പോരാട്ടങ്ങൾക്ക് പലമുഖമുണ്ടു. എന്നാൽ ഒറ്റയാൾ പോരാട്ടങ്ങൾ എന്നും ഒരുപടി മുന്നിൽ നിന്നുകൊണ്ട് മനുഷ്യരാശിക്ക് പ്രചോദനമേകുന്നതാണു. സ്വന്തം മണ്ണിനുവേണ്ടി പോരാടി ചരിത്രം തിരുത്തിക്കുറിച്ച ഒരു ഒറ്റയാൾ പോരാളിയായിരുന്നു എഡി മാബോ.പരമ്പരാഗത വിഭാഗമായ മെറിയം ജനതയിൽപ്പെട്ട മാബോ, മെർ അഥവാ മറി ഐലന്റിലാണ് ജനിച്ചത്. ടോറസ് സ്ട്രെയിറ്റ് ഐലന്റിൽ ഉൾപ്പെട്ടതാണ് മറി ഐലൻഡ്.ക്വീൻസ്ലാന്റിന്റെ ഭാഗമായ പ്രദേശമാണ് ടോറസ് സ്ട്രൈറ്റ് ഐലൻഡ്. ഓസ്ട്രേലിയയുടെ വലിപ്പത്തിൽ രണ്ടാമത്തേതും ജനവാസത്തിൽ മൂന്നാമത്തേതും ആയ സംസ്ഥാനമാണ് ക്വീൻസ്ലാൻറ് .
മാബൊയുടെ യഥാർത്ഥനാമം എഡ്വേഡ് കൊയ്കി സാംബോ എന്നായിരുന്നു. ബെന്നി മാബോ എന്ന അമ്മാവൻ എഡിയെ ദത്തെടുക്കയും, അമ്മയുടെ മരണശേഷം എഡി തന്റെ കുലനാമം മാബോ എന്നു സ്വീകരിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ വൻകരക്കും പാപ്പ്പുവ ന്യൂ ഗിനിക്കും ഇടയിലുള്ള പ്രദേശമാണ് മറി ഐലൻഡ്. പ്രകൃതിയെ ഒട്ടും തന്നെ തൊട്ടിട്ടില്ലാത്ത, അധികം കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത പസിഫിക് സമുദ്രത്തിന്റെ തെക്കുപടിഞ്ഞാറുള്ള, തങ്ങളുടേതായ ഒരു ലോകത്ത് ജീവിക്കുന്ന പാപ്പുവൻ ആദിവാസി ജനതയുടെ ഒരു ദ്വീപാണ് പാപ്പുവ ന്യൂ ഗിനി.
പതിനാറാം വയസ്സിൽ മറി ഐലന്റിലെ പരമ്പരാഗത നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ മാബോയെ അവിടെ നിന്ന് പുറത്താക്കുന്നു. അവിടെ നിന്ന് ക്വീൻസ്ലാന്റിന്റെ വടക്കൻ ഭാഗങ്ങളിൽ സഞ്ചരിച്ച് പലവിധ ജോലികളിലേർപ്പെട്ട മാബോ ക്വീൻസ്ലാന്റിലെ ഒരു തീരദേശപട്ടണമായ ടൗൺസ്വില്ലിൽ സ്ഥിരതാമസമാക്കുന്നു .1959 ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ അദ്ദേഹം “സൗത്ത് സീ ഐലന്റർ” ആയ ബോണീറ്റയെ വിവാഹം ചെയ്യുന്നു. പസഫിക് ഐലന്റിൽ നിന്നുള്ള ജനവിഭാഗത്തെയാണ് സൗത്ത് സീ ഐലന്റർ എന്ന് സൂചിപ്പിക്കുന്നത്. 1969 ലാണ് മാബോ തന്റെ ഭൂമിയുടെ അവകാശങ്ങളെപ്പറ്റി ചോദ്യം ചെയ്തു തുടങ്ങിയതെന്നാണ് ഭാര്യ അഭിപ്രായപ്പെട്ടത്.അതായത് മരണാസന്ന നിലയിലായിരുന്ന തന്റെ പിതാവിനെ കാണാൻ മറി ഐലന്റിലേക്ക് തിരിച്ചു പോകാൻ ശ്രമിച്ച മാബോയെ അവൻ കുഴപ്പക്കാരനാണെന്ന പേടിമൂലം അധികാരികൾ അനുമതി നിഷേധിച്ചു. മാബോ ടൗൺസ്വില്ലിൽ ജീവിതം തുടർന്നു.
മാബോക്കും ബോണീറ്റയ്ക്കും പത്തുമക്കളാണുള്ളത്. അതിൽ മൂന്നുപേരെ അവർ എടുത്ത് വളർത്തിയതും. മാബോ തന്റെ മുപ്പത്തിയൊന്നാം വയസിൽ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ തോട്ടക്കാരനായി ജോലിയിൽ പ്രവേശിച്ചു. അതിനുമുമ്പ് മുളവെട്ടുന്ന ജോലിയിലും റെയിൽവേയിലെ അറ്റകുറ്റപണികൾ ശരിയാക്കുന്ന ജോലിയിലും ഒക്കെ അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. കാന്പസിൽ ചെലവഴിച്ച നിമിഷങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി.1974ൽ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരൻമായ നോൽ ഹൂസിനോടും ഹെൻട്രി റെയ്നോൾഡ്സിനോടും തന്റെ ഭൂമിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മാബോ. റെയിനോൽഡ്സിന്റെ ഓഫീസിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴുള്ള ചർച്ചയിൽ, മറി ഐലന്റ് തങ്ങളുടെ സ്വന്തമാണെന്നാണ് മാബോ ധരിച്ചിരിക്കുന്നതെന്ന് അവർക്ക് മനസ്സിലായി. മാബോയുടെ സംസാരം കേട്ട് റെയിനോൾഡ്സും നോലും പരസ്പരം അന്തം വിട്ടു നോക്കി. മടിച്ചിട്ടാണെങ്കിലും ആ ഭൂമി അവന്റെ സ്വന്തമല്ല എന്ന് അവർ അവനോട് പറഞ്ഞു.ആശ്ചര്യത്തോടെ മാബോ പറഞ്ഞു “ഒരിക്കലുമല്ല,അത് അവരുടെയല്ല, ഞങ്ങളുടേതാണ്”.
പിന്നീട് ടോറസ് ഐലന്റിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു പഠനത്തിൽ മാബോ റിസർച്ച് അസിസ്റ്റന്റായി സഹകരിച്ചു. എന്നാൽ ടോറസ് ഐലന്റിൽപ്പെട്ട ഒരു ദ്വീപായ തേഴ്സ്ഡേ ഐലന്റ് വരെ പോകാനുള്ള അനുമതി മാത്രമേ മാബോയ്ക്ക് നൽകിയുള്ളൂ.മറ്റു ഐലന്റുകളിലേക്കുള്ള പ്രവേശനം അവന് നിഷേധിക്കപ്പെട്ടു. ഈ നിരോധനം മാബോയ്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്വന്തം നാട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ. വെള്ളക്കാരന്റെ നിയമത്തിനു മുന്നിൽ മാബോ ഭൂരഹിതൻ മാത്രമല്ല രാജ്യഭ്രഷ്ടൻ കൂടിയായി മാറി.
1981 ൽ മണ്ണിന്റെ അവകാശങ്ങളെപ്പറ്റിയുള്ള ഒരു സമ്മേളനം ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ നടക്കുക ഉണ്ടായി. അന്ന് എല്ലാവരെയും അഭിസംബോധന ചെയ്ത് മറി ഐലന്റിലെ ഭൂമിയുടെ നിയമങ്ങളെപ്പറ്റിയും പിൻതുടർച്ചാവകാശത്തെപ്പറ്റിയും മറ്റും മാബോ പ്രസംഗിച്ചു.ആ സമ്മേളനത്തിൽ പങ്കെടുത്ത ഒരു അഭിഭാഷകനാണ് ആസ്ട്രേലിയൻ നിയമസംഹിതയ്ക്കെതിരെ മണ്ണിന്റെ അവകാശങ്ങൾക്ക് വേണ്ടി കോടതി മുഖാന്തരം പരാതി നൽകണം എന്ന് മാബോയെ അറിയിക്കുന്നത്. അവിടെ സന്നിഹിതനായിരുന്ന ഗ്രെഗ് മക്കിന്റയർ എന്ന നിയമോപദേശകൻ കേസ് ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വരുകയും ചെയ്തു. കോടതി വിചാരണകളിൽ മാബോയെ പ്രതിനിധാനം ചെയ്തത് ഗ്രെഗ് ആയിരുന്നു. ഈ നിയമയുദ്ധം പത്ത് വർഷം തുടർന്നു. സ്വദേശീയരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ അദ്ദേഹം ആസ്ട്രേലിയൻ ഹൈക്കോടതിയുടെ “Legal doctrine of Terra nullius “..അതായത് ഭൂമി ആരുടെയുമല്ല എന്ന നിയമപ്രമാണത്തെ തകിടം മറിച്ചു. Terra Nullius(Nobody’s Land എന്നർത്ഥം) ഒരു ലാറ്റിൻ പ്രയോഗമാണ്. ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചക്കാലത്തുള്ള ആസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഭൂമി അവകാശത്തെക്കുറിച്ചുള്ള അവരുടെ മനോഭാവമായിരുന്നു ഇത്. തദ്ദേശീയരായ ആബോറിജിനൽ ജനതയ്ക്കു മണ്ണിന്റെ അവകാശം നിഷേധിച്ചു. ഈ അവകാശലംഘനത്തിനെതിരെയാണ് മാബോ ഒറ്റയാൾ പോരാട്ടം നയിച്ചത്. ദൗർഭാഗ്യവശാൽ ചരിത്രപ്രധാനമായ ആ വിധി കേൾക്കാൻ മാബോയെ വിധി അനുവദിച്ചില്ല. 1992 ജനുവരി 21 ന് ക്യാൻസർ ബാധിച്ച് അൻപത്തഞ്ചാം വയസ്സിൽ അദ്ദേഹം തന്റെ മണ്ണിൽ നിന്നും വിട പറഞ്ഞു. അഞ്ച് മാസങ്ങൾക്ക് ശേഷം ജൂൺ 3 ന് മാബോയ്ക് അനുകൂലമായ വിധി കോടതി പുറപ്പെടുവിച്ചു.ആയിരക്കണക്കിന് വർഷങ്ങളോളം തങ്ങളുടെ മണ്ണിൽ ജീവിച്ച ആബോറിജിനൽ ജനതയ്ക്ക് അവരുടെ മണ്ണിന്റെ അവകാശം നിഷേധിക്കുകയായിരുന്നെന്ന് കോടതി ശരി വച്ചു. യൂറോപ്യൻ സെറ്റിൽമെന്റിനു മുമ്പു ഭൂമിയുടെ അവകാശികളായിരുന്നവർക്ക് തുടർന്നും അവകാശമുണ്ടെന്നും terra nullius ആസ്ട്രേലിയയിൽ ബാധകമല്ലെന്നും വിധിപ്രസ്താവത്തിൽ പറഞ്ഞു. തുടർന്ന് 1993 ൽ ആസ്ട്രേലിയൻ പാർലമെന്റ് അതുവരെയുണ്ടായിരുന്ന നിയമങ്ങൾ തിരുത്തിക്കൊണ്ട് പരമ്പാരഗത നിയമങ്ങളും ആചാരങ്ങളും അനുസരിച്ച് ആബോറിജിനൽ ജനതയ്ക്ക് ഭൂമിയുടെ മേൽ അവകാശമുണ്ടെന്ന് ഉറപ്പിക്കുന്ന “Native Title Act ” പാസ്സാക്കി.
മാബോയും ക്വീൻസ്ലാന്റും തമ്മിൽ ഉണ്ടായ ഈ യുദ്ധം “മാബോ ഇൻ ആസ്ട്രേലിയ” എന്നറിയപ്പെടുന്നു. മാബോ മരിച്ച് മൂന്നു വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ടൗൺസ്വില്ല് സിറ്റിയിൽ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. മറി ഐലന്റിലെ ജനങ്ങൾക്ക് ഒരു മരണം നടന്നു കഴിഞ്ഞാലുള്ള വിലാപ കാലയളവാണ് മൂന്നുവർഷക്കാലം. എന്നാൽ അർദ്ധരാത്രിയിൽ കുറെ കിരാതൻമാർ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ “Abo” എന്നു സ്പ്രേ പെയിന്റ് ചെയ്തു, കൂടാതെ കുറെ ചിഹ്നങ്ങളും പതിപ്പിച്ചു. ആബോറിജിനൽ വിഭാഗത്തെ തരം താഴ്ത്താൻ ഉപയോഗിക്കുന്ന പദമായാണ് Abo യെ കാണുന്നത്. പോരാഞ്ഞു മാബോയുടെ വെങ്കലത്തിൽ തീർത്ത ഛായാചിത്രവും അവർ അവിടെ നിന്നും എടുത്തു മാറ്റി. മറി ഐലന്റിൽ മാബോയെ വീണ്ടും മറവു ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനിച്ചു. മറി ഐലന്റിലുള്ളവരെല്ലാം ഒരു രാജാവിന്റെ ശരീരം മറവു ചെയ്യുമ്പോൾ പാലിക്കുന്ന പരമ്പാരഗത ആചാരങ്ങളോടെ മാബോയുടെ ശവസംസ്ക്കാരചടങ്ങുകൾ നടത്തി. 80 വർഷങ്ങളായി ആ ഐലന്റിൽ കാണാഞ്ഞ ചടങ്ങുകളായിരുന്നു അന്നു കണ്ടത്.
1992 ൽ മരണാനന്തര ബഹുമതിയായി ആസ്ട്രേലിയൻ ഹ്യൂമൻ റൈറ്റ്സ് മെഡൽ, 1992 ആസ്ട്രേലിയൻ ഓഫ് ദ ഇയർ തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ മാബോയ്ക്ക് ലഭിച്ചു. ട്രെവർ ഗ്രഹാം സംവിധാനം ചെയ്ത “Mabo: Life of an Island Man” 1997 ലെ ആസ്ട്രേലിയൻ ഫിലിം ഇൻസ്റ്റിട്യൂറ്റിന്റെ ഏറ്റവും നല്ല ഡോക്യൂമെന്ററിക്കുള്ള അവാർഡ് കരസ്ഥമാക്കി. 21 മേയ് 2008 ൽ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി അവരുടെ ടൗൺസ്വില്ല് കാമ്പസ് ലൈബ്രറിക്ക് “Eddie Koiki Mabo” ലൈബ്രറി എന്നു നാമകരണം ചെയ്തു. ആസ്ട്രേലിയയുടെ ഇരുപത്തിയെട്ടാമത്തെ പ്രധാനമന്ത്രിയായ ടോണി അബ്ബറ്റാണ് 2015 ആഗസ്റ്റിൽ മറി ഐലന്റിലെ മാബോയുടെ ശവക്കല്ലറ സന്ദർശിക്കുകയും ബഹുമതികൾ അർപ്പിക്കുകയും ചെയ്ത ആദ്യ പ്രധാനമന്ത്രി. 2016 ൽ ഗൂഗിൾ ഡൂഡിൽ മാബോയുടെ എൺപതാം ജൻമദിനം സ്മരിക്കുകയുണ്ടായി.2017 ൽ ആസ്ട്രേലിയൻ നാണയ നിർമ്മാതാക്കളായ റോയൽ ആസ്ട്രേലിയൻ
മിന്റ്, മാബോയുടെ മുഖമുള്ള 50 സെന്റിന്റെ നാണയം പുറത്തിറക്കി. മാബോ മരിച്ചതിന്റെയും ചരിത്രപ്രധാനമായ വിധിയുടെയും 25 ാം വാർഷികം അനുസ്മരിച്ചുകൊണ്ടായിരുന്നു ഇത്. മാബോയുടെ കൊച്ചുമകളും ആർട്ടിസ്റ്റുമായ ബോനിറ്റ മാറി മാബോയായിരുന്നു ആ നാണയം രൂപകൽപ്പന ചെയ്തത്. മണ്ണിന്റെ അവകാശം തിരിച്ചുപിടിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ച ജൂൺ 3, മറി ഐലന്റിൽ മാബോ ദിനമായി കൊണ്ടാടുന്നു.
വായിച്ചറിഞ്ഞപ്പോൾ മനസിലെവിടെയോ ഒരുപാട് വിങ്ങലുണ്ടാക്കിയ കണ്ണുനനയിപ്പിച്ച മാബോയ്ക്ക് ഒരായിരം പ്രണാമങ്ങൾ.🌹
🌹
🌹
By Parvathy Sumesh
Source : https://www.facebook.com/groups/416238708555189/permalink/955844134594641/