പഴയ കോട്ടയം പട്ടണത്തില്‍ മൂന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഡച്ചുകാരുടെ പ്രേരണയാല്‍ തെക്കുംകൂര്‍ രാജാവായിരുന്ന കോതവര്മ്മയാല് സ്ഥാപിതമായ വൈദേശിക ബഹുഭാഷാസ്കൂളിനെപ്പറ്റി നിലവിലുള്ള ചരിത്രപുസ്തകങ്ങളില്‍ പരാമര്ശിക്കാപ്പെടാത്തതിനാല് കോട്ടയം നിവാസികള്‍ക്ക് പോലും അജ്ഞാതമായ വസ്തുതയായി അവശേഷിക്കുന്നു. AD 1668ല്‍ സ്ഥാപിതമായ ഈ ഭാഷാപഠനകേന്ദ്രം ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ വൈദേശികസ്കൂള് ആണ്. മലയാളദേശത്ത് ആശാന്‍കളരികള്‍ മാത്രമാണ് കഴിഞ്ഞ നൂറ്റാണ്ടുവരെ ഭാഷപഠനത്തിനായി ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കുമ്പോള്‍ മൂന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഈ സ്കൂളിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.
AD 1664ലെ കരാര്‍ പ്രകാരം താഴത്തങ്ങാടിയിലെ വ്യാപാരത്തില്‍ ഡച്ചുകാര്‍ സജീവമായതോടെ ഭാഷാവിനിമയം ഒരു പ്രശ്നമായിത്തീര്‍ന്നു. കൊച്ചിയില്‍ നിന്നും തര്ജജിമയ്ക്കായി വരുത്തിയ തുപ്പായികള്‍(പറങ്കി-മലയാളികള്‍) ആണ് ദ്വിഭാഷികളായിരുന്നത്. ഇത് എളുപ്പമായിരുന്നില്ല. അതിനാല്‍ തന്നെ ഡച്ചുഭാഷ നാട്ടുകാര്‍ പഠിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു കോതവര്‍മ്മ രാജാവ്.
കോട്ടയത്തെ ക്രിസ്ത്യാനികളില്‍ പ്രോട്ടസ്ടന്റ് വിശ്വാസം പ്രചരിപ്പിക്കാന്‍ കൊച്ചിയില്‍നിന്നു എത്തിയ ജോഹാന്നസ് കസാലിയാസ്, മാര്‍ക്കസ് മാഷ്യസ് എന്നീ ഡച്ച് പുരോഹിതര്‍ രാജാവിനെ കണ്ട് കോട്ടയത്തെ ക്രിസ്ത്യാനികളെ ലാറ്റിന്‍ പഠിപ്പിക്കാന്‍ ഒരു സ്കൂള്‍ സ്ഥാപിക്കുവാന്‍ അനുവാദം ചോദിച്ചു. ‘രോഗി ഇച്ചിച്ഛതും വൈദ്യന് കല്പ്പിച്ചതും പാല്’ എന്നപോലായി കാര്യങ്ങള്‍! രാജാവിന്റെ സമ്മതവുമായി ഈ പുരോഹിതര്‍ കൊച്ചിയിലെത്തി പ്രവിശ്യാ ഗവര്‍ണര്‍ ആയിരുന്ന ഹെന്‍ട്രിക് ആഡ്രൈയാന് വാന്റീഡിനെ കണ്ട് വിവരങ്ങള്‍ പറഞ്ഞു. വാന്റീഡ് ഇത്തരം ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു! മലബാറിലെ സസ്യജാലങ്ങളെക്കുറിച്ച് പഠനം നടത്തി ഒരു ഗ്രന്ഥം തയറാക്കണമെന്ന ഉദ്ദേശത്തിലായിരുന്നു അദ്ദേഹം. അതിനായി ഭാഷാപഠനത്തിന്റെ ആവശ്യമുണ്ടായിരുന്നു. ഉടന്‍തന്നെ ഹെര്‍മന്‍ ഹാസന്‍ക്യാംപ് എന്ന വിരമിച്ച ഒരു സൈനികനെ കോട്ടയത്തേയ്ക്ക് അയച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതന്‍ കൂടിയായിരുന്നു.
AD 1668ല്‍ പനയോല കെട്ടി മറച്ച ഒരു സ്കൂള്‍ തളിയില്‍കോട്ടയുടെ തെക്കുകിഴക്കേ ഭാഗത്തായി സ്ഥാപിക്കപ്പെട്ടു. ഹെര്‍മന്‍ ഹാസന്‍ക്യാംപ് അവബോധകന്‍(Perceptor) ആയിരുന്ന സ്കൂളിന്റെ മേല്‍നോട്ടം ജോഹാന്നസ് കസാലിയാസിനായിരുന്നു. ഡച്ചുഭാഷയും ലാറ്റിനും നാട്ടുകാരായ ക്രിസ്ത്യാനികളും കൊങ്കണി ബ്രാഹ്മണരും പഠിച്ചപ്പോള്‍ സംസ്കൃതവും മലയാളവും കൊടുങ്ങല്ലൂര്‍, ചേറ്റുവായ, കൊച്ചി, പുറക്കാട്, കൊല്ലം എന്നിവിടങ്ങളില്‍നിന്നുമെത്തിയ ഡച്ചുയുവാക്കളും പഠിച്ചു. വാന്‍ റീഡിന്റെ ദ്വിഭാഷികളായ വിനായക പണ്ഡിറ്റ് സംസ്കൃതവും തുപ്പായിയായ എമ്മാനുവല്‍ കര്‍ണീരിയോ ലാറ്റിനും പഠിപ്പിച്ചു. കൂടാതെ കോതവര്‍മ്മ രാജാവ് സംസ്കൃതം പഠിപ്പിച്ചിരുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്ന് വാന്‍ റീഡ് രേഖപ്പെടുത്തിയിട്ടുണ്ട്.
AD 1670 നവംബര്‍ 2നു ഹാസന്‍ക്യാംപ് അന്തരിച്ചതിനെ തുടര്‍ന്ന് ജോഹാന്നസ് വിസ്ഡോര്‍പയസ് അവബോധകനായി. AD 1674ല്‍ കോതവര്‍മ്മ രാജാവ് നാടുനീങ്ങി. ഇതിനകം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഈ സ്കൂളില്‍നിന്നും പഠിച്ചിറങ്ങിയിരുന്നു. AD 1674ല്‍ ഡിസ്ടിന്ഷനോടു കൂടി പഠിച്ചിറങ്ങിയ ക്രിസ്റ്റ്യന്‍ വാന്‍ ഡോണെപ് എന്ന വിദ്യാര്‍ഥി പില്ക്കാലത്ത് വാന്‍ റീഡിന്റെ സെക്രട്ടറിയാവുകയും തുടര്‍ന്ന് കൊച്ചിയിലെ ജഡ്ജി ആവുകയുമുണ്ടായി. ഇദ്ദേഹമാണ് വാന്‍ റീഡിന്റെ മേല്‍നോട്ടത്തില്‍ വിരചിതമായ ഹോര്‍ത്തൂസ് മലബാറിക്കസിനു വേണ്ടി ലാറ്റിന്പരിഭാഷ നിര്‍വഹിച്ചത്.
ഹോര്‍ത്തൂസ് മലബാറിക്കസിനു വേണ്ടിയുള്ള ഭാഷാപ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളിലാകാം നടന്നിരുന്നതെന്നു കരുതാവുന്നതാണ്. AD 1675 നോട് കൂടിയാണ് ഇതിന്റെ അച്ചടി ആംസ്റ്റര്‍ഡാമില്‍ ആരംഭിക്കുന്നത്. ഇതില്‍ ചിത്രങ്ങള്‍ വരച്ച ഇറ്റലിക്കാരനായ മാത്യു എന്ന കര്‍മലീത്ത പുരോഹിതന് പറമ്പില്‍ ചാണ്ടി മെത്രാന്റെ കീഴില്‍ കുറവിലങ്ങാട് പള്ളിയില്‍ പൌരോഹിത്യവേലയില് കഴിയുമ്പോഴാണ് ഈ ചിത്രങ്ങള്‍ വരച്ചത്. അതുകൊണ്ടുതന്നെ കോട്ടയം സ്കൂള്‍ ഇതിനെല്ലാം വേദിയായതായി കരുതാവുന്നതാണ്.
ഇരുപതുവര്ഷങ്ങള്ക്ക് ശേഷം ഈ സ്കൂള്‍ നിലച്ചു പോയി. സ്കൂള്‍ ആരംഭിച്ചപ്പോഴുണ്ടായിരുന്ന ഭാഷാപ്രശ്നം പരിഹരിക്കപ്പെട്ടതു കൊണ്ടോ കോതവര്മ്മക്ക് ശേഷം വന്ന ഭരണാധികാരിക്ക് താല്പ്പര്യമില്ലാതിരുന്നതുകൊണ്ടോ ആവാം ഇങ്ങനെ സംഭവിച്ചത്. കൂടാതെ അക്കാലത്ത് തെക്കുംകൂര്‍ ഇംഗ്ലീഷുകാരുമായി ബന്ധം സ്ഥാപിച്ചതും കാരണമായിട്ടുണ്ടാകാം. ഏതായാലും ഈ മഹാവിദ്യാലയം സ്വദേശത്തു അതിന്റെ യാതൊരു അവശേഷിപ്പും ബാക്കി വയ്ക്കാതെയാണ് പിന്മാറിയത്. അതുകൊണ്ടാവാം കോട്ടയംകാരുടെ ഓര്‍മ്മയില്‍ ഈ സ്കൂളിനു ഇടമില്ലാതായതും! ഈ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങള്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രേഖകളില്‍ നിന്നാണ് ലഭ്യമായത്. കൂടുതല്‍ വായനക്ക് J.Heniger രചിച്ച Henrik adriyan Van Reed Tot Drakestien and Horthus malabaricus എന്ന പുസ്തകം ശുപാര്‍ശ ചെയ്യുന്നു.
(Picture:Henrik adriyan Van Reed Tot Drakestien and book cover of his biography by J. Heniger)
Source : https://www.facebook.com/tprajeev.pallikkonam/posts/1775410192747141