ശനി ഗ്രഹത്തിന്റെ സുന്ദരമായ വലയങ്ങൾ അവ കണ്ടുപിടിക്കപ്പെട്ടതിനു ശേഷം മനുഷ്യനെ വിസ്മയിപ്പിച്ചിട്ടുണ്ട് .എന്തുകൊണ്ടുമാത്രമാണ് ശനിക്കുമാത്രം ഇത്തരം ഒരു വലയം എന്ന് നൂറ്റാണ്ടുകളായി മനുഷ്യൻ ചിന്തിച്ചിട്ടുണ്ട് .ടെലിസ്കോപ്പിലൂടെ ശനി വലയങ്ങൾ ആദ്യമായി കണ്ട ഗലീലിയോ കരുതിയത് ശനി ഒരു ഇരട്ട ഗ്രഹം ആണെന്നാണ് .കൂടുതൽ ശക്തമായ ദൂര ദര്ശനികളാണ് ശനി വലയങ്ങളെ അടുത്തറിയാ ൻ മനുഷ്യനെ സഹായിച്ചത് ,പയനിയർ ,വോയേജർ ,കാസ്സിനി തുടങ്ങിയ പേടകങ്ങളും ശനി വലയങ്ങളെപ്പറ്റി കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകി.
.
ഗ്രഹ വലയങ്ങൾ ഉണ്ടാകുന്നത് എങ്ങിനെ ?
—
നക്ഷത്രങ്ങൾക്ക് ചുറ്റും രൂപം കൊള്ളുന്ന പ്രോട്ടോ പ്ലാനെറ്ററി വലയങ്ങൾ ആണ് ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളുമായി രൂപം പ്രാപിക്കുന്നത് .ഈ പ്രക്രിയകളെയെല്ലാം ഗുരുത്വബല തത്വങ്ങളാണ് നിയന്ത്രിക്കുന്നത് .ഈ തത്വങ്ങളിൽ പ്രധാനമായ ഒന്നാണ് ”റോച്ചെ ലിമിറ്റ് ‘ എന്ന ഗുരുത്വ പരിധി .ഒരു വലിയ വസ്തുവിന് ചുറ്റും പ്രദക്ഷിണം ചെയുന്ന ഒരു ചെറിയ വസ്തു ‘റോച്ചെ ലിമിറ്റ് ‘ ന് ഉള്ളിലാണെങ്കിൽ ഗുരുത്വ ബലത്തിൽ നിന്നുത്ഭവിക്കുന്ന വെയിയേറ്റ ബലങ്ങൾ (Tidal Forces ) കാലാന്തരത്തിൽ പ്രദക്ഷിണം ചെയുന്ന ചെറിയ വസ്തുവിനെ വിഘടിപ്പിച്ചു പൊടിപടലങ്ങളാക്കി മാറ്റും .പ്രദക്ഷിണം ചെയുന്ന വസ്തു ഇരുമ്പിനെപ്പോലെയുള്ള ലോഹങ്ങളോ സിലിക്കേറ്റു പാറകളോ കൊണ്ട് നിർമ്മിതമാണെങ്കിൽ ഈ വിഘടന പ്രക്രിയ കൂടുതൽ കാലമെടുക്കും .പക്ഷെ വസ്തു ജല ഐസോ അതുപോലെയുള്ള ദുർബലമായ വസ്തുക്കളോ കൊണ്ടാണി നിര്മിച്ചിരിക്കുന്നതെകിൽ വിഘടനം എളുപ്പത്തിൽ നടക്കും .ഭൂമിയുടെ റോച്ചെ ലിമിറ്റ് ഒരു ഖര വസ്തുവിന് ഏതാണ്ട് പതിനായിരം കിലോമീറ്ററും ഒരു ദുർബല വസ്തുവിന് 20000കിലോമീറ്ററുമാണ് .ഭൂമിയിൽനിന്നും മൂന്നുലക്ഷം കിലോമീറ്ററിലധികം അലകലെയുള്ള ചന്ദ്രൻ ഭൂമിയുടെ റോച്ചെ ലിമിറ്റിനും വളരെ അകലെയാണ് .ഇതുപോലെ എല്ലാ വലിയ ഖഗോള വസ്തുക്കൾക്കും റോച്ചെ ലിമിറ്റ് ഉണ്ട് .ഈ ലിമിറ്റിനുള്ളിൽ പെടുന്ന ഒരു ചെറിയ വസ്തുവിനെ കാലാന്തരത്തിൽ വലിയ വസ്തുവിന്റെ ഗുരുത്വബലം തകത്തു തരിപ്പണമാക്കുന്നു .പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ എഡ്വാർഡ് റോച്ചെ ആണ് ഈ പരിധിയെപ്പറ്റിയുള്ള ഗണിത തത്വങ്ങൾ രൂപീകരിച്ചത് .റോച്ചെ ലിമിറ്റിനകത്തു പെടുന്ന ചെറു ഉപഗ്രഹങ്ങളെ വേലിയേറ്റ ബലങ്ങൾ ഭസ്മീകരിക്കുമ്പോളാണ് ഗ്രഹ വലയങ്ങൾ രൂപം കൊള്ളുന്നത് .ധാരാളം ഉപഗ്രഹങ്ങൾ റോച്ചെ ലിമിറ്റിനകത്തായാൽ അവയെല്ലാം വിഘടിക്കുകയും വലിയ സുന്ദരമായ വലയങ്ങൾ രൂപം കൊള്ളുകയും ചെയ്യും .ശനിയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത് .നൂറുകണക്കിന് ചെറിയ വസ്തുക്കൾ ശനിക്ക് ചുറ്റും ഭ്രമണം ചെയുന്നുണ്ട് അവയിൽ പലതും റോച്ചെ ലിമിറ്റിനുള്ളിലുമാണ് . അവ കാലാന്തരത്തിൽ വിഘടിപ്പിക്കപ്പെട്ടാണ് ശനിയുടെ വലയങ്ങൾ രൂപപ്പെട്ടത്.
—
സൗരയൂഥത്തിലെ മറ്റു ഗ്രഹ വലയങ്ങൾ
—
സൗരയൂഥത്തിൽ ശനിക്ക് മാത്രമല്ല വലയങ്ങൾ ഉള്ളത് .വലിയ സുന്ദരമായ വലയങ്ങൾ ശനിയുടെ മാത്രം പ്രത്യേകതയാണ് ..തിളക്കമില്ലാത്ത നേരിയ വലയങ്ങൾ ,വ്യാഴം,യുറാനസ് ,നെപ്ട്യൂൺ എന്നീ ഗ്രഹങ്ങൾക്കു കൂടി ഉണ്ട് .വ്യാഴത്തിന്റേത് പൊടിപടലങ്ങളുടെ നേർത്ത ഒരു വലയമാണ് .യുറാനസിന്റെ വലയങ്ങൾ ശനി വലയങ്ങളോളം തിളക്കമില്ലെങ്കിലും സങ്കീർണതയേറിയതാണ് .നെപ്ട്യൂണിന്റെ വലയങ്ങൾ വ്യാഴത്തിന്റേതിന് സമാനമാണ് ,ഇരുണ്ട പൊടിപടലങ്ങൾ ആണ് നെപ്ട്യൂൺ വളങ്ങളുടെ നിർമ്മാണ സാമഗ്രി .ചുരുക്കി പറഞ്ഞാൽ ഗ്രഹ വലയങ്ങൾ ഒരപൂർവതയല്ല അവ സർവസാധാരണമാണ് .സൗരയൂഥത്തിലെ നാല് വമ്പൻ ഗ്രഹങ്ങൾക്കും വലയങ്ങൾ ഉണ്ട് .അതിനാൽ വലയങ്ങൾ വലിയ ഗ്രഹങ്ങളുടെ അവിഭാജ്യ ഘടകം ആണെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉള്ളത്.
—
വലയങ്ങളുടെ ദീർഘകാലസ്ഥിരത
—
വലയങ്ങളിൽ നിന്നുമുള്ള പദാർത്ഥങ്ങൾ അവയുടെ കേന്ദ്ര വസ്തുവിലേക്ക് സാവധാനം പതിക്കുകയാണ് ചെയുന്നത് .അതിനാൽ തന്നെ ഗ്രഹവലയങ്ങൾ ദശലക്ഷക്കണക്കിനു വർഷങ്ങൾ കൊണ്ട് അപ്രത്യക്ഷമാവാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ മറ്റു വസ്തുക്കൾ റോച്ചെ ലിമിറ്റിനകത്ത് അകപ്പെടുകയും അവ ശിഥിലീകരിക്കപ്പെട്ട് വലയങ്ങളുടെ ഭാഗമാവുകയും ചെയ്താൽ വലയങ്ങൾ ദീർഘ കാലം നില നിൽക്കും
—
ചിത്രo : ശനിയും വലയങ്ങളും,ചിത്രo:കടപ്പാട് വിക്കിമീഡിയ കോമൺസ്
—
Ref_
1. http://curious.astro.cornell.edu/…/281-where-do-planetary-r…
2. https://en.wikipedia.org/wiki/Ring_system
3. https://cral.univ-lyon1.fr/…/docume…/encaarings_cferrari.pdf
4. https://en.wikipedia.org/wiki/Roche_limit
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.