ഭ്രാന്തില്ലാത്ത ഒരാൾ പത്തു ദിവസം സ്വമനസാലെ ഒരു ഭ്രാന്താശുപത്രിയിൽ പോയി താമസിക്കുക. അതും കൊടും ക്രൂരതകൾക്ക് പേര് കേട്ട ഒരിടത്തു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ ധീരവും പുതുമയാർന്നതുമായ ഒരു അദ്ധ്യായം തന്നെ കുറിച്ച് വച്ചു തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ എലിസബത്ത് കൊക്രാൻ (Elizabeth Cochrane)
ആരായിരുന്നു എലിസബത്ത്?
1880കളിൽ പ്രസിദ്ധീകരിച്ചിരുന്ന Pittsburg Dispatch എന്ന പത്രത്തിന്റെ എഡിറ്റർ ജോർജ് മാഡ്ഡനു ഒരു കത്തു കിട്ടുന്നു. “What girls are good for ” എന്നാ തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരുന്ന ഒരു ലേഖനത്തെ പറ്റി ആയിരുന്നു അത്. വീട്ടുജോലിക്ക് മാത്രമേ സ്ത്രീകളെ കൊള്ളു എന്ന് സമര്ഥിച്ചിരുന്ന ലേഖനത്തെ എതിർത്തുകൊണ്ട് “Lonely orphan girl” എന്ന അപരനാമത്തിൽ വന്ന കത്തു മാഡ്ഡനെ ആകർഷിച്ചു. ആളെ കണ്ടുപിടിക്കാൻ അദ്ദേഹം പത്രത്തിൽ പരസ്യം കൊടുത്തു. തന്റെ പത്രത്തിൽ കോളം എഴുതാൻ എലിസബത്തിന് Madden അവസരം നൽകി. “Girl Puzzle” എന്ന പേരിൽ ആയിരുന്നു കോളം. വിവാഹമോചനം സ്ത്രീകളെ എതൊക്കെ രീതിയിൽ ബാധിച്ചിരുന്നു എന്ന വിഷയമാണ് തന്റെ ആദ്യ ലേഖനത്തിനു അവർ തിരഞ്ഞെടുത്തത്. അന്നുവരെ നിലവിലുണ്ടായിരുന്ന നിയമങ്ങൾ പൊളിച്ചെഴുതപ്പെടണം എന്നവർ വാദിച്ചു. എലിസബത്തിന്റെ എഴുത്തിൽ മതിപ്പു തോന്നിയ മാഡ്ഡൻ അവർക്ക് “Pittsburg Dispatch”ലെ ജോലി സ്ഥിരപ്പെടുത്തി കൊടുത്തു.
1864ഇൽ മൈക്കിൾ കോക്രാനിന്റെയും മേരി കെന്നെടിയുടെയും മകളായി എലിസബത്ത് ജനിച്ചു. “Cochran Mills ” എന്ന പേരിൽ ഒരു മില്ല് നടത്തുകയായിരുന്നു അന്ന് എലിസബത്തിന്റെ കുടുംബം. നല്ല രീതിയിൽ ജീവിച്ചിരുന്ന അവർക്ക് പിതാവിന്റെ പെട്ടെന്നുള്ള മരണം കനത്ത പ്രഹരമായി.സാമ്പത്തിക ബുദ്ധിമുട്ടിൽ പെട്ടു പോയ അവർക്ക് പ്രാഥമിക വിദ്യാഭ്യാസം ആറാമത്തെയോ ഏഴാമത്തെയോ വയസ്സിൽ നിർത്തേണ്ടി വന്നു. ഇടക്ക് അധ്യാപികയാവാൻ ഉള്ള പഠനത്തിനു ചേർന്നെങ്കിലും അതും ഉപേക്ഷിക്കേണ്ടി വന്നു.
Nelliee Bly എന്ന അപരനാമം സ്വീകരിച്ചു എലിസബേത് എഴുത്തു തുടങ്ങി.തൊഴിലാളികളായ സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി എഴുതിയതോടെ ഫാക്ടറി ഉടമകൾ പരാതിയുമായി പത്രമാഫിസിൽ എത്തി. അതോടെ പത്രം അവരെ “സ്ത്രീ വിഷയങ്ങൾ ” ആയ ഫാഷൻ, gardening എന്നിവയുടെ റിപ്പോർട്ടിങ്ങിലെക് ഒതുക്കി. കുറച്ചു നാളുകൾക്കു ശേഷം അവർ മെക്സിക്കോയിലേക്ക് foreign correspondent ആയി പോയി. അങ്ങനെ തന്റെ 21മത്തെ വയസ്സിൽ മെക്സിക്കോയിൽ 6 മാസം ചിലവിട്ടു അവർ അവരുടെ ജീവിത രീതികളെ പറ്റിയും ഒക്കെ എഴുതി. ഇടക്ക് അവിടെ മെക്സിക്കൻ സർക്കാർ ഒരു പത്രപ്രവർത്തകനെ നിയമവിരുദ്ധമായി തടവിലാക്കിയതിനു എതിരെയും എഴുതി. ഇത് അധികാരികളുടെ ശ്രദ്ധയിൽ പെട്ടപ്പോൾ അറസ്റ്റ് ഭയന്നു അവർ മെക്സിക്കോ വിട്ടു. എന്നാൽ തിരിച്ചു pittsburg ഇൽ എത്തിയ അവർ മെക്സിക്കൻ ജനതയെ അടക്കി ഭരിച്ചിരുന്ന Porfirio Diaz എന്നാ സ്വേച്ഛാധിപതിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
പിന്നെയും തിയേറ്റർ സിനിമ തുടങ്ങിയവയിലേക്ക് റിപ്പോർട്ടിങ് ജോലി ഒതുങ്ങിയപ്പോൾ അവർ “Pittsburg Dispatch” വിട്ടു. ന്യൂ യോർക്കിൽ എത്തിയ അവർ Joseph Pulitzer നടത്തിയിരുന്ന Newyork World എന്ന പത്രത്തിൽ ജോലി നേടി. അക്കാലത്തു Blackwell’s Island ൽ സ്ത്രീകൾക്ക് മാത്രമായി ഒരു ഭ്രാന്താശുപത്രി നടത്തിയിരുന്നു. അവിടുത്തെ ചില കൊടും ക്രൂരതകളെ പറ്റി ഉള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ സ്വയം ഒരു ഭ്രാന്തിയായി അഭിനയിച്ചു അവിടെ കയറി പറ്റാൻ എലിസബത്ത് തയ്യാറായി. പത്തു ദിവസം അവിടെ താമസിച്ചു ഭീകരാവസ്ഥ കണ്ണുകൊണ്ടു കണ്ടും അനുഭവിച്ചും മനസിലാക്കി. അഴുകിയ ഭക്ഷ്യയോഗ്യമല്ലാത്ത റൊട്ടിയും പഴയ മാംസവും ആയിരുന്നു അവിടെ അന്തേവാസികൾക്ക് ഭക്ഷണം. ഭ്രാന്തുള്ളവരെ ക്രൂരമായി പീഡിപ്പിക്കുകയും അസുഖം മാറിയവരെ പുറത്തേക്കു വിടാതെ തടവിലിടുകയും ചെയ്തിരുന്നു അവിടെ. സ്ഥിരബുദ്ധിയുള്ളവർ ആകപെട്ടാൽ അവർക്കും ഭ്രാന്തുവരുന്ന അവസ്ഥ ആയിരുന്നു. ഭാഷ അറിയാതെയും മറ്റു അസുഖങ്ങൾ കൊണ്ടും അവിടെ പെട്ടുപോയവർ ഒരുപാടുണ്ടായിരുന്നു. അന്തേവാസികളെ നഴ്സുമാർ ഉപദ്രവിക്കുന്നതും മറ്റും അവിടെ സ്ഥിരം കാഴചയായിരുന്നു. താൻ ആരാണെന്നു വെളിപ്പെടുത്തിയിട്ടും എലിസബത്തിനെ വിടാൻ അവർ തയ്യാറായില്ല. ഭ്രാന്തി ആക്കി തടവിലിടാൻ ആയിരുന്നു പരുപാടി. പത്രമാഫിസിൽ നിന്നയച്ച വക്കീൽ ആണ് അവരെ രക്ഷപെടുത്തിയത്. പുറത്തിറങ്ങിയ ശേഷം തന്റെ അനുഭവങ്ങൾ “Ten days in a mad house” എന്നാ പേരിൽ ഒരു പുസ്തകമായി അവർ പ്രസിദ്ധീകരിച്ചു.
Blackwell island ഇന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടാനും അവിടുത്തെ അവസ്ഥകൾ മെച്ചപ്പെടാനും എലിസബത്തിന്റെ പുസ്തകം സഹായിച്ചു.
മാനസിക രോഗികളുടെ ചികിസക്കായുള്ള ഫണ്ട് കൂട്ടാനും, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ മേൽനോട്ടം മെച്ചപ്പെടുത്താനും, ആശുപത്രികളിലെ രോഗികളുടെ എണ്ണതിൽ നിയന്ത്രണം വെക്കാനും മറ്റും അതോടെ നടപടി ഉണ്ടായി. എലിസബത്ത് ഇതേപോലെ ജയിലുകളിലെ അന്തേവാസികളുടെ അവസ്ഥയും, സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിയും ഒക്കെ തന്റെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തു കൊണ്ടുവന്നു
1888ൽ Around the world in 80 days എന്നാ പുസ്തകത്തിലെ കഥ ആദ്യമായി താനൊന്നു ജീവിതത്തിൽ ട്രൈ ചെയ്താലോ എന്ന് എലിസബേത്തിന് തോന്നി. ഈ ആശയം Newyork World ഇലെ എഡിറ്ററുമായി സംസാരിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അടുത്തവർഷം നവമ്പർ 14നു അവർ യാത്ര ആരംഭിച്ചു.ആ യാത്രയോടെ ആണ് അവർ അന്താരഷ്ട്ര പ്രശസ്തി ആർജിക്കുന്നത്. കപ്പലിലും, കുതിരപ്പുറത്തും, റിക്ഷയിലും ഒക്കെയായി അവർ യാത്ര ചെയ്തു. തന്റെ യാത്രയിൽ ഇംഗ്ലണ്ടും ഫ്രാൻസും സിംഗപ്പൂരും ജപ്പാനും ഒക്കെ അവർ കടന്നു പോയി. യാത്രയുടെ പുരോഗതികൾ ടെലിഗ്രാമും പോസ്റ്റും വഴി അവർ അറിയിച്ചുകൊണ്ടിരുന്നു.
ഇതേസമയം തന്നെ ന്യൂയോർകിലെ മറ്റൊരു പത്രമായ Cosmopolitan അവരുടെ ഒരു റിപോർട്ടറെ എതിർ ദിശയിൽ സമാനമായ ഒരു യാത്രക്ക് വിട്ടു. ഇവരിൽ ആദ്യം ആരെത്തും എന്നതിൽ ആളുകൾ അന്ന് വാതുവെപ്പ് വരെ നടത്തിയിരുന്നു. അങ്ങനെ യാത്ര തുടങ്ങി 72ആം ദിവസം അവർ ന്യൂ യോർക്കിൽ മടങ്ങി എത്തി. പിന്നെയും നാല് ദിവസം കഴിഞ്ഞാണ് കോസ്മോപോളിറ്റൻ റിപ്പോർട്ടർ എത്തിയത്. അന്ന് ലോകചരിത്രത്തിൽ ആദ്യത്തെ സംഭവം ആയിരുന്നു അത്. യാത്രയെ പറ്റി സ്ഥിരമായി “World”ൽ വന്ന റിപോർട്ടുകൾ അവരെ കൂടൂതൽ പ്രശസ്തയാക്കി. തന്റെ 26ആമത്തെ വയസ്സിൽ തനിച്ചു ലോകം ചുറ്റി വന്നു അവർ !
മുപ്പതാമത്തെ വയസ്സിൽ തന്നെക്കാൾ 40 വയസ്സ് പ്രായമുള്ള കോടീശ്വരനായ വ്യവസായി Seaman നെ വിവാഹം കഴിച്ചു പത്രപ്രവർത്തനത്തിനു അവർ വിരാമമിട്ടു. ഭർത്താവിന്റെ വാർധക്യത്തിൽ അദ്ദേഹത്തിന്റെ ഇരുമ്പ് വ്യവസായം അവർ ഏറ്റെടുത്തു. 1904ഇൽ അദ്ദേഹം മരണപെട്ടു. നൂതനമായ ഒരു പാൽ പാത്രവും, ചവറു വീപ്പയും രൂപകൽപന ചെയ്തു അതിന്റെ പേറ്റന്റും എലിസബത്ത് നേടിയെടുത്തു. ഒരുകാലത്ത് അമേരിക്കയിലെ മുൻനിര വ്യവസായികളിൽ ഒരാളായിരുന്നു അവർ.എലിസബത്ത് ഏറ്റെടുത്തതോടെ അന്നുവരെ ഇല്ലാത്ത സൗകര്യങ്ങൾ ആണ് തൊഴിലാളികൾക്ക് അവർ നൽകിയത്. അവര്ക്കായി ജിമ്മും, വായനശാലയും, healthcare benefits ഉം നൽകി. ഇതുകൊണ്ടൊക്കെ ഉണ്ടായ സാമ്പത്തിക ബാധ്യതയും, ശ്രേദ്ധകൊറവ് കൊണ്ടും മറ്റും ബിസിനസ് നശിച്ചു
തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത എലിസബത്ത് വീണ്ടും റിപ്പോർട്ടിങ്ങിലെക്ക് തിരിഞ്ഞു. ഒന്നാം ലോക മഹായുദ്ധ സമയത്തും, സ്ത്രീകൾ വോട്ടവകാശത്തിനു വേണ്ടി പൊരുതിയപ്പോളും എലിസബത്ത് ഉണ്ടായിരുന്നു വാർത്തകൾ ലോകത്തെ അറിയിക്കാൻ. 1920ഓടയെ അമേരിക്കയിൽ സ്ത്രീകൾ വോട്ടവകാശം നേടു എന്നും അവർ പ്രവചിച്ചിരുന്നു.
1922ൽ തന്റെ 57ആമത്തെ വയസിൽ ന്യൂമോണിയ ബാധിച്ചായിരുന്നു അന്ത്യം. സംഭവബഹുലമായ ജീവിതം തന്നെ അവർ നയിച്ചു. സ്ത്രീകൾക്ക് വീട്ടുജോലി മാത്രമല്ല വഴങ്ങുക എന്ന് അവർ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.
Written By : SenZi Kuttihassan