നമ്മുടെ നാട്ടിലെ മരങ്ങളിൽ ധാരാളം കാണുന്ന പുളിയുറുമ്പുകൾ നല്ല പരാക്രമികളാണ്. കൂടെ സൗജന്യമായി അത്പം ഫോർമിക് ആസിഡ്കൂടി പുരട്ടിത്തരുന്നതിനാൽ കടികിട്ടിയാൽ അറിയാതെ ‘ഊശ്” എന്ന് നമ്മൾ പറഞ്ഞുപോകും . നന്നായി നീറുന്നതിനാൽ ഇതിനെ ചിലയിടങ്ങളിൽ നീറ് എന്നും, മിശറ് എന്നും ഒക്കെ വിളിക്കാറുണ്ടല്ലൊ. ഇലകൾ കൂട്ടിപ്പിടിച്ച് ലാർവകളിൽ നിന്നൂറിവരുന്ന ചില സ്രവനൂലുകൾകൊണ്ട് അത്ഭുതകരമായിക്കൂട്ടിതുന്നി കൂടൊരുക്കുന്ന തയ്യൽക്കാരായ ഈ ഉറുമ്പുകളുടെ ശാസ്ത്രനാമം Oecophylla smaragdis എന്നാണ്. ലക്ഷക്കണക്കിന് ഉറുമ്പുകൾ വരെ ചില കൂട്ടക്കൂടുകളിൽ ഉണ്ടാവും. കൂട്ടാമായി ആക്രിമിക്കാൻ കഴിയുന്ന ഇവരുടെ ശക്തിദുർഗത്തിലേക്ക് ഇരപിടിയന്മാരൊന്നും എത്തിനോക്കില്ല. കൂടാതെ ഇവയുടെ ചവർപ്പൻ രുചി പക്ഷികൾക്കും കടന്നലുകൾക്കും അത്ര ഇഷ്ടവുമല്ല.
ഈ പ്രത്യേക സാഹചര്യം ശരിക്കും മുതലാക്കുന്നത് ബുദ്ധിമാന്മാരായ Myrmarachne plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ്. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പിനെ പോലെ തോന്നും. നോക്കിലും നടപ്പിലും ശരിക്കുമുള്ള അനുകരണം. ശരീരം ഉറുമ്പിനെപ്പോലെ മൂന്നു ഭാഗമാകും. നീണ്ട അരക്കെട്ടുപോലും അതേപോലെ ഉണ്ടാകും എട്ടുകാലുകളിൽ മുന്നിലുള്ള ജോഡി ഉയർത്തി തലക്കുമേൽ പിടിച്ച് ഉറുമ്പിന്റെ സ്പർശനിയെന്നപോലെ വിറപ്പിച്ച്കൊണ്ടിരിക്കും. ജന്മനാ ഉള്ള ചാടി ചാടിപ്പോക്ക് എന്നന്നേക്കുമായി നിർത്തും . ഉറുമ്പിനെപ്പോലെ ചറ പറ നടത്തം മാത്രം. ഉറുമ്പിൻ തലയിലെ രണ്ട് സംയുക്ത നേത്രമാണെന്ന് തോന്നും വിധം തലഭാഗത്ത് കറുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടാകും. പെൺചിലന്തിയെപ്പോലെയല്ല ആൺചിലന്തി വേഷം മാറുക. കുറച്ച്കൂടി നീളം ശരീരത്തിനുണ്ടാകും. കാഴ്ചയിൽ ഒരു കുഞ്ഞ് നീറിനൊപ്പം വലിയ ഉറുമ്പും ചേർന്ന നടന്ന് നീങ്ങുകയാണെന്നേ തോന്നു. ഇലകൾക്കടിയിൽ കൂടൊരുക്കി ഒളിച്ചിരിക്കും കുഞ്ഞുപ്രാണികളെ അരികിൽ സൗകര്യത്തിനുകിട്ടിയാൽ ചാടിപ്പിടികൂടും,അത്രതന്നെ. നമ്മുടെ നാട്ടിലെ കട്ടുറുമ്പുകളെ (Diacamma assamensis) അനുകരിക്കുന്ന ചിലന്തികളും (Myrmarachne orientales) ഉണ്ട്
ഇതുപോലെ നൂറിലധികം ചിലന്തി സ്പീഷിസുകൾ ലോകത്തെങ്ങുമായി പലതരം ഉറുമ്പുകളെ അനുകരിക്കുന്നുണ്ട്. ഇരപിടിയന്മാരിൽ നിന്നും രക്ഷനേടാൻ മാത്രമല്ല ചില ഇനങ്ങൾ ഉറുമ്പുകളെ തെറ്റിദ്ധരിപ്പിച്ച് ചതിക്കാനും ഈ ആൾമാറാട്ടം നടത്തുന്നുണ്ട്. കഴ്ചയിൽ സ്വജാതിയാണെന്ന് കരുതി ലോഹ്യം കൂടാൻ വരുന്ന ഉറുമ്പുകളുടെ കൂട്ടത്തിൽ കൂടി, അവരുടെ കൂട്ടിൽ തഞ്ചത്തിൽ കയറി മുട്ടയും ഉറുമ്പിൻ കുഞ്ഞുങ്ങളെയും ശാപ്പിടും.വേറെ ചില ഇനം ചിലന്തികൾ മേയ്ക്കപ്പ് മാറ്റാനൊന്നും പോകില്ല , ഉറുമ്പുകളുടേതിനു സമാന രാസഘടനയുള്ള ഫിറമോണുകൾ അവ സ്രവിപ്പിക്കും , വന്നിരിക്കുന്നയാൾ ശത്രുവോ മിത്രമോ എന്ന ആശയക്കുഴപ്പം ഉറുമ്പുകളിലുണ്ടാക്കി ആ തക്കത്തിൽ ഇരതേടും.
അപ്പോൾ വേഷം മാറി വന്ന് നമ്മളെ പറ്റിക്കുന്നത് മനുഷ്യന്മാർ മാത്രമായിരിക്കും എന്ന് കരുതേണ്ട. കാണുന്ന പുളിയുറുമ്പെല്ലാം സാധാ മിശറ് മാത്രമാണെന്നും കരുതേണ്ട..അവയിൽ ചിലന്തികൾ വേഷം മാറി നടക്കുന്നതും ഉണ്ടാകാം. ഈ മിമിക്രി കലാകാരന്മാരെ പക്ഷെ പേടിക്കേണ്ടകാര്യമില്ല. നമ്മളെ കടിക്കാനൊന്നും ഇവർ വരില്ല. ജീവിക്കാൻ വേണ്ടി ഒരോരൊ വേഷങ്ങൾ കെട്ടുന്നു എന്നു മാത്രം.
Photo David R Raju
നമ്മുടെ നാട്ടിലെ മരങ്ങളിൽ ധാരാളം കാണുന്ന പുളിയുറുമ്പുകൾ നല്ല പരാക്രമികളാണ്. കൂടെ സൗജന്യമായി അത്പം ഫോർമിക് ആസിഡ്കൂടി…
Posted by Vijayakumar Blathur on Friday, July 13, 2018