തൊഴുകൈയ്യൻ (praying mantis) പ്രാണികൾ കൈകൾ ചേർത്ത് പിടിച്ച് ധ്യാനത്തിലെന്നപോലെ ഏറെനേരം ഒരേ നിൽപ്പ് നിൽക്കും.വലിയ രണ്ട് ഉണ്ടക്കണ്ണുകൾ ത്രികോണാകൃതിയിലുള്ള തലയുടെ മുക്കാൽ ഭാഗവും നിറഞ്ഞ് നിൽക്കുന്നുണ്ടാകും.ചുറ്റും നിരീക്ഷിക്കാനായി തലമാത്രം ഇടക്ക് ഒന്നനക്കും.180 ഡിഗ്രിവരെ തല തിരിക്കാൻ പറ്റും ഇവർക്ക്,ചില ഇനങ്ങൾക്ക് അത് 300 ഡിഗ്രി വരെയും സാധിക്കും.പുറകിലുള്ളത് വരെ അനായാസം കാണാം എന്ന് ചുരുക്കം. പുൽച്ചാടിയൊ,പൂമ്പാറ്റയൊ,കുഞ്ഞ് തവളയോ ,തേനീച്ചയോ എന്നൊന്നും വേർതിരിവില്ല- തന്നേക്കാൾ അത്പം വലിപ്പമുള്ളവരെപ്പോലും ഇരയാക്കും.ഇലകൾക്കിടയിലും തറയിലും ഒക്കെ നന്നായി ഒളിച്ച് നിൽക്കാൻ ഇതിന് കഴിയും.ഇര കൈയെത്തും ദൂരത്തുണ്ടെങ്കിൽ പിന്നെ തൊഴുകൈ നിവർത്തി ഒറ്റക്കുതിപ്പിന് പിടിയിലൊതുക്കും. ഈർച്ചവാൾമുനകളുള്ള കൈക്കുള്ളിൽ പെട്ടാൽ പിന്നെ രക്ഷയില്ല.ഇരയുടെ തല ആദ്യം തന്നെ ജീവനോടെ കടിച്ചു തിന്നും.പിന്നെ ശരീരഭാഗങ്ങൾ കുറേശെയായി മുറിച്ച് കഷണമാക്കി ശാപ്പിടും. പ്രാണിലോകത്തെ രക്തരക്ഷസ്സ് ആണ് ഈ തൊഴുകൈയന്മാർ.സാധുവിനെപ്പോലെ വഴിയരികിൽ നിന്ന് വഴിയാത്രക്കാരെ വശീകരിച്ച് കൊണ്ട്പോയി കൊന്നു തിന്നുന്ന പഴങ്കഥയിലെ കള്ളിയങ്കാട്ട് നീലിയെപ്പോലെ തന്നെ. .നീലി നഖവും മുടിയും പനയുടെ കീഴിൽ ബാക്കിവെക്കുമെങ്കിൽ തൊഴുകൈയന്മാർ ഒന്നും ബാക്കിവെക്കില്ല.
ലോകത്ത് രണ്ടായിരത്തി മുന്നൂറിലേറെ തൊഴുകൈയൻ പ്രാണി ഇനങ്ങൾ ഉണ്ട്.ഇവയിൽ 184 സ്പീഷിസുകളെ ഇന്ത്യയിൽ നിരീക്ഷിച്ചിട്ടുണ്ട്.അതിൽ 43 ഇനം നമ്മുടെ കേരളത്തിലും കണ്ടിട്ടുണ്ട് .തൊഴാന,പച്ചപ്പക്കി,അന്നം,പ്രാർത്ഥന പ്രാണി എന്നിങ്ങനെ പ്രാദേശികമായ പലപേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്.തൊഴുകൈയന്മാരെ അനുകരിക്കുന്ന ചുള്ളിപ്രാണികളും ഉള്ളതിനാൽ ഒറ്റനോട്ടത്തിൽ ചിലപ്പോൾ ഇവതമ്മിൽ മാറിപ്പോകാറുണ്ട്.മഴ കഴിഞ്ഞ ഉടനുള്ള നാളുകളിലാണ് ഇവയുടെ ഇണചേരൽ കാലം.കൗതുകകരമാണ് ഇണചേരൽ ക്രീഡകൾ.ഫിറമോണുകളുടെ സഹായത്തോടെയാണ് പെൺ പ്രാണികൾ ആൺ പ്രാണികളെ ആകർഷിക്കുന്നത്.ദ്വന്ദയുദ്ധം ആരംഭിച്ചതുപോലെ തോന്നും ആരംഭദൃശ്യങ്ങൾ. പിന്നെ ചിറകുക്കൾ വിടർത്തിയുള്ള ആട്ടവും നൃത്തവും ദീർഘനേരം നീണ്ടുപോകും.പക്ഷെ അവസാനം ആൺ പ്രാണിയുടെ തല പെൺപ്രാണികടിച്ച് തിന്നുന്നതോടെ ഇണചേരൽ അവസാനിക്കും.ആൺപ്രാണിയുടെ ശരീരം മൊത്തം തിന്നുതീർക്കാൻ പെൺപ്രാണി മറക്കില്ല.
പെൺപ്രാണി ശരീരത്തിന്റെ അടിഭാഗത്ത് നിന്നുള്ള ചില സ്രവങ്ങളോടൊപ്പം മുട്ടകൾ ഇലക്കവിളുകളിലോ തറയിലോ ,നല്ല പ്രകാശം കിട്ടുന്ന ഇടത്ത് നിക്ഷേിക്കും .കാഴ്ചയിൽ നമ്മളുടെ തുപ്പല്പോലെ ഉണ്ടാകും ആ മുട്ടക്കൂട്. സുതാര്യമായ കുമിളപ്പതക്കുള്ളിൽ സുരക്ഷിതമായിരിക്കും മുട്ടകൾ. വെയിൽ തട്ടിയാൽ ആ സുതാര്യത മാറി കട്ടികൂടി നിറം വെച്ച് അത് ഉറക്കും. ഊത്താക്ക (Ootheca) എന്നാണ് അതിനെ വിളിക്കുക.അനുകൂല സാഹചര്യമെത്തിയാൽ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും .ഒരു കൂട്ടിൽ നിന്ന് ചിലപ്പോൾ ഇരുന്നൂറിലധികം കുഞ്ഞുങ്ങൾ ഉണ്ടാകും.
കൃഷിയിടത്തിലെ ഉപദ്രവകാരികളായ കീടങ്ങളെയും ,പ്രാണികളെയും തിന്ന് ജീവിക്കുന്ന തൊഴുകൈയന്മാർ ജൈവനിയന്ത്രണത്തിലെ പ്രധാനകണ്ണിയാണ്.കൃഷിക്കാരുടെ ശരിക്കും ഉള്ള ചങ്ങാതിമാരാണിവർ.ഇവരെ ഇനി അടുത്തതവണ കണ്ടാൽ ഒരു ബിഗ് സല്യൂട്ട് കൊടുക്കാൻ മറക്കണ്ട.
തൊഴുത് നിന്ന് ഇരപിടിക്കുന്നവർ
loading...
ശ്രദ്ധിക്കുക : പകർപ്പവകാശം ലേഖകനുള്ളതാണ് .