ആക്ഷന്‍, അഭിനേതാക്കളുടെ വസ്ത്രധാരണം, സെറ്റിലെ പ്രോപ്പര്‍ട്ടികള്‍ ഇവ മാച്ച് ചെയ്യുന്നുണ്ടോ എന്നു ശ്രദ്ധിക്കേണ്ടത് സൂപ്പര്‍വൈസറാണ്.
നിങ്ങള്‍ ആഗ്രഹിക്കുന്ന വിഷ്വല്‍ ടോണ്‍ ചിത്രത്തിന് കൊണ്ടുവരാന്‍ സിനിമാട്ടോഗ്രാഫറോടൊപ്പം സംഭാവന ചെയ്യുന്ന ആളാണ് ആര്‍ട്ട് ഡയറക്ടര്‍.
ഹെയര്‍, മേക്കപ്പ് ഇതു രണ്ടും ചെയ്യുന്നവരുണ്ട്. ചിലര്‍ ചെയ്യില്ല. ഇക്കാര്യം നേരത്തേ നോക്കണം.
ഏതു കഥാപാത്രത്തേക്കുറിച്ചും കാണികള്‍ക്ക് ആദ്യം ധാരണ നല്‍കുന്നത് അവരുടെ വസ്ത്രധാരണമാണ്. കഥാ സന്ദര്‍ഭത്തിനും കഥാപാത്രത്തിന്റെ പ്രായത്തിനും സ്വഭാവത്തിനും ഇണങ്ങുന്ന വസ്ത്രധാരണം തിരഞ്ഞെടുക്കാന്‍ വിവരമുള്ള കോസ്ട്യൂം ഡിസൈനര്‍ വേണം.
നിങ്ങളേക്കാള്‍ അറിവുള്ളവരെ ടീമില്‍ ഉള്‍പ്പെടുത്തുക. അവര്‍ നിങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ താത്പര്യം ഉള്ളവരും ആയിരിക്കണം.
നിങ്ങളുടെ ടീം എത്ര നല്ലതാണോ അത്രയും നന്നാകും നിങ്ങളുടെ ചിത്രം.
അയല്‍വാസി ഒരു ദരിദ്രവാസി
പ്രൊഡക്ഷനില്‍ പല പ്രശ്നങ്ങളും വരാം. ഒരിക്കല്‍ റോബെര്‍ട്ട തന്റെ ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യുമ്പോള്‍ വംശവെറിയനായ അയല്‍വാസിയെ നേരിട്ട കഥ രസകരമാണ്.
ഷൂട്ടിന് ആക്ഷന്‍ പറഞ്ഞാല്‍ ഉടനെ അയല്‍വാസി മതിലിന് അപ്പുറത്തുനിന്ന് ബഹളം തുടങ്ങും. തട്ടലും മുട്ടലും ഡ്രില്ലിംഗും റേഡിയോ പാട്ടും പോരാത്തതിന് കറുത്തവരേക്കുറിച്ചുള്ള അധിക്ഷേപങ്ങളും.
പൊറുതിമുട്ടി ഷൂട്ടിംഗ് നിര്‍ത്തി. വംശവെറിയനോട് സംസാരിച്ചിട്ടു കാര്യമില്ല. എന്തുചെയ്യും എന്നാലോചിക്കുമ്പോള്‍ പ്രൊഡ്യൂസര്‍ ഒരു വഴി പറഞ്ഞുകൊടുത്തു. ആക്ഷന്‍ പറയുന്നതിനു പകരം കട്ട് പറയുക. കട്ട് പറയേണ്ടിടത്ത് ആക്ഷന്‍ പറയുക!
ഷൂട്ടിംഗ് പുനരാരംഭിച്ചു.
സംവിധായിക കട്ട് പറയും. വെള്ളക്കാരന് തട്ടലും മുട്ടലും നിര്‍ത്തി പൈപ്പ് വലിയ്ക്കാന്‍ തുടങ്ങും. ചിത്രീകരണം തുടങ്ങും. വേണ്ടത് എടുത്തുകഴിഞ്ഞാല്‍ സംവിധായിക ആക്ഷന്‍ പറയും. അയല്‍വാസി തട്ടലും മുട്ടലും പൂര്‍വ്വാധികം ഭംഗിയായി തുടരും. അങ്ങനെ ഷൂട്ടിംഗ് നിര്‍ബ്ബാധം പുരോഗമിച്ചു!
സംവിധാനത്തില്‍ ഏഷണിയുടെ പങ്ക്
ഷോര്‍ട്ട് ഫിലിം ചെയ്യുന്നവര്‍ പ്രധാനമായി തെറ്റുവരുത്തുന്നത് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലാണ്. ഷോര്‍ട്ട് കണ്ടിരിക്കാന്‍ തോന്നണമെങ്കില്‍ നല്ല കഴിവുള്ള അഭിനേതാവ് നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിരിക്കണം. കിട്ടുന്നവരേക്കൊണ്ട് അഭിനയിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ ഫിലിമിന്റെ നിലവാരം പിടിച്ചാല്‍ കിട്ടാത്ത വിധം താഴേയ്ക്കു പോകും.
ധാരാളം പേരെ പരിഗണിക്കുക. വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
Audition ചെയ്യുക. എന്നാല്‍ Audition-നു വരുന്നവരെ കഥാപാത്രത്തിന്റെ പശ്ചാത്തലമൊക്കെ പറഞ്ഞ് പേടിപ്പിക്കരുത്. അവര്‍ എത്ര റിലാക്സ് ചെയ്തിരിക്കുന്നുവോ അത്രയും നന്നായിരിക്കും അവരുടെ അഭിനയം.
തിരഞ്ഞെടുക്കുന്നവരെ വച്ച് റിഹേഴ്സല്‍ ചെയ്യുക.
അഭിനേതാക്കള്‍ തമ്മിലുള്ള ബന്ധം ശരിയാകാത്തപ്പോഴാണ് അഭിനയത്തിന് തിളക്കമില്ലാതെ പോകുന്നത്.
അവരുമായി നന്നായി ഇടപെടുക. ഒരു കഥാപാത്രത്തിന്റെ നിലപാട് എന്തെന്ന് മറ്റേയാളോടു പറയുക. അതേപോലെ തിരിച്ചും.
തിരക്കഥ എഴുതുമ്പോള്‍ നിങ്ങള്‍ സീന്‍ മനസ്സില്‍ കണ്ടിട്ടുണ്ടാകും. കഥാപാത്രങ്ങള്‍ എങ്ങനെ നടക്കും, ഇരിക്കും, കടന്നുവരും ഇതെല്ലാം മനസ്സിലുണ്ടാകും. എന്നാല്‍ ഷൂട്ടിംഗ് മറ്റൊരു കഥയാണ്. അതുകണ്ട് നിയന്ത്രണം വിടരുത്.
രണ്ടു കാര്യങ്ങളാണ് ഇവിടെ നിങ്ങളെ രക്ഷപ്പെടുത്തുക.
ഒന്നാമത് പ്രിപ്പറേഷന്‍. സീന്‍ മറ്റാരേക്കാളും ഭംഗിയായി അറിയുക. ഏതു സാഹചര്യത്തിലും സീന്‍ നന്നായി എടുക്കാന്‍ കഴിയും.
രണ്ടാമത് ക്ഷമ. ചില സംവിധായകര്‍ക്ക് എല്ലാം തലയില്‍ ഉണ്ടാകും. എന്നാല്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ കഴിയില്ല. വേണ്ടതു ചെയ്യിച്ചെടുക്കാന്‍ ക്ഷമ അത്യന്താപേക്ഷിതമാണ്.
ക്യാമറയുടേയും ഉപകരണങ്ങളുടേുയും ബഹളത്തില്‍ അഭിനേതാക്കളെ അവഗണിക്കരുത്. ഉപകരണങ്ങള്ക്കല്ല, പ്രാധാന്യം. അഭിനേതാക്കളിലൂടെ കഥ എങ്ങനെ പറയുന്നു എന്നതിനാണ്.
സംഭാഷണം നിങ്ങള്‍ പറയുന്ന അതേ ടോണില്‍ പറയാന്‍ അഭിനേതാക്കളെ നിര്‍ബ്ബന്ധിക്കരുത്. കാരണം അങ്ങനെ ചെയ്താല്‍ അത് കഥാപാത്രങ്ങളുടെ ഉള്ളില്‍ നിന്നു വരുന്നതുപോലെയാവില്ല
കോംബിനേഷന്‍ സീനുകളില്‍ കഥാപാത്രങ്ങളുടെ ഏറ്റുമുട്ടലിന് തീവ്രത കൂട്ടാന്‍ അവരുടെ ചീത്ത സുഹൃത്താവുക!
ഒരാള്‍ തന്റെ പ്രശ്നം സുഹൃത്തിനോടു പങ്കുവയ്ക്കുമ്പോള്‍ നല്ല സുഹൃത്താണെങ്കില്‍ എന്തു ചെയ്യും? എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിച്ചു വിടും. ഒരിയ്ക്കലും എരി കേറ്റി വിടില്ല.
എന്നാല്‍ സംവിധായകന് നല്ല സുഹൃത്തായാല്‍ സീനിന് തീവ്രത വരില്ല. അതുകൊണ്ട് സംവിധായകന് അഭിനേതാവിന്റെ ചീത്ത സുഹൃത്താവുക!
“അയാള്‍ നിങ്ങളേപ്പറ്റി എന്തൊക്കെയാ പറഞ്ഞുകൊണ്ടു നടക്കുന്നത് എന്നറിയാമോ?”
ഏഷണിയാണ്. അത് ഏല്ക്കും. ഉടനെ പ്രതികരണം വരും. സീനിന് തീവ്രത ഉണ്ടാകും.
അഭിനയം, അനുഭവം
ഈ പുസ്തകം എഴുതിയിരിക്കുന്നത് എഴുത്തുകാരിയുടെ മാത്രം അറിവും ആശയങ്ങളും വച്ചല്ല. ഓരോ മേഖലയേക്കുറിച്ചു പറയുമ്പോഴും അതേ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ അനുഭവങ്ങളും അറിവുകളുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംവിധായകനും അഭിനേതാക്കളും തമ്മിലുള്ള ബന്ധത്തേക്കുറിച്ചു പറയുമ്പോള്‍ ഡാനിയല്‍ ല്യൂറി എന്ന സംവിധായകന്റെ അനുഭവം വിവരിക്കുന്നു.
അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഒരു ബലാത്സംഗ രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. സീന്‍ ചിത്രീകരണം കഴിഞ്ഞു. പായ്ക്കപ്പ് പറഞ്ഞ് സംവിധായകന് ഒരിടത്ത് ഒറ്റയ്ക്കിരുന്നു.
മനസ്സില്‍ വല്ലാത്ത കുറ്റബോധം.
ബലാത്സംഗം ചെയ്യപ്പെടുക എന്നത് എത്രത്തോളം വേദനാജനകമായ അനുഭവമാണ് എന്ന് അറിഞ്ഞ് നടിക്ക് അഭിനയിക്കേണ്ടിവന്നു. നടനാകട്ടെ തിന്മയുടെ ആള്‍രൂപമായി പെരുമാറേണ്ടിവന്നു.
ഒരു സിനിമയ്ക്കുവേണ്ടി രണ്ടു മനുഷ്യര്‍ക്ക് ഇത്രയും വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാക്കേണ്ടിയിരുന്നോ?
വിഷമിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് സീനില്‍ അഭിനയിച്ച നടനും നടിയും പ്രസന്നതയോടെ നടന്നുവന്നു. സീനില്‍ നന്നായി അഭിനയിപ്പിച്ചതിന് നന്ദി പറഞ്ഞു.
ഇരുവരുടേയും മുഖത്തെ സംതൃപ്തി കണ്ട് സംവിധായകന് അതിശയം തോന്നി.
“വളരെ വിഷമമുള്ള സീനായിരുന്നു. എന്നാലും അഭിനയിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്” -നടി പറഞ്ഞു.
“അതെ. അഭിനയത്തില്‍ ഇങ്ങനെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല” -നടന് പറഞ്ഞു.
കലയില്‍ വിട്ടുവീഴ്ച ചെയ്യാത്ത സംവിധായകനും അഭിനയ സാദ്ധ്യകള്‍ക്ക് മറ്റെന്തിനേക്കാളും വില കല്പിക്കുന്ന അഭിനേതാക്കളും തമ്മില്‍ ഉണ്ടാകുന്ന സവിശേഷമായ ബന്ധം ഈ വിവരണത്തില്‍ വായിക്കാം.
തട്ടുകട അത്ര മോശം ബിസിനസ്സല്ല
ആദ്യമായി താന്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ കണ്ടിട്ട് ‘ഈ പണി എനിക്കു പറ്റിയതല്ല. തട്ടുകടയുടെ വിജയസാദ്ധ്യതയേക്കുറിച്ച് അടിയന്തിരമായി ചിന്തിക്കേണ്ടിയിരിക്കുന്നു-’ എന്നു തോന്നാത്ത സംവിധായകര്‍ ഉണ്ടാവില്ല.
സംഗതി മോശം തന്നെ, സംശയമില്ല. എങ്കിലും അതില്‍ അഭിനേതാക്കളുടെ ചില നല്ല പെര്‍ഫോമന്‍സ് ഇല്ലേ? സിനിമാട്ടോഗ്രാഫര്‍ നിങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറം സുന്ദരമാക്കിയ ചില ഷോട്ടുകള്‍ ഇല്ലേ?
നേരത്തേ സ്വപ്നം കണ്ടതൊക്കെ പോട്ടെ. ഇനി ഇതുവച്ച് എന്തു ചെയ്യാം എന്നാലോചിക്കാം.
എഡിറ്റിംഗ്, സംഗീതം, സൗണ്ട് എഡിറ്റിംഗ്, മിക്സിംഗ് ഇവയാണ് മിക്ക പുതുമുഖ സംവിധായകര്‍ക്കും വേണ്ടത്ര ധാരണയില്ലാത്ത കാര്യങ്ങള്‍. അതുകൊണ്ടുതന്നെ അവരുടെ ചിത്രങ്ങളില്‍ ഇവയുടെ സാദ്ധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല.
ഇപ്പൊ ശരിയാക്കിത്തരാം
‘എല്ലാം പോസ്റ്റില്‍ ശരിയാക്കാം-’ എന്നു കേള്‍ക്കാത്തവര്‍ ഈ മേഖലയില്‍ ഉണ്ടാവില്ല. എന്നാല്‍ പോസ്റ്റില്‍ ശരിയാക്കാനേ പറ്റൂ. ഉണ്ടാക്കാന്‍ പറ്റില്ല എന്ന് ഓര്‍ക്കുക.
‘അവന് പറയുമ്പോള്‍ അവളുടെ റെസ്പോണ്സിലേയ്ക്കു പോട്ടെ-’ എന്നു നമുക്കു പറയാം.
എന്നാല്‍ എഡിറ്റര്‍ തിരിഞ്ഞിട്ട് ‘ആദ്യം അതു ഷൂട്ട് ചെയ്തു കൊണ്ടുവാ, എന്നിട്ടു പോകാം-’ എന്നു പറഞ്ഞാല്‍ നമ്മള് ബ്ലെയിഡാവും.
സെറ്റില്‍ പണി നന്നായി ചെയ്യണമെങ്കില്‍ എഡിറ്റിംഗില്‍ എന്തു നടക്കുന്നു എന്നറിയണം. അറിയാത്ത പിള്ളേര് ഷൂട്ട് ചെയ്താല്‍ വേണ്ട ഷോട്ടുകള്‍ ഉണ്ടാവില്ല. എടുത്ത ഷോട്ടുകള്‍ തമ്മില്‍ മാച്ച് ആവില്ല.
എഡിറ്റിംഗ് വെറും വെട്ടിക്കുറുക്കല് അല്ല. എഡിറ്റിംഗില്‍ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. എഡിറ്ററെ ക്രിയേറ്റീവ് പാര്‍ട്ണര്‍ ആയി കണക്കാക്കുക.
ഷൂട്ടിനു മുമ്പ് എഡിറ്ററുമായി സംസാരിക്കണം. ഫിലിമിന് നിങ്ങള്‍ ആഗ്രഹിക്കുന്ന ലുക്ക് എന്താണെന്ന് പറഞ്ഞുകൊടുക്കുക. ഷോട്ട് ലിസ്റ്റ് കാണിച്ചുകൊടുത്താല്‍ എഡിറ്റര്‍ക്ക് വേണ്ട മാറ്റങ്ങള്‍ പറഞ്ഞുതരാനാവും.
നിങ്ങള്‍ക്കിപ്പോള്‍ അറിയാത്ത പലതും തന്റെ അനുഭവത്തിലൂടെ എഡിറ്റര്‍ മനസ്സിലാക്കിയിട്ടുണ്ടാവും. എന്തു വര്‍ക്ക് ചെയ്യും, എന്ത് വര്‍ക്ക് ചെയ്യില്ല എന്ന് നല്ല എഡിറ്റര്‍ക്ക് മുന്‍കൂട്ടി പറയാനാകും.
നല്ല എഡിറ്റര്‍ നിങ്ങളേക്കൊണ്ട് നന്നായി പണിയെടുപ്പിക്കും. കാരണം അത് അവരുടെ പണി എളുപ്പമാക്കും!
പോസ്റ്റ് പ്രൊഡക്ഷനില്‍ എഡിറ്റിംഗ് ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും അവരുടെ ജോലി ചെയ്യാന്‍ ഫൈനല്‍ കട്ട് കിട്ടണം.
മ്യൂസിക് കംപോസര്‍ക്കും സൗണ്ട് ഡിസൈനര്‍ക്കും റഫ് കട്ട് കാണിച്ചുകൊടുക്കാം. പണി തുടങ്ങാന്‍ പറയാം. എന്നാല്‍ ഫൈനല്‍ കട്ട് കിട്ടുന്നതുവരെ അവര്‍ കാര്യമായ പണിയൊന്നും ചെയ്യില്ല എന്നതാണ് വാസ്തവം.
കാരണം അവര്‍ക്കറിയാം നിങ്ങളും എഡിറ്ററും ചേര്‍ന്ന് പിന്നെയും മാറ്റിമറിക്കലുകള്‍ വരുത്തും, അവരുടെ പണിയൊക്കെ പാഴാവും എന്ന്.
സംഗീതമേ…
കഥയുടെ ടോണും പേസും സെറ്റു ചെയ്യുന്നതില്‍ സംഗീതത്തിന് അതുല്യമായ സ്ഥാനമാണുള്ളത്. ഹൊറര്‍ ഫിലിമില്‍ അനിഷ്ടകരമായതെന്തോ സംഭവിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കി നമ്മള് ഞെട്ടാന്‍ തയ്യാറായി ഇരിക്കുന്നത് എങ്ങനെയാണ്, സംഗീതം സൂചന തരുന്നതുകൊണ്ടല്ലേ?
സൗണ്ട് ഡിസൈനും സംഗീതവും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കണം. നമുക്ക് ശ്മശാനമൂകത അനുഭവപ്പെടുന്ന മുറിയിലും പല ശബ്ദങ്ങള്‍ ഉണ്ടായിരിക്കും. നല്ല സൗണ്ട് റെക്കോഡിസ്റ്റ് ലൊക്കേഷനിലെ എല്ലാ ശബ്ദങ്ങളേക്കുറിച്ചും ബോധവാനായിരിക്കും.
വാതില്‍ അടയുന്ന ശബ്ദം, കാലടി ശബ്ദം, പായ്ക്കറ്റുകള്‍ തുറക്കുമ്പോഴുള്ള കിരുകിരു ശബ്ദം ഇങ്ങനെയുള്ള ഫോളി സ്വരങ്ങള്‍ സിനിമയില്‍ വളരെ പ്രധാനമാണ്. അവ ആക്ഷന്‍ വ്യക്തത നല്കുന്നു. കഥയ്ക്ക് ഫോക്കസ്, ടെക്സ്ചര്‍, ലൈഫ് എല്ലാം നല്കുന്നു.
കാഴ്ചയില്‍ ആര്‍ട്ട് ഡയറക്ടര്‍ ചെയ്യുന്നതാണ് കേള്‍വിയില്‍ സൗണ്ട് ഡിസൈനര്‍ ചെയ്യുന്നത് എന്നു പറയാം.
ക്രെഡിറ്റ്സ്
ക്രെഡിറ്റ്സിന്റെ സമയം കൂടി ഉള്‍പ്പെടുത്തിയാണ് ഫെസ്റ്റിവലുകളില്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കണക്കാക്കുക. അതുകൊണ്ട് ക്രെഡിറ്റ് ക്രൗള്‍ എത്ര സമയമെടുക്കുന്നു എന്ന് ശ്രദ്ധിക്കണം. ‘സിനിമയേക്കാളും മുഴുത്ത ക്രെഡിറ്റ്സാണല്ലോ-’ എന്ന് മനുഷ്യരേക്കൊണ്ട് പറയിക്കരുത്.
ഫിലിം മേക്കിംഗ് കലയാണ്, ബിസിനസ്സും. ഫിലിം മേക്കിംഗിന്റെ ബിസിനസ് വശങ്ങളേക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അവ നമ്മുടെ നാട്ടിലെ രീതികളില്‍ നിന്നു വ്യത്യസ്തമാണ്.
ഇനി…
എല്ലാ പ്രശ്നങ്ങളേയും നേരിട്ട് നിങ്ങള്‍ ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാക്കിയോ? വളരെ സന്തോഷം!
ഇതു രണ്ടുകാര്യങ്ങള്‍ തെളിയിക്കുന്നു
ഒന്ന്, നിങ്ങള്‍ക്ക് ഈ മാദ്ധ്യമത്തിലൂടെ കഥ പറയാന്‍ അറിയാം.
രണ്ട്, ചെറുതോ വലുതോ ആകട്ടെ, ഏതു ഫിലിംമേക്കറും നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ച് പ്രൊജക്റ്റ് പൂര്‍ത്തിയാക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്.
നിങ്ങളുടെ ചിത്രം കണ്ട പലരും (ഇതില്‍ നിങ്ങളെ ഭാവിയില്‍ സഹായിക്കാന്‍ കഴിയുന്നവരും ഉണ്ടാകാം) ചോദിക്കും ‘ഇനിയെന്താ പ്ലാന്‍?’
‘ഒന്നുമില്ല. ആദ്യ ചിത്രം പൂര്‍ത്തിയാക്കിയതിന്റെ ക്ഷീണത്തിലാണ്. വേറൊന്നും ആലോചിക്കാന്‍ പറ്റിയ അവസ്ഥയിലല്ല-’ എന്നു പറയാം.
അല്ലെങ്കില്‍ ‘ഒരു സിനിമയ്ക്കുള്ള സ്ക്രിപ്റ്റ് റെഡിയാണ്. പ്രൊഡ്യൂസറെ നോക്കുകയാണ്-’ എന്നും പറയാം. അതു വെറുതേ പറഞ്ഞാല്‍ പോര. സിനിമയില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണോ നിങ്ങള്‍ ഷോര്‍ട്ട് ഫിലിം എടുത്തത്? എങ്കില്‍ ഷോര്‍ട്ട് ഫിലിം പുറത്തുവരുന്ന സമയമാണ് അതു സീരിയസ്സായി ചര്‍ച്ച ചെയ്യാന്‍ ഏറ്റവും നല്ല അവസരം എന്ന് ഓര്‍ക്കുക.
അതും പൂര്‍ത്തിയായ ഒരു തിരക്കഥ മുന്നില്‍ വച്ചുകൊണ്ട്!
(How Not to make a Short Film: Secrets from a Sundance Programmer – Roberta Marie Munroe)
Written By Sreekumar B. Menon